Image

ഫോമ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്ക് ജയിംസ് ഇല്ലിക്കല്‍, സജി കരിമ്പന്നൂര്‍ എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചു

മൊയ്തീന്‍ പുത്തന്‍ചിറ Published on 17 April, 2014
ഫോമ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്ക് ജയിംസ് ഇല്ലിക്കല്‍, സജി കരിമ്പന്നൂര്‍ എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചു
ഫ്‌ലോറിഡ: ഫോമയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഫ്‌ലോറിഡയില്‍ നിന്നുള്ള ജയിംസ് ഇല്ലിക്കലിനേയും ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി സജി കരിമ്പന്നൂരിനേയും മലയാളി അസ്സോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡ (ങഅഇഎ)നാമനിര്‍ദ്ദേശം ചെയ്തു. അസ്സോസിയേഷന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സും, ട്രസ്റ്റീ ബോര്‍ഡും സംയുക്തമായാണ് ഈ തീരുമാനത്തിലെത്തിച്ചേര്‍ന്നത്.

പ്രസിഡന്റ് ജോസ് ഉപ്പൂട്ടിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫോമയുടെ അടുത്ത ദേശീയ കണ്‍വന്‍ഷന് ഫ്‌ലോറിഡ വേദിയാകണമെന്ന താല്പര്യം ഉടലെടുക്കുകയും, അതുപ്രകാരമാണ് ജയിംസ് ഇല്ലിക്കലിന്റേയും സജി കരിമ്പന്നൂരിന്റേയും പേരുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതെന്ന് സജി കരിമ്പന്നൂര്‍ പറഞ്ഞു.

അമേരിക്കയിലെ 'ദൈവത്തിന്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന ഫ്‌ലോറിഡയില്‍ നിരവധി കണ്‍വന്‍ഷനുകള്‍ അരങ്ങേറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ 2016ലെ ഫോമ കണ്‍വന്‍ഷന്‍ പുതുമയോടും വൈവിധ്യതയോടും കൂടി നടത്തി പ്രശസ്തി നേടണമെന്നാണ് ഫ്‌ലോറിഡ നിവാസികളുടെ ആഗ്രഹമെന്ന് ജയിംസ് ഇല്ലിക്കല്‍ പറഞ്ഞു. ഫോമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ആ കണ്‍വന്‍ഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2009ല്‍ ഫ്‌ലോറിഡയില്‍ വെച്ചു നടന്ന 'ഫോമ യൂത്ത് ഫെസ്റ്റിവല്‍ ഗ്രാന്റ് ഫിനാലെ' ജനഹൃദയങ്ങളില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നുണ്ട്. പ്രസ്തുത കണ്‍വന്‍ഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച ജയിംസ് ഇല്ലിക്കലും, ഇവന്റ് കോഓര്‍ഡിനേറ്റര്‍ സജി കരിമ്പന്നൂരും നേതൃത്വനിരയില്‍ അവരവരുടെ കഴിവു തെളിയിച്ച കണ്‍വന്‍ഷനായിരുന്നു അത്. അതുകൊണ്ടുതന്നെ പൂര്‍ണ്ണവിശ്വാസത്തോടെയാണ് ഇരുകൂട്ടരും ഫോമയുടെ അടുത്ത സാരഥികളാകാന്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്.

ടൂറിസ്റ്റുകളുടെ സിരാകേന്ദ്രമായ ഒര്‍ലാന്റോയിലെ ഡിസ്‌നി വേള്‍ഡും, അത്ഭുതക്കാഴ്ചകള്‍ കണ്ടുകൊണ്ട് ഉല്ലാസ നൗകകളിലുള്ള യാത്രാ പാക്കേജുകളും കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തുന്നവരുടെ മനസ്സിന് കുളിര്‍മ്മ പകരുന്ന അനുഭവമായിരിക്കുമെന്ന് ജയിംസും സജിയും സാക്ഷ്യപ്പെടുത്തുന്നു.

ഇന്ത്യയില്‍ സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ പ്രവര്‍ത്തന പരിചയം സിദ്ധിച്ചിട്ടുള്ള ജയിംസ് ഇല്ലിക്കല്‍, കഴിഞ്ഞ 30 വര്‍ഷത്തോളമായി അമേരിക്കയിലും വിവിധ സംഘടനകളുടെ നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ച് ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ട നേതാവാണ്. ഫോമയുടെ പല കര്‍മ്മപദ്ധതികളും ആസൂത്രണം ചെയ്യാനും അവ പ്രായോഗികമാക്കാനും ശ്രമിച്ചിട്ടുണ്ട്.

മികച്ച സംഘാടകനും പത്രപ്രവര്‍ത്തകനുമായ സജി കരിമ്പന്നൂര്‍ ഫോമയുടെ ആരംഭകാലം മുതല്‍ അതിന്റെ സഹയാത്രികനാണ്. ഇന്ത്യയിലും അമേരിക്കയിലും വിവിധ സംഘടനകളുടെ നേതൃത്വനിരയില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 22 വര്‍ഷമായി ന്യൂയോര്‍ക്കിലും ഫ്‌ലോറിഡയിലും പൊതുപ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധ്യമായി നിലകൊള്ളുന്നു.

വടക്കേ അമേരിക്കയിലെ 54ല്‍പരം അംഗസംഘടനകളെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് ഫോമ അതിന്റെ പ്രൗഢഗംഭീരമായ പ്രയാണം തുടരുകയാണ്. നാളിതുവരെയുള്ള ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സ്തുത്യര്‍ഹമായ രീതിയില്‍ സേവനം ചെയ്ത മുന്‍ അമരക്കാരോടുള്ള ആദരവും നന്ദിയും പ്രകാശിപ്പിക്കുന്നതോടൊപ്പം അവര്‍ തെളിയിച്ച പാതയിലൂടെ ഫോമയെ നയിക്കുവാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ജയിംസ് ഇല്ലിക്കലും സജി കരിമ്പന്നൂരും ഒരു സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  ജോസ് ഉപ്പൂട്ടില്‍ (പ്രസിഡന്റ്, MACF) 813 334 5135, ബാബു തോമസ് (സെക്രട്ടറി, MACF) 813 463 8284, ടി. ഉണ്ണികൃഷ്ണന്‍ (ചെയര്‍മാന്‍, MACF ട്രസ്റ്റീ ബോര്‍ഡ്) 813 334 0123.

ഫോമ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്ക് ജയിംസ് ഇല്ലിക്കല്‍, സജി കരിമ്പന്നൂര്‍ എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചുഫോമ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്ക് ജയിംസ് ഇല്ലിക്കല്‍, സജി കരിമ്പന്നൂര്‍ എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക