Image

കാടറിഞ്ഞ്‌, തെന്മലയുടെ പൊരുളറിഞ്ഞ്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി-11: ജോര്‍ജ്‌ തുമ്പയില്‍)

Published on 31 March, 2014
കാടറിഞ്ഞ്‌, തെന്മലയുടെ പൊരുളറിഞ്ഞ്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി-11: ജോര്‍ജ്‌ തുമ്പയില്‍)
ഞങ്ങള്‍ നടക്കുകയായിരുന്നു. തെന്മലയുടെ സൗന്ദര്യം ഉള്ളിലേറ്റി കൊണ്ട്‌. ഞങ്ങള്‍ക്കൊപ്പം ഗൈഡും വന്നു. നീളത്തിലുള്ള ഒറ്റയടിപ്പാതയിലുടെ നടന്നാല്‍ നക്ഷത്രവനത്തിലെത്താമെന്നു ഗൈഡ്‌ പറഞ്ഞു. 27 മരങ്ങള്‍ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നതത്രേ. ഓരോ ജന്മനക്ഷത്രത്തിനും ഓരോ മരങ്ങളുണ്ടത്രേ. അത്തരമൊരു മിത്തിക്കല്‍ സങ്കല്‍പ്പത്തെ പ്രകൃതിയുമായി കൂട്ടിയോജിപ്പിച്ചിരിക്കുന്നു. എന്റെ ജന്മവൃക്ഷമേതാണെന്നു എനിക്ക്‌ വലിയ പിടിയില്ലായിരുന്നു. തമ്പുവിന്റെയും ഐസക്ക്‌കുട്ടിയുടെയും കാര്യം അങ്ങനെയായിരുന്നു. ഒരാളുടെ ആരോഗ്യവും ഐശ്വര്യവും ജീവിതവുമെല്ലാം നിര്‍ണ്ണയിക്കുന്നതില്‍ ഈ മരങ്ങള്‍ക്ക്‌ പ്രധാനകഴിവുണ്ടന്നു വിശ്വസിക്കുന്നതായി ഗൈഡ്‌ പറഞ്ഞു. എല്ലാത്തിലും പേരുകള്‍ എഴുതിട്ടുണ്ട്‌. കഞ്ഞിരം തൊട്ടു എരുക്ക്‌ വരെയുള്ള മരങ്ങള്‍. എല്ലാം തന്നെ ഔഷധഗുണമുള്ള മരങ്ങള്‍. ഇതിങ്ങനെ സംരക്ഷിക്കുന്നതു പ്രകൃതിയെ നെഞ്ചോടു ചേര്‍ക്കലാണെന്നു തോന്നി. ഇങ്ങനെ എല്ലായിടത്തും ചെയ്‌താല്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം പരിപോഷിപ്പിക്കാന്‍ ധാരാളം മതിയെന്നു ഐസക്ക്‌കുട്ടി പറഞ്ഞു.

അതിനു മറുപടിയായി തമ്പു പറഞ്ഞു, തെന്മല ഒരു അനുഭവം തന്നെ ആണ്‌. ഞങ്ങള്‍ വീണ്ടും നടന്നു. പ്രകൃതിയുടെ പശ്ചാത്തലത്തില്‍ മനുഷ്യന്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ചില ശില്‌പങ്ങള്‍ ഒറ്റയടിപ്പാതയ്‌ക്കു മാറ്റു കൂട്ടിയിട്ടുണ്ട്‌. ചില സന്ദര്‍ശകര്‍ ഞങ്ങള്‍ക്കു മുന്‍പിലായി നടക്കുന്നുണ്ടായിരുന്നു. ചിലര്‍ ഞങ്ങളെ മറികടന്നു പോയി. ഞങ്ങള്‍ കാട്ടുവള്ളികള്‍ നിറഞ്ഞ വഴിയിലൂടെ നടന്നുകൊണ്ടിരിന്നു. കാലപ്പഴക്കം ചെന്ന ആ കാനനശില്‌പങ്ങള്‍ എന്നോട്‌ സംസാരിക്കുന്നതുപോലെ തോന്നി .

ഭൂമിയോടും പ്രകൃതിയോടും പ്രതിബദ്ധത പുലര്‍ത്തുന്നതാണ്‌ ഇക്കോടൂറിസം. പ്രകൃതിയിലധിഷ്‌ഠിതമായിരിക്കുക, വിദ്യാഭ്യാസമൂല്യമുള്ളതായിരിക്കുക, പരിസ്ഥിതിക്ക്‌ കോട്ടം തട്ടാത്തതായിരിക്കുക, തദ്ദേശവാസികള്‍ക്ക്‌ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായിരിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ ഈ ഇക്കോടൂറിസം പദ്ധതി തെന്മലയിലേക്ക്‌ നിരവധി സഞ്ചാരികളെ ആകര്‍ഷിച്ചുവരുന്നു. ഇവിടെ ഇക്കോടൂറിസം, ഇക്കോഫ്രണ്ട്‌ലി ജനറല്‍ ടൂറിസം, പില്‍ഗ്രിമേജ്‌ ടൂറിസം എന്നീ മൂന്ന്‌ വിഭാഗങ്ങളിലായുള്ള സന്ദര്‍ശന പദ്ധതികളുണ്ട്‌.

ഗൈഡിന്റെ പേര്‌ വാസു എന്നായിരുന്നു. അയാളുടെ മകന്‍ തമിഴ്‌നാട്ടിലാണ്‌ പഠിക്കുന്നത്‌. അയാള്‍ ഇക്കോടൂറിസം സൊസൈറ്റിയുടെ ഗൈഡാണ്‌. ഞാന്‍ ഇക്കോ ടൂറിസം പദ്ധതിയെക്കുറിച്ച്‌ അയാളോട്‌ അന്വേഷിച്ചു. പ്രധാനമായും ട്രക്കിങ്‌ ആണ്‌ ഇതില്‍ ഉള്‍പ്പെടുന്നതെന്നു വാസുവിന്റെ മറുപടി. തെന്മലയില്‍നിന്ന്‌ രണ്ടുമണിക്കൂര്‍ സമയംകൊണ്ട്‌ പൂര്‍ത്തിയാക്കാവുന്ന 'സോഫ്‌റ്റ്‌ ട്രക്കിങ്‌' മുതല്‍ മൂന്നുദിവസംകൊണ്ട്‌ പൂര്‍ത്തിയാക്കാവുന്ന ചെന്തുരുണി വന്യമൃഗസംരക്ഷണകേന്ദ്ര കാല്‍നടയാത്ര വരെ ഇതിലുള്‍പ്പെടുന്നു. തെന്മലയില്‍നിന്ന്‌ 17 കി.മീ. അകലെയുള്ള പാലരുവി എന്ന വെള്ളച്ചാട്ടം വരെയുള്ള കാല്‍നടയാത്രയാണ്‌ മറ്റൊരു സന്ദര്‍ശന പരിപാടി.

മലഞ്ചരിവിലൂടെയുള്ള നടപ്പാതകള്‍, കാട്ടിലൂടെയുള്ള ചെറുപാതകള്‍, മരക്കൊമ്പുകളെ തൊട്ടുനടക്കാനാവുംവിധം ഉയര്‍ത്തിക്കെട്ടിയ നടപ്പാത, തൂക്കുപാലം, മരക്കൊമ്പുകളിലുള്ള കൂടാരങ്ങള്‍, ശില്‌പോദ്യാനം, മാന്‍ പാര്‍ക്ക്‌ എന്നിവയടങ്ങുന്നതാണ്‌ തെന്മലയിലെ 'ഇക്കോഫ്രണ്ട്‌ലി' വിഭാഗം. ഇക്കോഫ്രണ്ട്‌ലി ജനറല്‍ ടൂറിസം പദ്ധതി തെന്മലയില്‍മാത്രം കേന്ദ്രീകരിച്ചുള്ളതാണ്‌. ഇതിലെ ഒരു വിഭാഗം തെന്മലയിലുള്ള ഇക്കോടൂറിസം ഫെസിലിറ്റേഷന്‍ സെന്ററിലെ പരിപാടികളാണ്‌. ഇതില്‍ ആംഫീ തിയെറ്റര്‍, ഷോപ്പ്‌ കോര്‍ട്ട്‌സ്‌, റസ്‌റ്റൊറന്റ്‌, മ്യൂസിക്കല്‍ ഡാന്‍സിങ്‌ ഫൗണ്ടന്‍ എന്നിവയൊക്കെയുണ്ട്‌.

ഇടയ്‌ക്ക്‌ കണ്ട ചില മരങ്ങളെക്കുറിച്ച്‌ തമ്പുവിന്റെ സംശയങ്ങളും വാസു തീര്‍ത്തു കൊടുത്തു. തമ്പകം, പുന്ന, കല്‌പയിന്‍, വെള്ളപ്പയിന്‍ തുടങ്ങിയ നിത്യഹരിത വൃക്ഷങ്ങളെക്കുറിച്ച്‌ വാസു ഒരു ഗംഭീര ക്‌ളാസ്‌ തന്നെയെടുത്തു എന്നു പറയുന്നതാവും ശരി. കരിമരുത്‌, വെന്തേക്ക്‌, വേങ്ങ, ഈട്ടി മുതലായ ഇലകൊഴിയും വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും മുളങ്കൂട്ടങ്ങളും ഇടകലര്‍ന്ന സമ്മിശ്ര മരങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞപ്പോള്‍ അടുത്തിടെ തെന്മല ഡാമില്‍ പൊങ്ങി വന്ന ബംഗ്ലാവിനെക്കുറിച്ച്‌ ഒരു വഴിയാത്രക്കാരന്റെ സംശയം. അതിപ്പോള്‍ കാണാനാവുമോ, ആണെങ്കില്‍ എങ്ങനെ അവിടേക്ക്‌ പോകും? വാസു അതിനും ക്ഷമയോടെ ഉത്തരം പറയുന്നതു കണ്ടു.

കണ്ണാടിബംഗ്ലാവിനെക്കുറിച്ച്‌ വാസു പറഞ്ഞു, ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ബംഗ്ലാവാണിത്‌. പേര്‌ കണ്ണാടി ബംഗ്ലാവ്‌. തെന്മല ഡാം ഉയര്‍ന്നപ്പോള്‍ ബംഗ്ലാവ്‌ വെള്ളത്തിനടിയിലായി. ബംഗ്‌ളാവ്‌ മുങ്ങിയശേഷം ആദ്യമായാണ്‌ ഉയര്‍ന്നുവരുന്നത്‌. 30 വര്‍ഷം ജലത്തിനടിയില്‍ കിടന്നിട്ടും ബംഗ്‌ളാവിന്‌ വലിയ രൂപമാറ്റൊന്നും സംഭവിച്ചിട്ടില്ല. മഴ വരുന്നതോടെ ബംഗ്‌ളാവ്‌ വീണ്ടും ജലസമാധിയിലാകും. കൊടുംവേനലില്‍ വറ്റിവരണ്ട തെന്മല ഡാമിന്‍െറ ജലസംഭരണിക്കുള്ളിലാണ്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മുങ്ങിപ്പോയ ബ്രിട്ടീഷ്‌ നിര്‍മിത ബംഗ്‌ളാവ്‌ തെളിഞ്ഞുവന്നതത്രേ. എന്നാല്‍ അതൊന്നു കണ്ടാലോ എന്ന്‌ തമ്പുവിന്റെ അന്വേഷണം. പക്ഷേ, നടപ്പ്‌ ഇത്തിരി കൂടും.

എര്‍ത്ത്‌ഡാമില്‍നിന്ന്‌ മൂന്ന്‌ കി.മീ. ദൂരെയാണ്‌ ഈ അദ്‌ഭുതം. 45 മിനിറ്റോളം കുന്നും താഴ്വാരവും സാഹസികമായി താണ്ടി വേണം ബംഗ്‌ളാവിലെത്താന്‍.

1886-87 കാലഘട്ടത്തിലാണ്‌ ബ്രിട്ടീഷ്‌ വ്യവസായി ആയിരുന്ന ടി.ജെ. കാമറൂണ്‍ സായിപ്പാണ്‌ ബംഗ്‌ളാവ്‌ നിര്‍മിച്ചതെന്നു വാസു പറഞ്ഞു. ഇപ്പോള്‍ ധാരാളം പേര്‍ ബംഗ്ലാവ്‌ കാണാനെത്തുന്നുണ്ട്‌. തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ കാമറൂണിന്‌ പുനലൂരില്‍ പേപ്പര്‍മില്‍ തുടങ്ങാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനായെത്തിയ കാമറൂണ്‍ താമസത്തിനും ബിസിനസ്‌ ആവശ്യത്തിനുമായാണ്‌ പഴയ തിരുവനന്തപുരം-ചെങ്കോട്ട റോഡിന്‍െറ അരികില്‍ കൂറ്റന്‍ ബംഗ്‌ളാവ്‌ നിര്‍മിച്ചത്‌. ഇഷ്ടികയും സുര്‍ക്കിയും ഉപയോഗിച്ചാണ്‌ 15 മുറികളുള്ള ബംഗ്‌ളാവിന്‍െറ നിര്‍മാണം പൂര്‍ത്തീകരിച്ചത്‌. വലിയ ജനാലകളില്‍ ഗ്‌ളാസാണ്‌ ഉപയോഗിച്ചിരുന്നത്‌. അതു കൊണ്ടാണത്രേ 'കണ്ണാടി ബംഗ്‌ളാവെ'ന്നാണ്‌ നാട്ടുകാര്‍ ഇതിനു പേരിട്ടത്‌.

പണ്ടു പണ്ട്‌, പേപ്പര്‍മില്ലിലേക്കാവശ്യമുള്ള ഈറ്റ തെന്മലയില്‍നിന്ന്‌ കാളവണ്ടിയിലായിരുന്നു പുനലൂരിലേക്ക്‌ കൊണ്ടുപോയിരുന്നത്‌. ഇതിന്‍െറ മേല്‍നോട്ടത്തിനായിരുന്നു ബംഗ്‌ളാവ്‌ പ്രധാനമായും ഉപയോഗിച്ചിരുന്നത്‌. 1972 ല്‍ ബംഗ്‌ളാവ്‌ ഉള്‍പ്പെടുന്ന പ്രദേശം വൈല്‍ഡ്‌ ലൈഫ്‌ പ്രൊട്ടക്ഷന്‍ ആക്ട്‌പ്രകാരം സംസ്ഥാന വനംവകുപ്പ്‌ ഏറ്റെടുത്തു. പിന്നീട്‌ കുറച്ചുകാലം കല്ലട ജലസേചനപദ്ധതിയുടെ സര്‍വേ ഓഫിസായി ഇത്‌ പ്രവര്‍ത്തിച്ചു. 1983 ല്‍ തെന്മല ഡാം നിര്‍മാണം നടക്കുമ്പോള്‍ത്തന്നെ ബംഗ്‌ളാവ്‌ ഉള്‍പ്പെടുന്ന പ്രദേശം മുങ്ങിത്താഴുമെന്ന ഉറപ്പില്‍ വാതിലുകളും ജനലുകളും ഉള്‍പ്പെടുന്ന വിലപിടിപ്പുള്ള വസ്‌തുക്കള്‍ ലേലംചെയ്‌തിരുന്നു. 1984ല്‍ ഡാം കമീഷന്‍ ചെയ്‌തതോടെ ബംഗ്‌ളാവ്‌ ഉള്‍പ്പെടുന്ന പ്രദേശം പൂര്‍ണമായി മുങ്ങിത്താഴ്‌ന്നു. അതാണ്‌ കണ്ണാടി ബംഗ്ലാവിന്റെ കഥ. കേട്ടപ്പോള്‍ തന്നെ കണ്ട ഒരു പ്രതീതി.

ഐസക്ക്‌കുട്ടിയുടെ ഒരു സംശയം കേട്ടപ്പോള്‍ ചിരി വന്നു. എന്തായിത്ര ചിരിക്കാന്‍, ഇതു ന്യായമായ സംശയമല്ലേയെന്ന്‌ തമ്പുവിന്റെ പിന്തുണ. സംഭവം ഇതായിരുന്നു, കാട്ടിലൂടെ നടക്കാന്‍ തുടങ്ങിയിട്ട്‌ നേരം കുറെയായി. ഇവിടെയെങ്ങും ഒരു തേക്കുമരം പോലും കണ്ടില്ലല്ലോ എന്നായിരുന്നു ഐസക്ക്‌കുട്ടിയുടെ സംശയം. ഈ കാട്ടില്‍ ഒരിടത്തും സ്വാഭാവികമായി തേക്ക്‌ വളരാറില്ല എന്നൊരു സവിശേഷതയുണ്ടെന്നു വാസു പറഞ്ഞു. ഇവിടം ചെന്തുരുണി വനോദ്യാനമാണ്‌. ഈ പ്രദേശത്തുമാത്രം കണ്ടുവരുന്ന ചെങ്കുരുണി അഥവാ ചെങ്കുറുഞ്ഞി മരത്തിനെ ആസ്‌പദമാക്കിയാണ്‌ വന്യമൃഗസംരക്ഷണകേന്ദ്രത്തിന്‌ ചെന്തുരുണി എന്ന പേരിട്ടിരിക്കുന്നത്‌. അനാകാര്‍ഡിയേസീ കുടുംബത്തില്‍പ്പെട്ട ഈ വൃക്ഷത്തിന്റെ ശാസ്‌ത്രനാമം ഗ്ലൂട്ടാ ട്രാവന്‍കോറിക്ക എന്നാണ്‌. കനത്ത തൊലിയും നീണ്ട്‌ കട്ടിയുള്ള ഇലകളുമാണ്‌ ഈ മരത്തിന്റെ പ്രത്യേകത. ഞാനത്‌ നോക്കി നടന്നു. പക്ഷികളുടെ കുറുകലും, ചില മൂളലുകളും മാത്രം വനത്തില്‍ പ്രകമ്പനം കൊണ്ടു. തേനൂറുന്ന തെന്മലയിലൂടെയുള്ള യാത്രയില്‍ മനസ്സിനൊപ്പം കൂട്ടായി വനത്തിന്റെ മന്ത്രങ്ങള്‍... ഞങ്ങള്‍ നടപ്പു തുടര്‍ന്നു.

(തുടരും)
കാടറിഞ്ഞ്‌, തെന്മലയുടെ പൊരുളറിഞ്ഞ്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി-11: ജോര്‍ജ്‌ തുമ്പയില്‍)കാടറിഞ്ഞ്‌, തെന്മലയുടെ പൊരുളറിഞ്ഞ്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി-11: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക