Image

എന്നെ ഭരിക്കാന്‍ ഞാന്‍ നല്‍കുന്ന കരാര്‍ (മീട്ടു റഹ്മത്ത് കലാം)

Published on 10 April, 2014
എന്നെ ഭരിക്കാന്‍ ഞാന്‍ നല്‍കുന്ന കരാര്‍ (മീട്ടു റഹ്മത്ത് കലാം)
മീനമാസത്തിലെ കൊടും വേനലിക്കാള്‍ ചൂടുപിടിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് രംഗം. ലോകത്തില്‍ തന്നെ ഇത്രയും ജനപങ്കാളിത്തത്തോടെയും മുതല്‍മുടക്കോടെയും സുദീര്‍ഘമായ ഒരു ഇലക്ഷന്‍ ഇതാദ്യമായാണ്. ജനം എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാന്‍ അവര്‍ തന്നെ സജ്ജരാക്കിയ ഭരണവര്‍ഗ്ഗം, അതാണ് ജനാധിപത്യത്തിന്റെ പൊരുള്‍. നമ്മെ ഭരിക്കുന്നതിനുള്ള ഒരു കരാര്‍ എഴുതി നല്‍കലാണോ വോട്ട് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്.? ആണെങ്കില്‍, അത് എങ്ങനെ തുടങ്ങി എന്നുകൂടെ അറിയണമല്ലോ?

ഇന്നലെകളിലൂടെ സഞ്ചരിച്ച് പലരും ചെന്നെത്തി നില്‍ക്കുന്നത് 1947-ല്‍ തന്നെയാണ്. അതുപോര. അതിനും പിറകിലായി ചരിത്രത്തിന്റെ ആലിംഗനത്തില്‍ അമര്‍ന്നും അറിയാതെയും കിടക്കുന്ന സത്യത്തെ, ഇന്നിന്റെ പകല്‍വെളിച്ചത്തിലേക്കു കൊണ്ടുവരുന്നത് നന്നായിരിക്കും. നൂറ്റാണ്ടുകള്‍ക്കു മുമ്പ്....നമ്മുടെ മുത്തച്ഛന്മാരുടേയും മുത്തശ്ശിമാരുടേയുമൊക്കെ മുന്‍തലമുറകളുടെ അങ്ങേയറ്റത്തുള്ള ആദിമ മനുഷ്യര്‍. അവരെ ആരെങ്കിലും ഭരിച്ചിരുന്നോ? ഇല്ല. അവര്‍ സ്വതന്ത്രരായിരുന്നു. പച്ചിലകള്‍കൊണ്ട് നഗ്നത മറച്ചും കായ്കനികള്‍ പറിച്ചുതിന്നും ഗുഹകളില്‍ അന്തിയുറങ്ങിയും ജീവിതം കഴിച്ചുകൂട്ടി. അവര്‍ക്ക് ആകെ അറിയാവുന്നത് ഭൂമിയെക്കുറിച്ചും സൂര്യനേക്കുറിച്ചും ആളിപ്പടരുന്ന തീനാളത്തെകുറിച്ചും മാത്രമായിരുന്നു. ഭൂമീദേവി, അഗ്നിദേവന്‍, സൂര്യഭഗവാന്‍ എന്നിങ്ങനെ എല്ലാറ്റിനേയും ആരാധനാമൂര്‍ത്തികളാക്കി. അവിടെനിന്നങ്ങോട്ടുള്ള കാലത്തിന്റെ കുത്തൊഴുക്കില്‍ ഒരുപാട് മാറ്റങ്ങളുണ്ടായി.

അലഞ്ഞുതിരിഞ്ഞുള്ള ജീവിതം കുടിലുകളിലേക്കായി, ഭക്ഷണം പാകം ചെയ്ത് കഴിക്കാനും തുടങ്ങി. പടിപടിയായി ഒരു സംസ്കാരം തന്നെ എവിടെനിന്നോ രൂപപ്പെട്ടു. എന്തായാലും ആ യാത്രയുടെ പ്രവാഹത്തില്‍, നമ്മുടെ ഓര്‍മ്മയെ ഗ്രാമത്തിന്റെ നാട്ടുക്കൂട്ടത്തില്‍ കൊണ്ടുനിര്‍ത്താം. ഭരണത്തിന്റെ ആദ്യാക്ഷരം കുറിക്കപ്പെട്ടത് അവിടെ നിന്നായിരിക്കാം.

മെസൊപ്പൊട്ടേമിയ (2500 ബി.സി) യില്‍ ജനങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരാളെ തെരഞ്ഞെടുത്ത് ഉത്തരവാദിത്വം ഏല്‍പിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. ഇതിനെയാണ് ജനാധിപത്യത്തിന്റെ ബീജമായി ചരിത്ര ഗവേഷകര്‍ കണക്കാക്കുന്നത്. തുടര്‍ന്ന് ഏതന്‍സ്, റോം, അറബ് രാജ്യങ്ങളിലൂടെ പരിണമിച്ച് ആ സിദ്ധാന്തത്തിന് ജീവന്‍ വെയ്ക്കുകയും കാലത്തിന്റെ ഓളങ്ങളില്‍ മാറ്റത്തിന്റെ അനിവാര്യതയില്‍ എരിഞ്ഞ്, ഇന്നുകാണുന്ന രൂപത്തിലേക്ക് ജനാധിപത്യം വേരുറപ്പിച്ച് വളരുകയും ചെയ്തു.

രാജഭരണമാകുമ്പോള്‍ രാജാവിന്റെ താത്പര്യങ്ങള്‍ക്കാകും പരിഗണന. ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവസരമുണ്ടാവില്ല. രഹസ്യത്താക്കോല്‍ കൊണ്ട് അടച്ചിട്ട ഭരണത്തിന്റെ വാതില്‍ എന്നന്നേയ്ക്കുമായി തള്ളിത്തുറക്കുകയാണ് ജനാധിപത്യത്തിന്റെ പിറവിയിലൂടെ സാധ്യമായത്. തുല്യരായവര്‍ക്കിടയില്‍ നിന്ന് ഭരണകര്‍ത്താവിനെ തെരഞ്ഞെടുത്ത് ഭരണം നടത്തുന്നതിനെയാണ് ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടില്‍ ജനാധിപത്യം എന്ന് വ്യാഖ്യാനിച്ചത്. ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും ഇടയിലെ മറ നീങ്ങി, ജനത്തിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും അറിഞ്ഞ് അവരിലൊരാളായി ഉള്ള ഭരണ സംവിധാനമാണ് ജനാധിപത്യത്തിന്റെ അടിത്തറ.

പ്രാചീന ഭാരത്തില്‍ തമിഴര്‍ക്കിടയില്‍ 'കുടവോലൈ' എന്നൊരു സമ്പ്രദായം ഉണ്ടായിരുന്നു. പനയോലയില്‍ അവരവര്‍ക്ക് ഇഷ്ടമുള്ള ആളിന്റെ പേരെഴുതി കുടത്തില്‍ നിക്ഷേപിക്കും. ഏറ്റവും കൂടുതല്‍ ആളുകള്‍ എഴുതിയിട്ടിരിക്കുന്നത് ആരുടെ പേരാണോ, അയാളെ ഗ്രാമത്തലവനാക്കും. ഇന്ന് ഇലക്‌ട്രോണിക് ബാലറ്റിലേക്ക് കടന്നെങ്കിലും അടിസ്ഥാനം ഒന്നുതന്നെ.

ഏറ്റവും നീളമുള്ള ഭരണഘടനയുള്ള ജനാധിപത്യ രാഷ്ട്രങ്ങളില്‍ ജനസംഖ്യയില്‍ ഒന്നാമതായ ഇന്ത്യയിലെ ലിഖിത നിയമങ്ങള്‍ അഴിമതിയുടെ കറപുരളാതെ പ്രാബല്യത്തില്‍ വന്നിരുന്നെങ്കില്‍ മറ്റേതൊരു രാജ്യത്തേയും വെല്ലുന്ന ശക്തിയായ നമ്മള്‍ എന്നോ മാറിയേനെ! കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന പ്രാകൃത തത്വത്തില്‍ മുറുകെപിടിച്ചിരിക്കുന്ന രാജ്യങ്ങളിലെ നിയമവ്യവസ്ഥിതി കാണുമ്പോഴാണ് ജനാധിപത്യത്തിന്റെ മഹത്വം തിരിച്ചറിയുന്നത്. പ്രധാനമന്ത്രിയെ കൊന്നവരായാലും അവരുടെ ഭാഗം കേള്‍ക്കാന്‍ ഇവിടെ കോടതിയുണ്ട്. ഏതുതരം അഭിപ്രായം വെളിപ്പെടുത്തിയാലും അതിന്റെ പേരില്‍ നമ്മളെ നമ്മുടെ രാജ്യത്തുനിന്നും ആരും നാടുകടത്തില്ല. എങ്ങനെ നോക്കിലായും ജനാധിപത്യം അമ്മയുടെ ഗര്‍ഭപാത്രം പോലെ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ഒന്നാണ്. എത്തേണ്ട കരങ്ങളില്‍ ഭരണചക്രം തിരിക്കാന്‍ എത്താത്തതാണ് ജനങ്ങളുടെ അസംതൃപ്തിക്ക് കാരണം. ശരിയായ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത ഇതില്‍ നിന്ന് വ്യക്തമാണ്.

അഞ്ചോ പത്തോ വര്‍ഷം ഭരിച്ചിട്ട് വിചാരിച്ച മാറ്റം വരുത്താന്‍ കഴിയാത്തവരോടുള്ള പ്രതിക്ഷേധ സൂചകമായി അടുത്ത പാര്‍ട്ടിയെ വിജയിപ്പിച്ചാണ് നമുക്ക് ശീലം. ആരുടെ വിജയവും സാധാരണക്കാരന്റെ ജീവിതത്തില്‍ കാര്യമായ മാറ്റം വരുന്നില്ല എന്ന ബോധ്യത്തോടെ തെന്നെ അധികാരസ്ഥാനത്തേക്ക് മാറി മാറി പരീക്ഷിച്ച് സ്വയം വിഡ്ഢിയാകുകയോ, എന്നോ പിണഞ്ഞ അബദ്ധം തുടര്‍ന്നുപോകുകയോ ചെയ്യുമ്പോള്‍ എന്തിന് വോട്ട് ചെയ്യണം എന്ന് ചിന്തിച്ചുപോകും. രണ്ട് സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ക്ക് വോട്ടു ചെയ്യണമല്ലോ എന്നുകരുതി തമ്മില്‍ ഭേദമായി തോന്നുന്ന ഒരാള്‍ക്ക് അധികാരം വെച്ചു നീട്ടാന്‍ ചിലര്‍ തീരുമാനിക്കുമ്പോള്‍ മറ്റു ചിലര്‍ മനസു മടുത്ത് പോളിങ് ബൂത്തിലേക്ക് പോകില്ല. സ്ഥാനാര്‍ത്ഥികളില്‍ തൃപ്തരല്ല എന്ന അമര്‍ഷം പ്രകടിപ്പിക്കാന്‍ ഉതകുന്ന ഒന്നാണ് "നോട്ട' (Not Applicable). ജനാധിപത്യത്തിന്റെ മൂന്നാം കണ്ണായി ഇതിനെ കാണാം. ഇന്ത്യ അടക്കം 12 രാജ്യങ്ങളില്‍ ഇതിനോടകം സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. എന്നാല്‍ ഭരണത്തിന്റെ ഗതി തിരിച്ചുവിടാന്‍ കഴിയുന്നത്ര ശക്തിയൊന്നും പാവത്തിന് കൊടുത്തിട്ടില്ല. 90 ശതമാനം വോട്ട് "നോട്ട'യ്ക്ക് ലഭിച്ചാലും ബാക്കി പത്തുശതമാനത്തില്‍ ഭൂരിപക്ഷം ലഭിക്കുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും എന്നതുകൊണ്ട് രോഷപ്രകടനത്തിനുള്ള ഉപാധി എന്നതിനപ്പുറം "നോട്ട'കൊണ്ടൊരു നേട്ടം ചൂണ്ടിക്കാണിക്കാനില്ല. രണ്ട് സ്ഥാനാര്‍ത്ഥികളിലും ഞങ്ങള്‍ അസംതൃപ്തരാണ്, ഞങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വീണ്ടും തെരഞ്ഞെടുപ്പ് നടത്തൂ എന്ന് പരമാധികാരമുള്ള ജനത്തിനു പറയാന്‍ "നോട്ട' സഹായിക്കില്ല.

മുന്‍നിരയിലെ പാര്‍ട്ടികളുടെ വര്‍ഷങ്ങളായുള്ള പ്രകടനം വിലയിരുത്തി, ആരെയുംകൊണ്ട് കാര്യമില്ല എന്ന് ചിന്തിക്കുന്നവരാണ് ആം ആദ്മി പാര്‍ട്ടി പോലെ പുതിയ ഒന്നിനെ പരീക്ഷണാടിസ്ഥാനത്തില്‍ കൈപടിച്ചുയര്‍ത്താന്‍ ശ്രമിക്കുന്നത്. ഭരണവര്‍ഗ്ഗത്തോടുള്ള പ്രതിക്ഷേധവും അമര്‍ഷവും 'നോട്ട'യില്‍ ഒതുക്കിയാല്‍ സാധാരണക്കാരന്റെ പാര്‍ട്ടിക്ക് അതൊരു ആപ്പാകും.

രാഷ്ട്രീയക്കാര്‍ ചിരിക്കുന്ന മുഖവുമായി ജനങ്ങളെ സമീപിക്കുമ്പോള്‍ പറയുന്ന ഒരു സത്യമുണ്ട്: "ഓരോ വോട്ടും വിലപ്പെട്ടതാണ്'. പാര്‍ട്ടി, ജാതി തുടങ്ങി മറ്റൊന്നും മാനദണ്ഡമാക്കാതെ വിവേകത്തോടുകൂടി മാത്രം വോട്ട് ചെയ്യുക. ചെറുപ്പക്കാരടക്കം വിദ്യാസമ്പന്നരായ ഒരു വിഭാഗമെങ്കിലും അങ്ങനെ ചിന്തിച്ചാല്‍ അതൊരു നീക്കം സൃഷ്ടിക്കും. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. എന്നുറപ്പുള്ളവരെ മാത്രം വിജയിപ്പിക്കുക. ഭരിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ആനന്ദമാണ് ജനാധിപത്യത്തിന്റെ വിജയം.

ഭരണചക്രം തിരിക്കുന്നതില്‍ ഓരോ പൗരന്റേയും കൈയ്യുണ്ട് എന്നതാണ് വോട്ടിംഗിലൂടെ ലക്ഷ്യമാക്കുന്നത്. കോടിക്കണക്കിന് ജനങ്ങളുടെ സുരക്ഷിതത്വത്തിന് നമ്മുടെ വോട്ട് നിര്‍ണ്ണായകമാണ് എന്നോര്‍ത്ത് സുസൂക്ഷ്മം മാത്രമേ ആ അവകാശം വിനിയോഗിക്കാവൂ. തെരഞ്ഞെടുപ്പിന്റെ ഈ വേനല്‍ച്ചൂട് വിട്ടുമാറി വിധി നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ ഒരു കുളിര്‍മഴ പെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം.
എന്നെ ഭരിക്കാന്‍ ഞാന്‍ നല്‍കുന്ന കരാര്‍ (മീട്ടു റഹ്മത്ത് കലാം)എന്നെ ഭരിക്കാന്‍ ഞാന്‍ നല്‍കുന്ന കരാര്‍ (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
Rajeev Nair 2014-04-15 12:54:51
ഭരണം എന്നാ വാക്കേ തെറ്റാണ്. ജനാധിപധ്യത്തിൽ ആരും ആരെയും ഭരിക്കുന്നില്ല. രാജ്യം മാനേജ് ചെയ്യാൻ ഏല്പിക്കുന്ന ഉദ്യോഗസ്ഥരാണ് മന്ദ്രിമാർ. അത്ര മാത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക