Image

അടിമത്തം സ്വീകരിച്ച് അന്ധകാരത്തില്‍ കഴിയുന്നത് അനീതി: സി.ആന്‍ഡ്രൂസ് അഭിമുഖം തുടരുന്നു. (സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 07 April, 2014
അടിമത്തം  സ്വീകരിച്ച് അന്ധകാരത്തില്‍ കഴിയുന്നത് അനീതി:  സി.ആന്‍ഡ്രൂസ് അഭിമുഖം തുടരുന്നു. (സുധീര്‍ പണിക്കവീട്ടില്‍)
(അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് സുപരിചിതനും, ഗ്രന്ഥകാരനും, ബൈബിളിനെകുറിച്ച് ആധികാരികമായി സംസാരിക്കാന്‍ അര്‍ഹനുമായ അമേരിക്കന്‍ മലയാളി ശ്രീ. സി.ആന്‍ഡ്രൂസ്സുമായി ഇ-മലയാളിക്ക് വേണ്ടി നടത്തിയ അഭിമുഖം തുടരുന്നു.  തയ്യാറാക്കിയത് : സുധീര്‍ പണിക്കവീട്ടില്‍)
11.ബൈബിളിനെ ആസ്പദമാക്കി താങ്കള്‍ അഞ്ച് പുസ്തകങ്ങള്‍ ഇത് വരെ രചിച്ചു കഴിഞ്ഞു. താങ്കള്‍ കണ്ടെത്തിയ ചില സത്യങ്ങളും അതില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ജനത്തിനു അതറിയാനുള്ള താല്‍പര്യത്തേക്കാള്‍ താങ്കള്‍ ബൈബിളിനെതിരായി പ്രവര്‍ത്തിക്കുന്ന ഒരാളാണെന്ന നിഗ്മനത്തില്‍ എത്തിചേരാനാണു തിടുക്കം? ഇതെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു?
A. എന്തു നിഗമനത്തിലും എത്തിചേരുവാനുള്ള സ്വാതന്ത്ര്യം പൊതുജനത്തിന് ഉണ്ട്. തുറന്ന മനസ്സും, വിശാല വീക്ഷണവും ഉള്ളവര്‍ മാത്രമേ സത്യം അന്വേഷിക്കുവാനുള്ള താല്‍പര്യം കാണിക്കയുള്ളൂ. ജനത്തിന്റെ താല്‍പര്യം അനുസരിച്ച് ചിന്തിക്കുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് വെറും സ്വാര്‍ത്ഥതയും തറരാഷ്ട്രീയവും ആണ്. ജനത്തിന്റെ ആവശ്യം ശരിയും, ധാര്‍മ്മികവും ആയിരിക്കണം എന്നും ഇല്ല. ലോകത്തിന്റെ പല ഭാഗത്തും ഇന്നു നിലനില്‍ക്കുന്ന പല അനീതികള്‍ക്കും കാരണം ഭൂരിപക്ഷത്തിന്റെയും അവരെ നയിക്കുന്ന കുറെ സ്വാര്‍ത്ഥ നേതാക്കളുടെയും തേര്‍വാഴ്ച്ച നിമിത്തമാണ്. മുമ്പേ ഗമിക്കുന്ന ഗോവു തന്റെ പിമ്പേ ഗമിക്കുന്ന പ്രവണത വിഡ്ഢിത്വമാണ്. സമൂഹത്തിലെ, എല്ലാ വിധത്തിലുള്ള മനുഷ്യരേയും ഒരുപോലെ കാണുവാനും, ഉള്‍ക്കൊള്ളുവാനും ഉള്ള മനോഭാവം ഉള്ള വിശാല മനസ്ഥിതി ഉള്ളവരെയാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം. ഊമനും, കുരുടനും, ചെകിടനും, രോഗിയും, വികലാംഗനും, ഭ്രാന്തനും, സ്ത്രീയും എല്ലാം സമൂഹത്തിന്റെ ഭാഗമാണ്. എല്ലാവര്‍ക്കും അവരാല്‍ ആകുന്നത് സമൂഹ നന്മയ്ക്കു വേണ്ടി ചെയ്യുവാന്‍ സാധിക്കും. എല്ലാവരേയും ഉള്‍ക്കൊള്ളിച്ച് എല്ലാവരുടെയും ക്ഷേമം നിഷേധിക്കാത്ത സമൂഹമാണ് സംസ്‌കാരത്തിന്റെ മാനദണ്ഡം.
പൊതുജനം, പെട്ടെന്ന് നിഗമനത്തില്‍ എത്തുന്നതിന്റെ കാരണം അവരുടെ തന്നെ അജ്ഞതയും, ബലഹീനതയും ആണ്. ഇതന്റെ കാരണം അവയെ നയിക്കുന്നവരുടെ അറിവില്ലായ്മ, ഉണങ്ങിയ മനസ്സ്, സ്വാര്‍ത്ഥത, ദ്രവ്യാഗ്രഹം എന്നിങ്ങനെയുള്ള തിന്മ നിമിത്തമാഅ. പൊതു ജനത്തിലെ 99 ശതമാനം സ്വയം ചിന്തിക്കുന്നവര്‍ അല്ല. മറ്റാരുടെയോ അഭിപ്രായം വെറുതെ ആവര്‍ത്തിക്കുന്നവരാണഅ. പിടലിക്കു മുകളില്‍ പെരുംതലയും, അതിനുള്ളില്‍ തലച്ചോറും ഉണ്ട് എന്നത് പലരും സൗകര്യപൂര്‍വ്വം മറക്കുന്നു. തലചോറിന്റെ ആവശ്യവും പ്രവര്‍ത്തിയും എന്താണ് എന്നു പോലും അവര്‍ അറിയുന്നില്ല. കുടുംബം, മാതാപിതാക്കള്‍, ഗുരുക്കന്മാര്‍, മതബോധനം, സമൂഹം, സുഹൃത്തുക്കള്‍ എന്നിങ്ങനെ അനേകം ഘടകങ്ങളുടെ അടിമത്വം, ജനനം മുതല്‍ മനുഷ്യന്‍ തലയില്‍ ഏറ്റുന്നു. അടിമത്വത്തില്‍ അറിയാതെ കുരുങ്ങിയ മനുഷ്യനെ, അവന്‍ അിറയാതെ തന്നെ ഈ ഘടകങ്ങള്‍ അവനെ പരുവപ്പെടുത്തുന്നു. അദൃശ്യമായ ചങ്ങലകളാല്‍ പൂട്ടപ്പെട്ട്, തടവറയില്‍ ജീവിക്കുന്നവരാണ് മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും അനുയായികള്‍. സ്വാതന്ത്ര്യം കൊടുത്താല്‍ തന്നെ ഇവര്‍ അടിമത്വത്തിലേക്കും തിരികെ പോകും. കാരണം വളരെ ഉത്തരവാദിത്വവും, കടമയും സ്വതന്ത്ര ജീവിതത്തിന് ആവശ്യമാണ്. തടവറയില്‍ കഴിയുന്നവര്‍ക്ക് എല്ലാ സുഖങ്ങളും ഉണ്ട് എന്ന തോന്നല്‍ അവരെ ഭരിക്കുന്നു. അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്കു വരുവാന്‍ അവര്‍ക്കു ധൈര്യം ഇല്ല. ഇവരെ സ്വതന്ത്രര്‍ ആക്കാന്‍ ശ്രമിക്കുന്നവരെ അവര്‍ എതിര്‍ക്കുകയും ചെയ്യുന്നു.
ഒരു മനുഷ്യന്‍ അവനോടു മാത്രമല്ല, സമൂഹത്തോടും ചെയ്യുന്ന അനീതിയാണ്, അടിമത്വം സ്വീകരിച്ച് അന്ധകാരത്തില്‍ കഴിയുന്നത്. പ്രഥമദൃഷ്ട്യാ അലസത എന്നു തോന്നുമെങ്കിലും അജ്ഞതയാണ് അടിമത്വത്തിന്റെ പ്രധാന കാരണം. സ്വാതന്ത്ര്യത്തിന്റെ പാത തിരഞ്ഞെടുക്കുന്നവര്‍ സ്വന്തം ഉത്തരവാദിത്വം ഏറ്റെടുക്കണം, ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവക്കു വേണ്ടി അദ്ധ്വാനിക്കണം. എന്നാല്‍ സ്‌ത്രോത്രവും, ഹല്ലേല്ലുയയും, കീജേയും, സിന്ദാബാദും വിളിച്ചു കൂവി തടവറയില്‍ കഴിയുന്നതാണ് ഇവര്‍ തിരഞ്ഞെടുക്കുന്ന അനീതിയുടെ മാര്‍ഗ്ഗം.
ഈ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങള്‍ക്കും അതിന്റേതായ കടമയും, ഉത്തരവാദിത്വവും ഉണ്ട്. പ്രകൃതിയില്‍ ഇവ ഉണ്ടായതിന്റെ കാരണം അവയെ കൊണ്ട് എന്തോ ആവശ്യം ഉള്ളതു കൊണ്ടാണ്. സ്വതന്ത്രമായ പാതകളിലൂടെ സഞ്ചരിച്ചു. സ്വന്തം കഴിവുകള്‍ അനുസരിച്ചു ജീവിതത്തോടു ഉള്ള ഉത്തരവാദിത്വം നിറവേറ്റണം. പകരം, ഏതെങ്കിലും വിശ്വാസം, ഇസം, മതം, പാര്‍ട്ടി എന്നിങ്ങനെയുള്ള കാരാഗൃഹങ്ങളില്‍, സുഖ മണ്ഡലങ്ങളില്‍ കഴിയുന്നത് ഉത്തരവാദിത്വത്തില്‍  നിന്നുള്ള ഒളിച്ചോട്ടമാണ്. ഓരോ വ്യക്തിയും മറ്റുള്ളവരെ അനുകരിക്കാതെ, അവര്‍ ആരായിരിക്കുന്നുവോ, ആ പാതകള്‍ തിരയണം. ഞാന്‍ എന്ന ഭാവത്തിലും, താന്‍ അല്ലാത്ത ഭാവത്തിലും ജീവിക്കുന്നവര്‍ കപട നാടകങ്ങളില്‍ വിഡ്ഢി വേഷം കെട്ടി ആടുന്നു. വ്യക്തികളുടെ അരാചകത്വത്തിന്റെയും, അസ്വസ്ഥതയുടെയും അടിമത്വത്തിന്റെയും പ്രധാനകാരണം ഇത്തരം കപടജീവിതം ആണ്. ഒരു കാപട്യത്തിന്റെ നാടകം മറ്റുള്ളവര്‍ അനുകരിക്കുന്നു, സമൂഹം ആകെ പടരുന്നു. നിയമങ്ങളുടെ കുറവ് അല്ല സമൂഹത്തില്‍ തിന്മ നിറയുന്നതിന്റെ കാരണം. കപടവേഷധാരികള്‍, സമൂഹത്തിന്റെയും, രാഷ്ട്രത്തിന്റെയും, മതത്തിന്റെയും, സമുദായങ്ങളുടെയും നേതൃത്വത്തില്‍ പറ്റിപിടിച്ച് കയറുന്നതു നിമിത്തം ആണ്.

ഇത്തരം നേതാക്കള്‍, പൊതു സമൂഹത്തോടും പരിസ്ഥിതികളോടും ഭാവിയിലെ ജീവന്റെ നിലനില്‍പ്പിനേയും അപകടത്തിലാക്കുന്നു. സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ മരിച്ചതിനു തുല്യമാണ്. എന്തിന്റെ എങ്കിലും അടിമയായി ജീവിക്കുമ്പോള്‍, അവര്‍ പ്രേതങ്ങളായി മാറുന്നു. ഇന്നത്തെ സമൂഹത്തില്‍ മുഴുവന്‍ പ്രേതങ്ങളുടെ പേകൂത്ത് ആണ് കാണുന്നത്. മറ്റ് ആശയങ്ങളേയോ, ആളുകളേയോ മനസ്സിലാക്കാനുള്ള കഴിവ് ഇവര്‍ക്ക് പണ്ടേ നഷ്ടപ്പെട്ടു. ഇവരില്‍ നിന്ന് കൂടുതല്‍ നന്മ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. ഇന്നത്തെ സമൂഹത്തിലെ ഭൂരിഭാഗവും മരിച്ച അവസ്ഥയില്‍ ജീവിക്കുന്നു എന്നത് പരിതാപകരവും ഭയാനകവും ആണ്. ഞണ്ടിന്‍കട്ടയിലെ ഞണ്ടുകള്‍ പോലെ ഇവര്‍ കൂട്ടം കൂടി സുഖമണ്ഡലത്തില്‍ ജീവിതം അവസാനിപ്പിക്കുന്നു. ഇവരോട് സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചത്തിന്റെയും പാതകളുടെ മഹനീയത വര്‍ണ്ണിക്കുന്നത് പോത്തിനോട് വേദം ചൊല്ലുന്നതുപോലെ ഇവരോട് സഹതാപം തോന്നുന്നു. എങ്കിലും ഈ  വിശ്വാസികളുടെ സൂഹത്തെ ഏതു വിധേന നോക്കിയാലും മനുഷ്യവര്‍ഗ്ഗത്തിന് ആപത്ത് ആണ്. എങ്കിലും, ആത്മീകമായും, ബൗദ്ധികമായും മരിച്ച ഈ വര്‍ഗ്ഗത്തിന് നിത്യവിശ്രമം നേരുന്നു!
അടിമത്തം  സ്വീകരിച്ച് അന്ധകാരത്തില്‍ കഴിയുന്നത് അനീതി:  സി.ആന്‍ഡ്രൂസ് അഭിമുഖം തുടരുന്നു. (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക