Image

കടന്നു പോയവര്‍ ബാക്കിവെച്ച ചോദ്യങ്ങള്‍ (ലേഖന പരമ്പര ഭാഗം 3: കൊല്ലം തെല്‍മ ടെക്‌സാസ്‌)

Published on 04 April, 2014
കടന്നു പോയവര്‍ ബാക്കിവെച്ച ചോദ്യങ്ങള്‍ (ലേഖന പരമ്പര ഭാഗം 3: കൊല്ലം തെല്‍മ ടെക്‌സാസ്‌)
നമ്മുടെ സമൂഹം അനുഭവിക്കുന്ന വിഷമങ്ങള്‍ തനിയെ ഉള്ളിലൊതുക്കി ജീവിതം തള്ളി നീക്കുന്നവരാണ്‌ ഭൂരിഭാഗം മലയാളികളും. അതൊരു ബലഹീനതയല്ല മറിച്ച്‌ അത്‌ നമ്മുടെ പാരമ്പര്യവും കുലമഹിമയുമാണ്‌. പല നേതാക്കളും വിചാരിച്ചിരിക്കുന്നത്‌ അവര്‍ പറയുന്നതെന്തും ജനം കേള്‍ക്കുമെന്നാണ്‌. അതുപോലെ തന്നെയാണ്‌ എഴുത്തുകാരായ ഞങ്ങളുടെയും സ്ഥിതി, ചിലപ്പോള്‍ സാധാരണ ജനത്തിന്റെ വികാരം തൂലികയില്‍ കൂടി വിരിയാറില്ല, അതുകൊണ്ട്‌ ഞാനോ മറ്റ്‌ എഴുത്തുകാരോ പറയുന്നത്‌ വേദവാക്യം ആകണമെന്നില്ല. പക്ഷെ സമൂഹത്തിന്റെ കൂട്ടായുള്ള വികാരങ്ങളെ അധികം വെള്ളം ചേര്‍ക്കാതെ പറഞ്ഞാല്‍ കാര്യങ്ങള്‍ക്ക്‌ തീരുമാനം ഉണ്ടാകും.

നിര്‍മ്മ
എന്ന എഴുത്തുകാരിയുടെ ലേഖനം ഇ -മലയാളിയില്‍ വായിച്ച ഒരു വായനക്കാരന്റെ കമന്‍റ്‌ ഇതോടൊപ്പം കൊടുക്കുന്നു:

`സംഘടനകള്‍ ഇപ്പോള്‍ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയായിരിക്കുന്നു. മൂല്യച്ച്യുതി വന്നിരിക്കുന്ന ഒരു സമൂഹത്തിന്റെ വികാര പ്രകടനങ്ങള്‍ മാത്രം. നിര്‍മ്മല പറയുന്നതിനോട്‌ യോജിക്കുന്നു, എഴുത്തുകാരിലും ഒക്കെ സാമൂഹിക പ്രതിബദ്ധത കാണണം. പക്ഷെ സമൂഹ മനസ്സാക്ഷിയെ മരവിപ്പിച്ച ജാസ്‌മിന്റെ മരണവും, റെനിയുടെ തിരോധാനവും ഉത്തരം കണ്ടെത്തിയില്ലെങ്കില്‍ എന്ത്‌ വിശ്വസിച്ച്‌ കുട്ടികളെ നമ്മള്‍ കോളേജില്‍ പറഞ്ഞുവിടും? ഷിക്കാഗോയില്‍ നടക്കുന്നതില്‍ കൂടുതല്‍ ചെയ്യുവാന്‍ കഴിവുള്ള നേതാക്കന്മാരും സംഘടനകളും ന്യൂ യോര്‍ക്കില്‍ ഉണ്ട്‌. അവര്‍ ഒന്നൊരുമിച്ചു തോളോട്‌ തോള്‍ ചേര്‍ന്നു നിന്നാല്‍ ഇതിനൊരു പരിഹാരം ഉണ്ടാകും. ഇപ്പോള്‍ മൊയ്‌തീന്‍ പുത്തന്‍ചിറ, മീനു എലിസബത്ത്‌ , ജോജോ തോമസ്‌, ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌, ചെറിയാന്‍ ജേക്കബ്‌, പി പി ചെറിയാന്‍ സരോജ വറുഗീസ്‌, ജോസ്‌ പിന്റോ തുടങ്ങി പലരും ഇതേ പൊതുവികാരം തെല്‍മ എഴുതുന്നതിന്‌ മുന്‍പ്‌ എഴുതി. പക്ഷെ ഇതുവരെയും `ശങ്കരന്‍ തെങ്ങേല്‍ തന്നെ' എന്ന സ്ഥിതിയിലാണ്‌. നേതാക്കള്‍ ഒരു മേശക്ക്‌ ചുറ്റുമിരുന്ന്‌ അവരുടെ വിഴുപ്പലക്ക്‌ നിര്‍ത്തി സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ അവര്‍ ഇതില്‍ കൂടുതല്‍ വിമര്‍ശനങ്ങളെ നേരിടേണ്ടി വരും. വീട്ടുകാരുടെ വിഷമം മനസിലാക്കുന്നു, പക്ഷെ ഓരോ ദിവസവും നീറി നീറി മക്കളെ സ്‌കൂളിലും കോളേജിലും പറഞ്ഞു വിടുന്ന സാധാരണക്കാരായ ഞങ്ങള്‍ ആരോട്‌ പറയും ഞങ്ങളുടെ വിഷമങ്ങള്‍? നേതാക്കളെ കുത്തിയപ്പോള്‍ വിഷമം വന്നാല്‍ അവര്‍ പരസ്യമായി പണി നിര്‍ത്തി പോകട്ടെ.
മനുഷ്യനെ മണ്ടനാക്കുന്ന ഇത്തരം നേതാക്കളും സംഘടനകളും സമൂഹത്തിന്‌ തന്നേ അപമാനമാണ്‌. ഒന്നും എഴുതാതെ ഇരുന്ന എന്നെപ്പോലുള്ള വായനക്കാരെക്കൊണ്ടും മിക്കവാറും എഴുതിപ്പിക്കും. അത്രക്ക്‌ ഹൃദയം നൊന്താണ്‌ ഓരോ ദിവസവും മക്കളെ പറഞ്ഞ്‌ വിടുന്നത്‌. സാധാരണ ജനങളുടെ വികാരം പച്ചയായി എഴുതാന്‍ തെല്‍മ കാണിച്ച ധൈര്യം അപാരം തന്നേ, മേല്‍പ്പറഞ്ഞ ലേഖകരെല്ലാം പഞ്ചസാരയില്‍ മുക്കി ആരെയും വേദനിപ്പിക്കാതെ പറഞ്ഞു, തെല്‍മ പച്ച പച്ചയായി പറഞ്ഞു.'


ജനം ഇതുപോലെ പ്രതികരിക്കുന്നത്‌ ഗതികേട്‌ കൊണ്ടാണ്‌. ഞാന്‍ ന്യൂയോര്‍ക്കിലെ ഒരു നേതാവിനെയും കൂട്ടിയോ കുറച്ചോ കാണിക്കുന്നില്ല. ഒരു കാര്യം മനസ്സിലാക്കുക കഴിവുള്ളവരെയേ ആളുകള്‍ വിമര്‍ശിക്കൂ. ആരും അറിയില്ലാത്ത ഒരാള്‍ക്ക്‌ ജീവിതത്തില്‍ വിമര്‍ശനം നേരിടേണ്ടി വരികയില്ല. കൂടുതല്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നവരാന്‌ വലിയ നേതാക്കള്‍. കാരണം അവര്‍ക്ക്‌ മാത്രം പരിഹരിക്കാവുന്ന ഒരു പ്രശ്‌നമാണ്‌ ഇന്നുള്ളത്‌. അതിന്റെ ഗുണഭോക്താക്കള്‍ അമേരിക്കയിലെ ഓരോ മലയാളിയുമാണ്‌, ഞാന്‍ വേദനിപ്പിച്ചെങ്കില്‍ അവരുടെ മഹിമ ലോകത്തിന്‌ കൊടുപ്പിക്കാന്‍ എനിക്ക്‌ വേറെ വഴി ഇല്ലാഞ്ഞിട്ടാണ്‌, ഇവിടെയും എന്റെ വശം പച്ചയായി തന്നെയാണ്‌ ഞാന്‍ പറയുന്നത്‌.

പ്രവാസി ജീവിതത്തില്‍ സമൂഹം അനുഭവിക്കുന്ന ഈ വലിയ പ്രശ്‌നത്തെ, അതിന്റെ ഗൌരവം മനസ്സിലാക്കി തങ്ങളുടെ 'ഇഗോ' ഒന്ന്‌ മാറ്റി വച്ചാല്‍, സമൂഹത്തിന്‌ എന്തെങ്കിലും ഗുണമുണ്ടാകും. കോണ്‍ഫറണ്‍സ്‌ കോളിനും പത്രത്തില്‍ പടമിടുന്നതിനും ഒന്നും ഞാന്‍ എതിരല്ല, പക്ഷെ അതുമാത്രം കൊണ്ട്‌ സമൂഹത്തിന്‌ ഒരു ഗുണവും കിട്ടുന്നില്ലെന്ന്‌ നടത്തുന്നവര്‍ക്കും അതില്‍ പങ്കെടുക്കുന്നവര്‍ക്കും അറിയാമെന്നിരിക്കെ, അതിനൊക്കെ ഒരു ചെറിയ വിരാമം കൊടുത്ത്‌ സമൂഹം ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിസസൗസമ. എല്ലാക്കാര്യവും പഞ്ചസാരയില്‍ മുക്കി എഴുതി സമയം കളയാന്‍ ഞാനില്ല. അതൊക്കെ ആ വായനക്കാരന്‍ പറഞ്ഞതുപോലെ കഥയിലും നോവലിലുമൊക്കെ ജീവിക്കട്ടെ. പച്ചയായ മനുഷ്യരുടെ പച്ചയായ പ്രശ്‌നങ്ങള്‍ പച്ചയായി പറഞ്ഞില്ലെങ്കില്‍ പിന്നെ കഥ ഏത്‌, ജീവിതമേത്‌ എന്ന്‌ തിരിച്ചറിയാന്‍ പറ്റാതെ വരും.

ഒരിക്കല്‍ കൂടി പൊലിഞ്ഞു പോയ കുരുന്നു ജീവിതങ്ങള്‍ ദൈവത്തിന്റെ സന്നിധിയില്‍ സമാധാനത്തോടെ വസിക്കട്ടെയെന്നും, സര്‍വശക്തനായ ദൈവം മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ കുഞ്ഞുങ്ങളുടെ വേര്‍പാടില്‍ ആശ്വാസം നല്‍കട്ടെയെന്നും, സമൂഹത്തിലെ നേതാക്കന്മാര്‍ ഉണര്‍ന്നെഴുന്നേറ്റ്‌ സമൂഹം അഭിമുഖീകരിക്കുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ ശക്തമായ നേതൃത്വം കൊടുക്കട്ടെയെന്നും പ്രാര്‍ഥിക്കുന്നു. സ്‌നേഹത്തിന്റെ ഭാഷയില്‍ ആശംസകള്‍ നേരുന്നു.

(ശേഷം നാലാം ഭാഗത്തില്‍...)
കടന്നു പോയവര്‍ ബാക്കിവെച്ച ചോദ്യങ്ങള്‍ (ലേഖന പരമ്പര ഭാഗം 3: കൊല്ലം തെല്‍മ ടെക്‌സാസ്‌)
Join WhatsApp News
Mini 2014-04-04 11:53:42
Dear Thelma, Your articles regarding this topic is very encouraging and uplifting for mothers' like me. Please continue writing and encourage us....... Mini Johnson
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക