Image

ഇനിയും ഉണരാത്ത മലയാളി സമൂഹം (ജോജോ തോമസ്‌)

Published on 24 March, 2014
ഇനിയും ഉണരാത്ത മലയാളി സമൂഹം (ജോജോ തോമസ്‌)
ന്യൂയോര്‍ക്ക്‌ : ഇനിയും ഉണരാത്ത ഒരു മലയാളി സമൂഹം ഈ പ്രവാസഭൂമിയില്‍ എന്തിനൊക്കെയോ തേടി അലയുന്നു. പഴമക്കാര്‍ പറഞ്ഞിരുന്ന ഒരു പഴഞ്ചൊല്ല്‌ ഓര്‍മ്മിക്കുന്നു. `ഉറങ്ങുന്നവനെ ഉണര്‍ത്താം, പക്ഷെ ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താനാവില്ലാ' എന്ന്‌.

മനുഷ്യായുസ്സ്‌ ഈ ഭൂമിയില്‍ എത്രനാളെന്ന്‌ തീര്‍പ്പു കല്‍പ്പിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിയോടും ദൈവം ആവശ്യപ്പെടുന്നത്‌ സഹജരോടുള്ള അനുകമ്പയാണ്‌.

ഇവിടെ നാം നെട്ടോട്ടം ഓടുകയാണ്‌. എന്തിനൊക്കെയോ വേണ്ടി, സ്വന്തമാക്കാന്‍, ആസ്വദിക്കാന്‍, അനുഭവിക്കാന്‍, സ്വന്തമെന്ന്‌ അവകാശപ്പെടാന്‍ കാണിക്കുന്ന ഈ സ്വാര്‍ത്ഥതയില്‍ നിന്ന്‌ എന്നാണ്‌ മോചനം ഉണ്ടാവുക?

ജന്മനാടും, ബന്ധുമിത്രാദികളും, സുഹൃത്തുക്കളില്‍ നിന്നും അകലെ ഈ പ്രവാസഭൂമിയില്‍ എത്തിയ മലയാളി സമൂഹത്തിന്‌ വീഴ്‌ചകളുടെ, നൊമ്പരങ്ങളുടെ, വേര്‍പാടിന്റെ, വീര്‍പ്പുമുട്ടലിന്റെ വ്യത്യസ്‌ത അനുഭവങ്ങളാണ്‌ ഇന്നു നേരിടുന്നത്‌. മലയാളി സമൂഹം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഛിന്നഭിന്നമാവുകയാണോ?

കേരളത്തില്‍ ഉള്ളതില്‍ കൂടുതല്‍ സംഘടനകളും, നേതാക്കളും, അനുദിനം മഴയത്തു കിളുര്‍ക്കുന്ന കൂണുകള്‍ പോലെ ഇവിടെ വ്യാപിക്കുന്നു. പേരിനും, പെരുമയ്‌ക്കും, കീര്‍ത്തിയ്‌ക്കും, ബഹുമാനത്തിനും വേണ്ടിയുള്ള ഈ പരക്കം പാച്ചില്‍ നൈമിഷീകവും, മായയും ആണെന്ന തിരിച്ചറിവില്ലായ്‌മയാണോ ഇതിനു പിന്നില്‍?

ഈ ആമുഖ പശാചത്തലത്തില്‍ അമേരിക്കന്‍ മലയാളികളുടെ ശ്രദ്ധയിലേക്ക്‌ ജാസ്‌മിന്‍ ജോസഫിന്റെ വേര്‍പാടിന്റെ ദുഃഖം പങ്കുവയ്‌ക്കുന്നു.

ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച്‌ 11 വരെ പ്രതീക്ഷ നിറഞ്ഞ മനസ്സുമായി, പ്രാര്‍ത്ഥനാ നിര്‍ഭരമായ ഹൃദയങ്ങളുമായി ജാസ്‌മിന്റെ ഒരു ടെലഫോണ്‍ വിളിക്കായി, ഒരു ടെക്‌സ്റ്റ്‌ മെസേജിനായി, ഒരു ഈ മെയിലിനായി അതിലുമുപരി ജാസ്‌മിന്റെ മാതാപിതാക്കള്‍ സോണിയും ലൗലിയും പ്രതീക്ഷിച്ചിരുന്നത്‌ വീട്ടുമുറ്റത്ത്‌ ജാസ്‌മിന്‍ കാറില്‍ വന്നിറങ്ങുന്ന നിമിഷത്തിനായിരുന്നു. എന്നാല്‍ സംഭവിച്ചത്‌ മറിച്ചായിരുന്നു, ഊണും ഉറക്കവുമില്ലാതെ, കരഞ്ഞു കലങ്ങിയ കണ്ണുകളിലെ കണ്ണീരുപോലും വറ്റിത്തുടങ്ങിയ 15 ദിന രാത്രികള്‍ക്ക്‌ വിരാമമിട്ടത്‌ നടുക്കിയ ആ വാര്‍ത്ത ആയിരുന്നു. `ജാസ്‌മിന്റെ മൃതദേഹം കണ്ടുകിട്ടിയിരിക്കുന്നു.? ഈ വാര്‍ത്ത എത്തിച്ചത്‌ പുലര്‍ച്ചെ 4 മണിക്ക്‌ നാസ്സാ കൗണ്ടിയിലെ പോലീസുദ്യോഗസ്ഥര്‍. വാര്‍ത്ത ലോകമെങ്ങും പരന്നു-റേഡിയോവില്‍, ടിവിയില്‍, ഇന്റര്‍നെറ്റില്‍-ഫെയിസ്‌ബുക്കില്‍'

വിടരും മുമ്പേ കൊഴിഞ്ഞുവീണ ജാസ്‌മിന്‍ പുഷ്‌പത്തെ ഒരു നോക്കുകാണുവാനും, അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ പാര്‍ക്ക്‌ ഫ്യൂണറല്‍ ഹോമില്‍ ജനപ്രവാഹമായിരുന്നു. സമൂഹത്തിലെ നാനാ തുറകളില്‍ നിന്നും, സമുദായ പുരോഹിതന്മാര്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളാല്‍ പ്രത്യാശ പകരുവാന്‍ എത്തിയിരുന്നു.

ഈ ഭൂമിയില്‍ ഇനി ഉണരാനാവാത്ത വിധം ഉറക്കമാര്‍ന്ന നിദ്രയില്‍ ലയിച്ച്‌ ക്രൂശിതരൂപ സന്നിധിയില്‍ വിലയം പ്രാപിച്ചു കിടക്കുന്ന ജാസ്‌മിനെ ഒരു നോക്കുകാണുവാന്‍ എത്തിയവര്‍ ശോകമൂകരായി വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു. സംസ്‌ക്കാരകര്‍മ്മങ്ങള്‍ക്കായി ഹെംപ്‌സ്റ്റണ്ടിലെ സെന്റ്‌ തോമസ്‌ അപ്പസ്‌തോലിക്ക്‌ ദേവാലയത്തില്‍ നിറഞ്ഞു കവിഞ്ഞ വിശ്വാസ സമൂഹം ദിവ്യബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നു.

തുടര്‍ന്ന്‌ ഗ്രേറ്റ്‌നെക്കിലെ ഓള്‍ സെയിന്റ്‌ സെമിത്തേരിയിലേക്ക്‌ ജാസ്‌മിനെ അടക്കം ചെയ്യുവാന്‍ നൂറുകണക്കിനു കാറുകള്‍ അനുവാധനം ചെയ്‌തു.

`ജാസ്‌മിന്‍ ഇനി ഓര്‍മ്മകളില്‍ നമ്മളില്‍ നിറഞ്ഞു നില്‍ക്കും'

നിരവധി ചോദ്യങ്ങള്‍ക്ക്‌ ഉത്തരമേകാന്‍ ജാസ്‌മിനാവില്ലാ എങ്കിലും ഈ ഉത്തരങ്ങള്‍ നമുക്കു ലഭ്യമാക്കേണ്ട ഉത്തരവാദിത്വം ഇവിടുത്തെ ന്യായാസനങ്ങള്‍ക്കുണ്ട്‌. നിയമപാലകര്‍ അതിനു കടപ്പെട്ടിരിക്കുന്നു. വളരെ വിചിത്രമായി തോന്നിയത്‌- പോലീസുകാര്‍ കാറിനുള്ളില്‍ ജാസ്‌മിന്റെ മൃതദേഹം കണ്ട ഉടനെ പോലീസ്‌, പത്ര-ടിവി-റേഡിയോ മാദ്ധ്യമങ്ങള്‍ക്ക്‌ നല്‍കിയ റിപ്പോര്‍ട്ട്‌ ജാസ്‌മിന്‍ വിഷവാതകം ശ്വസിച്ച്‌ ആത്മഹത്യചെയ്‌തു എന്നാണ്‌.

പോലീസുകാര്‍ ഡോക്‌ടര്‍മാരെല്ലല്ലോ ഈ നിഗമനത്തിലെത്തുവാന്‍. ഫെബ്രുവരി 24ന്‌ അപ്രത്യക്ഷമായ ജാസ്‌മിനെ അന്വേഷിച്ച പോലീസുകാര്‍ പറഞ്ഞത്‌ ജാസ്‌മിന്റെ കാര്‍ ഈ സിറ്റി വിട്ട്‌ എങ്ങും പോയിട്ടില്ല എന്നാണ്‌. മാര്‍ച്ച്‌ 11ന്‌ പുലര്‍ച്ചെ 1 മണിക്ക്‌ ജാസ്‌മിന്റെ വീടിനടുത്തുള്ള പാര്‍ക്കിങ്ങ്‌ ലോട്ടില്‍ കാറ്‌ പ്രത്യക്ഷപ്പെടുന്നു. കാറിനുള്ളില്‍ ജാസ്‌മിന്റെ മൃതദേഹം കണ്ടെത്തുന്നു.

ഫെബ്രവരി 24 മുതല്‍ ജാസ്‌മിന്‌ അഭയം നല്‍കിയവര്‍ ആര്‌? എങ്ങിനെ ഒരു സുപ്രഭാതത്തില്‍ കാര്‍ ഈ പാര്‍ക്കിങ്ങ്‌ ലോട്ടില്‍ എത്തുന്നു? ജാസ്‌മിന്‍ ജോസഫിന്റെ മൃതദേഹം കണ്ടെടുത്ത പാര്‍ക്കിങ്ങ്‌ ലോട്ടില്‍ നേരത്തെ അരിച്ചു പെറുക്കി പരിശോധിച്ചതാണെന്ന്‌ വീട്ടുകാര്‍ പറയുന്നു. അന്നൊന്നും കാണാതിരുന്ന കാര്‍ ഇപ്പോള്‍ എങ്ങിനെ കണ്ടെത്തി?

ജാസ്‌മിനു സംഭവിച്ചത്‌ ഈ അമേരിക്കന്‍ മണ്ണില്‍ കഴിയുന്ന ആര്‍ക്കും, വരും തലമുറയിലെ ആര്‍ക്കും സംഭവിക്കാവുന്നതാണ്‌.

ഇനിയും- ഈ അമേരിക്കന്‍ മണ്ണില്‍ ഇന്ത്യന്‍വംശജരുടെ കുഞ്ഞുങ്ങളിലെ നിഷ്‌കളങ്കത ചൂഷണം ചെയ്യപ്പെടാതിരിക്കണമെങ്കില്‍, അവര്‍ abuse ചെയ്യപ്പെടാതിരിക്കണമെങ്കില്‍, അവരെ advantage എടുക്കാതിരിക്കാനും കഴിയണമെങ്കില്‍ ഇവിടെ, മലയാളി സമൂഹം ഉണരണം,

ഇപ്പോള്‍ കാണുന്ന പ്രവണത- ഇവിടെ ആര്‍ക്ക്‌ എന്തു സംഭവിച്ചാലും അത്‌ അവരുടെ കാര്യം എന്ന്‌ കണ്ട്‌ മാറി നടക്കുകയാണ്‌.

സഹായഹസ്‌തം നീട്ടുവാന്‍ മടിക്കുന്ന സഹജരായി, കൈയ്യും കെട്ടി നോക്കിനില്‍ക്കുന്ന നോക്കുകുത്തികളായി മാറുകയാണോ നമ്മുടെ മലയാളി സമൂഹം?

ആറിയ കഞ്ഞി പഴങ്കഞ്ഞി ആയി മാറാതിരിക്കാന്‍ ഉടനെ പ്രതികരിക്കുന്നതാണ്‌ ഉചിതം.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥതിയില്‍ കാര്യമായ പങ്കുവഹിക്കുന്ന ഇന്ത്യന്‍ വംശജര്‍ നല്‍കുന്ന കനത്ത പുരയിട നികുതിയും, നിയമവിധേയമായുള്ള നികുതികളെല്ലാം നല്‍കുന്ന യു.എസ്‌. പൗരനും ലഭിക്കേണ്ട നീതിക്കായി ശബ്‌ദമുയര്‍ത്തുന്നില്ലാ എന്നത്‌ വളരെ ഖേദകരമാണ്‌. ഈ രാജ്യത്ത്‌ കരയുന്ന കുഞ്ഞിനു മാത്രമെ പാലു ലഭിക്കൂ എന്ന്‌ എത്രയെത്ര ഉദാഹരണങ്ങളിലൂടെ കാണുന്നു.

ഈ രാജ്യത്ത്‌ നമ്മള്‍ ഒന്നിച്ചു സംഘടതിരായെങ്കില്‍ മാത്രമെ നിയമപാലകരും, മാദ്ധ്യമങ്ങളും സത്യത്തിനു മുന്നില്‍ വഴങ്ങുകയുള്ളൂ. ഈ പ്രവാസഭൂമിയില്‍ കുടിയേറി പാര്‍ത്തവര്‍ക്കും അവരുടെ വരുംതലമുറയ്‌ക്കും നീതിലഭിക്കുകയുള്ളൂ.

ജാസ്‌മിന്‍ ജോസഫിന്റെ മൃതശരീരം ലഭിച്ച അന്നുതന്നെ പോലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച്‌ കൈരളി പത്രത്തിന്റെ പ്രസാദകനും, പത്രാധിപരുമായ ശ്രീ. ജോസ്‌ തയ്യില്‍ നാസ്സാ കൗണ്ടി ഡിസ്‌ട്രിക്‌റ്റ്‌ അറ്റോര്‍ണിയുടെ മറുപടിയ്‌ക്കായി കാത്തിരിക്കുന്നതോടൊപ്പം മലയാളി സമൂഹം ശക്തമായി സംഘടിച്ച്‌, സത്യാന്വേഷണത്തിനായി നീതിപൂര്‍വ്വമായ ഉത്തരങ്ങള്‍ക്കായി ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്ന്‌ പ്രത്യാശിക്കാം.
ഇനിയും ഉണരാത്ത മലയാളി സമൂഹം (ജോജോ തോമസ്‌)ഇനിയും ഉണരാത്ത മലയാളി സമൂഹം (ജോജോ തോമസ്‌)
Join WhatsApp News
Fr. Joy Alappat 2014-03-27 09:38:55
Jojo, Thank you for this message. This article will give strong inspiration to our Malayalee community be united and work together for our voices heard. I congratulate you for bringing up such an article
Rani K 2014-03-27 18:30:57

Well said Jojo!

Eli Weisel's following quote is a good reminder that we need to stand UNITED and support each other.

"Just as despair can come to one only from other human being, hope, too, can be given to one only by other human beings."

Thoughts and Prayers are with Jasmine's family.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക