Image

അഭിഭാഷകനായ വൈദികന്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 12 November, 2011
അഭിഭാഷകനായ വൈദികന്‍

വൈദികനും അഭിഭാഷകനും ഒരാളാകുമ്പോള്‍ അദ്ദേഹത്തെ സമീപിക്കുന്ന പരാതിക്കാര്‍ക്ക്‌ നീതി ഉറപ്പാക്കാന്‍ സാധിക്കുമെന്ന വിശ്വാസമാണ്‌ വൈദിക പട്ടം നേടിയതിനുശേഷം നിയമബിരുദം കൂടി നേടിയെടുക്കാന്‍ റവ .അഡ്വ. പി.ഡി. മാത്യു എന്ന കരുണാമയനും കര്‍ത്താവിന്റെ അനുഗ്രഹാശിസ്സുകള്‍ ഉള്ളവനുമായ വൈദികനെ പ്രേരിപ്പിച്ചത്‌.

പൗരോഹിത ദൗത്യത്തിനൊപ്പം അഭിഭാഷക വൃത്തിയും നിര്‍വ്വഹിക്കണമെന്ന ഒരു ആത്മീയ ഉള്‍വിളിയും അദ്ദേഹത്തിനുണ്ടായി. ഈശോ സഭയുടെ ഗുജറാത്ത്‌ പ്രവിശ്യയില്‍ വൈദിക വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ അവിടത്തെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കനുള്ള അവസരമുണ്ടായപ്പോള്‍ അവര്‍ അനുഭവിക്കുന്ന വേദനകളും യാതനകളും അദ്ദേഹം നേരിട്ട്‌ കാണുകയുണ്ടായി. പീഡിതരും ചൂഷിതരുമായ ഈ അവശ സമൂഹത്തിന്റെ മോചനത്തിനായി പരിശ്രമിക്കണമെന്നു ഹൃദയ അലിവുള്ള അന്നത്തെ ഈ യുവ പുരോഹിതന്‍ ആഗ്രഹിച്ചു.

അതു പ്രകാരം സഭയുടെ മേലാധികാരികളോട്‌ തന്റെ അഭീഷ്‌ടം അറിയിക്കുകയും സഭയുടെ ചട്ടങ്ങള്‍ അനുസരിച്ചുകൊണ്ട്‌ ഈ പദവി നീതി ലംഘിക്കപ്പെടുന്നവര്‍ക്ക്‌ വേണ്ടി മാത്രം ഉപയോഗിക്കുമെന്നുള്ള ഉറപ്പില്‍ സഭ അനുവാദം നല്‍കുകയും അതനുസരിച്ച്‌ റവ മാത്യൂസ്‌ വദോദ്ര സര്‍വ്വകലാശാലയില്‍ നിന്നും നിയമ ബിരുദം നേടുകയും ചെയ്‌തു. വൈദിക പട്ടം കിട്ടിയത്തിനു ശേഷം വക്കീല്‍ ബിരുദം നേടിയ ഇന്ത്യയിലെ ആദ്യത്തെ പുരോഹിതനാണു ഇദ്ദേഹം. ഗുജറാത്തിലെ ബറൂച്ച്‌ ജില്ല കോടതിയിലും തലസ്‌ഥാനത്തെ സുപ്രീം കോടതിയിലും അദ്ദേഹം പരിശീലനം നേടി. ആ അനുഭവങ്ങളുടെ അറിവില്‍ നിന്നും ഇന്‍ഡ്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്ന്‌ ഒരു സംഘടന അദ്ദേഹം രൂപീകരിച്ചു. ഈ സംഘടനക്ക്‌ ഒരു നിയമ സഹായ കേന്ദ്രവും അത്‌ വഴി സമൂഹത്തില്‍ അവശത അനുഭവിക്കുന്ന ഒരു വിഭാഗത്തിനു അവരര്‍ഹിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഉറപ്പു വരുത്താനും ശ്രമം ആരംഭിച്ചു. ഈ വിഭാഗത്തിന്റെ കീഴില്‍ നിയമ സാക്ഷരത ക്ലാസ്സുകള്‍, നിയമോപദേശങ്ങള്‍, കോടതിക്ക്‌ പുറത്ത്‌ വച്ചുള്ള കേസ്സുകളുടെ തീര്‍പ്പ്‌, നിയമ പഠന പരിശീലനങ്ങള്‍, സ്‌ത്രീകള്‍, കുട്ടികള്‍ , വൃദ്ധര്‍, അംഗവിഹീനര്‍, പട്ടിക ജാതി-വര്‍ഗ്ഗ, ന്യൂനപക്ഷങ്ങള്‍, അസംഘടിത തൊഴിലാളികള്‍ തുടങ്ങിയവരുടെ അവകാശങ്ങളെ കുറിക്കുന്ന പ്രതിമാസ വാര്‍ത്ത പത്രിക പ്രസിദ്ധീകരണം എന്നിവ നിര്‍വ്വഹിക്കപെടുന്നു. കര്‍ത്താവായ യേശുവിന്റെ സുവിശേഷം ബൈബിള്‍ നോക്കി വിളിച്ച്‌ പറയുക മാത്രമല്ലാതെ അദ്ധ്വാനിക്കുന്നവരുടേയും ഭാരം ചുമക്കുന്നന്നവരുടേയും ഇടയിലേക്ക്‌ ഇറങ്ങി ചെന്നു അവരുടെ ദുഃഖങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തുക എന്ന റവ ഫാദര്‍ മാത്യുസ്‌ അവര്‍കളുടെ നൂതന സുവിശേഷ മാതൃക ഇപ്പോള്‍ പല സന്യാസ സമൂഹങ്ങള്‍ക്കും പ്രോത്സാഹനവും മാര്‍ഗദര്‍ശനവും നല്‍കുന്നു. ഈ നിയമ സഹായ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ഭാരതത്തിലെ സര്‍ക്കാര്‍ കാര്യാലയങ്ങളിലെ അഴിമതിയും നിസ്സയായരേയും, പാവങ്ങളേയും അടിച്ചമര്‍ത്തുന്ന അവരുടെ ദുഷ്‌ട പ്രവര്‍ത്തികള്‍ക്കും നേരെ പ്രതികരിക്കാനും റവ ഫാദര്‍ മാത്യൂസിനുകഴിഞ്ഞു. റവ ഫാദര്‍ മാത്യൂസിന്റെ ആദര്‍ശ സുന്ദരമായ ഇത്തരം പരിപാടികള്‍ ഇതിനകം ആയിരത്തിലേറെ പുരോഹിതന്മാരേയും സന്യാസിനികളേയും ഈ പാത പിന്തുടരാന്‍ പ്രചോദനം നല്‍കിയിട്ടുണ്ട്‌. ദൈവവേലക്കായി ജീവിതം സമര്‍പ്പിച്ചിട്ടുള്ളവരാകുമ്പോള്‍ മറ്റുള്ള വക്കീലന്മാരെക്കാള്‍ നീതി നിര്‍വ്വഹണത്തില്‍ അവര്‍ നിഷ്‌പക്ഷരും നേരായ മാര്‍ഗം സ്വീകരിക്കുന്നവരുമായിരിക്കും.റവ ഫാദര്‍ മാത്യൂസിന്റെ നിയമ സഹായം ജാതി മത ഭേദമെന്യെ എല്ലാവര്‍ക്കും ലഭ്യമായതിനാല്‍ അനവധി പേര്‍ നിത്യവും സമീപിച്ചുകൊണ്ടിരിക്കുന്നു. കള്ളം പറയാതെ, ചതിയോ, വഞ്ചനയോ കൂടാതെ കേസ്സുകള്‍ ജയിക്കാമെന്നും നീതി നടപ്പിലാക്കാമെന്നും ഈ പുരോഹിത വൈദികന്‍ തെളിയിച്ചു. അനുഗ്രഹീതനായ ഈ പുരോഹിതന്റെ വിജയ കഥകള്‍ ഇവിടെ നിന്നും ആരംഭിക്കുന്നു.

പലപ്പോഴും നിരക്ഷരരായ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, പിന്നോക്ക സമുദയക്കാര്‍ക്ക്‌ അവരുടെ അവകാശങ്ങളെക്കുറിച്ച്‌ ശരിയായ ബോധമുണ്ടായിരുന്നില്ല. നിയമ യുദ്ധങ്ങളേക്കാള്‍ അവര്‍ക്ക്‌ ബോധ വത്‌ക്കരണം നല്‍കുകയാണു ആദ്യപടിയായ്‌ ചെയ്യേണ്ടത്‌ എന്നു റവ ഫാദര്‍ മാത്യുസ്‌ തിരിച്ചറിഞ്ഞു. അതിനായി ബോധവല്‍ക്കരണ ക്ലാസ്സുകളും നിയമങ്ങളെ ലളിതമായ്‌ വിശദീകരിക്കുന്ന ലഘു ലേഖകളും അദ്ദേഹം അടിച്ചിറക്കി.. പല ഭാഷകളിലും പ്രസിദ്ധീകരിച്ച ഇത്തരം ലഘു ലേഖകള്‍ക്ക്‌ വമ്പിച്ച സ്വീകരണമാണു ലഭിച്ചത്‌. അത്‌ കൊണ്ട്‌ ഇവയെ യോജിപ്പിച്ച്‌ `നൊ യുവര്‍ റൈറ്റ്‌സ്‌'' എന്ന ഒരു പുസ്‌തകം പ്രസിദ്ധീകരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. പ്രതി വര്‍ഷം മുപ്പത്തിയഞ്ച്‌ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ റവ ഫാദര്‍ മാത്യുസ്‌ സംഘടിപ്പിക്കുന്നു. ഇതു കൂടാതെ 15 ദിവസം വീതം ദല്‍ഹിയിലും വിവിധ സംസ്‌ഥാനങ്ങളിലും ക്ലാസ്സുകളുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി ചിലവഴിക്കാനും റവ മാതൂസ്‌ സമയം കണ്ടെത്തുന്നു.

രാജ്യാന്തര തലത്തില്‍ ഇങ്ങനെ 25 വര്‍ഷത്തോളം സേവനമനുഷ്‌ഠിച്ചതിനു ശേഷം റവ ഫാദര്‍ മാത്യുസ്‌ ഗുജറാത്തിലേക്ക്‌ തിരിച്ചെത്തി അവിടെ ഒരു മനുഷ്യാവകാസ ഓഫിസ്‌ സ്‌ഥാപിക്കാന്‍ ഉദ്ദേശിക്കയാണു. ഈ ഓഫിസ്‌ വഴി മേല്‍പറഞ്ഞ ഇന്‍ഡ്യ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂറ്റിലെ എക്ലാ സേവനവും ഇവിടത്തെ പീഡിതര്‍ക്കും ചൂഷിതര്‍ക്കും എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. എന്നാല്‍ ഇതിന്റെ സുഗമമായ നടത്തിപ്പിനും ഈ ഓഫിസിന്റെ വികസനത്തിനും ധനസഹായവും അതെപോലെ ആള്‍ സഹായവും ആവശ്യമാണു.

ഈ ആവശ്യം മുന്‍ നിര്‍ത്തി അമേരിക്കയിലെ സുഹൃത്തുക്കളേയും, അഭ്യുദയകാംക്ഷികളേയും സന്ദര്‍ശിക്കുന്നതിനായി റവ മാത്യൂസ്‌ നവമ്പര്‍ 20 മുതല്‍ ഡിസംബര്‍ 20 വരെ ഒരു പര്യടനം ക്രമീകരിക്കുന്നു. നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട ദൈവ മക്കളുടെ ഉന്നമനത്തിനായി രൂപികരിച്ച പ്രസ്‌തുത ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ശക്‌തിയാര്‍ജ്ജിക്കുന്നതിനായി നിങ്ങളുടെ സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക- ജോയിച്ചന്‍ പുതുക്കുളം 847-345-0233/ റവ ഫാദര്‍ പി.ഡി. മാത്യുസ്‌, എസ്‌.ജെ. 09737359772.

ചങ്ങനാശ്ശേരി നാലുകോടിയില്‍ പുതുക്കുളം കുട്ടപ്പന്‍ - മറിയാമ്മ ദമ്പതികളുടെ പുത്രനാണു ഫാ.മാത്യു. ചിക്കാഗോയിലെ ആദ്യകാല മലയാളി പ്രസ്‌ഥാനങ്ങളില്‍ സജീവമായിരുന്ന വക്കച്ചന്‍ പുതുക്കുളം, നോര്‍ത്ത്‌ അമേരിക്കയിലെ പ്രമുഖ മലയാള മാധ്യമ പ്രവര്‍ത്തകനായ ജോയിച്ചന്‍ പുതുക്കുളം, എന്നിവര്‍ ഫാ.മാത്യുവിന്റെ സഹോദരങ്ങളാണ്‌..

Email : pdputhukulam@yahoo.co.in; nyaydarshan5@gmail.com


അഭിഭാഷകനായ വൈദികന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക