Image

മമ്മൂട്ടി തിരുമണ്ടത്തരങ്ങള്‍ക്ക് തലവെച്ചു കൊടുക്കുന്നത് കഷ്ടം

ജയമോഹനന്‍ എം Published on 14 April, 2014
മമ്മൂട്ടി തിരുമണ്ടത്തരങ്ങള്‍ക്ക് തലവെച്ചു കൊടുക്കുന്നത് കഷ്ടം
പണ്ട്‌ കമലഹാസന്‍ വിശ്വരൂപം എന്ന സിനിമയെടുത്തപ്പോള്‍ ആ സിനിമയെ പരിഹസിച്ചുകൊണ്ട്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റെഴുതിയ സംവിധായകനാണ്‌ ആഷിക്‌ അബു. കമലഹാസനെ പരിഹസിക്കാന്‍ ഇവനാര്‌ എന്ന്‌ ചോദിച്ചവരോട്‌ വിവരമുള്ള മലയാളികള്‍ പ്രതികരിച്ചു. കമലഹാസനെയെന്നല്ല ആരോടു വേണമെങ്കിലും പ്രതികരിക്കാനുള്ള അഭിപ്രായ സ്വാതന്ത്രം ആഷിക്‌ അബുവിനുണ്ട്‌. ആഷിക്‌ അബുവിന്‌ മാത്രമല്ല ഇന്ത്യയിലെ ഓരോ പൗരനുമുണ്ട്‌. ചലച്ചിത്രതാരങ്ങളും സംവിധായകരും മറ്റൊരുതരം ജീവികളാണെന്നും അവര്‍ നല്‍കുന്നതെല്ലാം വെള്ളംതൊടാതെ നമ്മള്‍ വിഴിങ്ങികൊള്ളണമെന്നും പറയാന്‍ ഇത്‌ നാടുവാഴിത്ത കാലമൊന്നുമല്ല. ആഷിക്‌ അബുവിന്‌ കമലഹാസനെ വിമര്‍ശിക്കാം.

എന്നാല്‍ ആഷിക്‌ അബുവിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടായിരുന്നോ എന്നതാണ്‌ ചോദ്യം. താരതമ്യേന ഭേദപ്പെട്ട ഒരു ചലച്ചിത്രം തന്നെയായിരുന്നു വിശ്വരൂപം. എന്നാല്‍ തീവ്രവാദം പ്രമേയമായതിനാല്‍ അത്‌ ചിലരെയൊക്കെ പ്രോകോപിപ്പിച്ചു എന്നു മാത്രം. എന്നാല്‍ ആഷിക്‌ അബു പരിഹസിച്ചത്‌ സിനിമക്ക്‌ നിലവാരം പോരോ എന്നു പറഞ്ഞിട്ടായിരുന്നു. ഏക്‌ ഥാ ഹസീനാ എന്ന ഹിന്ദി ചിത്രം അതേപോലെ കോപ്പിയടിച്ച്‌ 22 ഫീമെയില്‍ കോട്ടയം ഒരുക്കിയ ആഷിക്‌ അബുവിന്‌ ക്രിയേറ്റിവിറ്റിയെക്കുറിച്ച്‌ പറയാനുള്ള ധാര്‍മ്മിക അവകാശമുണ്ടോ എന്ന്‌ വേണമെങ്കില്‍ ചോദിക്കാം എന്നു മാത്രം.

അതെല്ലാം പോകട്ടെ ആഷിക്‌ അബു പുതുതായി ചെയ്‌ത ഗ്യാങ്‌സ്റ്റര്‍ എന്ന സിനിമയെടുക്കുക. ഇത്രയും നിലവാരമില്ലാത്ത ലോജിക്കില്ലാത്ത അവതരണ ഭംഗിയില്ലാത്ത ഒരു ചിത്രം കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ മലയാള സിനിമയില്‍ സംഭവിച്ചിട്ടില്ല.

വിനയന്‍ ചെയ്‌ത ബ്ലാക്ക്‌ ക്യാറ്റ്‌, അതിശയന്‍ തുടങ്ങിയ പൊട്ടപ്പടങ്ങള്‍ ഗ്യാങ്‌സ്റ്ററിലും ഭേദമാണ്‌. ഇത്‌ വെറുമൊരു ആരോപണമല്ല. ഗ്യാങ്‌സ്റ്റര്‍ സിനിമ കാണുന്ന ഏത്‌ പ്രേക്ഷകനും ഈ ആരോപണം ശരിവെക്കുമെന്ന്‌ നൂറു ശതമാനം ഉറപ്പാണ്‌. ഇന്ന്‌ ഫേസ്‌ബുക്കുകളില്‍ നിരവധി ആരോപണങ്ങളും പരിഹാസങ്ങളും ആഷിക്‌ അബുവും തിരക്കഥാകൃത്തുക്കളും ഏറ്റുവാങ്ങുകയാണ്‌. മലയാള സിനിമയില്‍ ഫേസ്‌ബുക്കിനെ ആദ്യമായി മാര്‍ക്കറ്റിംഗിന്‌ ഉപയോഗിച്ചത്‌ ആഷിക്‌ അബുവാണ്‌. ആഷിക്‌ അബു തുടങ്ങിവെച്ചത്‌ ആഷിക്‌ അബുവിന്‌ തന്നെ വിനയാകുന്ന കാഴ്‌ചയാണ്‌ ഇന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ ലോകത്ത്‌ കാണുന്നത്‌.

അക്‌ബര്‍ അലിഖാന്‍ എന്ന അധോലോക നായകന്റെ കഥയാണ്‌ ഗ്യാങ്‌സ്‌റ്റര്‍. വിനയന്‍ എടുക്കുന്ന ചില പൊട്ടപ്പടങ്ങളേക്കാള്‍ എന്ത്‌ മേന്മയാണ്‌ ഈ സിനിമക്കുള്ളതെന്ന്‌ ചോദിച്ചാല്‍ ഒന്നുമില്ല.

സ്‌പോയിലര്‍ ആകാന്‍ മാത്രമൊന്നുമില്ലാത്തതിനാല്‍ ചിത്രത്തിന്റെ കഥ (അങ്ങനെയൊന്നില്ല. എങ്കിലും) ചെറുതായി ഒന്നു പറയാം.

കില്‍ ബില്‍ പോലെ മികച്ച സിനിമകളില്‍ കണ്ടിട്ടുള്ളതു മാതിരി ഒരു ആനിമേഷന്‍ ഫിലിം ആന്‍ഡ്‌ ബാക്ക്‌ ഗ്രൗണ്ട്‌ സ്റ്റോറി ടെല്ലിംഗാണ്‌ ആദ്യം പ്രേക്ഷകന്‍ ഗ്യാങ്‌്‌സ്റ്ററില്‍ കാണുക. ഈ ആനിമേഷന്‍ സിനിമ നീണ്ടു നീണ്ടു പോകുമ്പോള്‍ സാമാന്യം ജനങ്ങള്‍ ബോറടിക്കും. അപ്പോഴേക്കും ആശ്വാസമൊരുക്കാന്‍ പൊടുന്നനെ ഈ സിനിമ ലൈവ്‌ ആക്ഷനായി മാറി മമ്മൂട്ടി സ്‌ക്രീനില്‍ പ്രത്യേക്ഷപ്പെടും. (പിന്നീടുള്ള സിനിമ കാണുമ്പോള്‍ ആദ്യത്തെ ആനിമേഷന്‍ സിനിമ തന്നെയായിരുന്നു ഭേദമെന്ന്‌ പ്രേക്ഷകര്‍ക്ക്‌ തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല)

മമ്മൂട്ടിയാണ്‌ ഗുണ്ടാനേതാവായ അക്‌ബര്‍ അലി ഖാന്‍. കൂളിംഗ്‌ ഗ്ലാസ്‌ വെച്ച്‌ തെക്കുവടക്ക്‌ നടക്കുക, ബെന്‍സില്‍ കയറി എ.സി ഇട്ടിരിക്കുക, ചിക്കന്‍ കബാബ്‌ തിന്നുക, ന്യൂജനറേഷന്‍ കാപ്പിക്കപ്പില്‍ കാപ്പി കുടിക്കുക എന്നിവയൊക്കെയാണ്‌ അക്‌ബര്‍ ഭായിയുടെ അധോലോക പരിപാടികള്‍. ഇതിലെന്ത്‌ അധോലോകമെന്നൊന്നും ചോദിക്കരുത്‌. ഇതൊക്കെയാണ്‌ ആഷിക്‌ മേയ്‌ഡ്‌ അധോലോകം. ഇവിടെ മറ്റു രണ്ടു ഗുണ്ടകളുമുണ്ട്‌. ജോണ്‍ പോളും, കുഞ്ചനും. സാധാരണ സിനിമയില്‍ സിദ്ധിഖ്‌, ലാല്‍, ബിജു പപ്പന്‍ തുടങ്ങിയവരാണ്‌ എതിര്‍ ഗുണ്ടകള്‍ ആവേണ്ടത്‌. എന്നാല്‍ ഈ രീതി ആഷിക്‌ അബു മാറ്റി. ജോണ്‍ പോളിനെയും കുഞ്ചനെയും പോലെ വൃദ്ധരായ ഗുണ്ടകളാണ്‌ വില്ലന്‍ മാര്‍. പക്ഷെ ആദ്യം പറഞ്ഞ ക്ലീഷേ ഗുണ്ടകളെ കളഞ്ഞിട്ടുമില്ല. അവരൊക്കെ പുതിയ തരം ഗുണ്ടകളുടെ പിന്നിലുണ്ട്‌. അടിപിടിയും വെടിവെപ്പുമൊക്കെ അവരുടെ വകയാണ.്‌

അങ്ങനെയിരിക്കുമ്പോഴാണ്‌ ടാ തടിയാ സിനിമയിലെ ശേഖര്‍ മേനോന്‍ പുതിയൊരു ഗുണ്ടയായി എത്തുന്നത്‌. ഈ പുള്ളിയാണെങ്കില്‍ 24 മണിക്കൂറും മൂക്കിപ്പൊടി വലിക്കും. ഈ മുക്കിപ്പൊടി വലിക്കുന്ന മിനിറ്റുകള്‍ കൂട്ടിനോക്കിയാല്‍ മൊത്തം സിനിമയിലെ അരമണിക്കൂര്‍ വരും. വില്ലന്‍ മൂക്കിപ്പൊടി വലിക്കുന്നത്‌ മാത്രം അര മണിക്കൂര്‍ കാണേണ്ടി വരുന്ന പ്രേക്ഷകന്റെ അവസ്ഥയെക്കുറിച്ച്‌ പറയേണ്ടതില്ലല്ലോ. പിന്നെ ശേഖര്‍ മേനോന്‍ പെണ്ണുങ്ങളെ ഇടിക്കുകയും ഇംഗ്ലീഷ്‌ പറയുകയും ചെയ്യും. ഗുണ്ടയാകുമ്പോള്‍ ഒരു ഗാംഭീര്യം വേണ്ടേ എന്ന്‌ കരുതി ചെയ്യിപ്പിച്ചിരിക്കുകയാണ്‌. പക്ഷെ ടിയാനെ കണ്ടാല്‍ ഒരുപാവം പാവം തടിയന്‍ എന്നല്ലാതെ ഒരു ഗുണ്ടാലക്ഷണവും തോന്നില്ല എന്നത്‌ വേറെ കാര്യം.

അങ്ങനെയിരിക്കുമ്പോഴാണ്‌ ശേഖര്‍ മേനോന്‍ അക്‌ബര്‍ അലിഖാനിട്ട്‌ ഒരു ബോംബ്‌ പൊട്ടിക്കുന്നത്‌. നായകന്‍ തട്ടിപ്പോയ ചരിത്രം മലയാള സിനിമയില്‍ ഇല്ലാത്തതിനാല്‍ അക്‌ബറിന്‌ ഒരു പോറ
ല്‍ പോലും പറ്റില്ല. ചെറിയൊരു തലവേദന തോന്നും അത്രമാത്രം. പിന്നെ തലവേദന മാറിയിട്ട്‌ അക്‌ബര്‍ പ്രതികാരം ചെയ്യാന്‍ ഇറങ്ങിപുറപ്പെടും. പിന്നെ പ്രതികാരത്തിന്റെയൊരു ഉത്സവമാണ്‌. ചുമ്മാ വഴിയെ പോകുന്നവരെയൊക്കെ വെടിവെച്ചു കൊല്ലുക, കണ്ണില്‍ കണ്ടവരെയൊക്കെ ഉരുട്ടിയിട്ടു കൊല്ലുക തുടങ്ങി കൊലയോട്‌ കൊല. ഈ കൊല്ലാക്കൊല ഒരു മണിക്കൂറോളം തുടരും. അതോടെ ബഹുഭൂരിപക്ഷം പ്രേക്ഷകരും ഇനി തങ്ങളെക്കൂടി കൊന്നു കളയുമോ എന്ന്‌ ഭയന്ന്‌ തിയറ്റര്‍ വിട്ട്‌ ഓടിയിരിക്കും. ഈ കൊലയൊക്കെ കണ്ടാല്‍ ഇത്‌ വല്ല സിറയയും, ഇറാഖുമൊക്കെയാണോ എന്ന്‌ തെറ്റുദ്ധരിച്ചാലും കുറ്റം പറയാന്‍ കഴിയില്ല.

ഇതിനു ശേഷം അക്‌ബര്‍ അലിഖാന്‍ മെയില്‍ വില്ലനായി ശേഖര്‍ മേനോനെ കഴുത്തുവെട്ടി കൊല്ലും. എന്നിട്ടൊരു ഡയലോഗും പറയും 'നിന്റെ മരണം നീ എന്നും ഓര്‍ത്തിരിക്കണം.' ഈ ഡയലോഗോടെ ബാക്കിയുള്ള പ്രേക്ഷക
ര്‍ ചത്തു കഴിഞ്ഞവന്‍ എങ്ങനെയാണ്‌ കാര്യങ്ങളൊക്കെ ഓര്‍ത്തിരിക്കുന്നത്‌ എന്നാലോചിച്ച്‌ അന്തംവിടും. പക്ഷെ സംഗതി എടുത്തുവെച്ചിരിക്കുന്തന്‌ ആഷിക്‌ അബു ആയതിനാല്‍ ഇതിനൊക്കെ വലിയ വലിയ ആന്തരിക അര്‍ഥ തലങ്ങളാണുള്ളത്‌ എന്നതുകൊണ്ട്‌ ചിലരൊക്കെയങ്ങ്‌ സഹിക്കും. എന്നിട്ട്‌ ചത്തവന്‌ എങ്ങനെ ഓര്‍മ്മ ശേഷിക്കും എന്ന കാര്യം ആലോചിച്ച്‌ തല പുകയ്‌ക്കും. പക്ഷ ഇതൊക്കെ കൊറിയന്‍ ഭാഷ ട്രാന്‍സലേറ്റ്‌ ചെയ്യുമ്പോള്‍ സംഭവിക്കുന്ന ചിന്ന ചന്ന പിഴവുകള്‍ മാത്രമാണെന്ന സത്യം ഇനിയും പ്രേക്ഷകര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഇത്രയും പറഞ്ഞു കഴിയുമ്പോള്‍ ആകെ തോന്നുന്ന സംശയം മമ്മൂട്ടിയെക്കുറിച്ചാണ്‌. എത്ര പരാജയമാണ്‌ ഈ മമ്മൂട്ടി ഇങ്ങനെ ഏറ്റുവാങ്ങുന്നത്‌. ്‌ഏറെ പ്രതീക്ഷയുണ്ടായിരുന്ന പ്രെയിസ്‌ ദി ലോര്‍ഡ്‌ പരാജയം. സൈലന്‍സ്‌ എന്ന സിനിമ കണ്ടവരെക്കെ സൈലന്റായി പോയതാണ്‌. ഇതിനു പിന്നിലേക്ക്‌ എണ്ണിയാല്‍ പിന്നെയും നീളും പട്ടിക. മികച്ച തിരക്കഥകള്‍ തിരഞ്ഞെടുക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്ന മമ്മൂട്ടി ഗ്യാങ്‌സ്റ്റര്‍ പോലെയുള്ള തിരുമണ്ടത്തരങ്ങള്‍ക്ക്‌ തലവെച്ചു കൊടുക്കുന്നത്‌ ശരിക്കും പ്രേക്ഷകര്‍ക്ക്‌ നിരാശ നല്‍കുന്ന കാര്യമാണ്‌. ഇനിയെങ്കിലും ഇത്തരം മോശം സിനിമകള്‍ ഒഴിവാക്കാന്‍ മമ്മൂട്ടി ശ്രമിക്കേണ്ടതു തന്നെ.

എക്കാലത്തെയും പ്രശസ്‌തമായ ഗോഡ്‌ഫാദര്‍ സിനിമ ഒരുക്കാനാണ്‌ ആഷിക്‌ അബുവും കൂട്ടരും ശ്രമിച്ചതെന്ന്‌ തോന്നുന്നു. അത്‌ നടന്നില്ല. പോട്ടെ രാംഗോപല്‍ വര്‍മ്മയുടെ സര്‍ക്കാരെങ്കിലുമാക്കാന്‍ ശ്രമിച്ചിരിക്കാം. ്‌അതും നടന്നില്ല. സ്വന്തം സുഹൃത്തായ അമല്‍ നീരദിന്റെ ബിഗ്‌ ബിയെങ്കിലും ഒരുക്കാന്‍ ശ്രമിച്ചുവെങ്കിലും അതും നടന്നില്ല എന്നിടത്ത്‌ ഗിമ്മിക്കുകളില്‍ അഭിരമിക്കുന്നത്‌ ഒരു സംവിധായകനും ഭൂഷണമല്ല എന്ന ആപ്‌തവാക്യം വീണ്ടും ഓര്‍മ്മിപ്പിക്കുക മാത്രം ചെയ്യുന്നു.
മമ്മൂട്ടി തിരുമണ്ടത്തരങ്ങള്‍ക്ക് തലവെച്ചു കൊടുക്കുന്നത് കഷ്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക