Image

വൈറ്റ്ഹൗസിന് സമീപം വെടിവയ്പ്പ്; പൊലീസ് അന്വേഷണം തുടങ്ങി

Published on 12 November, 2011
വൈറ്റ്ഹൗസിന് സമീപം വെടിവയ്പ്പ്; പൊലീസ് അന്വേഷണം തുടങ്ങി


വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന് സമീപം വെടിവയ്പുണ്ടായെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 9.40ഓടെയാണ് വെടിവയ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വൈറ്റ്ഹൗസിലുണ്ടായിരുന്നില്ല. അപെക് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പുറപ്പെട്ട ഒബാമ ഇപ്പോള്‍ കാലിഫോര്‍ണിയയിലാണുള്ളത്.

വൈറ്റ്ഹൗസിന് സമീപത്തെ സ്ട്രീറ്റ് മ്പര്‍ 16ല്‍ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരാണ് വെടിശബ്ദം ആദ്യം കേട്ടത്. ഇവര്‍ സംഭവ സ്ഥലത്തേക്ക് എത്തുമ്പോള്‍ രണ്ടു വാഹനങ്ങള്‍ പാഞ്ഞു പോകുന്നത് കണ്ടതായും പറയുന്നു. സംഭവ സ്ഥലത്തെ വാഹനത്തില്‍ നിന്ന് ഒരു എ.കെ.47 തോക്കും ഉദ്യോഗസ്ഥര്‍ കണെ്ടത്തിയിട്ടുണ്ട്. അതേസമയം വൈറ്റ്ഹൗസിനെ ലക്ഷ്യമിട്ട് വെടിവച്ചതിന് ഒരു തെളിവും കണെ്ടത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഇറാനെ ആക്രമിക്കുന്നത് അപകടമെന്ന് യുഎസ്

വാഷിംഗ്ടണ്‍ : ഇറാനെതിരെ സൈനികനടപടിയുണ്ടായാല്‍ അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അമേരിക്കയുടെ പ്രതിരോധസെക്രട്ടറി ലിയോണ്‍ പനേറ്റ മുന്നറിയിപ്പുനല്‍കി. ഇറാന്‍ ആണവായുധം വികസിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അമേരിക്കയും ഇസ്രായേലും ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇക്കാര്യത്തില്‍ യു.എസ്. നേതൃത്വത്തിനുള്ളിലെ അഭിപ്രായഭിന്നത പുറത്തുവന്നത്.

ഇറാനെ ആക്രമിക്കുന്നതുകൊണ്ട് അവരുടെ ആണവായുധ വികസനപദ്ധതി ഇല്ലാതാവില്ലെന്നു പനേറ്റ പറയുന്നു. ആണവായുധം വികസിപ്പിക്കുകയെന്ന ഇറാന്റെ ലക്ഷ്യം പരമാവധി മൂന്നുവര്‍ഷം വൈകിപ്പിക്കാന്‍ മാത്രമേ ആക്രമണം സഹായിക്കുകയുള്ളൂ. എന്നാല്‍ മേഖലയിലെ രാഷ്ട്രങ്ങളും അവിടത്തെ അമേരിക്കന്‍ സൈന്യവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരികയും ചെയ്യുംമാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ പനേറ്റ പറഞ്ഞു.

കടുത്ത സാമ്പത്തിക ഉപരോധങ്ങളും നയതന്ത്രസമ്മര്‍ദവും മാത്രമേ ഇറാന്‍ പ്രശ്‌നത്തിനു പരിഹാരമാകൂ എന്ന് പനേറ്റ അഭിപ്രായപ്പെട്ടു. ഉപരോധങ്ങള്‍കൊണ്ട് ഇറാന് മനംമാറ്റമുണ്ടായില്ലെങ്കില്‍ ആക്രമിക്കുമോ എന്ന ചോദ്യത്തിന് കാര്യങ്ങള്‍ അത്രത്തോളം എത്തില്ലെന്നും ഇറാന്‍ അന്താരാഷ്ട്രസമൂഹത്തിന്റെ ഭാഗമാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ആണവോര്‍ജഏജന്‍സിയുടെ നിരീക്ഷണം അത്ര ഗൗരവമര്‍ഹിക്കുന്നതല്ലെന്നാണ് പനേറ്റയുടെ നിലപാട്.

യുഎസ് സഹായം നിലച്ചു; യുനെസ്‌കോ പ്രവര്‍ത്തനം നിര്‍ത്തി

ന്യൂയോര്‍ക്ക് : അമേരിക്ക നല്‍കിവന്നിരുന്ന ധനസഹായം നിര്‍ത്തിവച്ചതോടെ ഐക്യരാഷ്ട്രസഭയുടെ സാംസ്‌കാരികസംഘടനയായ യുനെസ്‌കോയുടെ പ്രവര്‍ത്തനം നിലച്ചു. ഈ വര്‍ഷം അവസാനം വരെയുള്ള യുനെസ്‌കോയുടെ പരിപാടികളാണ് നിര്‍ത്തിവച്ചിരിക്കുന്നത്. യുനെസ്‌കോയില്‍ പലസ്തീന് സ്ഥിരാംഗത്വം നല്‍കിയതിന്റെ പേരിലാണ് സംഘടനയ്ക്കു അമേരിക്ക നല്‍കിയിരുന്ന ധനസഹായം പിടിച്ചുവച്ചത്. ഇതേത്തുടര്‍ന്ന് ആറര കോടി ഡോളറിന്റെ കുറവാണ് സംഘടന നേരിടുന്നതെന്ന് യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഇറിന ബൊകോവ വെളിപ്പെടുത്തി. അമേരിക്കയുടെ പിന്തുണയില്ലാതെ സംഘടനയുടെ പ്രവര്‍ത്തനം അസാധ്യമാണെന്ന് ബൊകോവ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ വര്‍ഷാവസാനം വരെയുള്ള യുനെസ്‌കോയുടെ പരിപാടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ബൊകോവ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞമാസം അവസാനമാണ് പലസ്തീന് യുനെസ്‌കോയില്‍ സ്ഥിരാംഗത്വം നല്‍കിയത്. യുഎസിനു പിന്നാലെ ഇസ്രയേലും യുനെസ്‌കോയ്ക്കു നല്‍കിവന്നിരുന്ന ധനസഹായത്തില്‍ 15 ലക്ഷം ഡോളര്‍ തടഞ്ഞുവച്ചിരുന്നു. അമേരിക്കയുടേയും ഇസ്രയേലിന്റെയും കടുത്ത പ്രതിഷേധത്തിനിടെയാണ് യുനെസ്‌കോ പലസ്തീനു അംഗത്വം നല്‍കിയത്. ഓരോ വര്‍ഷവും 20 ശതമാനം ധനസഹായമാണ് അമേരിക്ക യുനെസ്‌കോയ്ക്കു നല്‍കി വന്നിരുന്നത്.

ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ബേസ് ബോള്‍ താരത്തെ വിട്ടയച്ചു

ന്യൂയോര്‍ക്ക് : വെനസ്വേലയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ യുഎസ് മേജര്‍ ലീഗ് ബേസ്‌ബോള്‍ താരം വില്‍സണ്‍ റാമോസിനെ വിട്ടയച്ചു. വെനസ്വേലന്‍ വാര്‍ത്താ വിതരണമന്ത്രി ആന്ദ്രെസ് ഇസാറയാണ് ഇക്കാര്യമറിയിച്ചത്. മോണ്ടാല്‍ബന്‍ പര്‍വതനിരകള്‍ക്ക് സമീപത്തു നിന്നാണ് സുരക്ഷാ സൈനികര്‍ റാമോസിനെ കണ്‌ടെത്തിയെന്നും ഇസാറ പറഞ്ഞു.

ബുധനാഴ്ചയാണ് ഇവിടെനിന്ന് റാമോസിനെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. വാഷിംഗ്ടണ്‍ നാഷണല്‍സ് ടീം അംഗമാണ് റാമോസ്. ധനികരായ കായികതാരങ്ങളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്ന സംഭവങ്ങള്‍ വെനസ്വേലയില്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു കൊളംബിയന്‍ സ്വദേശി അടക്കം മൂന്നു പേരെ അറസ്റ്റു ചെയ്തു.

വാട്ടര്‍ ഗേറ്റ് വിവാദം: വിചാരണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു

ന്യൂയോര്‍ക്ക് : മുന്‍ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ രാജിയില്‍ കലാശിച്ച വാട്ടര്‍ ഗേറ്റ് വിവാദത്തെക്കുറിച്ചുള്ള വിചാരണ റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തി. യുഎസ് നാഷണല്‍ ആര്‍ക്കൈവ്‌സാണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത്. വാട്ടര്‍ ഗേറ്റ് വിവാദം നിസാര പ്രശ്‌നമാണെന്നും വിശ്വസീനയമല്ലെന്നുമായിരുന്നു നികസ്ണ്‍ ജൂറിക്ക് മുമ്പാകെ പറഞ്ഞത്. നിക്‌സണും തന്റെ ചീഫ് ഓഫ് സ്റ്റാഫും തമ്മിലുള്ള സംഭാഷണത്തിലെ 19 മിനിട്ട് കാണാതായതിനെക്കുറിച്ച് നിക്‌സണ്‍ പ്രതികരിച്ചത് അത് ഒരു യാദൃശ്ചിക സംഭവം മാത്രമാണെന്നായിരുന്നു.

1975ലാണ് വാട്ടര്‍ ഗേറ്റ് വിവാദത്തില്‍ രഹസ്യ വിചാരണ നടന്നത്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ചരിത്രകാരനായ സ്റ്റാന്‍ലി കട്‌ലര്‍ ആണ് കോടതിയെ സമീപിച്ചത്. വാഷിംഗ്ടണില്‍ വാട്ടര്‍ഗേറ്റ് ഹോട്ടല്‍ കെട്ടിടത്തിലെ ഡമോക്രാറ്റിക് പാര്‍ട്ടി ആസ്ഥാനം കുത്തിത്തുറന്ന് എതിര്‍ സ്ഥാനാര്‍ഥിയുടെ തന്ത്രങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ നിക്‌സന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആളുകളെ നിയോഗിച്ചുവെന്നായിരുന്നു ആരോപണം. ചാരവിഭാഗമായ സിഐഎയിലെയും കുറ്റാന്വേഷണ വിഭാഗമായ എഫ്ബിഐയിലെയും ഉദ്യോഗസ്ഥരായിരുന്നു അവര്‍. ഇവര്‍ ഫയലുകള്‍ മോഷ്ടിക്കുകയും ഡമോക്രാറ്റിക് നേതാക്കളുടെ സംഭാഷണങ്ങള്‍ ചോര്‍ത്താനായി അതിസൂക്ഷ്മമായ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നിക്‌സണ് പ്രസിഡന്റ് സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു.

നൊബേല്‍ ജേതാവ് ഹര്‍ഗോവിന്ദ് ഖുറാന അന്തരിച്ചു

വാഷിംഗ്ടണ്‍ ‍: ജീന്‍ സംശ്ലേഷണരംഗത്തെ കണ്ടുപിടിത്തങ്ങള്‍ക്ക് 1968ല്‍ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം ലഭിച്ച ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍ ഹര്‍ഗോവിന്ദ് ഖുറാന (89) അന്തരിച്ചു. യുഎസിലെ മാസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെകനോളജിയില്‍ ബയോളജി, കെമിസ്ട്രി മുന്‍ പ്രഫസറായിരുന്നു. മാസാച്യുസെറ്റ്‌സ് സംസ്ഥാനത്തെ കോണ്‍കോഡിലാണ് യുഎസ് പൗരനായ അദ്ദേഹം അന്തരിച്ചത്. പരേതയായ എസ്തര്‍ എലിസബത്ത് സിബ്ലറാണ് ഭാര്യ. മക്കള്‍: ജൂലിയ എലിസബത്ത്, എമിലി ആന്‍, ഡേവി റോയ്.

യുഎസിലെ വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയില്‍ ഖുറാനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജീനിന്റെ സമ്പൂര്‍ണമായ സംശ്ലേഷണം ലോകത്തില്‍ ആദ്യമായി സാധിച്ചത്. വ്യത്യസ്ത ജീനുകളെ കൃത്രിമമായി കൂട്ടിച്ചേര്‍ക്കാനാവുമെന്ന് തെളിയിച്ച അദ്ദേഹം 76ല്‍ ജീവനുള്ള മനുഷ്യന്റെ കോശത്തില്‍ കൃത്രിമ ജീന്‍ കൂട്ടിച്ചേര്‍ക്കാമെന്നു കണെ്ടത്തിയിരുന്നു. തുടര്‍ന്നുള്ള കാലവും അദ്ദേഹം കോശസംബന്ധമായ ഗവേഷണങ്ങളില്‍ മുഴുകി.

ഇന്ത്യ-പാക്ക് വിഭജനത്തിനു മുന്‍പ് ഇന്ത്യയിലായിരുന്ന റായ്പൂരില്‍ 1922ലാണ് അദ്ദേഹം ജനിച്ചത്. 1960ല്‍ യുഎസിലെ വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്‍സൈം റിസര്‍ച് കോ-ഡയറക്ടറായി. അവിടെ നടത്തിയ ഗവേഷണമാണ് നോബേലിലേക്കു നയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക