Image

കരകാണാക്കടല്‍- 12 (നോവല്‍: മുട്ടത്തുവര്‍ക്കി)

മുട്ടത്തുവര്‍ക്കി Published on 06 April, 2014
കരകാണാക്കടല്‍- 12 (നോവല്‍: മുട്ടത്തുവര്‍ക്കി)
12 വസന്തത്തിന്റെ പുലരിയില്‍ ഒരു വണ്ടുവന്നു

അദ്ദേഹത്തെ ഒന്നു കാണണം. ഒരു ദിവസം ആരും കാണാതെ അറിയണം. അദ്ദേഹത്തിന് അവളോടു പറയാനുള്ളതെന്താണെന്ന്.
പൂങ്കിനാക്കള്‍ക്കൊണ്ട് അവള്‍ ഹൃദയത്തില്‍ നേരത്തെ നിര്‍മ്മിച്ചിരുന്ന പവിഴകൊട്ടാരത്തില്‍ ഒരു മണിയറ ഒരുക്കുകയായിരുന്നു, പണിക്കാരെക്കൂട്ട്, അവളുടെ ആയിരം അഭിലാഷങ്ങള്‍; ജോയി അവളെ വിവാഹം കഴിക്കും. അല്ലെങ്കില്‍ അവന്‍ അവളോടു സ്‌നേഹം പ്രകടിപ്പിക്കുകയില്ലല്ലോ. ഇന്ന് അവളെ കുറ്റം പറയുന്ന നുണച്ചികള്‍ അന്ന് അവളുടെ മുമ്പില്‍ മുട്ടുമടക്കും. അവളുടെ അപ്പനും അമ്മയും കുഞ്ഞനിയത്തിയും പാവപ്പെട്ട വല്യമ്മച്ചിയും ഭാഗ്യമുള്ളവരാകും. മനുഷ്യരുടെ നിന്ദാവാക്കുകള്‍ ഇനി അധികനാള്‍ അവള്‍ സഹിക്കേണ്ടിവരികയില്ല, ദൈവം കരുണയുള്ളവനാണ്. അവള്‍ നിര്‍മ്മലയാണ്.
അവളും ജോയിയും!
അവരുടെ വിവാഹം ലോകത്തില്‍ ഒരത്ഭുതമായിരിക്കും.
യൂക്കാലിപ്‌സ് കച്ചവടക്കാരനായ കറിയാ വേറെ ആരെയെങ്കിലും കല്യാണം കഴിയട്ടെ. സ്ത്രീധനത്തിനുവേണ്ടി കൊതിക്കുന്ന അക്കമ്മത്തള്ള അവരുടെ മകനു മറ്റേതെങ്കിലും ഒരു പെണ്ണിനെ തിരക്കിക്കൊള്ളട്ടെ.
ധനികകുമാരനായ ജോയി അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് എങ്ങനെയാണ് അപ്പനെയും അമ്മയെയും അറിയിക്കുന്നത്? നേരിട്ടെങ്ങനെ പറയും? നാണമാവില്ലേ? ജോയിതന്നെ പറയുമായിരിക്കും. പറയാന്‍ അദ്ദേഹം എന്താണു മടിക്കുന്നത്! അദ്ദേഹത്തിന്റെ അപ്പനെയും അമ്മയെയുംകൊണ്ടു സമ്മതിപ്പിക്കാന്‍ വേണ്ടിയായിരിക്കും താമസിക്കുന്നത്.
അവള്‍ക്ക് അവനോട് എന്തെന്നില്ലാത്ത ഒരു സ്‌നേഹമാണു തോന്നുന്നത്. അവന്റെ കൈകളുടെ വലയത്തിനുള്ളില്‍ അമര്‍ന്ന് അവന്റെ വക്ഷസ്സില്‍ തലചായ്ച്ചു നില്‍ക്കാന്‍ അവള്‍ക്കു ഭാഗ്യമുണ്ടാകുന്ന ആ ദിവസം എന്നു വരും? ഓരോ ദിവസവും ഒരു പകലിനെയും ഒരു രാത്രിയെയും ഭൂമിയിലേക്കു പറഞ്ഞയയ്ക്കുന്ന കാലമാകുന്ന ദേവീ! പാവപ്പെട്ട മേരിയുടെ ആ പ്രിയപ്പെട്ട ദിവസത്തെ ആവുന്നത്ര നേരത്തേ ഒന്നു പറഞ്ഞയയ്ക്കുകയില്ലേ?
ദിവസങ്ങള്‍ കടന്നുപോയി. ആ ദിവസം അടുത്തടുത്തു വരുന്നതുപോലെ മേരിക്കു തോന്നി.
അമ്മിണിക്കുവേണ്ടി അവളെന്നും വലിയവീട്ടില്‍ പാലുവാങ്ങാന്‍ പോകും. ജോയിയെ കാണാറുണ്ട്. വര്‍ത്തമാനം പറഞ്ഞിട്ടില്ല. അവള്‍ക്കു പേടിയാണ്, വല്ലവരും കണ്ടെങ്കിലോ എന്ന്. എങ്കിലും അവള്‍ കണ്ണുകള്‍കൊണ്ടു മനസ്സമ്മതം അറിയിക്കും. പുഞ്ചിരികള്‍ക്കൊണ്ടു മധുരം പകരും. കച്ചിപ്പുരയുടെ അപ്പുറത്തെ ഏകാന്തമായ കെട്ടിടത്തിലേക്ക് അവന്‍ അവളെ കൈകൊണ്ടു ക്ഷണിക്കും. തലകുലുക്കി അവള്‍ സമ്മതം അറിയിക്കും.
ഒരു ദിവസം ഒരു ഉച്ചതിരിഞ്ഞനേരത്ത് അവള്‍ ആ കൊച്ചുമന്ദിരത്തിന്റെ അടുത്തുവരെ ചെന്നതാണ്. അവള്‍ക്കു പേടിതോന്നി. തിരിച്ചുപോന്നു. അവന്റെ പുഞ്ചിരികള്‍ അവളെ കൂടുതല്‍ കൂടുതല്‍ ആകര്‍ഷിക്കുകയും ധൈര്യം നല്‍കുകയും ചെയ്തുകൊണ്ടേയിരുന്നു.
കറിയാ പോയിട്ട് ഒരു ദിവസം വന്നു. അവനെക്കണ്ടപ്പോള്‍ കൈസര്‍ കുരച്ചില്ല. അവന്റെ കാലില്‍ മണത്തുനോക്കിയിട്ട് അതു വാലാട്ടി സ്വാഗതം ആശംസിച്ചതേയുള്ളൂ.
അവന്‍ അമ്മിണിക്കു ഒരു പട്ടുടുപ്പും ദേഹം നന്നാകാനുള്ള ഒരു ടോണിക്കും വല്യമ്മച്ചിക്കു കറുപ്പും  കൊണ്ടുവന്നിരുന്നു. അവന്‍ ആ വീട്ടിലെ ഒരംഗമായിക്കഴിഞ്ഞതുപോലെയായിരുന്നു പെരുമാറ്റം.
“വല്യമ്മച്ചി ആ കറുപ്പു തിന്നുമ്പോള്‍ ചെറുപ്പക്കാരിയാകും നോക്കിക്കോ.” അവന്‍ നേരമ്പോക്കായി പറഞ്ഞു.
“എന്റെ മോനെ, ദൈവം നിന്നെ അനുഗ്രഹിക്കുമെടാ.” കറുപ്പിന്റെ പൊതിവാങ്ങി വെറ്റവട്ടിയില്‍ നിധിപോലെ നിക്ഷേപിച്ചുകൊണ്ട് അന്നത്തള്ള അവനെ ഹൃദയപൂര്‍വ്വം ആശീര്‍വദിച്ചു.
അമ്മിണി പുതിയ ഉടുപ്പിട്ടുനോക്കി. നല്ല ചേര്‍ച്ച. പതറിക്കിടന്നിരുന്ന അവളുടെ തലമുടി മേരി ഒതുക്കിവച്ചു. അപ്പോഴൊക്കെയും കറിയാ മേരിയുടെ മുഖത്തേക്കു ഗൂഢമായി നോക്കുന്നുണ്ടായിരുന്നു. മേരിയുടെ മുഖത്ത് അനുഭാവപൂര്‍വ്വമായ പ്രസന്നത പ്രകടമായിരുന്നു താനും. നുണച്ചുഴികളുള്ള അവളുടെ മുഖം എന്നത്തേക്കാളും അഴകുള്ളതായി അവനു തോന്നി.
“നല്ല ഉടുപ്പാ, ഇല്ലേ ചേച്ചീ?” അമ്മിണി ചോദിച്ചു. രോഗത്തിന്റെ ക്ഷീണത്തില്‍നിന്ന് അവളിനിയും വിമുക്തയായിട്ടില്ല. മുഖത്തെ വിളര്‍ച്ച മാറി വരുന്നതേയുള്ളൂ.
“പാലു കൊടുക്കുന്നില്ലേ മേരി കുഞ്ഞിന്?” കറിയാ അന്വേഷിച്ചു.
“ഒണ്ട്.” മേരി പറഞ്ഞു.
അപ്പോഴേക്കും തറതി ഉണക്കവട്ടയിലയില്‍ പൊതിഞ്ഞ രണ്ട് ഉണക്ക അയിലകളുമായി കയറിവന്നു.
“കറിയാച്ചനെക്കണ്ടിട്ട് ഒത്തിരിനാളായല്ലോ!”
തറതി തിണ്ണയിലേക്കു കയറിക്കൊണ്ടു പറഞ്ഞു: “ആ മോക്കു പട്ടുടുപ്പു കിട്ടിയല്ലോ. മേരി കറിയാച്ചന് ശകലം കാപ്പി വെന്തു കൊടുക്കെടീ! ആ പായേലോട്ട് ഇരിക്കൂ കറിയാച്ചാ, വിശേഷമൊക്കെ കേക്കട്ടേ.”
“നല്ല വിശേഷംതന്നെ.”  അവന്‍ പറഞ്ഞു, തറതിയുടെ കൈയില്‍ നിന്നു മീന്‍പൊതിയും വാങ്ങിക്കൊണ്ടു മേരി അടുക്കളയിലേക്കു പോയി. തറതി തിണ്ണയില്‍ത്തന്നെ ഇരുന്നു.
“ഞാനൊരു പുരയിടവും വീടും വാങ്ങിച്ചമ്മേ.”  അവന്‍ തുടര്‍ന്നു അവന്‍ തറതിയെ അമ്മേ എന്നു വിളിച്ചതുമനഃപൂര്‍വ്വമായിരുന്നില്ല. അവന്‍ അവരെ അമ്മയെന്നുതന്നെ കരുതുന്നു; അന്നത്തെ ആ രാത്രി; മേരി അവന്റെ പക്കലേതു നടന്നുവന്ന ആ രാത്രി; അമ്മിണിക്കു സുഖക്കേടു പിടിപ്പെട്ട ആ രാത്രി.
“എവിടാ മോനേ, പുരയിടം മേടിച്ചത്? അടുത്തെങ്ങാനാണോ?”
“പത്തുപന്ത്രണ്ടു നാഴിക അകലെയാ; പുര ചെറുതാ; അതൊന്നു പുതുക്കിപ്പണിയിച്ചുകൊണ്ടിരിക്ക്യാ.”
“ദൈവം സഹായിക്കട്ടെ.” തറതി എന്തോ ആലോചിചച്ചുംകൊണ്ടു പറഞ്ഞു. എന്നിട്ടു ചോദിച്ചു.
“നിന്റെ മോളെന്ത്യേ?”
“ബോര്‍ഡിങ്ങിലാ. പുരനന്നാക്കി വീട്ടില്‍ ഒരാളുണ്ടായിക്കഴിഞ്ഞേ അവളെ കൊണ്ടുവരുന്നുള്ളൂ. ഞാന്‍ കൂടെക്കൂടെ അവളെപോയി കാണാറുണ്ട്.”
“നിന്റെ മാലേം വളേം ഒക്കെ ഇവിടിരിക്കുന്നല്ലോ.”
“അതിനെന്താ ഇവിടിരിക്കട്ടെ.”
“എനിക്കു പേടിയാ കുഞ്ഞേ. ഞങ്ങളു ഭാഗ്യംകെട്ടവരാ. അല്ലെങ്കില്‍ പത്തിരുനൂറുരൂപാ ഞാന്‍ അരിച്ചുപിടിച്ചു പട്ടിണികിടന്നു മിച്ചംവച്ചും ഏതുംപോരാത്ത കടുക്കാമറിയയോടു നേരത്തേ ചിട്ടിപിടിച്ചും വച്ചിരുന്നതാ. അതും പോയി അമരോംകടന്നു. ഇനീം ഒത്തിരിരൂപാകൂടെ ആശുത്രീ കൊടുക്കാനുമൊണ്ട്. എത്ര രൂപയാ മേരീ, ആശുത്രീല് കടം? അവളാ പോയി അമ്മിണിയെ കൂട്ടിക്കൊണ്ടു പോന്നത്.”
“അമ്പതുരൂപാ.” അകത്തുനിന്നു മേരി പറഞ്ഞു: ഒരാഴ്ചയ്ക്കകം കൊടുക്കാമെന്നാ പറഞ്ഞിരിക്കുന്നത്.”
“കണ്ടോ, ആ കാശു കൊടുത്തുവീട്ടാതെ ഇനീം ശകലം മരുന്നിന് അങ്ങോട്ടു കേറാനൊക്കുമോ?” തറതി പറഞ്ഞു: “എന്റെ മോളെപ്പോലെ ഇത്ര ഭാഗ്യംകെട്ടവള്‍! ഒരു മാല അവടെ കഴുത്തേല്‍ കെട്ടിയേച്ചു ചത്താമതിയെന്നേ എനിക്കൊരാശയുള്ളൂ. ഓ ഇനി നടക്കാന്‍ പോണില്ല ഈ ജന്മത്ത്.”
“അമ്മ ഒരു കാര്യം ചെയ്യ്.”  കറിയാ പറഞ്ഞു: “എന്റെ മാല മേരിക്കു കൊടുത്തേര്. വളകളും കമ്മലും കൊടുത്തേക്കൂ.”
“അയ്യയ്യോ… തരക്കേടില്ല. ഇപ്പംതന്നെ ഓരോ അവളുമാര് അനാവശ്യം പറഞ്ഞുതൊടങ്ങിയിരിക്കുന്നു. കറിയാച്ചന്‍ ഇവിടെക്കൂടെ പൊറുതിയാന്നൊക്കെ. അവളു മാലകൂടെ ഇട്ടോണ്ടു നടന്നേച്ചാല്‍ പിന്നെ കിടന്നുപൊറുക്കണ്ട.”
“പറയുന്നവരു പറേട്ടമ്മേ.” കറിയാ വാദിച്ചു: “മനുഷ്യരുടെ സ്വഭാവമാണത്. നമ്മുടെ മനസ്സാക്ഷി നന്നായിരിക്കണം. മനുഷ്യരുടെ പറച്ചിലിനെ പേടിച്ചാല്‍ ആ ഭൂമിയില്‍ ജീവിക്കാന്‍വയ്യെന്നുവരും.”
കാര്യമൊക്കെ ശരിയാ… കുഴിയില്‍ വീണ പന്നിക്കു കല്ലും തടീം എന്നു കേട്ടിട്ടില്ലേ… വലിയവര്‍ക്ക് എന്തുമാകാം…. പാവങ്ങള്‍ക്ക് ഒന്നും വയ്യ… ഇന്നാണെങ്കില്‍ ഇവിടെ കഞ്ഞിവയ്ക്കാന്‍ അരിയില്ല… ഇനി അതിയാന്‍ വല്ലതും കൊണ്ടുവന്നിട്ടുവേണം പീടികേപ്പോകാന്‍.”
“ഇന്നാമ്മേ, അരി വാങ്ങിക്ക്.” കറിയാ പോക്കറ്റില്‍നിന്ന് ഒരഞ്ചുരൂപാ എടുത്തു തറതിയുടെ നേര്‍ക്കുനീട്ടി. അവര്‍ അതു വാങ്ങിക്കുകയും ചെയ്തു. കഷ്ടകാലത്തിനു താടകഗൗരി അപ്പോള്‍ അങ്ങോട്ടുവന്നു. ആ രൂപായുടെ കൊടുക്കല്‍വാങ്ങല്‍ അവള്‍ കണ്ടു. എങ്കിലും കണ്ടില്ലെന്നു നടിച്ചു.
“ഞങ്ങടെ കറമ്പിക്കോഴി ഇങ്ങോട്ടുവന്നോ തെര്‍ത്ത്യാമ്മേ?” ഗൗരി ചോദിച്ചു.
“ഇവിടെങ്ങും വന്നില്ലല്ലോ ഗൗരി.”
“കള്ളക്കോഴിയാണത്, വല്ലോന്റേം വീട്ടിലൊക്കെയാ അതു പോയി മൊട്ടയിടുന്നത്. ആഹാ, കറിയാച്ചന്‍ ഇവിടിരുപ്പുണ്ടായിരുന്നോ? കണ്ടിട്ട് ഒത്തിരിനാളായല്ലോ.” വാസ്തവത്തില്‍ കറിയാ വന്നതും ആ വീട്ടില്‍ കയറിയതും ഒക്കെ നേരത്തേ ഗൗരി കണ്ടതാണ്.
“ഞാനിവിടില്ലായിരുന്നു…” കറിയാ പറഞ്ഞു. ഗൗരിയുടെ ആ രംഗപ്രവേശനം അവനും അത്ര ഇഷ്ടമായില്ല.
“കല്യാണം എന്നാ കറിയാച്ചാ?”  അവള്‍ വീണ്ടും ചോദിക്കുകയായി.
“നിങ്ങളെയൊക്കെ അറിയിക്കാതെ കല്യാണം നടത്തുമോ?” കറിയാ പറഞ്ഞു.
“ഞാന്‍ പോണു തെര്‍ത്ത്യാമ്മേ ആ കോഴി പിന്നെങ്ങോട്ടു പോയോ!” ഗൗരി പോയി. അവള്‍ കടുക്കാമറിയയുടെ കടയിലേക്കാണു പോയത്.
“രണ്ടു നൊണച്ചികളുംകൂടെ ഇനി എന്നാ ഒക്കെ പറഞ്ഞൊപ്പിക്കുമോ?” തറതി പറഞ്ഞു. “കറിയാച്ചാ, ഞാന്‍ ഈ രൂപാ ഒരാഴ്ചയ്ക്കകം എങ്ങനെയെങ്കിലും തിരിച്ചുതരാം. കടം മേടിച്ചെന്നു കേട്ടാല്‍ അതിയാന്‍ വരുമ്പം എന്നെ കൊല്ലും… അങ്ങനത്തെ ഒരു മനുഷ്യനാ അതിയാന്‍.”
“തിരിച്ചു തരണമെന്നു ഞാന്‍ പറഞ്ഞില്ലല്ലോ… എന്താവശ്യമുണ്ടെങ്കിലും നിങ്ങള്‍ക്കെന്നോടു ചോദിക്കാം… എനിക്കൊരു കുടുംബത്തെയും പോറ്റാനില്ല… നിങ്ങളെ എന്റെ സ്വന്തം കുടുംബംപോലെ കണക്കാക്കാന്‍ എനിക്കു ഭാഗ്യമുണ്ടായാല്‍ മതി.” സ്വല്പം സൂചനവച്ചാണ് കറിയാ പറഞ്ഞത്. തറതിക്ക് അതു മനസ്സിലാവുകയും ചെയ്തു.
“ഇവിടത്തെ ആമ്പ്രന്നോന്‍ ഒരു വല്ലാത്ത മൊശടനാ. കേട്ടോ? പൂത്തേടത്തു കുടുംബത്തിന്റെ പൊണ്ണക്കാര്യോം പറഞ്ഞോണ്ടുനടക്കും. അടുപ്പില്‍ ചുക്കിലിവല പാകിയാലും അന്തസ്സുവിടത്തില്ല…. അല്ലെങ്കില്‍ കേട്ടോ കറിയാച്ചാ, ഞങ്ങളെക്കാള്‍ വെലയുള്ള വീടുകളിലെ പെണ്ണുങ്ങളൊക്കെ ഓരോ ജോലിക്കു പോകുന്നു…. കെട്ടിടംപണിക്കും വഴിപ്പണിക്കും നെല്ലുകുത്താനും ഓലമെടയാനും ഒക്കെ…. അക്കാര്യം ഇവിടെ ഞാന്‍ ഒന്നു മിണ്ടിപ്പോയാല്‍ അതിയാന്‍ കൊന്നുകളേം. പൂത്തേടത്തെ പെണ്ണുങ്ങളെങ്ങും കൂലിവേലയ്ക്കു പോയിട്ടില്ലത്രേ. ഇവളെ വലിയവീട്ടില്‍ പാലുമേടിക്കാന്‍ വിടുന്നതുതന്നെ അതിയാനത്ര ഇഷ്ടമില്ല… പിന്നെ വലിയവീട്ടുകാര്‍ പുണ്യപ്പെട്ട മനുഷ്യരായതുകൊണ്ട് അതിനു സമ്മതിച്ചെന്നേയുള്ളൂ കേട്ടോ… ഒന്നുരണ്ടു ദിവസം ഞാന്‍ പാലുമേടിക്കാന്‍ ചെന്നു. ഞാന്‍ ചെല്ലുന്നത് അവിടത്തെ കുഞ്ഞേലിയാമ്മയ്ക്ക് അത്ര ഇഷ്ടമല്ല.”
“അതെന്താ?”
“എനിക്കു ഷെയമാണെന്നാ അവരു പറേന്നത്. എനിക്കൊരു ഷെയോമില്ല കേട്ടോ… വാവടുക്കുമ്പം വലിവിന്റെ ഓദ്രവം ഒണ്ടാകുമെന്നേയൊള്ളൂ…”
മേരി കാപ്പി കൊണ്ടുവന്നു തിണ്ണയില്‍ വച്ചു.
“അതങ്ങോട്ടു കൈയില്‍ കൊടുത്താലെന്താടീ, നിന്റെ കയ്യേലെ വള ഊരിപ്പോകുമോ?”  തറതി കുടുവന്‍പിഞ്ഞാണത്തിലെ കാപ്പി എടുത്തു കറിയാച്ചനു കൊടുത്തിട്ടു മേരിയെ കുറ്റപ്പെടുത്തി. “കേട്ടോ കറിയാച്ചാ, അവളിതുവരെ ഒരാണുങ്ങടെ മൊകത്തു നോക്കീട്ടില്ല. എന്നാല്‍ ഞങ്ങളങ്ങു പട്ടണത്തില്‍ മഹാതെമ്മാടികടേം പോക്രികടേം കൂടിനകത്താ ജീവിച്ചത്. എന്റെ മോളോട് ആരും ഇതേവരെ ഒരനാവശ്യം പറയുകയാകട്ടെ, അവളൊരനാവശ്യം കേപ്പിക്കയാകട്ടെ ചെയ്തിട്ടില്ല. അവടെ അപ്പന്റെ സൊബാവം എല്ലാവര്‍ക്കും അറിയാം… മേലുകീഴു നോക്കുകേലാ…”
“മേരീ!” കറിയാ വിളിച്ചു.
“എന്തോ!” അകത്തെ മുറിയില്‍ കതകിനു മറഞ്ഞുനിന്നുകൊണ്ടു മേരി വിളികേട്ടു.
“ഇവിടിരിക്കുന്ന എന്റെ മാലകളും വളകളും നിനക്ക് ആവശ്യമുണ്ടെങ്കില്‍ എടുക്കാം…”
“ഓ, വേണ്ട ചേട്ടാ.” അവള്‍ പറഞ്ഞു.
“ചേച്ചിക്കു വേണ്ടേല്‍ എനിക്കു തന്നേര്.” അമ്മിണി അവന്റെ അടുക്കല്‍ ചെന്നുനിന്നുകൊണ്ടു പറഞ്ഞു.
“മോക്കു ഞാന്‍ നല്ല പട്ടുടുപ്പു തന്നല്ലോ; ദേഹം നന്നാകാനുള്ള നല്ല മരുന്നും.” കറിയാ അവളുടെ ശിരസ്സില്‍ തലോടിക്കൊണ്ടു പറഞ്ഞു.
“എനിക്കു മരുന്നുവേണ്ട, മാല മതി.” അമ്മിണി കൊഞ്ചിയ
“അമ്മിണീ!” അകത്തുനിന്നു മേരി ഒരു താക്കീതു നല്‍കി.
“നല്ല മധുരമുള്ള മരുന്നാ; അതു രണ്ടുകുപ്പി കഴിച്ചാല്‍ അമ്മിണിയുടെ ദേഹമുണ്ടല്ലോ, നല്ല സ്വര്‍ണ്ണംപോലെയാകും.” കറിയാ പറഞ്ഞു.
“പോയി ഉടുപ്പൂരിവെക്കെടീ, ചെളിയാക്കാതെ. പള്ളീല്‍ പോകുമ്പം ഇടാം.” തറതി ആജ്ഞാപിച്ചു.
“മേരീ, ഇവളെ ചൂടുവെള്ളം അനത്തി ഒന്നു കുളിപ്പിക്ക്.”
അമ്മിണിയെ മേരി വന്നു പിടിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടുപോയി.
കറിയാ എണീറ്റ് തറതിയുടെ അടുത്തുചെന്നു കാലില്‍ കുത്തിയിരുന്നിട്ട് ഇങ്ങനെ രഹസ്യം പറഞ്ഞു: “കല്യാണം കഴിഞ്ഞ് നമുക്കെല്ലാം എന്റെ വീട്ടിലേക്കു പോകാം അമ്മച്ചി. തോമ്മാച്ചേട്ടന്‍ വല്ലതും പറഞ്ഞോ?”
“രണ്ടാംകെട്ടുകാരനെക്കൊണ്ടു പെണ്ണിനെ കെട്ടിക്കുന്നതില്‍ അതിയാനത്ര ഇഷ്ടമില്ല.”
“അമ്മച്ചി പറഞ്ഞാല്‍ മതി, ചേട്ടന്‍ സമ്മതിക്കും.”
“ഇനി ഞങ്ങളു രണ്ടും സമ്മതിച്ചാലും മേരി സമ്മതിക്കുമോന്നറിഞ്ഞില്ല.”
മേരി സമ്മതിക്കും അമ്മച്ചീ. കറിയായ്ക്ക് അക്കാര്യത്തില്‍ തെല്ലും സംശയമില്ല.
“ഏതായാലും അതിയാന്‍ വരട്ടെ. ഒന്നുകൂടെ പറഞ്ഞു നോക്കാം. സമ്മതിക്കുമായിരിക്കാം.”
“എനിക്കൊരു കാശും സ്ത്രീധനോം വേണ്ട. വേണമെങ്കില്‍ ഞാന്‍ ഇപ്പോള്‍ വാങ്ങിയ വീടും പറമ്പും മേരിയുടെ പേര്‍ക്ക് എഴുതിക്കൊടുത്തേക്കാം, എല്ലാംകൂടെ ഇപ്പോള്‍ പത്തേഴായിരം രൂപ ആയിട്ടുണ്ട്.”
“നടത്താം കറിയാച്ചാ, നീ പെടയ്ക്കാതെ.”
“ഏതായാലും ഇക്കാര്യം ഇപ്പം പുറത്താരെയും അറിയിക്കണ്ടാ. അപ്പോള്‍ ഞാന്‍ പൊയ്‌ക്കോട്ടെ… ഒരാഴ്ചകഴിഞ്ഞേ വരത്തൊള്ളൂ. പുതിയ കെട്ടിടം നല്ല ജോറായിരിക്കും കേട്ടോ. കല്യാണത്തിനുമുമ്പ് അമ്മച്ചിയെക്കൊണ്ടൊന്നു കാണിക്കാം.”
“കറിയാച്ചന്‍ പൊയ്‌ക്കോ.”
“ബാക്കി കാര്യമെല്ലാം അമ്മച്ചി ഏറ്റല്ലോ.”
“ഏറ്റെന്ന്, പിന്നൊരു കാര്യം; കല്യാണത്തിനുമുമ്പ് പെണ്ണിനെ തൊടുകേം പിടിക്ക്യേം ഒന്നും ചെയ്‌തേക്കരുത്.”
“ഛെ, ഞാനത്ര വെറിയനൊന്നുമല്ലമ്മച്ചീ. മൂന്നുനാലുകൊല്ലമായി ഞാനിവിടെ താമസിക്കുന്നു; ആരോടെങ്കിലും ചോദിച്ചുനോക്ക് എന്നെപ്പറ്റി ആരും ദുരഭിപ്രായം പറയുകയില്ല.”
“അല്ല, ഞാന്‍ പറഞ്ഞന്നേയുള്ളൂ, കാലം ചീത്തയാ.”
“ഒവ്വ്, എനിക്കു മനസ്സിലായി.”
അന്നുരാത്രി ബാക്കിയെല്ലാവരും ഉറക്കംപിടിച്ചപ്പോള്‍ തോമ്മായോടു തറതി സംഗതി പറഞ്ഞു.
“കറിയാച്ചനെക്കൊണ്ടുതന്നെ നമ്മുടെ പെണ്ണിനെ കെട്ടിക്കാമെന്ന്.”
“പൂത്തേടത്തെ പെണ്ണുങ്ങളെ ഒന്നും രണ്ടാംകെട്ടുകാരനെക്കൊണ്ടു കെട്ടിച്ചിട്ടില്ലെടീ.”
“മേരിക്കും സമ്മതമാ, പിന്നെന്താ നിങ്ങക്കിത്ര?”
“അവടെ സമ്മതംപോലല്ല അവളെ കെട്ടിക്കുന്നത്, ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍.”
“പൂത്തേടത്തെ വലിപ്പം പറഞ്ഞോണ്ടിരുന്നാല്‍ പെണ്ണിനെ കെട്ടീരൊണ്ടാവുകേലാ, അത്രതന്നെ.”
“ഏതായാലും നിന്റെ അഭിപ്രായം അങ്ങനെയാണെങ്കില്‍ ആലോചിക്കാം. വരട്ടെ, തളന്തന്‍ അപ്പായിയുടെ മകന്‍ പട്ടാളക്കാരന്‍കൂടെ ഇങ്ങോട്ടു വന്നോട്ടെ.”
“അഞ്ഞൂറുരൂപായില്‍ ഒരു ചില്ലിക്കാശുകുറഞ്ഞാല്‍ ആ പെമ്പ്രന്നോരു സമ്മതിക്യേലാ, നമ്മളെവിടെപ്പോകും. അഞ്ഞൂറുരൂപായ്ക്ക്?”
രൂപയൊക്കെ ഞാന്‍ എടപാടുചെയ്തിട്ടൊണ്ട്, മാത്തുക്കുട്ടി വരട്ടെ, നീ കെടന്നുറങ്ങ്.”
കറിയായെക്കൊണ്ടുതന്നെ മേരിയെ കെട്ടിക്കണമെന്നാണു തറതിയുടെ ആഗ്രഹം. കറിയാ അവരുടെ ചൊല്‍പ്പടിക്കു നില്‍ക്കും. അമ്മായിയമ്മപ്പോരോ നാത്തൂന്‍പോരോ പെണ്ണിനു പേടിക്കാനില്ല. മേരിയുടെ അപ്പന്‍ രണ്ടുദിവസം കിടപ്പിലായിപ്പോയാലും അവന്‍ ആ കുടുംബത്തെ രക്ഷിച്ചുകൊള്ളും. തറതിയുടെ ചിന്ത ഭാവിയിലേക്കു കുറെദൂരം സഞ്ചരിച്ചു. അമ്മിണി വളര്‍ന്നുവരും. അവള്‍ മേരിയേക്കാള്‍ സുന്ദരിയായിരിക്കും. തോമ്മാ എപ്പോഴാണു വശംകെട്ടു വീഴുന്നതെന്നറിഞ്ഞില്ല. കറിയായാണെങ്കില്‍ അമ്മിണിയെ പഠിപ്പിക്കുകയും കെട്ടിച്ചയ്ക്കുകയും ചെയ്യും. അവരുടെ വാര്‍ദ്ധക്യകാലത്ത് അവന്‍ അവര്‍ക്കൊരു താങ്ങും തണലും ആയിരിക്കും. പട്ടാളക്കാരന്‍ മാത്തുക്കുട്ടി ഇനി നല്ലവനാണെങ്കില്‍ത്തന്നെ ഗുണവും അവര്‍ക്കു കിട്ടാന്‍ പോണില്ല. കന്യാദാനക്കാരനെത്തേടി അവനെക്കൊണ്ടു പെണ്ണിനെകെട്ടിച്ചിട്ട് അവന്‍ വല്ല യുദ്ധത്തിലും ചെന്നു വെടികൊണ്ടു ചത്തുപോയാല്‍ പെണ്ണു വിധവയാവുകയില്ലേ, കൊച്ചുനാളിലേ? പിന്നെ അവളെ വല്ലോരും കെട്ടിക്കൊണ്ടുപോകുമോ?
പൂത്തേടത്തു തറവാടിന്റെ  പൊങ്ങച്ചം എവിടെച്ചെന്നവസാനിക്കുമോ, ദൈവത്തിനേ അറിഞ്ഞുകൂടൂ. എങ്ങനെയെങ്കിലും പെണ്ണിന്റെ കഴുത്തിലൊരു മിന്നുവീണാല്‍ മതിയായിരുന്നു കര്‍ത്താവേ!
അമ്മിണിക്കു കറിയാ പട്ടുടുപ്പു വാങ്ങിക്കൊടുത്തതു തോമ്മായ്ക്ക് അത്ര രസിച്ചിട്ടില്ല. എങ്കിലും വഴക്കു പറഞ്ഞില്. അമ്മിണിക്കു വേദനതട്ടുന്ന തരത്തില്‍ എന്തെങ്കിലും പറഞ്ഞാല്‍ അവള്‍ക്കു പണ്ടത്തെ സൂക്കേടു വീണ്ടും ഉണ്ടായേക്കുമെന്ന് അയാള്‍ ഭയപ്പെടുന്നുണ്ട്. അഞ്ചുരൂപാ അവനോട് വായ്പ വാങ്ങിയ വിവരം തോമ്മായോടു തറതി പറഞ്ഞില്ല. മാലയും വളകളും എടുത്തുകൊള്ളാന്‍ അവന്‍ പറഞ്ഞകാര്യവും മിണ്ടിയില്ല.
പിറ്റേന്നു കാപ്പിത്തൊലി വാങ്ങാന്‍ ചെന്നപ്പോള്‍ തറതിയെ രഹസ്യമായി വിളിച്ചു മാറ്റി നിര്‍ത്തിക്കൊണ്ട് കടുക്കാമറിയ പറഞ്ഞു: “മനുഷേരെക്കൊണ്ട് അതുമിതും പറേപ്പിക്കുന്നതിനുമുമ്പ് ആ കല്യാണം അങ്ങു നടത്തിച്ചേക്കരുതോ ചേടത്തീ?”
“ഏതു കല്യാണമാടി മറിയേ?”
നാണംകെട്ടിട്ടു വഴിയെ നടക്കാന്‍ മേലെന്നായി. യൂക്കാലിക്കറിയാ നിങ്ങടെ വീട്ടിലാണു പൊറുതീന്ന്! ആണുങ്ങളു മറികടന്നാല്‍ മതി… പെണ്ണിനു വല്ലോം ഒണ്ടായിപ്പോകും; ഞാന്‍ പറഞ്ഞേക്കാം. പെണ്ണിന്റെ പ്രായം അത്തറിയാ. പിന്നെ നെഞ്തത്തലച്ചതുകൊണ്ടു കൃതമില്ല.
തറതിക്ക് അതുകേട്ടപ്പോള്‍ എന്തെന്നില്ലാതെ ദണ്ഡം തോന്നി.
“എന്റെ പെണ്ണങ്ങനെ പെഴക്കുന്നവളല്ല മറിയേ.” അക്കാര്യത്തില്‍ അവര്‍ക്കു ദൃഢമായ വിശ്വാസമുണ്ട്.
“നിങ്ങടെ വിശ്വാസം നിങ്ങളെ പൊറുപ്പിക്കട്ടെ.” മറിയ പറഞ്ഞു: പക്ഷേങ്കി സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ടാ; അതേ ഞാന്‍ പറേന്നൊള്ളൂ. പെണ്ണിനെ കൈയോടെ കെട്ടിച്ചുവിടാന്‍ നോക്കൂ തള്ളേ…”
“എന്നാ ഞങ്ങടേം വിചാരം.”
മടങ്ങിവരും വഴി തളന്തന്‍പീലിപ്പായിയുടെ പെമ്പിള അക്കത്തള്ള തറതിയെ അങ്ങോട്ടു വിളിച്ചു.
“എടീ തെര്‍ത്ത്യാ, ഞാനൊരു ഓച്ചൃതി കേട്ടല്ലോടീ.” അക്കത്തള്ള ചോദിച്ചു.
“എന്തോന്നാ അക്കാമ്മേ?”
“നിന്റെ മോടൈകൂടെയാ ആ യൂക്കാലിക്കറിയ പൊറുക്കുന്നതെന്ന്. ഇക്കണക്കിനെങ്ങനാടീ എന്റെ മോനുവേണ്ടി അവക്കു കല്യാണം ആലോചിക്കുന്നെ?”
“ഇവിടുത്തെ അറുവാണിച്ചികളു പറേണ നൊണയൊക്കെ കേക്കാനിരിക്ക്വാണോ അമ്മാമ്മ? കര്‍ത്താവേ, പച്ചപുല്ലിനു തീപിടിപ്പിക്കുന്ന മനുഷ്യേര്. ലൂക്കാലിക്കറിയാ എന്റെ അമ്മിണിക്ക് എങ്ങനെയിരിക്കുന്നെന്നു ചോദിക്കാന്‍ ഒന്നുരണ്ടുതവണ വീട്ടില്‍ വന്നിട്ടൊണ്ടന്നല്ലാതെ എന്റെ പെണ്ണിനെ അവനൊന്നു നോക്കുകപോലും ചെയ്തിട്ടില്ല. അമ്മാമയ്ക്കറിയാമോ?... എന്റെ വയറ്റിപ്പിറന്നതായതുകൊണ്ടു പറേന്നതല്ല…. അവളങ്ങനെ തൊണ്ണൂറു വയസ്സുവരെ  നിന്നാലും പെഴയ്ക്കത്തില്ല. പൂത്തേടത്തെ പെണ്ണുങ്ങളെപ്പറ്റി ഇതേവരെ ലോകത്തിലാരും ഒരപഖ്യാതീം പറഞ്ഞിട്ടില്ല. കര്‍ത്താവേ! ഈ നൊണച്ചികടെ തേലല്‍ വെള്ളിടി വീഴാത്തതാണതിശയം.”
“എന്തോന്നാടീ അക്കേ, നീ തെറതിയോടു പറേന്നെ?” തിണ്ണയിലിരുന്നു കുട നന്നാക്കുന്ന തളന്തന്‍ അപ്പായി വിളിച്ചുചോദിച്ചു. അയാള്‍ക്കു ആ പെണ്ണുങ്ങളുടെ വര്‍ത്തമാനം കേള്‍ക്കാമായിരുന്നു.
“ഒന്നുമില്ലപ്പായി, ഈ കോളണീലെ പെണ്ണുങ്ങളുടെ നൊണപറച്ചിലിനെപ്പറ്റിപ്പറയുകാരുന്നു.” തറതിയാണു മറുപടി പറഞ്ഞത്.
“അതിരിക്കട്ടെ, മാത്തുക്കുട്ടി മൂന്നാലുദിവസിക്കകം വരും; അവന്‍ പോകുന്നേനുമുമ്പു കല്യാണം നടത്തണം; തോമ്മായോടുകൂടെ ഒന്നു പറഞ്ഞേക്ക്… മേരിക്കുഞ്ഞിനെപ്പറ്റി നൊണച്ചികളെന്തോന്നാടീ അക്കേ പറഞ്ഞത്?”
 “ഓ അങ്ങോട്ടു കേക്കാനുംമാത്രം ഒന്നും പറഞ്ഞില്ലേ.” അക്കത്തള്ള അറിയിച്ചു.
“എടീ, ഈ കരേലെ പെണ്ണുങ്ങക്കു ദേവസം രണ്ടു നൊണയെങ്കിലും പറഞ്ഞില്ലേല്‍ ഒറക്കം വരത്തില്ല.” കൊടിലുകൊണ്ട് ഒരു വളഞ്ഞ കുടക്കമ്പി നേരെയാക്കിക്കൊണ്ട് അപ്പായി തുടര്‍ന്നു: “അതുകേട്ടു വെരളാന്‍ ഒരു കെളവീം ഉണ്ടിവിടെ.”
“കെളവന്‍ എന്നാ അറിഞ്ഞാ  ഇപ്പറേന്നത്?” അക്കത്തള്ളയ്ക്കു ശുണ്ഠികേറി. “മേരിപ്പെണ്ണിനെ ആ ലൂക്കാലിക്കറിയായെക്കൊണ്ടു കെട്ടിക്കാന്‍ പോവാണെന്ന്, മനസ്സിലായോ?”
“പൂത്തേടത്തു തോമ്മാ അത്ര മണ്ടനൊന്നുമല്ലെടീ മുതുക്കീ… അവന്റെ തറവാട് എനിക്കറിയാം… എടീ, ആന മെലിഞ്ഞാലും കൊട്ടിലില്‍ കെട്ടുകേലാ, നെനക്കറിയാമോ…. നെനക്കറിയാം…. ഉണ്ടേച്ചൊറങ്ങാന്‍…. പിന്നെ വല്ല പെണ്ണുങ്ങടെ നൊണ കേക്കാനും.”
“ഞാനാരടേം നൊണ കേക്കാനും.”
“ഞാന്‍ പറേട്ടെടീ… എടീ, യൂക്കാലിക്കാരന്‍ വെറും വരത്തനല്ല്യോ… എങ്ങാണ്ടുകെടന്ന മാര്‍ഗ്ഗവാസി…. മണ്ണെണ്ണേല്‍ മരുന്നുകലക്കി ലൂക്കാലിയാണെന്നും പറഞ്ഞു നാടൊട്ടുക്കു നടന്നു മനുഷ്യേരെ കളിപ്പിച്ചു കാശൊണ്ടാക്കുന്ന തെണ്ടി…. അവന്റെ ആദ്യത്തെ പെമ്പിളേ അവനെങ്ങണ്ടൂന്നു കട്ടോണ്ടു വന്നതാ…. നെനക്കറിയാം…. നെനക്കറിയാം ചുക്ക്… അവനെത്ര കെട്ടിയതാ… പുള്ളോനോ വേടനോ മരയ്ക്കാനോ മാര്‍ഗ്ഗം കൂടിയ അവന്റെ നാടെവിടാ?... വല്ല നാട്ടിലേം തെരുവുനീളെ നടന്നു തെണ്ടിയും കട്ടും അവന്റെ കൈയില്‍ ഇമ്മിണിക്കാശൊത്തൊരു പെണ്ണിനെ വല്ലോരും  പിടിച്ചുകൊടുക്കുമോടീ…. അവളെ എന്റെ മോന്‍ മാത്തുക്കുട്ടി കെട്ടും…. കേട്ടോടീ തറതീ.”
“കേട്ടപ്പായീ.” തറതി പറഞ്ഞു. പാവം തറതീ! അവര്‍ ധര്‍മ്മസങ്കടത്തിലായി.
“കെട്ടിക്കുന്നേന് എനിക്കും ഇഷ്ടമാ കേട്ടോ തെറതീ.” അക്കത്തള്ള പറഞ്ഞു: “നൊണച്ചികളു പറേന്നതൊന്നും ഞാന്‍ കൂട്ടാക്കുന്നില്ല. പക്ഷേങ്കി, സ്ത്രീദനം രൂഭാ അഞ്ഞൂറൂം എന്റെ കൈയില്‍ തരണം. തര്‍മ്മക്കല്യാണത്തിന്റെ ആവശ്യമൊന്നും ഇവിടില്ല.”
“സ്ത്രീദനം തരത്തില്ലെന്ന് ഇവിടെ വല്ലോരും പറഞ്ഞോ അക്കാമ്മേ?”
“നീ എന്തിനെടീ മുതുക്കീ തോക്കിക്കേറി വെടിവയ്ക്കുന്നത്?” അപ്പായി ശ്വാസിച്ചു. പക്ഷേ, അപ്പായിയും സ്ത്രീധനത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധക്കാരനാണെന്നു തറതിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു.
എന്താണു വേണ്ടതെന്നറിയാതെ ആ പെറ്റതള്ള കുഴഞ്ഞു. മനുഷ്യരുടെ അപവാദം ഒരുവശത്ത്. പെണ്ണിനെന്തെങ്കിലും സംഭവിച്ചു പോകുമോ എന്ന ഭീതി അങ്ങനെ. കറിയായെ അങ്ങനെ ഉപേക്ഷിച്ചാല്‍ ദൈവകോപമുണ്ടാകും. പുത്തേടത്തു തോമ്മായുടെ തറവാട്ടുമഹിമ അങ്ങനെ പര്‍വ്വതംപോലെ ഉയര്‍ന്നു നില്‍ക്കുന്നു. ഭാവി ഇരുണ്ടുകൂടിക്കിടക്കുന്നു. കൈയില്‍ ചില്ലികാശുപോലുമില്ല. പട്ടാളക്കാരനും സ്ത്രീധനം കൊടുക്കാന്‍ ഒരു വശവും കാണുന്നില്ല. കാശൊണ്ടാക്കാം എന്നു തോമ്മാ പറഞ്ഞത് എന്തു വഴി കണ്ടിട്ടാണെന്ന് ഒരൂഹവുമില്ലതാനും.
അന്നുരാത്രി തറതിക്ക് അകാലത്തില്‍ വലിവിന്റെ ഉപദ്രവം ഉണ്ടായി ആരും ഉറങ്ങിയില്ല. തറതി മരിച്ചു പോകുമെന്നു വിചാരിച്ചു. അത്ര കൂടുതലായിരുന്നു. എങ്കിലും നേരം വെളുത്തപ്പോള്‍ സുഖക്കേടിനു സാവകാശമുണ്ടായി. തോമ്മാ ചെന്നു കടുക്കാമറിയയെ ആശുപത്രിയില്‍ പറഞ്ഞയച്ചു മരുന്നു വാങ്ങി തറതിക്കു കൊടുത്തു. ആശുപത്രിയില്‍ കടമുള്ളതുകൊണ്ട് അങ്ങോട്ടു ചെല്ലാന്‍ തോമ്മായുടെ അഭിമാനം അനുവദിക്കുന്നില്ല.
പിറ്റേന്നു സന്ധ്യക്കു കടുക്കാമറിയച്ചേടിത്തിയുടെ കടയില്‍നിന്നു വല്യമ്മച്ചിക്കു ശകലം വടക്കന്‍ പുകയിലയും വാങ്ങിക്കൊണ്ടു മേരിവരികയായിരുന്നു. കോളനിയിലെ കുടിലുകളില്‍ മണ്ണെണ്ണവിളക്കുകള്‍ തെളിഞ്ഞുതുടങ്ങീട്ടില്ല. പകലും രാത്രിയും ഒന്നുച്ചു കൂടുന്ന സമയമായിരുന്നു. കുഞ്ഞമ്മുവും ഇക്കോച്ചനും പുറകില്‍ക്കൂടി വന്നത് അവള്‍ കണ്ടില്ല. കുഞ്ഞമ്മു അവളെ കയറിപ്പിടിച്ചു. അവള്‍ കുതറി. അവന്റെ കന്നത്തടിച്ചു. അവളുടെ ചട്ടയും ചട്ടയ്ക്കടിയില്‍ ധരിച്ചിരുന്ന ബാഡീസും കീറിപ്പോയി.
“അയ്യോ! അപ്പാ!”  അവള്‍ നിലവിളിച്ചു. ഇക്കോച്ചനും കുഞ്ഞമ്മുവുംകൂടെ അവളെ എടുത്തുംകൊണ്ട് അപ്പുറത്തെ റബര്‍തോട്ടത്തിലേക്കു കൊണ്ടുപോകാനാണു ശ്രമിച്ചത്.
തോമ്മാ ഒരു കൊടുങ്കാറ്റുപോലെ ഓടിവന്നു. ഇക്കോച്ചന്‍ കഠാരി നിവര്‍ത്തുകൊണ്ടു തോമ്മായുടെ നേരെ ചാടി. തോമ്മായുടെ കൈയില്‍ പാറപൊട്ടിക്കുന്ന ഒരു വലിയ ചുറ്റികയുണ്ടായിരുന്നു. ആഞ്ഞൊരേറ്. ഇക്കോച്ചന്റെ കൈയൊടിഞ്ഞു. കഠാരി തെറിച്ചുപോയി. രക്തം ചീറ്റി. കുഞ്ഞമ്മു ഓടാന്‍ ഭാവിച്ചു. തോമ്മാ അവനെ കടന്നുപിടിച്ചു കാലുമടക്കി അവന്റെ നെഞ്ചുമാലനോക്കി ഒരു തൊഴിതൊഴിച്ചു. കുഞ്ഞമ്മു ശ്വാസമടച്ചു നിലത്തു മലര്‍ന്നടിച്ചു വീണു. തോമ്മാ കഠാരി എടുത്തു മേരി അയാളുടെ കൈയ്ക്കു പിടിച്ചു. മേരിയെ അയാള്‍ പുറകോട്ടു തള്ളി. അവള്‍ വീണുപോയി. ആളുകള്‍ ഓടിക്കൂടി. കുഞ്ഞമ്മുവിന്റെ നെഞ്ചത്ത് അയാള്‍ കഠാരി മുഴുവനും ഇറക്കുംമുമ്പുതന്നെ കുഞ്ഞപ്പന്‍ നായര്‍ കഠാരി പിടിച്ചുവാങ്ങി.
തറതി ആ രംഗം കണ്ടു ബോധംകെട്ടു വീണു. നാലഞ്ചാളുകള്‍ക്കൂടി തോമ്മായെ ഉറുമ്പടക്കം പിടിച്ചിരിക്കുന്നു. അയാള്‍ കുതറുന്നു.
“ഇവനേം രണ്ടിനേം ഞാന്‍ കൊല്ലുമെടാ കൊല്ലും. പെമ്പിള്ളേര്‍ക്ക് ഈ നാട്ടില്‍ ജീവിക്കാമോന്നു ഞാനൊന്നു നോക്കട്ടെ. ഞാന്‍ നാളെ കഴുമരത്തിലായിരിക്കും…. മരണം എനിക്കു പുല്ലാടാ പുല്ല്….” തോമ്മാ ഒരു സിംഹത്തെപ്പോലെ അലറി.
പോലീസ് വന്നു. മഹസ്സര്‍ തയ്യാറാക്കി. ഇക്കോച്ചനെയും കുഞ്ഞമ്മുവിനെയും ആംബുലന്‍സില്‍ക്കേറ്റി ആശുപത്രിയിലേക്കും കൈയ്ക്കു വിലങ്ങു വച്ചു പുത്തേടത്തു തോമ്മായെ പോലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയി.
ഒരു വണ്ടിനിറയെ പോലീസുകാര്‍ ആ രാത്രിയില്‍ കോളനിഭാഗത്തു റോന്തുചുറ്റി. തോമ്മായുടെ വീട്ടില്‍ കുഞ്ഞപ്പന്‍നായര്‍  കാവലിരുന്നു.
കറിയായുടെ വളകളില്‍ ഒന്നെടുത്തു വീട്ടില്‍ കുഞ്ഞപ്പന്‍നായര്‍ കാവലിരുന്നു.
കറിയായുടെ വളകളില്‍ ഒന്നെടുത്തു തറതി കുഞ്ഞപ്പന്‍നായരെക്കൊണ്ടു പണയം വയ്പിച്ചു. കിട്ടിയ അമ്പതുരൂപാ പോലീസുകാര്‍ക്കു വായ്ക്കരിയിട്ടു.
പിറ്റേന്നു രാവിലെതന്നെ മേരി വലിയവീട്ടിലേക്ക് ഓടി. തറതിക്കു തീരെ നടക്കാന്‍ വയ്യായിരുന്നു. ആസ്തമാ അതിന്റെ ഉച്ചകോടിയിലെത്തിയിരുന്നു. അന്നത്തള്ള കട്ടിലില്‍ ഇരുന്നു കൊന്തയുരുട്ടി. യൂക്കാലിപ്‌സ് കച്ചവടക്കാരനായ പണ്ടന്‍കറിയാ സ്ഥലത്തില്ല. സഹായിക്കാന്‍ ആരുമില്ല. ദൈവമല്ലാതെ. മേരി ഓടുന്നതുകണ്ടു പുറകേ കടുക്കാമറിയയും എത്തി. വലിയവീട്ടിലെ ഇട്ടിച്ചന്‍ മുതലാളി അവിടെയില്ലായിരുന്നു. എസ്റ്റേറ്റില്‍ പോയിട്ടു വന്നില്ല.
കുഞ്ഞേലിയാമ്മയെക്കണ്ട് സങ്കടമുണര്‍ത്തിച്ചു.
“ഇതിനിപ്പം ഞങ്ങളെന്തു ചെയ്യാനാ?” കുഞ്ഞേലിയാമ്മ കൈമലര്‍ത്തി. “പെണ്ണുകേസ്സിനും ചട്ടമ്പിത്തരത്തിനും ഒന്നും ഈ വീട്ടുകാര്‍ എടപെടത്തില്ല.”
“കൊച്ചമ്മ ഞങ്ങളെ രക്ഷിക്കണം.” മേരി വലിയവായിലേ കരഞ്ഞുപോയി: “ഞങ്ങള്‍ക്കാരുമോരുമില്ല. സര്‍വ്വശക്തനായ ദൈവവും നിങ്ങളും അല്ലാതെ.”
“എങ്ങനാരുന്നെടീ മറിയേ സംഭവം?” മറിയയെ അരികില്‍ വിളിച്ചുകൊണ്ടു കുഞ്ഞേലിയാമ്മ ഇടഞ്ഞിടഞ്ഞു ചോദിച്ചു.
ഉണ്ടായ സംഭവം മുഴവനും വീഴാതെകെട്ടാതെ മറിയ പറഞ്ഞു കേള്‍പ്പിച്ചു.
തിണ്ണയുടെ താഴത്തെ മുറ്റത്തു മേരി കാത്തുംകൊണ്ടുനിന്നു. അവളുടെ ചട്ട കീറിത്തയ്ച്ചതും നന്നേ മുഷിഞ്ഞതുമായിരുന്നു. ഒരു നല്ല ചട്ടയുണ്ടായിരുന്നതാണ് ഇന്നലെ ആ തെമ്മാടി കീറിയത്.
ജോയിച്ചന്‍ അവളുടെ അടുത്തെത്തി. അവള്‍ കണ്ണുനീരോടെ ഏങ്ങലടിച്ചുകൊണ്ട് അവനോടു സങ്കടം ഉണര്‍ത്തിച്ചു.
“ജോയിച്ചന്‍ ഞങ്ങളെ രക്ഷിക്കണം. എന്റെ ജോയിച്ചനല്ലേ?” അവള്‍ അവന്റെ കാലില്‍ പിടിച്ചു കരയാന്‍ ഭാവിച്ചു. അവന്‍ മാറിക്കളഞ്ഞു. ദൈവത്തെയോര്‍ത്തു ഞങ്ങളെ രക്ഷിക്കണം; എന്റെ അപ്പനെ രക്ഷിക്കണം…”
“മോനെ, ജോയിച്ചാ.” കുഞ്ഞേലിയാമ്മ അവന്റെ അടുത്തെത്തി. “നീ എന്ന തീരുമാനിച്ചെടാ?”
“ഞാനെന്താമ്മേ ചെയ്യേണ്ടത്?” അവന്‍ ആലോചിച്ചുകൊണ്ടു പറഞ്ഞു. “കേട്ടിടത്തോളം കേസ്സ് വളരെ ഗൗരവമുള്ളതാണ്.”
“ജോയിച്ചന്‍ പോലീസിനിസേട്ടറെക്കണ്ടു കാര്യമായിട്ടൊന്നു പറഞ്ഞാമതി.” കടുക്കാമറിയ ഉപദേശിച്ചു: “കുഞ്ഞമ്മുവും ഇക്കോച്ചനും കേഡികളാണ്. തോമ്മാച്ചേട്ടന്‍ ജോയിച്ചന്റെ സ്വന്തം ആളാണെന്ന് ഒക്കെ അങ്ങോട്ടു പറയണം.”
“നോക്കട്ടെ.” ജോയിച്ചന്‍ ഒടുവില്‍ പറഞ്ഞു.
“ചെല്ലു മോനെ, ശ്യൊ, ആ പാവം പെണ്ണിന്റെ കരച്ചില്‍. എനിക്കും സങ്കടം തോന്നുന്നു.”  കുഞ്ഞേലിയാമ്മയും ഒടുവില്‍ മകനോടു ശുപാര്‍ശചെയ്തു.
ജോയി കാറില്‍കയറി പോയപ്പോഴാണ് മേരിയുടെ  ചങ്കിടുപ്പുകള്‍ ശാന്തമായത്. അവള്‍ ദൈവമാതാവിനോടു പ്രാര്‍ത്ഥിച്ചു. കുഞ്ഞേലിയാമ്മ അവളെ കാപ്പികുടിക്കാന്‍ വിളിച്ചു.
“എനിക്കൊന്നും വേണ്ട കൊച്ചമ്മേ.” അവള്‍ പറഞ്ഞു: “എന്റെ പൊന്നു കൊച്ചമ്മേ, അപ്പനെ അവര്‍ തൂക്കിക്കൊല്ലുമോ?”
“ഓ, അങ്ങോട്ടു ചെന്നാലൊടനെ അങ്ങു തൂക്കിക്കൊന്നേക്കുകാണോ?” കൂറെക്കൂടി വിവരമുള്ള കടുക്കാമറിയ പറഞ്ഞു.
“കേസും വിസ്താരവും ഒക്കെകഴിയാണ്ടു വിധി പറയത്തില്ലെടീ… ചെലപ്പം ജീവപര്യന്തം തടവിനായിരിക്കും ശിക്ഷിക്കുന്നത്. കര്‍ത്താവേ! ആ കുടുംബം വഴിയാധാരമായല്ലോ. ഇക്കാലത്തു നാഴിവെള്ളം ആരെങ്കിലും അവര്‍ക്കു കൊടുക്കുമോ?”
അന്നുച്ചയായപ്പോള്‍ ജോയി അവന്റെ കാറില്‍ത്തന്നെ തോമ്മായെ കയറ്റിക്കൊണ്ടുവന്ന് അയാളുടെ വീടിന്റെ മുമ്പില്‍ ഇറക്കി. അന്നത്തള്ളയും മേരിയും അമ്മിണിയും തറതിയും കടുക്കാമറിയയും അയാളെ കെട്ടിപ്പിടിച്ചുകരഞ്ഞു. സന്തോഷാധിക്യംകൊണ്ട്.
സര്‍ക്കാശുപത്രിയില്‍ കിടക്കുന്ന ഇക്കോച്ചന്റെ വലത്തേ കൈമുട്ടിനു താഴെവച്ചു ഛേദിച്ചുകളയേണ്ടിവന്നു. കുഞ്ഞമ്മുവിനു ഇനിയും ബോധം വീണിട്ടില്ലത്രേ.
ഏതായാലും അനേകം കൊല്ലങ്ങളായി ആ നാട്ടിന്റെ മഹാശാപങ്ങളായിരുന്ന ആ തെമ്മാടികള്‍ അങ്ങനെ ഒഴിഞ്ഞതില്‍ എല്ലാവരും പ്രത്യേകിച്ചു സ്ത്രീജനങ്ങള്‍  സന്തോഷിച്ചു. അവര്‍ മാനഭംഗപ്പെടുത്താത്ത ഒരു പെണ്ണും ആ കരയില്‍ ഇല്ലെന്നുതന്നെ പറയാം. അവരെപ്പറ്റി എന്തുകേസ്സുണ്ടായാലും അതു തേച്ചുമായിച്ചു കളയുന്തു വലിയവീട്ടിലെ മുതലാളിയാണ്. വാസ്തവത്തില്‍ ആ തെമ്മാടികളെ വളര്‍ത്തിയത് വലിയവീട്ടുകാരാണ്. ആ വലിയവീട്ടുകാര്‍തന്നെ അവരുടെ അവസാനത്തിനും കൂട്ടുനിന്നതില്‍ നാട്ടുകാര്‍ അത്ഭുതപ്പെട്ടു. അതിന്റെ കാരണം മേരിയുടെ സൗന്ദര്യത്തിന്റെ മാന്ത്രികശക്തിയാണെന്നുമാത്രം ആരും അറിഞ്ഞിട്ടില്ല.
“മേരീ, വലിയവീട്ടിലെ ജോയിച്ചനു നീ എന്തുകൊടുത്താല്‍ മതിയാവും?”  ഗൂഢാര്‍ത്ഥത്തില്‍ കടുക്കാമറിയ പറഞ്ഞു.
“പാവപ്പെട്ട ഞാന്‍ അദ്ദേഹത്തിന് എന്തുകൊടുക്കാനാ ചേടത്തീ?”  ശുദ്ധഗതിക്കാരിയായ മേരി പറഞ്ഞു.
മറിയ ഒന്നു ഇരുത്തി മൂളുകമാത്രം ചെയ്തു. വലിയവീട്ടിലെ മുതലാളിയെ മറിയയ്ക്ക് അടുത്തറിയാം. ആ അപ്പന്റെയല്ലേ മകനും.
ഏതായാലും പൂത്തേടത്തു തോമ്മാ ഖ്യാതിയടിച്ചു. രണ്ടു ഭയങ്കര ചട്ടമ്പിമാരെയാണ് അയാള്‍ ഒറ്റയടിക്കു ഒതുക്കിയത്. ധീരോദാത്തനായ ആ പുരുഷനോടുള്ള കടുക്കാമറിയയുടെ ബഹുമാനവും സ്‌നേഹവും വര്‍ദ്ധിച്ചു. പുരുഷന്റെ സൗന്ദര്യത്തേക്കാള്‍ ധീരതയാണല്ലോ സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിക്കുക.
“തോമ്മാച്ചനെ ഞാനെത്രനാളായി ക്ഷണിക്കുന്നു!” തോമ്മാ പതിവിന്‍പടി വേലയ്ക്കു പോയപ്പോള്‍ വഴിയില്‍വച്ച്- വഴിയില്‍ മറ്റാരും ഇല്ലായിരുന്നു- മറിയ പരാതിപ്പെട്ടു.
“വരാം മറിയേ.”
“ഉം, എന്നാണ്? എന്നോടൊരു സ്‌നേഹമില്ലല്ലോ തോമ്മാച്ചന്.”
“ഇല്ലെന്നാരു പറഞ്ഞു?”
ആ വയസ്സന്‍പ്രേമസല്ലാപത്തിനു ദൂരെനിന്നു പാഞ്ഞുവന്ന ഒരു പ്ലഷര്‍ കാര്‍ വിരാമമിട്ടു.
ഹൊ! പിന്നെയും എല്ലാം ശാന്തമായി.
കോളനിയില്‍ പറയത്തക്ക വിശേഷങ്ങളൊന്നും ഉണ്ടായില്ല. റിക്ഷാക്കാരന്‍ രാമന്റെ മകള്‍ കല്യാണികളവാണി ഒരു പാണ്ടിക്കാരന്‍ ചെട്ടിയാരുടെകൂടെ ഒളിച്ചോടിപ്പോയി.
ആശുപത്രിജോലിക്കാരനായ റപ്പായിയും കുടുംബവും സ്ഥലം മാറിപ്പോയി. പകരം അവിടെ താമസമാക്കിയിരിക്കുന്നതു പള്ളീലെ ശവക്കുഴിവെട്ടുകാരനായ മിഖായേലും കുടുംബവുമാണ്.
പണ്ടാരത്തിപ്പാറു ഏകാകിനിയായി പപ്പടം പരത്തിക്കോണ്ടേയിരുന്നു.
ആകാശത്തില്‍ തുലാവര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ വിരുന്നിനു വന്നുകൊണ്ടിരുന്നു. ആ മേഘങ്ങളുടെ കൈകളില്‍ മഴവില്ലും കൊള്ളിയാന്‍ മിന്നലുകളും ഇടിമുഴക്കങ്ങളും ഉണ്ടായിരിക്കും.
രാത്രിയില്‍ ബീറ്റിനുവന്ന രണ്ടു പോലീസുകാര്‍ ഒറ്റക്കണ്‌ന് നാരായണന്റെ വീട്ടില്‍ സ്ഥിരം വിരുന്നുകാരായി. നാരായണനെ പോലീസുകാര്‍ മര്‍ദ്ദിച്ചെന്നും അതിനു താടകഗൗരി കൂട്ടുനിന്നെന്നും ശ്രുതിയുണ്ട്. എന്തെങ്കിലുമാകട്ടെ, ആര്‍ക്കു ചേതം!
കുഞ്ഞന്‍പറയന് എന്നും പഞ്ചായത്തു കശാപ്പുകടയില്‍ കാളയറപ്പുണ്ട്.
അന്നത്തെ അടിബഹളം കഴിഞ്ഞതില്‍പ്പിന്നെ കുടനന്നാക്കുകാരന്‍ പീലിപ്പായിയുടെ പെമ്പിള അക്കത്തള്ള തോമ്മായുടെ വീട്ടില്‍ കേറീട്ടില്ല. ചട്ടമ്പിയും കൊലപാതകിയുമായ ഒരുത്തന്റെ മകളെ തന്റെ മകന്‍ കെട്ടുന്നതു കുറച്ചിലല്ലേ എന്നൊരു ചിന്ത ആ വൃദ്ധയുടെ ഉള്ളില്‍ കടന്നുകൂടിയിരിക്കുന്നു. പക്ഷേ, പീലിപ്പായി തന്റെ മുന്‍നിശ്ചയത്തില്‍ ഉറച്ചുതന്നെ നില്‍ക്കുന്നു.
കറിയാ വന്നു വിവരങ്ങള്‍ അറിഞ്ഞു. താന്‍ സ്ഥലത്തില്ലാതെ പോയതില്‍ ഖേദം പ്രകടിപ്പിച്ചു. അമ്മിണിക്കു മിഠായി കൊണ്ടുവന്നു. അന്നത്തള്ളയ്ക്ക് ഒരു കാലിപ്പുകയിലയും.
“കറിയാച്ചന്‍ ഇവിടെ വരുന്നതു വലിയ ബഹളമായിരിക്യാ.” തറതി അറിയിച്ചു.
“എന്തിന്, എന്തിനാമ്മേ?” അകത്തെ മുറിയുടെ തറ കരിയും ചാണകവും മിക്‌സ്‌ചെയ്തു മെഴുകിക്കൊണ്ടിരുന്ന മേരിയെക്കൂടെ നോക്കിക്കൊണ്ടു കറിയാ ചോദിച്ചു.
“എന്തിനാണു ഞാനിനി തെളിച്ചു പറയണോ?” തറതി ചോദിച്ചു. പക്ഷേ, അതു കറിയാ കേട്ടോ എന്നു സംശയം. അവന്റെ ദൃഷ്ടികളും ഹൃദയവും മങ്ങിയവെളിച്ചത്തില്‍ കാണപ്പെട്ട ആ കോമളവിഗ്രഹത്തില്‍ നിലീനങ്ങളായിരുന്നു. കാലിന്റെ മുട്ടുവരെ  ഉടുപുടവ മടക്കിവച്ചുകൊണ്ടു ഞൊറിച്ചില്‍ തെറുത്തുകേറ്റി കാലില്‍ കുത്തിയിരുന്നു തറ മെഴുകുന്ന അവളുടെ രൂപം, ആ പ്രേമഗൗതമന്റെ സിരകളെ ത്രസിപ്പിച്ചു. അവളുടെ കനത്ത തലമുടിക്കെട്ടു പകുതിയോളം അഴിഞ്ഞിരിക്കുന്നു.
തറതി പയ്യെ അകത്തെ കതകങ്ങു ചാരിക്കളഞ്ഞു.
“വെട്ടം കാണാന്‍ മേലല്ലോമ്മേ.” അകത്തുനിന്നു മേരി വിളിച്ചു പറഞ്ഞു.
“ആ ഒള്ള വെട്ടമൊക്കെ കണ്ടാല്‍ മതി.” തറതി അറിയിച്ചു. “കറിയാച്ചന്‍ പോയിട്ടുവാ, നമ്മുക്കാലോചിക്കാം.”
“തോമ്മാച്ചേട്ടന് എതിരൊന്നുമില്ലല്ലോമ്മച്ചീ?” നിരാശനായി എണീറ്റുംകൊണ്ടു കറിയാ ചോദിച്ചു.
“ഒന്നുമില്ല. അതാ ആരാണ്ടൊക്കെ നോക്കുന്നു. കറിയാച്ചന്‍ പോ.”
പാവം കറിയാ മുറ്റത്തേക്കിറങ്ങി തെക്കേ പര്യമ്പ്രത്തുകൂടി നടന്നു വേലികടന്ന് അവന്റെ വീട്ടിലെത്തി. മേരിയെ തനിക്കു കിട്ടുമെന്നു തന്നെയായിരുന്നു അവന്റെ ഇതേവരെയുള്ള വിശ്വാസം. പക്ഷേ, ഇന്ന് ആ ചേടിത്തിയുടെ സംസാരത്തിന്റെ സ്വരം മാറിക്കാണുന്നു. എങ്കിലും അവന്‍ തീര്‍ത്തും നിരാശനായില്ല. 'വെട്ടം കാണുന്നില്ല' എന്ന് അകത്തുനിന്നു മേരി പറഞ്ഞതിന്റെ പൊരുള്‍, അവള്‍ അവനെ സ്‌നേഹിക്കുന്നു എന്നല്ലെങ്കില്‍ പിന്നെന്താണ്?
അവന്‍ വാങ്ങിച്ച പുതിയവീടിന്റെ ചുവരുകളില്‍ വേലക്കാര്‍ ഡിസ്സംബര്‍ പൂശുകയായിരുന്നു. ഒരു മുറികൂടെ പുതുതായി പണിയുന്നുണ്ട്. അതുകൊണ്ടാണ് അവന്‍ ഉടനെതന്നെ മടങ്ങിയത്.
കുഞ്ഞമ്മു വലിച്ചുകീറിയ ചട്ട തുന്നിത്തയ്‌ച്ചെങ്കിലും ഇട്ടുനോക്കിയിട്ടു മേരിക്കു ചേരുകയില്ല. വല്ലാത്ത ഇറുക്കം. വേറെ ഒരു ചട്ടകൂടയേ ഉള്ളൂ. ഇതലക്കിയിട്ടിരിക്കുന്നു. ചട്ടയ്ക്കുപകരം ബ്ലൗസ്സാണ് ഇരിട്ടിരിക്കുന്നത്. ഇളം റോസ്‌നിറമുള്ള അതു നല്ല ഇണക്കമായിരുന്നു. പക്ഷേ, വയറിന്റെ ഏതാനും ഭാഗങ്ങള്‍ കാണാം. എന്നുതന്നെയല്ല, സേഫ്റ്റി പിന്നുകള്‍ക്കൊണ്ടു രണ്ടറ്റവും ബന്ധിച്ചിട്ടും അതു പൊട്ടിപ്പോകുമെന്നു തോന്നി. സ്വര്‍ണ്ണപ്പന്തുകള്‍പ്പോലത്തെ സ്തനങ്ങളെ മുഴുവന്‍ മറയ്ക്കാനും അവയ്ക്കു കെല്‍പില്ലായിരുന്നു.
അവള്‍ വലിയവീട്ടിലെ കുഞ്ഞേലിയാമ്മയുടെ പക്കല്‍നിന്നും അമ്മിണിക്കു പാലുമേടിച്ചുകൊണ്ടു കാപ്പിച്ചെടികളുടെ ഇടയില്‍ക്കൂടി മടങ്ങുന്നവഴി ജോയിയെ കണ്ടു. അവനൊരു പുസ്തകവുമായി അവന്റെ സ്വകാര്യമന്ദിരത്തിലേക്കു പോവുകയായിരുന്നു.
അവന്‍ അവളെ കൈകാട്ടി വിളിച്ചു.
അവള്‍ ചുറ്റുംനോക്കി. ആരുമില്ല. എങ്കിലും ഒരു കാപ്പിച്ചെടിയുടെ മറവില്‍ അല്പനേരം ചിന്തിച്ചുനിന്നു.
പോകണോ വേണ്ടയോ?
അവളുടെ കുടുംബത്തെ രക്ഷിച്ചതു ജോയിയാണ്. അവളെ സ്‌നേഹിക്കുന്ന ജോയി. അവളുടെ അധരങ്ങളില്‍ പ്രേമത്തിന്റെ മുദ്രപതിപ്പിച്ച ജോയി, സുഭഗനായ ജോയി, കുബേരനായ ജോയി, അവളുടെ ഭാവിയുടെ ഭാഗ്യനക്ഷത്രമായ ജോയി, അവളുടെ കിനാവിന്റെ സ്വര്‍ണ്ണ വിഗ്രഹമായ ജോയി, അവന് എന്തുകൊടുത്താല്‍ മതിയാവും!
അദ്ദേഹം മന്ദിരത്തിലെത്തിയിരിക്കുന്നു പട്ടുയവനിക വിരിച്ച ജാലകത്തിങ്കല്‍ അദ്ദേഹം അവളെ കാത്തുനില്‍ക്കുന്നു.
വിറയ്ക്കുന്ന പാദങ്ങളോടും തുടിക്കുന്ന ഹൃദയത്തോടുംകൂടി അവള്‍ ആ മന്ദിരത്തിലേക്കു നടന്നു.
വാരന്തയിലേക്കുള്ള പടിയില്‍ കാലു മുഴുവന്‍ കുത്തിയില്ല.
“മേരീ, എടീ, മേരിപ്പെണ്ണേ!” കിണറിന്റെ ഭാഗത്തുനിന്നു തറതി വിളിക്കുന്നു.
മേരി പെട്ടെന്ന് തിരിഞ്ഞ് ഓടി അമ്മയുടെ അടുത്തെത്തി.
“എന്താമ്മേ?”
“നീ എവിടാരുന്നെടീ?”
“ഞാന്‍…ഞാന്‍…. എന്നാമ്മേ വിശേഷം?”
“നീ വാ… ഇന്നാ ഇതു കഴുത്തിലിട്ടോ!” തറതി മടിയില്‍നിന്ന് ഒരു സ്വര്‍ണ്ണമാല എടുത്ത് അവളുടെ കൈയില്‍ കൊടുത്തു. കറിയായുടെ മരിച്ചുപോയ പെമ്പിളയുടെ മാലതന്നെ.
“എന്താമ്മേ… വിശേഷമെന്നു പറ….. എന്തിനാമ്മേ മാലയിടുന്നത്?”
“നീ അതു കഴുത്തേലിട്… എടീ പെണ്ണേ, പട്ടാളക്കാരന്‍ മാത്തുക്കുട്ടി വന്നിരിക്കുന്നെന്ന്…. യോഗ്യനാടീ… നീ വേഗം… തലമുടിയൊക്കെ ഒന്ന് ചൊവ്വിനിടുപെണ്ണേ.” മേരി മാല കഴുത്തിലണിഞ്ഞു.
അമ്മയും മകളുംകൂടി നടന്നു.
വഴിയിലേക്കിറങ്ങും മുമ്പ് മേരി ഒന്നു തിരിഞ്ഞുനോക്കി. പട്ടുയവനിക വിരിച്ച ജാലകത്തിങ്കല്‍ ജോയി അപ്പോഴും നില്‍ക്കുന്നുണ്ടായിരുന്നു.

കരകാണാക്കടല്‍- 12 (നോവല്‍: മുട്ടത്തുവര്‍ക്കി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക