Image

പരുമല തിരുമേനി കെടാവിളക്ക്‌: ബിഷപ്പ്‌ മോര്‍ തീത്തോസ്‌

ജോയിച്ചന്‍ പുതുക്കുളം Published on 14 November, 2011
പരുമല തിരുമേനി കെടാവിളക്ക്‌: ബിഷപ്പ്‌ മോര്‍ തീത്തോസ്‌
ന്യൂയോര്‍ക്ക്‌: വിശുദ്ധ ജീവിതപാതയില്‍ പ്രാര്‍ത്ഥനയാലും ഉപവാസത്താലും ശക്തിയാര്‍ജ്ജിച്ച്‌ പരിശുദ്ധ സഭയെ സത്യവിശ്വാസത്തിലുറപ്പിച്ച പുണ്യാത്മാവായിരുന്നു വിശുദ്ധ പരുമല തിരുമേനിയെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ പ്രസ്‌താവിച്ചു. മിസ്രയീമിന്റെ അടിമത്വത്തില്‍ നിന്നും ഇസ്രായേലിന്റെ അസംഖ്യ പാപങ്ങളില്‍ നിന്നും വിടുതല്‍ ലഭിക്കാന്‍ യഹോവയാം ദൈവത്തിന്റെ മുമ്പാകെ മദ്ധ്യസ്ഥനായിരുന്ന മോശയെപ്പോലെ സംഭവബഹുലമായിരുന്ന കാലഘട്ടത്തില്‍ മലങ്കര സഭാ മക്കളെ സത്യ സുറിയാനി സഭാ വിശ്വാസത്തില്‍ ഉറപ്പിക്കുവാനും വേദവിപരീതങ്ങളില്‍ നിന്നും സംരക്ഷിക്കുവാനും ഒന്നര നൂറ്റാണ്ടുമുമ്പ്‌ ഉദയം ചെയ്‌ത പുണ്യാത്മാവിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും നമുക്ക്‌ മാതൃകയാവണമെന്നും അനുഗ്രഹത്തിന്റേയും മദ്ധ്യസ്ഥതയുടേയും കെടാവിളക്കായ പരിശുദ്ധന്റെ പ്രാര്‍ത്ഥന നമുക്ക്‌ കാവലാകട്ടെയെന്നും ആര്‍ച്ച്‌ ബിഷപ്പ്‌ പറഞ്ഞു.

പരിശുദ്ധ ചാത്തുരുത്തില്‍ ഗീവര്‍ഗീസ്‌ മോര്‍ ഗ്രിഗോറിയോസ്‌ തിരുമേനിയുടെ (പരുമല കൊച്ചുതിരുമേനി) നാമഥേയത്തില്‍ സ്ഥാപിതമായ അമേരിക്കന്‍ ഐക്യനാടുകളിലെ പ്രഥമ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയമായ സ്റ്റാറ്റന്‍ഐലന്റ്‌ മോര്‍ ഗ്രിഗോറിയോസ്‌ പള്ളിയില്‍ ഇടവകയുടെ 36-മത്‌ വാര്‍ഷികവും, പരുമല തിരുമേനിയുടെ 109-മത്‌ ദുക്‌റാനോ പെരുന്നാളിനോടനുബന്ധിച്ച്‌ നടത്തപ്പെട്ട വിശുദ്ധ ശുശ്രൂഷകളില്‍ മുഖ്യകാര്‍മികത്വം വഹിച്ച്‌ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമേരിക്കന്‍ ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌. വന്‍ വിശ്വാസി സമൂഹം പെരുന്നാളില്‍ പങ്കെടുത്തു.

മലങ്കര സഭയുടെ സുസ്ഥിരതയ്‌ക്കും, കെട്ടുറപ്പുള്ള ഭരണസംവിധാന ക്രമീകരണത്തിനുമായി മലങ്കരയില്‍ എത്തിയ പരിശുദ്ധ പത്രോസ്‌ ത്രിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയാണ്‌ 1876-ല്‍ വടക്കന്‍ പറവൂര്‍ പള്ളിയില്‍ വെച്ച്‌ പരുമല തിരുമേനിയെ മെത്രാപ്പോലീത്തയായി വാഴിച്ചത്‌. രണ്ടര വര്‍ഷം നീണ്ട ശ്ശൈഹിക സന്ദര്‍ശനത്തില്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ ദ്വിഭാഷിയായിരുന്നു ഭാഷാ നിപുണനായിരുന്ന മോര്‍ ഗ്രിഗോറിയോസ്‌. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോട്‌ അചഞ്ചലമായ ഭക്തിയും കൂറും നിലനിര്‍ത്തിയ അദ്ദേഹത്തിന്റെ ഉപവാസ പ്രാര്‍ത്ഥനാ ജീവിതവും, സുറിയാനി സഭാ വേദശാസ്‌ത്രം ലളിതവത്‌കരിച്ച്‌ ജനങ്ങളിലെത്തിക്കുവാനുള്ള പൂര്‍ണ്ണ സമര്‍പ്പണവുമാണ്‌ ആധുനിക സഭകളുടേയും നൂതനാശയങ്ങളുടേയും കടന്നാക്രമണത്തില്‍ നിന്ന്‌ മലങ്കര സഭയെ സംരക്ഷിച്ചത്‌. ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധന്‍ എന്ന്‌ ഖ്യാതിനേടിയ മോര്‍ ഗ്രിഗോറിയോസ്‌ ബാവ മലങ്കര സഭാ മക്കള്‍ക്ക്‌ സുവര്‍ണ്ണശോഭയായി എന്നും പരിലസിക്കുന്നു.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
പരുമല തിരുമേനി കെടാവിളക്ക്‌: ബിഷപ്പ്‌ മോര്‍ തീത്തോസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക