Image

മനസ്സില്‍ പാലാഴി മഥനം (കവിത: വാസുദേവ്‌ പുളിക്കല്‍)

Published on 11 April, 2014
മനസ്സില്‍ പാലാഴി മഥനം (കവിത: വാസുദേവ്‌ പുളിക്കല്‍)
മനസ്സിന്റെ പാലാഴി മഥനം ചെയ്‌തപ്പോള്‍
കടക്കോലിന്‍ കട കൈവിട്ടുപോയി

ബുദ്ധിയുടെ കൂര്‍മ്മപുറം ചൊറിഞ്ഞപ്പോള്‍
കടക്കോല്‍ കട കയ്യില്‍ കിട്ടി

നന്മയുടെ അമൃതകുംഭം കയ്യെത്തും ദൂരത്തില്‍
തിന്മയുടെ കാളകൂടം തൊട്ടരികില്‍

കടയുന്തോറും വിഷം തുപ്പുന്ന കടക്കോല്‍
വിടുന്നതെങ്ങനെ, വിടാഞ്ഞാല്‍ എങ്ങനെ?

അധികമായാല്‍ അമൃതവും വിഷമാകുന്ന പ്രതിസന്ധിയില്‍
വിഷം പേറി രക്ഷ നല്‍കുന്ന ദേവ കണ്‌ഠം

മനസ്സിന്റെ ആന്ദോളനങ്ങളില്‍ മഥനം നിരന്തരം
ജാഗരൂകരായ്‌ കൈകള്‍ കടക്കോല്‍ പിടിക്കുന്നു.

സര്‍പ്പതല്‍പ്പത്തില്‍ നിരാമയനാം ദേവന്‍ തന്റെ
പൂമെത്ത നിവര്‍ത്തുമ്പോള്‍ തിരകള്‍ പിണങ്ങുന്നു

തിരയില്‍ തത്തിക്കളിച്ചിളകും സുധാ കുംഭം
ദൂരത്തൊരു മിന്നായം പോലെ മിന്നി ചിമ്മുന്നു.

ആസുര വംശത്തിന്റെ സന്തതി പരമ്പര കുംഭം തട്ടാന്‍
പാപ പങ്കായം വീശി തക്കം പാര്‍ത്തിരിക്കുന്നു

മോഹിനിമാരെ ആശ്രയിക്കേണ്ടി വരുന്ന പുരുഷ ദൗര്‍ബ്ബ ല്യം
ദേവ മനസ്സുകളില്‍ പതയുന്ന കാമത്തിന്റെ നുരകള്‍

ജീവിതം ഒരര്‍ണ്ണവം, തീരം കാണാത്ത കടല്‍
മര്‍ത്യരോ ദുഃഖത്തിന്റെ കടക്കോലില്‍ തൂങ്ങുന്നോര്‍

അഗസ്‌ത്യനെപോലെ പാഥോതി പാനം ചെയ്യാനശക്‌തര്‍
പാവം മനുഷ്യര്‍ പാഥോതി മഥനം ചെയ്യുന്നു.

മര്‍ത്യജീവിത നൗകകള്‍ അലയും തിരകളില്‍
തത്തിക്കളിക്കുമാ അമൃതകുംഭം തന്നെ ദിവ്യ ദര്‍ശനം

പാലാഴി മഥനത്തിലെ കാളകൂടം പോല്‍
മനസ്സിലും തിന്മതന്‍ വേലിയേറ്റം

വഴിമാറി ഒഴുകിയൊഴുകി അപ്രത്യക്ഷമാകുന്നു നന്മ,
രക്ഷക്കായ്‌ എത്തുമോ മറ്റൊരു മഹാദേവന്‍?

മനസ്സില്‍ പാലാഴി മഥനം (കവിത: വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
വിദ്യാധരൻ 2014-04-11 09:04:01
പുലിവാല്‌ പിടിച്ചെന്നു പറഞ്ഞാൽ മതിയല്ലോ!
vayanakaran 2014-04-11 10:49:15
പുലിവാൽ വരുന്നത് പിന്നീടാണ് . ഇപ്പോൾ പാമ്പിന്റെ വാല് ആണ് കഥാപാത്രം. അമൃത് കിട്ടുന്നു, അസുരർ അത് തട്ടിയെടുക്കുന്നു മോഹിനി വരുന്നു. ശിവന്റെ മനസ്സ് മഥിക്കുന്നു. അയ്യപ്പന പിറക്കുന്നു. പുലി പാലിന് പോകുന്നു, വാലിനു അല്ല. നമ്മുടെ മനസ്സില് ഇങ്ങനെയൊക്കെ നടക്കും എന്നായിരിക്കും വാസുദേവ് പറയുന്നത് മോഹിനിയെ കണ്ടാൽ പിന്നെ മനസ്സില് ഒരു പാലാഴി മഥനം നടക്കുമായിരിക്കും. എന്തായാലും മനസ്സിലാകുന്ന വിധത്തിൽ എഴുതിയല്ലോ, അതിനു നന്ദി. മോഹിനിമാർ ദേവന്മാര്ക് വരെ ദൗർബല്യമെന്നിരിക്കെ മനുഷ്യരുടെ കാര്യം പറയണോ. കവിയുടെ പേരിലും ഒരു ദേവന ഉണ്ട്.
vaayanakkaaran 2014-04-11 18:20:50
പാലാഴി മഥനം മനസ്സിൽ നടക്കുമ്പോൾ
പാലപ്പൂമണമിളംകാറ്റിലൊഴുകുമ്പോൾ
പൂനിലാവിൻ പ്രഭ മേനി തഴുകുമ്പോൾ
പുഷ്പകവിമാനമേറിപ്പറക്കുക.

പൂമുല്ലപ്പന്തലിൽ ചേർത്തുപിടിച്ചു നിൻ
മോഹിനിയോടൊരു മോഹമറിയിക്കുക
അശനം, ശനവും മൈധുനവുമെല്ലാം
ദൈവത്തിൻ ദാനങ്ങൾ; കൈനീട്ടി വാങ്ങുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക