Image

വിഷു: നന്മയുടെ നേര്‍ക്കാഴ്‌ച (മീട്ടു റഹ്‌മത്ത്‌ കലാം)

Published on 14 April, 2014
വിഷു: നന്മയുടെ നേര്‍ക്കാഴ്‌ച (മീട്ടു റഹ്‌മത്ത്‌ കലാം)
പൊന്നില്‍ കുളിച്ചു നില്‍ക്കുന്ന കൊന്നമരങ്ങളും വിഷുപ്പക്ഷികളുടെ മൗനം ഭേദിച്ചുള്ള സംഗീതവും വീണ്ടും ഒരു വിഷുവിന്റെ വരവറിയിക്കുന്നു. ഏതു മലയാളിയുടേയും വിഷു ഓര്‍മ്മകള്‍ക്ക്‌ മഞ്ഞനിറമായിരിക്കും. പുലര്‍വെട്ടം വീണു തുടങ്ങുമ്പോള്‍ കണ്ണുപൊത്തി അമ്മയൊരുക്കിയ കണിയ്‌ക്ക്‌ മുന്നിലെത്തുമ്പോള്‍ കിഴക്കോട്ട്‌ തിരിച്ചുവെച്ച നിലവിളക്കിന്റെ തിരിനാളത്തില്‍ തെളിയുന്ന എല്ലാത്തിലും മഞ്ഞയുടെ പ്രത്യേക പ്രഭയും പ്രൗഢിയും കലര്‍ന്നിട്ടുണ്ട്‌. തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ പാതിനിറച്ച പുന്നെല്ലിനും പൂക്കുലയ്‌ക്കും കസവു നേര്യതിനും പൊന്‍നാണയങ്ങള്‍ക്കും വാല്‍ക്കണ്ണാടിക്കും നേന്ത്രപ്പഴത്തിനും കണിവെള്ളരിക്കും പഴുത്ത അടയ്‌ക്കയ്‌ക്കും ചക്കപ്പഴത്തിനും കണിക്കൊന്നപ്പൂക്കള്‍ക്കും മാമ്പഴത്തിനും നാളികേരത്തിനും വെള്ളം നിറച്ച ഓട്ടുകിണ്ടിയ്‌ക്കും തനി തങ്കത്തെപ്പോലും മാറ്റിനിര്‍ത്തുന്ന കൃഷ്‌ണന്റെ പട്ടുചേലയ്‌ക്കുമെല്ലാം മഞ്ഞയുടെ വിവിധ ഭാവങ്ങളാണ്‌. പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന സൂര്യനെ പ്രത്യക്ഷ ദൈവമായി കണ്ട്‌ നന്ദിയോടെ സ്‌തുതിക്കുകയും, ആരാധിക്കുകയും കൂടിയാണ്‌ വിഷു എന്നതുകൊണ്ടായിരിക്കും കണിവെയ്‌ക്കുന്ന ഓരോന്നിലും സൂര്യകിരണങ്ങള്‍ പതിഞ്ഞിരിക്കുന്നത്‌.

വിഷു എന്ന വാക്കിനര്‍ത്ഥം തുല്യമായത്‌ എന്നാണ്‌. ഈ അപൂര്‍വ്വ ദിനത്തില്‍ ഭൂമിയുടെ ഏതു ഭാഗത്തും പകലും രാത്രിയും തുല്യമായിരിക്കും. അന്നേദിവസം സൂര്യന്‍ ഭൂമധ്യരേഖയ്‌ക്കു നേരേ മുകളില്‍ വരുന്നതാണ്‌ ഇതിനു കാരണം. സൂര്യന്‍ മീനം രാശിയില്‍ നിന്ന്‌ മേടം രാശിയിലേക്ക്‌ പ്രവേശിക്കുന്ന 'വിഷു' സൂര്യന്റെ ഉച്ചരാശിയാണ്‌. അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന സമയമായും നന്മ ഇരട്ടിക്കുന്നതിനായും ഒരുവര്‍ഷത്തിന്റെ മുഴുവന്‍ ഫലങ്ങളും അനുകൂലമാക്കുന്നതിനും വിഷുവിനെ അതിന്റെ മഹത്വത്തോടെ വിശ്വാസികള്‍ ആചരിക്കുന്നു.

വിഷ്‌ണു ഭഗവാന്റെ രണ്ട്‌ അവതാരങ്ങളുമായി ബന്ധപ്പെടുത്തിയും വിഷു ഐതീഹ്യങ്ങളുണ്ട്‌. ശ്രീകൃഷ്‌ണന്‍ സത്യഭാമയും ഗരുഡനുമായി ചേര്‍ന്ന്‌ അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരനെ വധിച്ചതാണ്‌ ഇതില്‍ പ്രധാനം. മറ്റൊരു ഐതീഹ്യം രാമരാവണന്മാരെ ബന്ധപ്പെടുത്തിയാണ്‌. രാവണന്‍ ലങ്ക ഭരിച്ചിരുന്നകാലത്ത്‌, അയാള്‍ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. വെയില്‍ കൊട്ടാരത്തിനുള്ളില്‍ കടന്ന്‌ തന്റെ ഉറക്കം തടസ്സപ്പെടുത്തിയത്‌ രാവണന്‌ ഇഷ്‌ടപ്പെട്ടില്ല എന്നതാണ്‌ കാരണം. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ച ശേഷമാണത്രേ സൂര്യന്‍ വീണ്ടും നേരേ ഉദിച്ചത്‌. രണ്ട്‌ ഐതീഹ്യങ്ങളിലും അസുരഗണത്തിനുമേല്‍ ദേവഗണത്തിനുണ്ടായ വിജയമാണ്‌ പ്രകീര്‍ത്തിക്കുന്നത്‌. എപ്പോളും നന്മയുടെ ഭാഗത്തേ ജയമുണ്ടാകൂ എന്നും ഇതിനെ വ്യാഖ്യാനിക്കാം.

ദാരിദ്ര്യം നിറഞ്ഞ ബാല്യകാലസ്‌മൃതികളില്‍ പോലും വിഷുവിനെക്കുറിച്ച്‌ കൂടുതലും നല്ല ഓര്‍മ്മകളാണ്‌. പോക്കറ്റ്‌ മണി എന്നൊന്നും കേട്ടുകേഴ്‌വി ഇല്ലാത്ത കാലത്ത്‌ മനസ്സറിഞ്ഞ്‌ ആരെങ്കിലും ഒരു നാണയത്തുട്ട്‌ തന്ന ഓര്‍മ്മ വിഷുവിനെകുറിച്ചേ ഉണ്ടാകൂ. വര്‍ഷത്തില്‍ രണ്ടേ രണ്ട്‌ ഉടുപ്പ്‌ മാത്രമേ കിട്ടിയിരുന്നുള്ളൂ എന്നു പറയുമ്പോള്‍ അതിലൊന്നും വിഷുവിനാകാനെ തരമുള്ളൂ. നാവിന്‌ രുചിക്ക്‌ ഒന്നിലേറെ വിഭവങ്ങളുമായി കഴിച്ച ഭക്ഷണം ഏതെന്ന ചിന്തയും കൊണ്ടെത്തിക്കുക തൂശനിലയില്‍ വിളമ്പിയ വിഷു സദ്യയില്‍ ആകും. മാമ്പഴപ്പുളിശേരിയും ചക്ക എരിശ്ശേരിയും വിഷുപ്പായസവും ഏത്‌ ശീതീകരിച്ച യാന്ത്രിക തടവറയില്‍ കൂടുങ്ങിയ മലയാളിയുടെ നാവിലൂടെയും കപ്പലോടിക്കും. മലയാളത്തെ മറക്കുമ്പോഴും മണ്ണില്‍ നിന്നകലുമ്പോഴും താന്‍ മലയാളിയാണ്‌ എന്ന്‌ ഓര്‍മ്മപ്പെടുത്തുകയാണ്‌ വിഷുക്കാലം. സൂര്യന്‍ പ്രകാശം നല്‍കുന്നതുപോലെ, സമഭാവനയോടെ, എല്ലാവരുടെ മനസ്സിലും ആനന്ദത്തിന്റെ ആരവം മുഴങ്ങുന്ന സമയംകൂടിയാണ്‌ വിഷു ആഘോഷം.

വര്‍ണ്ണവൈവിധ്യത്തിന്റേയും സുഗന്ധത്തിന്റേയും പൂക്കളമൊരുക്കുന്ന ഓണത്തിനു മുന്നില്‍ അതേ തലയെടുപ്പോടെ മലയാളിയുടെ മനസിനോട്‌ ചേര്‍ന്ന്‌ വിഷു നില്‍ക്കുന്നുണ്ട്‌. സുഗന്ധമില്ലാത്ത, ഒറ്റവര്‍ണ്ണം ചാലിച്ചൊരുക്കിയ കര്‍ണ്ണികാരങ്ങളും ഒരു ദൃഷ്‌ടാന്തമാണ്‌. ലാളിത്യം പകരുന്ന ആനന്ദം നന്മയിലേക്കും സമൃദ്ധിയിലേക്കും നയിക്കുമെന്ന വിഷു സന്ദേശമാണ്‌ വിരിഞ്ഞുനില്‍ക്കുന്ന ഓരോ കണിക്കൊന്നയും പറയുന്നത്‌.
വിഷു: നന്മയുടെ നേര്‍ക്കാഴ്‌ച (മീട്ടു റഹ്‌മത്ത്‌ കലാം)വിഷു: നന്മയുടെ നേര്‍ക്കാഴ്‌ച (മീട്ടു റഹ്‌മത്ത്‌ കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക