Image

`ദേവാ നിന്‍ ദര്‍ശനം' (കവിത: ബിന്ദു ടിജി)

Published on 15 April, 2014
`ദേവാ നിന്‍ ദര്‍ശനം' (കവിത: ബിന്ദു ടിജി)
ദേവാ നിന്‍ മിഴികളില്‍ കാണുന്നു ഞാനെന്നും
നിലക്കാത്ത പ്രേമത്തിന്‍ നീളുന്ന കിരണങ്ങള്‍
നിന്‍ തിരു മാറില്‍ നിന്നൊഴുകുന്നൊരരുവിക്കേ
എന്‍ നിത്യ ദാഹമകറ്റുവാന്‍ കെല്‍പ്പുള്ളൂ

എന്‍ നിഴലും പിണങ്ങി പിരിഞ്ഞൊരീ വേളയില്‍
എന്നരികിലൊരു ശീതള സ്‌പര്‍ശമായി നീയെത്തണേ
ഒഴിയുന്നു മാനസം നിറയുന്നു മിഴികളും
തിരയുന്നു ഞാന്‍ നിന്‍ സ്‌നേഹാര്‍ദ്ര മൊഴികളെ

കല്ലുപോല്‍ കഠിനമാകുന്നൊരെന്‍ ചിത്തത്തില്‍
കരുണതന്‍ തെളിനീരൊഴുക്കണേ നായകാ
ഊറ്റമാര്‍ന്നിരുള്‍ മൂടിയോരെന്നുള്ളില്‍
താഴ്‌മ തന്‍ സുവിശേഷ പ്രഭ തൂകണേ നീ

മരുവില്‍ വീണലയുന്ന മനുജനെ കാക്കുവാന്‍
നിത്യം കുരിശില്‍ പിടയുന്ന സ്‌നേഹതിടമ്പ്‌ നീ
നീരായി നിണമായി കനിവൊഴുകുന്നൊരാ ക്രൂശിന്‍
ചുവട്ടിലിന്നെന്നെയും ചേര്‍ത്തണയ്‌ക്കണേ ദേവാ

അവിടെ നിന്നബലയാം മാതാവിനോടൊത്ത്‌
തവ മുഖമൊന്നു ദര്‍ശിപ്പാനേറെ കൊതിപ്പൂ ഞാന്‍.

ബിന്ദു ടിജി
`ദേവാ നിന്‍ ദര്‍ശനം' (കവിത: ബിന്ദു ടിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക