Image

നഴ്‌സ്‌ (കവിത: റോജി തോമസ്‌)

Published on 27 March, 2014
നഴ്‌സ്‌ (കവിത: റോജി തോമസ്‌)
ആതുരാലയത്തില്‍ ആശ്വാസത്തിന്‍
സാന്ത്വനസ്‌പര്‍ശമായി
ഓടിനടന്നു നിശബ്‌ദമായ്‌ വേലചെയ്‌വോരെ
നിശബ്‌ദരായ്‌ തീര്‍ക്കുവാന്‍ നോക്കയോ
നടത്തിപ്പുകാരാം ഇത്തിളുകള്‍..!
കേവലം അടുക്കളപ്പുറത്തെപ്പരിചാരകരല്ലിവര്‍
അതില്‍പ്പരമായന്തികെ നിന്നുപരിചരിപ്പോര്‍.

ചെയ്യും ജോലിക്കുപോരുമോ
ഇന്നവര്‍ക്കേകും പ്രതിഫലം..!
ജോലിയില്‍ സാന്ത്വനസൗഖ്യം പകരുവോര്‍..
സൗമ്യതയുടെ വെണ്‍വസ്‌ത്രപ്പൊലിമയ്‌ക്കുമപ്പുറം
ജീവിത തത്രപ്പാടുള്ളില്‍ ഒതുക്കുവോര്‍...

തുച്ഛമാം വേതനം വാങ്ങി ഉത്തുംഗമാം
കര്‍മ്മത്തിന്‍ സല്‍ഗതി കാട്ടുവോര്‍..!
വേദനിപ്പോര്‍ക്കാശ്വാസമാകവേ;
യാതനയുള്ളിലൊതുക്കുവോര്‍...

രാപകലെന്നിങ്ങനെ
മാറിവരുന്നോരു ജോലിയില്‍
കൃത്യതയാണവര്‍തന്‍ വൈദഗ്‌ദ്യം.
മുറതെറ്റാതെ കുറിച്ചപോല്‍
നല്‍കേണ്ടയോ ശുശ്രൂഷയും വൈദ്യവും.

ആരാകിലുമവന്‍ ഒരുനാളതില്‍
ആ സാന്ത്വന സേവനത്തണലതിലിളവേറ്റിടും.
മനുഷ്യനായിപ്പിറവിയെടുക്കവെ
ഇരുകാലിലുയര്‍ത്തിയാദ്യം
ഡോക്‌ടര്‍ കൈമാറുന്നതാ
കൈകളിലല്ലയോ?

ചേലിലൊരിളം ചേലയില്‍ ചുറ്റിയൊരുക്കി
ചെന്നിണച്ചേലെഴും പിഞ്ചുപൈതലതിനെ
തന്‍മാറോടു ചേര്‍ത്തൊതുക്കി
കരുതലിന്‍ ചെറുമമ്പഹാസമോടെ
ബന്ധുജനത്തിനരികിലായെത്തുന്ന
സ്‌നേഹമതെത്ര ധന്യം!

പിച്ചവയ്‌ക്കുംന്നാളിലോരോ സമയത്തും
പ്രാഥമികാരോഗ്യക്ഷേമത്തിനായ്‌ നാം
എത്തുവതാ സേവനത്തിന്നരികെയല്ലോ?

പിന്നെപ്പിന്നെ പലനാളില്‍
ചിരിച്ചും ശാസിച്ചും ഉപദേശിച്ചും
കുറുമ്പൊടുക്കിയും കാരുണ്യംപകര്‍ന്നും
മുറിവുകള്‍ കഴുകിവെടിപ്പാക്കിയും
നല്ലയല്‍ക്കാരനായും മരുന്നേകിയും
മാത്രയൊന്നുമുറിയാതെ രാപകല്‍
നില്‍ക്കയാണാസാന്നിദ്ധ്യം
ഈ ജീവിത യാത്രയില്‍.

ഇരുളില്‍ കൈവിളക്കേന്തി നില്‍ക്കമാത്രമല്ലിവര്‍;
ജീവിതം ഇരുവശം ചേര്‍പ്പതിനെങ്കിലും
മഹത്വവുമനുഗ്രഹമേറുള്ളൊരു
പുണ്യകര്‍മ്മത്തിന്‍ പുകഴേന്തും
വെണ്‍മാലാഖമാരല്ലയോ...

റോജി തോമസ്‌
ചെറുപുഴ 9446956257
നഴ്‌സ്‌ (കവിത: റോജി തോമസ്‌)
Join WhatsApp News
ചെറിയാൻ ജേക്കബ്‌ USA 2014-03-27 10:33:31
കുരുന്നു ജീവനെ ലോകത്തിന്നർപ്പിക്കും 
ദൈവത്തിൻ പ്രതിപുരുഷരാണിവർ
ജീവശ്വാസത്തെ ആദ്യം കൊടുക്കുന്ന 
ഭൂവിലെ ദൈവ മാലാഖമാരേ 
നമിക്കുന്നു ഞങ്ങൾ നിന്നുടെ നിസ്വാർതമാം 
സ്നേഹത്തെയും കരുതലിനെയും
നിന്റെ കൈകൾ തൊടാത്ത മനുഷ്യനീ 
മന്നിൽ ജീവിതമസാദ്ധ്യമല്ലയോ
ലോകത്തിന്നു  കരുതലും സ്നേഹവും 
വാരിക്കൊടുത്തു കൃതാർത്ഥയാകുനീ 
സ്വർഗ്ഗത്തിൽ ദൈവവും നിന്നേ വിധിക്കില്ല 
കാരണം നീ ദൈവത്തിൻ മാലാഖ
ഡോളറും റൂബിളും രൂപയും റിയാലും 
നിന്റെ ജീവിതത്തെ വിലക്കെടുക്കരുതേ
സ്വർഗ്ഗത്തിൻ തക്കോൽക്കാരൻ ചോദിക്കുന്പോൾ 
എണ്ണിയെണ്ണിക്കൊടുക്കുക രക്ഷിച്ച ജീവിതങ്ങൾ !

സ്നേഹപൂർവം 
ചെറിയാൻ ജേക്കബ്‌  USA 
Thelma 2014-03-27 18:49:36
Congratulations !!!!!!! Roji Thomas It is a beautiful kavitha. I have no words to admire. Keep it up.
M Mathew 2014-03-28 07:50:11
There is no word translation for Nurse in Malayalam??? There is not enough you could say and appreciate the work the Nurses do at home or in their place of work. What usually comes back to them is this- Hello, you are doing an excellent job, but we can't give you any more money or help.... It is extremely terrible and shameful about the pay Nurses are getting in Kerala- after all the noise, protest, and discussion- there has been no change in their wages. God probably has left from "God's own country" since he was unable to stand this horrible injustice!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക