Image

ഒരു ഇതിഹാസത്തിന്റെ വിജയം (അനുസ്‌മരണം: സുധീര്‍പണിക്കവീട്ടില്‍)

Published on 29 March, 2014
ഒരു ഇതിഹാസത്തിന്റെ വിജയം (അനുസ്‌മരണം: സുധീര്‍പണിക്കവീട്ടില്‍)
(ശ്രീ ഒ.വി.വിജയന്റെ ഒമ്പതാം ചരമവാര്‍ഷികം മാര്‍ച്ച്‌ 30-ന്‌)

വിജയന്റെ പടങ്ങള്‍ കണ്ടാല്‍ ഒരു തപസ്വിയുടെ, അല്ലെങ്കില്‍ ഒരു ബുദ്ധിജീവിയുടെ ആണെന്ന്‌ ശങ്ക തോന്നാം. പടം കാണിക്കുന്നപോലെതന്നെ വിജയന്‍ ഒരു ദാര്‍ശനികനും ബുദ്ധിജീവിയുമായിരുന്നു. സാത്വികനായിരുന്നു. ഭരതീയ സിദ്ധാന്തങ്ങളുടെ സത്തയില്‍ ജീവിതത്തിന്റെ അനിശ്‌ചിതത്തെപ്പറ്റിയുള്ള വിവരങ്ങള്‍ തേടിയ ഈ എഴുത്തുകാരനു എട്ടുകാലികളെ പേടിയായിരുന്നുവെന്നത്‌ രസകരമാണ്‌. അത്‌കൊണ്ടായിരിക്കാം പൂച്ചക്കുട്ടികളെ അരുമകളായി എപ്പോഴും കൂടെ കൂട്ടിയത്‌.കൂടാതെ ഖസാക്കിന്റെ ഇതിഹാസത്തില്‍ അപ്പുക്കിളിയെന്ന കഥാപാത്രത്തെകൊണ്ട്‌ എട്ടുകാലിയേയും ശലഭങ്ങളേയും വല വീശിപിടിപ്പിക്കുന്നുണ്ട്‌.

പ്രതിഭാധനനായിരുന്നെങ്കിലും എപ്പോഴും ഒരു സൈക്കൊസൊമാറ്റിക്‌ അവസ്‌ഥ ഇദ്ദേഹത്തെ വലയം ചെയ്‌തിരുന്നു.(മാനസിക കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ശാരീരിക രോഗങ്ങള്‍) ജീവിതത്തിന്റെ ഒരു നല്ല ഭാഗം പ്രവാസിയായി കഴിഞ്ഞത്‌കൊണ്ടായിരിക്കാം ഗ്രഹാതുരത്വം വിജയന്റെ രചനകളില്‍ പ്രകടമായിരുന്നു. പാലക്കാട്ടെ പനമ്പട്ടകള്‍ കാറ്റിലുണ്ടാക്കുന്ന ശബ്‌ദം ഈ എഴുത്തുകാരനെ ആകര്‍ഷിച്ചിരുന്നുവെന്ന്‌ മിക്ക കഥകളിലും അതിനെ കുറിച്ച്‌ പരാമര്‍ശിച്ചിട്ടുള്ളതില്‍ നിന്നും മനസ്സിലാക്കാം. രചനകളിലെല്ലാം അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളുടെ സ്വാധീനമുണ്ട്‌. ഇദ്ദേഹത്തിന്റെ ഉല്‍ക്രുഷ്‌ട ക്രുതിയായി കരുതുന്ന ഖസാക്കിന്റെ ഇതിഹാസം കാല്‍പ്പനിക രചനകളില്‍ നിലനിന്നിരുന്ന പഴയ രീതികളുടെ ബന്ധനങ്ങളില്‍ നിന്നും മലയാളഭാഷയെ വിമുക്‌തമാക്കി. മലയാള സാഹിത്യത്തില്‍ ഖസാക്കിന്റെ ഇതിഹാസം ഒരു ഇതിഹാസമായി. ഖസാക്കിന്റെ ഇതിഹാസത്തിനു മുമ്പും പിമ്പും എന്ന വേര്‍തിരിവു മലയാള സാഹിത്യത്തില്‍ ഉണ്ടായി. ഈ പുസ്‌തകതിന്റെ രചനക്ക്‌ മുമ്പ്‌ ധാരാളം ചെറുകഥകള്‍ എഴുതിയിരുന്നെങ്കിലും 1968ല്‍ ഒരു മലയാളം വാരികയില്‍ ഖസാക്കിന്റെ ഇതിഹാസം ഖഃണ്ഡശ്ശ പ്രസിദ്ധീകരിച്ചു വന്നപ്പോഴാണു എഴുത്തുകാരന്‍ എന്ന നിലയില്‍ ഉള്ള അംഗീകാരം വിജയനു കിട്ടുന്നത്‌.

ഖസാക്കിന്റെ ഇതിഹാസം ആരംഭിക്കുന്നത്‌ കഥയിലെ മുഖ്യ കഥാപാത്രമായ രവിയുടെ യാത്രയില്‍ നിന്നാണു. പാപബോധത്തിന്റെ ഭാരവും പേറി മനസ്സിന്റെ വ്യാകുലതകള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ ശാന്തിയുടെ തീരങ്ങള്‍ അന്വേഷിച്ചുള്ള യാത്ര. രവി കൂമന്‍കാവില്‍ ബസ്സിറങ്ങുന്നതോടെ നോവല്‍ ആരംഭിക്കുന്നു. ആ യാത്രകളിലെല്ലാം തന്നെ അലട്ടിയിരുന്ന ചോദ്യങ്ങള്‍ക്ക്‌ മറുപടി കിട്ടിയതായി അദ്ദേഹം വിശ്വസിക്കുന്നു. എന്നാല്‍ രവിയെകൊണ്ട്‌ വിജയന്‍ പറയിപ്പിക്കുന്നു. `ആരും കൂടുപറ്റാറില്ല മാധവന്‍ നായരേയെന്ന്‌'. ചിറ്റമ്മയൊത്ത്‌ നടത്തിയ രതിയുടെ പാപ ചിന്തകളില്‍ നിന്ന്‌ ശമനം തേടി ഒരു സത്യാന്വേഷകനെ പോലെചെന്ന്‌ കയറിയ ആശ്രമത്തിലും രവിക്ക്‌ ശാന്തിലഭിച്ചില്ല. അവിടത്തെ സ്വാമിനിയുടെ കാവിവസ്ര്‌തം ചുറ്റിപിണഞ്ഞപ്പോള്‍ അവിടെ നിന്നും പ്രയാണം. പിന്നെയെത്തുന്നത്‌ ഖസാക്കില്‍. അവിടെ നിന്നും പുറപ്പെട്ട രവി ബസ്സ്‌ കാത്ത്‌ നില്‍ക്കുമ്പോള്‍ മണ്‍കട്ടകള്‍ കാലുകൊണ്ട്‌ തട്ടുന്നു. അപ്പോള്‍ പുറത്ത്‌ വന്ന പാമ്പ്‌ അദ്ദേഹത്തിന്റെ കാലുകളില്‍കൊത്തി. ഇവിടെ കഥാക്രുത്ത്‌ പറയുന്നത്‌ രവി ബസ്സിനായി കാത്തിരുന്നു എന്നാണ്‌. ഒരു പക്ഷെ വീണ്ടും അന്വേഷണത്തിനായുള്ള ഒരു യാത്രക്ക്‌ വേണ്ടി.

ഖസാക്കിന്റെ ഇതിഹാസം പുറത്ത്‌്‌ വന്നപ്പോള്‍ യാഥാസ്‌തിക ചിന്തകരും പുരോഗമന ചിന്തക്കാരും കോപാകുലരായി. കഥയിലെ ഇതിവ്രുത്തക്കെുറിച്ചുള്ള ശരിയായബോധമില്ലാതെ പുസ്‌തക്‌ത്തില്‍ പ്രതിപാദിച്ചിട്ടുള്ള ലൈംഗിക ബന്ധങ്ങളെകുറിച്ചുള്ള വിവരണങ്ങള്‍ പലര്‍ക്കും അലോസരമായിരുന്നു. കുഞ്ഞാമിനയുടെ അരക്കെട്ടില്‍ ഞാന്ന്‌ കിടന്നരക്ഷായന്ത്രം യാഥസ്‌ഥിതികരായ വായനക്കാര്‍ക്ക്‌ രക്ഷനല്‍കിയില്ല..`അതിരിക്കപോത്‌ ഒന്നും വരാത്‌' എന്ന ്‌വിശ്വസിക്കുന്ന കുഞ്ഞാമിനയോട്‌ അതെടുത്ത്‌ മറ്റാന്‍ രവി പറയുന്നുണ്ട്‌. തമിഴും മലയാളവും നാടന്‍ ശൈലികളും കോര്‍ത്തിണക്കിയ ഒരു ഭാഷ ഇതില്‍ ഉരുത്തിരിയുന്നത്‌ വായനക്കാരെ ആദ്യം ഒന്ന്‌ കുഴക്കുമെങ്കിലും പിന്നെ അത്‌ രസകരമായ വായനാസുഖം പകരുന്നു. കുളിച്ചീറന്‍ മാറിയ കുഞ്ഞാമിനയൊത്തുള്ള രതിയുടെ വിശേഷങ്ങള്‍ നഗ്നമായി വിവരിക്കുന്നില്ലെങ്കിലും വായനക്കാര്‍ക്ക്‌ അത്‌ ഗോചരമാകുന്ന രീതിയിലാണ്‌. ഖസാക്കെന്ന ആ പ്രദേശത്തിന്റെ ചരിത്രത്തില്‍ കാല്‍പ്പനികതയുടെ ദുരൂഹത വിജയന്‍ ഉള്‍പ്പെടുത്തുന്നു. ആയിരത്തിയൊന്നു കുതിരകളുടെ പട ഖസാക്കിലേക്ക്‌ വരുന്നു. സയ്യിദ്‌ മിയന്‍ ഷേയ്‌ഖ്‌ സഞ്ചരിച്ചിരുന്ന പാണ്ഡന്‍ കുതിര ചത്തുവീഴുന്നു. ഇങ്ങനെധാരാളം സൂചനകളുണ്ട്‌.

മാജിക്കല്‍ റിയലിസം എന്ന്‌ ലാറ്റിനമേരിക്കന്‍ എഴുത്തുകാര്‍ കൊട്ടിഘോഷിക്കുന്ന രചനാ സങ്കേതം വിജയന്‍ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലില്‍ ഉപയോഗിച്ചിരുന്നു. ഒരു പക്ഷെ ഇതെക്കുറിച്ച്‌ ബോധവാനായിട്ടോ അല്ലാതെയോ. `ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍' ഗബ്രിയേല്‍ മാര്‍ക്കോസ്‌ സൃഷ്‌ടിച്ച സങ്കല്‍പ്പ ഗ്രാമം (മക്കോണ്ട) പോലെ തന്നെ വിജയനും ഈ നോവലില്‍ ഖസാക്ക്‌ എന്ന ഗ്രാമം സൃഷ്‌ടിക്കുന്നു. പാലക്കാട്ടുള്ള തസ്രാക്ക്‌ എന്ന ഗ്രാമത്തിലെ ഏകാദ്ധ്യാപക വിദ്യാലയത്തില്‍ വിജയന്റെ സഹോദരിക്ക്‌ നിയമനം കിട്ടിയപ്പോള്‍ അവരോടൊപ്പം മാതാപിതാക്കളും താമസിച്ചിരുന്നു. കമ്യൂണിസ്‌റ്റ്‌ പ്രവര്‍ത്തനങ്ങള്‍മൂലം ജോലി നഷ്‌ടപ്പെട്ട വിജയന്‍ അവിടെ താമസിക്കാനെത്തിയപ്പോള്‍ അവിടവും അവിടത്തെആളുകളും ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിള്ള വകകള്‍ വിജയനെന്ന നോവലിസ്‌റ്റിനു നല്‍കി. മാര്‍ക്കോസും മക്കോണ്ട എന്ന ഗ്രാമം സൃഷ്‌ടിച്ചെടുത്തത്‌ അദ്ദേഹത്തിന്റെ ബാല്യകാലവസതിയായിരുന്ന Aracataca എന്ന ഗ്രാമത്തെ അടിസ്‌ഥാനമാക്കിയായിരുന്നു. ഈ സ്‌ഥലം കൊളമ്പിയയില്‍നിന്നും 80 കിലോമീറ്റര്‍ അകലെ സാന്റമാര്‍ത്തക്ക്‌ തെക്കുഭാഗത്ത്‌സ്‌ഥിതി ചെയ്യുന്നു.ഖസാക്കിന്റെ ഇതിഹാസത്തിനു പശ്‌ചാത്തലമായ തസ്രാക്ക്‌ എന്ന ഉള്‍ഗ്രാമം പാലാക്കാട്ടിനടുത്താണ്‌്‌. പ്രസ്‌തുതഗ്രാമത്തില്‍ വിജയനും കുടുമ്പവും താമസിച്ച `കളപ്പുര' ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. അതിന്റെ പടം താഴെ കാണുക.

ഒരു പക്ഷെ ആദ്യമായിരിക്കാം ഒരു എഴുത്തുകാരന്റെ ഓര്‍മ്മക്ക്‌ ഒരു പോലിസ്‌ സ്റ്റേഷന്‍ സമാരകമാകുന്നത്‌. അരീക്കാട്ട്‌ എന്ന പോലിസ്‌ സ്‌റ്റേഷന്‍ വിജയന്റെ സ്‌മാരകമാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചു.പോലിസ്‌ ഓഫിസറായിരുന്ന അദ്ദേഹത്തിന്റെ അഛന്‍ ഇവിടെ ജോലി ചെയ്‌തിരുന്നപ്പോള്‍ കുട്ടിയായിരുന്ന വിജയന്‍ കളിച്ച്‌ വളര്‍ന്ന വീടും പരിസരവും ഇതിനടുത്താണ്‌.

വിജയന്റെ കഥാപാത്രങ്ങളില്‍ പ്രധാനപ്പെട്ടവരൊക്കെ സത്യാന്വേഷികളാണ്‌. ഖസാക്കിന്റെ ഇതിഹാസത്തില്‍ രവി, ഗുരുസാഗരത്തില്‍ കുഞ്ഞുണ്ണി, തലമുറകളില്‍ ചന്ദ്രന്‍. കുറ്റബോധമുള്ള യുവത്വത്തിന്റെ അസ്വസ്‌ഥതയും ജീവിതത്തിന്റെ പുതിയ മാനങ്ങള്‍ തേടാനുള്ള അവരുടെ വ്യഗ്രതയും വിജയന്‍ തന്റെ കഥപാത്രങ്ങളിലൂടെ ആവിഷ്‌ക്കരിക്കുന്നു. ഖസാക്ക്‌എന്ന ഓണം കേറാമൂലയിലെ ഒരു ഏകദ്ധ്യാപക സ്‌കൂളിലെ അദ്ധ്യാപകനായി ജീവിതം ആരംഭിക്കാന്‍ എത്തുന്ന രവിക്ക്‌ ഒരു ഭൂതകാലമുണ്ട്‌. അത ്‌ക്രമേണ നോവലിസ്‌റ്റ്‌ നിവര്‍ത്തുന്നു. സ്വന്തം വിശ്വാസങ്ങളും അനുഭവങ്ങളും കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നത്‌ വിജയന്റെ രീതിയായിരുന്നു. ഒരു ഭൗതികവാതിയോ ആത്മീയവാദിയോ അല്ലായിരുന്നെങ്കിലും അവസാന കാലങ്ങളില്‍ ഒരു ഗുരുവിനെ കണ്ടെത്തുകയും ആ സംഗമ `ഗുരുസാഗരം' പോലൊരു നോവല്‍ എഴുതാന്‍ അദ്ദേഹത്തെ സ്വാധീനിച്ചു എന്നും കാണം. ഇങ്ങനെ ഒരു മാറ്റം വിജയനില്‍ ഉണ്ടായത്‌കൊണ്ടായിരിക്കാം പലരും അദ്ദേഹത്തെ ഹിന്ദു മൗലികവാദി എന്ന ്‌മുദ്ര കുത്തിയത്‌.

എല്ലാ ജീവജാലങ്ങളുടേയും ഒരുമയോടുള്ള സഹവര്‍ത്തിത്വം ആണ്‌ ഇദ്ദേഹമാഗ്രഹിച്ചിരുന്നതെന്ന്‌ അദ്ദേഹത്തിന്റെ രചനകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാവുന്നതാണ്‌. നാനാത്വത്തില്‍ ഏകത്വമുണ്ടെങ്കിലും അഖണ്ഡ ഭാരതമെന്ന സങ്കല്‍പ്പം സാക്ഷാല്‍കരിക്കണമെങ്കില്‍ എല്ലാവരും സഹവര്‍തിത്വത്തോടെ ജീവിക്കണമെന്നും എന്നാല്‍ അതിനുള്ള ശ്രമങ്ങള്‍ക്ക്‌ ഇപ്പോള്‍ വൈകിയെന്നുമുള്ള സത്യം പ്രവാചകന്റെ വഴിയില്‍ വിജയന്‍ സൂചിപ്പിക്കുന്നുണ്ട്‌. ഗാന്ധി ഒരു പതിനഞ്ച്‌ കൊല്ലം കൂടി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം അറസ്‌റ്റ്‌ ചെയ്യപ്പെടുമായിരുന്നെന്നും അദ്ദേഹത്തിന്റെ സംഘടന നിരോധിക്കുമായിരുന്നു എന്നും വിജയന്‍ പ്രസ്‌തുത പുസ്‌തകത്തില്‍ പ്രവചിക്കുന്നു. വിശ്വമാനവികതയുടെ ഒരു വക്‌താവായി വിജയന്‍ പലപ്പോഴും മാറുന്നത്‌ കാണം.പൊളിച്ച്‌ കളഞ്ഞ ബാബ്രി മസ്‌ജിദ്‌ പണിയാന്‍ ഹിന്ദുക്കളും രാമക്ഷേത്രത്തിനേറ്റ ക്ഷതങ്ങള്‍ മാറ്റാന്‍ മുസ്‌ലീം സഹോദരരും മുന്നോട്ട്‌ വരണമെന്നും അതിനായി സ്‌നേഹത്തിന്റെ ജീവ ജലവുമായി അവതരിച്ച്‌ യേശുദെവന്റെ വചനങ്ങള്‍ ശ്രദ്ധിക്കണമെന്നും വിജയന്‍ എഴുതുന്നു.

മതത്തിന്റെ അതിര്‍ത്തികള്‍ ലംഘിച്ച്‌ നില്‍ക്കുന്ന ഒരു ദൈവത്തിലാണ്‌ വിജയന്റെ വിശ്വാസം.മുമ്പ്‌ ഒരു കമ്യൂണിസ്‌റ്റ്‌ അനുഭാവിയായിരുന്ന വിജയന്റെ ആദ്യപുസ്‌തകം തൃശൂരിലെ അന്തിക്കാടുള്ള ചെത്തുതൊഴിലാളികള്‍ക്കായിരുന്നു സമര്‍പ്പിച്ചിരുന്നത്‌. പിന്നീട്‌ ഗുരുസാഗരം എന്ന പുസ്‌തകം പോത്തെങ്കോട്‌ കരുണാകര ഗുരുവിനുസമര്‍പ്പിക്കുകയുണ്ടായി. ഈ പുസ്‌തകത്തിലും പിന്നീട്‌ എഴുതിയ ഗുരുസാഗരത്തിലും ഒരു കമ്യൂണിസ്‌റ്റ്‌ ചിന്താഗതി വച്ചു പുലര്‍ത്തിയിരുന്ന വിജയന്‍ ഈശ്വരമാര്‍ഗത്തിലേക്ക്‌ തന്റെ ചിന്തകള്‍ തിരിച്ചു വിടുന്നത്‌ കാണം. ഒരു തൂലിക മിത്രത്തിന്റെ വീട്ടിലെ പ്രേതബാധയപ്പറ്റി അവര്‍ പറഞ്ഞപ്പോള്‍ പ്രേതത്തെ സ്‌നേഹിച്ചു കൊണ്ട്‌ കീഴടക്കുക എന്ന്‌ ഉപദേശിച്ചതായി കാണുന്നു. ഈശ്വരവിശ്വാസത്തിന്റേയും തത്വ ചിന്തകളുടേയും തണല്‍ തേടുന്ന ഒരു മനസ്സ്‌ പില്‍ക്കാലത്ത്‌ അദ്ദേഹം വികസിപ്പിക്കുന്നുണ്ട്‌.

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ പൊട്ടിപുറപ്പെട്ട ഹിന്ദു-സിഖ്‌ കലാപത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ പ്രവചകന്റെ വഴിയില്‍ മത പ്രവാചകന്മാരുണ്ടക്കുന്നതിനേക്കാള്‍ അപകടമാണ്‌ സാമുദായിക കലഹങ്ങളും രക്‌തചൊരിച്ചിലുകളും അതെ പോലെതന്നെ മതത്തിന്റെ പേരിലുള്ള ഹിംസയും എന്ന്‌ വിജയന്‍ പ്രബോധിപ്പിക്കുന്നു. മലപ്പുറത്തെ കോട്ടക്കല്‍ രാജാസ്‌ വിദ്യാലയത്തില്‍ സ്‌ഥാപിച്ചിരുന്ന വിജയന്റെ പ്രതിമ ത്രീവ്രവാദികള്‍ വിക്രുതമാക്കുകയുണ്ടായി. പ്രതിമകള്‍ അവരുടെ വിശ്വാസത്തിനെതിരാണെന്നുള്ളതായിരുന്നു അവരുടെ വാദം. ഇവിടേയും വിജയന്റെ പ്രവചനങ്ങള്‍ ഫലിക്കുന്നത്‌ വായനക്കാര്‍ അതിശയത്തോടെ മനസ്സിലാക്കുന്നു.

കിഴക്കന്‍ കാറ്റ്‌ വീശാതാകുമ്പോള്‍, പനമ്പട്ടകള്‍ അനങ്ങാതാകുമ്പോള്‍ ഭാഷ ബധിരയാകുന്നു; എനിക്കെന്റെ ഭാഷയെതിരികെ തരൂ എന്ന്‌ പറഞ്ഞ വിജയനു ജീവിതത്തിന്റെ അവസാന നാളുകളില്‍ പാര്‍ക്കിന്‍സണ്‍ അസുഖം വന്ന്‌ സംസാരിക്കന്‍ കഴിയതെവന്നത്‌ വളരെ ഖേദകരമായി. ഭാഷയെസ്‌നേഹിച്ച്‌ ആ എഴുത്തുകാരന്‌ ഭാഷ തന്റെ ചുറ്റിലും നഷ്‌ടപ്പെടുന്ന അനുഭവവും വേദനാജനകമായിട്ടുണ്ടാകും.

കല്‍പ്പിത കഥകളുടെ ലോകത്ത ്‌മാത്രം വിജയന്റെ പ്രതിഭ ഒതുങ്ങി നിന്നില്ല. അദ്ദേഹം നല്ല ഒരു പത്രപ്രവര്‍ത്തകനും കാര്‍ട്ടൂണിസ്‌റ്റുമായിരുന്നു.. മലയാളത്തിലെ എക്കാലത്തേയും നല്ല കല്‍പ്പിത കഥാകാരനായിരുന്നു വിജയന്‍.
ഒരു ഇതിഹാസത്തിന്റെ വിജയം (അനുസ്‌മരണം: സുധീര്‍പണിക്കവീട്ടില്‍)
ഒരു ഇതിഹാസത്തിന്റെ വിജയം (അനുസ്‌മരണം: സുധീര്‍പണിക്കവീട്ടില്‍)
ഒരു ഇതിഹാസത്തിന്റെ വിജയം (അനുസ്‌മരണം: സുധീര്‍പണിക്കവീട്ടില്‍)
ഒരു ഇതിഹാസത്തിന്റെ വിജയം (അനുസ്‌മരണം: സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
Antony 2014-03-30 13:57:54
I want to thank Sudhir Panikkavetil for reminding us about the death anniversary of O.V.Vijan As Sudhir has convincingly presented, Vijayan was an unusual and unique writer. In addition to the novels, short stories, his cartoons and various writings in English were outstanding. In his novels as we know by this time he has a entirely novel approach to the stories and his writing was as never seen in Malayalam. He drew cartoons for the famous Shanker's weekly and the English daily Patriot. He had his own international perspective while drawing the cartoons and it was widely appreciated. As a novelists Vijayan holds a "Ananya" position .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക