Image

ഒബാമയുടെ സന്ദര്‍ശനം: ഇന്തൊനീഷ്യയില്‍ പ്രതിഷേധം (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 13 November, 2011
ഒബാമയുടെ സന്ദര്‍ശനം: ഇന്തൊനീഷ്യയില്‍ പ്രതിഷേധം (അങ്കിള്‍സാം വിശേഷങ്ങള്‍)
ജക്കാര്‍ത്ത: അടുത്ത ആഴ്‌ച നടക്കാനിരിക്കുന്ന യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച്‌ ഇന്തൊനീഷ്യയിലെ മുസ്‌ലിം സംഘടനകള്‍ റാലി നടത്തി. മധ്യ ജക്കാര്‍ത്തയില്‍ നടന്ന റാലിയില്‍ നൂറു കണക്കിന്‌ ആളുകള്‍ പങ്കെടുത്തു. മുസ്‌ലിംപരിവര്‍ത്തന വാദ സംഘടനയായ ഹിസ്‌ബുത്‌ തഹ്‌രീറിന്റെ നേതൃത്വത്തിലായിരുന്നു റാലി.

`ഒബാമയെ പിന്തള്ളുക', `മുതലാളിത്തത്തെ പിന്തള്ളുക' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ്‌ പ്രതിഷേധക്കാര്‍ അമേരിക്കന്‍ എംബസിക്കു മുന്നില്‍ തടിച്ചുകൂടിയത്‌. പലസ്‌തീനിലേയും അഫ്‌ഗാനിസ്‌ഥാനിലേയും ഞങ്ങളുടെ സഹോദരന്‍മാരെ കൊലയ്‌ക്കു കൊടുക്കുന്നയാളാണ്‌ ഒബാമ. അയാള്‍ ഇന്തൊനീഷ്യയെ കൊള്ളയടിക്കാന്‍ ശ്രമിക്കുകയാണ്‌-അവര്‍ ആരോപിച്ചു. ഇന്തൊനീഷ്യയിലെ വിവിധ നഗരങ്ങളിലും സമാനമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ സമ്മേളനത്തില്‍ നിരീക്ഷക രാജ്യമായി പങ്കെടുക്കാന്‍ അടുത്ത ആഴ്‌ച അവസാനമാണ്‌ ഒബാമ ഇന്തൊനീഷ്യയിലെത്തുക.

കലാമിന്‌ ദേഹപരിശോധന: യുഎസ്‌ മാപ്പു പറഞ്ഞു

ന്യൂയോര്‍ക്ക്‌: മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാമിനെ ജോണ്‍ എഫ്‌ കെന്നഡി വിമാനത്താവളത്തില്‍ ദേഹപരിശോധനയ്‌ക്ക്‌ വിധേയമാക്കിയ നടപടിയില്‍ യുഎസ്‌ ഇന്ത്യയോട്‌ ഖേദം പ്രകടിപ്പിച്ചു. കലാമിന്‌ ദേഹപരിശോന നടത്തിയതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ്‌ അമേരിക്കയുടെ ഖേദപ്രകടനം. പ്രശ്‌നം അടിയന്തരമായി യു.എസ്‌.സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്ന്‌ വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണ അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമറാവുവിനോട്‌ ആവശ്യപ്പെട്ടിരുന്നു.

സെപ്‌റ്റംബര്‍ 29ന്‌ ന്യൂയോര്‍ക്കില്‍ നിന്ന്‌ ഇന്ത്യയിലേയ്‌ക്ക്‌ മടങ്ങാനൊരുങ്ങുമ്പോള്‍ ജോണ്‍ എഫ്‌ കെന്നഡി വിമാനത്താവളത്തില്‍ വച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്‌ടു തവണ കലാമിനെ ദേഹപരിശോധനയ്‌ക്ക്‌ വിധേയമാക്കിയത്‌. അതുകഴിഞ്ഞ്‌ വിമാനത്തില്‍ കയറിയശേഷം വീണ്‌ടുമെത്തിയ ഉദ്യോഗസ്ഥര്‍ കലാമിന്റെ സ്യൂട്ടും ഷൂസും ഒരിക്കല്‍ക്കൂടി പരിശോധിച്ചു. ഇന്ത്യന്‍ പ്രോട്ടോകോള്‍ ഉദ്യോഗസ്ഥന്റെ അഭ്യര്‍ഥന ചെവിക്കൊള്ളാതെയാണ്‌ രണ്‌ടുവട്ടം കലാമിനെ പരിശോധനയ്‌ക്ക്‌ വിധേയനാക്കിയത്‌. ബ്യൂറോ ഓഫ്‌ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ലിസ്റ്റില്‍ സുരക്ഷാപരിശോധനകളില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട വ്യക്തിയാണ്‌ കലാം. എന്നാല്‍, 2009ല്‍ ഡല്‍ഹിയില്‍ വച്ച്‌ യു.എസ്‌. വിമാനമായ കോണ്‌ടിനെന്റല്‍ എയര്‍ലൈന്‍സിലും കലാമിനെ ദേഹപരിശോധന നടത്തിയിരുന്നു. ഇത്‌ അന്ന്‌ പാര്‍ലമെന്റില്‍ വലിയ ബഹളത്തിന്‌ വഴിവയ്‌ക്കുകയും ചെയ്‌തു.

യു.എസിലെ നിയമപ്രകാരം നിലവിലുള്ള കാബിനറ്റ്‌ മന്ത്രിമാരെ മാത്രമേ സുരക്ഷാപരിശോധനയില്‍ നിന്ന്‌ ഒഴിവാക്കാന്‍ കഴിയൂ. പരിശോധനാസമയത്ത്‌ കലാമിന്‌ അദ്ദേഹം അര്‍ഹിക്കുന്ന പരിഗണന നല്‍കിയിരുന്നെന്ന്‌ യു.എസ്‌. വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നാസ പറയുന്നു; 2102ല്‍ ലോകം അവസാനിക്കില്ല

വാഷിംഗ്‌ടണ്‍: 2012ല്‍ ലോകം അവസാനിക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക്‌ വിട. സൂര്യനിലെ വലിയ പൊട്ടിത്തെറിയെത്തുടര്‍ന്നുണ്‌ടായ അഗ്നിഗോളങ്ങള്‍ ഭൂമിയെ വിഴുങ്ങുമെന്ന പ്രചാരണം തെറ്റാണെന്ന്‌ നാസ അറിയിച്ചു. സൂര്യനിലെ പൊട്ടിത്തെറിയെത്തുടര്‍ന്ന്‌ 93 മില്യണ്‍ വേഗത്തില്‍ സഞ്ചരിക്കുന്ന തീഗോളം ഭൂമിയുടെ നേര്‍ക്കാണ്‌ വരുന്നതെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുണ്‌ടായിരുന്നു.

ഇത്‌ ഭൂമിയില്‍ സൂര്യതാപസുമാനിക്ക്‌ കാരണമാകുമെന്നും ഭൂമി ചാമ്പലാവുമെന്നുമായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഇത്രയും വലിയൊരു സ്‌ഫോടനം സംഭവിക്കാനാവശ്യമായ ഊര്‍ജം സൂര്യനില്ലെന്നാണ്‌ നാസയുടെ വിശദീകരണം. എന്നാല്‍ സൂര്യതാപമേറ്റ്‌ ഉപഗ്രഹ, ജിപിഎസ്‌ സംവിധാനങ്ങള്‍ തകരാറിലാവാനുള്ള സാധ്യത നാസയും തള്ളിക്കളയുന്നില്ല.

പൊണ്ണത്തടികുറയ്‌ക്കാനുള്ള മരുന്ന്‌ കുരങ്ങനില്‍ വിജയകരമായി പരീക്ഷിച്ചു

വാഷിംഗ്‌ടണ്‍: പൊണ്ണത്തടിയാന്‍മാര്‍ക്ക്‌ ഒരു സ്‌നതോഷവാര്‍ത്ത. പൊണ്ണത്തടി കുറയ്‌ക്കാനുള്ള മരുന്ന്‌ കുരങ്ങന്‍മാരില്‍ വിജയകരമായി പരീക്ഷിച്ചു. നാലാഴ്‌ചയോളം മരുന്ന്‌ ഉപയോഗിച്ച പൊണ്ണത്തടയിന്‍മാരായ കുരങ്ങന്‍മാരുടെ ശരീരഭാരത്തിന്റെ പത്തിലൊരു ഭാഗം കുറഞ്ഞു.

കൊഴുപ്പ്‌ നിറഞ്ഞ കോശങ്ങളിലേക്കുള്ള രക്തചംക്രമണം നിയന്ത്രിച്ചാണ്‌ പൊണ്ണത്തടി കുറയ്‌ക്കുന്നതെന്ന്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയ ടെക്‌സാസ്‌ യൂണിവേഴ്‌സിറ്റി പ്രഫസര്‍ റെനാറ്റ പാസക്യുലിനി പറഞ്ഞു. പരീക്ഷണം പൂര്‍ണവിജയമാവുകയാണെങ്കില്‍ ശസ്‌ത്രക്രിയ കൂടാതെ തന്നെ മനുഷ്യരിലെ പൊണ്ണത്തടി കുറയ്‌ക്കാനാവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക