Image

ഡി.എം.എ കേരളോത്സവം: സുജിന ജിജേഷ്‌ മലയാളി മങ്ക

ജോയിച്ചന്‍ പുതുക്കുളം Published on 13 November, 2011
ഡി.എം.എ കേരളോത്സവം: സുജിന ജിജേഷ്‌ മലയാളി മങ്ക
ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച കേരളോത്സവത്തോടനുബന്ധിച്ച്‌ നടന്ന മലയാളി മങ്ക മത്സരത്തില്‍ മലയാളി മനസ്സിന്റെ സങ്കല്‍പ്പങ്ങളെ പൂവണിയിച്ച്‌ സുജിന ജിജേഷ്‌ ഒന്നാംസ്ഥാനം കരസ്ഥമാക്കി. മിഷിഗണിലെ മലയാളികളുടെ നിറസാന്നിധ്യത്തില്‍ നടന്ന മൂന്നു റൗണ്ട്‌ മത്സരങ്ങളിലും അനായാസം വിജയംകണ്ട സുജിനയെ, 2010-ലെ മലയാളി മങ്ക സോഫിയ വര്‍ഗീസ്‌ സുവര്‍ണ്ണ കിരീടമണിയിക്കുകയും പ്രസിഡന്റ്‌ ഗിരീഷ്‌ നായര്‍ ട്രോഫിയും കാഷ്‌ അവാര്‍ഡും നല്‍കുകയും, വനിതാ വേദി പ്രസിഡന്റ്‌ ഡിംമ്പിള്‍ ജിജി ബാന്‍ണ്ട്‌ അണിയിച്ച്‌ ആദരിക്കുകയും ചെയ്‌തു.

കുവൈറ്റ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന നഫിസി ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ റോയ്‌ പി. ജോര്‍ജ്‌ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ബീന ചക്കുങ്കല്‍ അണിയിച്ചൊരുക്കിയ യുവ നര്‍ത്തകിമാരുടെ നടനവിസ്‌മയത്തോടെയാണ്‌ മലയാളി മങ്ക മത്സരത്തിന്‌ തുടക്കംകുറിച്ചത്‌. സപ്‌തസുന്ദരിമാരുടെ വാശിയേറിയ മത്സരത്തില്‍ ഗീതാ മാത്യു, രാജശ്രീ നടരാജന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും റണ്ണര്‍അപ്പ്‌ ആകുകയും, ശാലിനി ജയപ്രകാശ്‌ ഏറ്റവും കൂടുതല്‍ പോപ്പുലര്‍ വോട്ട്‌ കരസ്ഥമാക്കുകയും ചെയ്‌തു.

കേരളപ്പിറവിയോടനുബന്ധിച്ച്‌, മലയാളി സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ആധുനിക പ്രവണതകളായ സ്‌ത്രീപീഡനം, മാധ്യമങ്ങളുടെ അമിതമായ ഇടപെടല്‍, അന്യമാകുന്ന ഗാര്‍ഹിക വൃദ്ധ പരിചരണം എന്നിവ തുറന്നുകാട്ടുന്ന `ഇന്നത്തെ കേരളം' എന്ന നൃത്ത-സംഗീത-നാടക ശില്‍പം സുനില്‍ ശിവരാമന്‍, റജി ബാബുക്കുട്ടന്‍ എന്നിവരുടെ സംവിധാനത്തില്‍ അവതരിപ്പിക്കപ്പെട്ടു. മലയാളത്തിലെ കാല്‍പ്പനിക കാവ്യചക്രവര്‍ത്തി ചങ്ങമ്പുഴയുടെ സ്‌മരണ പുതുക്കിയ `വാഴക്കുല' യുടെ നൂതന ദൃശ്യാവിഷ്‌കാരം വേറിട്ടൊരു അനുഭൂതിയായിരുന്നു.

നേരത്തെ നടന്ന ക്വിസ്‌ മത്സരത്തില്‍ വിവിധ ഗ്രൂപ്പുകളിലായി മൊയ്‌തീന്‍ മൊയ്‌തുണ്ണി, സബറോ ജോര്‍ജ്‌ എന്നിവര്‍ ഒന്നാംസ്ഥാനവും, ഡാനിയേല്‍ ഡയസ്‌, ഐശ്വര്യാ അനില്‍കുമാര്‍, ആഷ്‌ലി ഡേവിഡ്‌ എന്നിവര്‍ രണ്ടാംസ്ഥാനവും പങ്കുവെച്ചു. നാനൂറോളം മലയാളികള്‍ പങ്കെടുത്ത ആഘോഷപരിപാടികളില്‍ നര്‍മ്മരസം പകരുന്ന സ്‌കിറ്റുകളും, ചൈനീസ്‌ നൃത്തം, സ്‌പാനിഷ്‌ നൃത്തം എന്നിവകളും നയനാനന്ദകരമായിരുന്നു.

കേരളപ്പിറവി ആഘോഷപരിപാകള്‍ക്ക്‌ ഗിരീഷ്‌ നായര്‍, ഡയസ്‌ തോമസ്‌, സൈജന്‍ ജോസഫ്‌, പോള്‍ കുര്യാക്കോസ്‌, സാം മാത്യു, ടോംസ്‌ മാത്യു, ആകാശ്‌ ഏബ്രഹാം, ശാലു ഡേവിഡ്‌ എന്നിവര്‍ നേതൃത്വം നല്‍കി. സുരേന്ദ്രന്‍ നായര്‍, ഡിട്രോയിറ്റി (248 837 9897) അറിയിച്ചതാണിത്‌.
ഡി.എം.എ കേരളോത്സവം: സുജിന ജിജേഷ്‌ മലയാളി മങ്ക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക