Image

പ്രമുഖര്‍ കൈയൊഴിഞ്ഞതാണ് തൂപ്പുകാരന്‍െറ വേഷമെന്ന് സംവിധായകന്‍

Published on 16 April, 2014
പ്രമുഖര്‍  കൈയൊഴിഞ്ഞതാണ്  തൂപ്പുകാരന്‍െറ വേഷമെന്ന് സംവിധായകന്‍
പ്രമുഖര്‍  കൈയൊഴിഞ്ഞതാണ് സുരാജ് വെഞ്ഞാറമൂടിന് ദേശീയ പുരസ്കാരം ലഭിച്ച ‘പേരറിയാത്തവറി’ലെ തൂപ്പുകാരന്‍െറ വേഷമെന്ന് സംവിധായകന്‍ ഡോ. ബിജു. നേരത്തേ മലയാളത്തിലെ നാല് പ്രമുഖ താരങ്ങളുമായി വേഷത്തെക്കുറിച്ച് സംസാരിച്ചിരുന്നതായി സംവിധായകന്‍  പറഞ്ഞു. അവരെല്ലാം വിസമ്മതിച്ചതോടെയാണ് സുരാജിനെ നായകനായി തെരഞ്ഞെടുത്തത്.
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കഥ പറയുന്ന സിനിമയാണ് പേരറിയാത്തവര്‍. അതുകൊണ്ട് മറ്റേത് അവാര്‍ഡിനേക്കാള്‍ വിലപ്പെട്ടതാണിത്.
കഴിഞ്ഞ 15 വര്‍ഷത്തെ സാമൂഹ്യ യാഥാര്‍ഥ്യങ്ങളാണ് സിനിമയില്‍ അവതരിപ്പിച്ചത്. കഥാപാത്രത്തെ യാഥാര്‍ഥ്യബോധത്തോടെ അവതരിപ്പിച്ച സുരാജിന്‍െറ അഭിനയം അംഗീകരിക്കപ്പെട്ടത് സിനിമക്ക് ലഭിച്ച വലിയ പുരസ്കാരമാണ്. സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. മികച്ച പരിസ്ഥിതി ചിത്രമായി പേരറിയാത്തവര്‍ അംഗീകരിക്കപ്പെട്ടതിലും അതിയായ സന്തോഷമുണ്ട്. അടൂര്‍ സ്വദേശിയായ ഡോ. ബിജു പറഞ്ഞു.
അതേ സമയം, സുരാജ് വെഞ്ഞാറമൂടിന് ലഭിച്ച അവാര്‍ഡ് കേരളത്തിന് ലഭിച്ച അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.
വാസ്തുഹാരയിലെ മോഹന്‍ലാലിനെ അനുസ്മരിപ്പിക്കുന്ന പ്രകടനം. ജീവിതവെല്ലുവിളികള്‍ക്ക് മുന്നില്‍ നിശബ്ദം ഉള്‍വലിയുന്ന കഥാപാത്രം. ഇത്തരം കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, സുരാജ് അയത്‌നലളിതമായി പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ തൂപ്പുകാരനെ അനശ്വരമാക്കി. മാസ്മരികപ്രകടനമെന്ന് വിശേഷിപ്പിക്കാതെവയ്യ കഥാവിഭാഗത്തില്‍ അവാര്‍ഡുകള്‍ നിര്‍ണയിച്ച ദേശീയ ജൂറി അധ്യക്ഷന്‍ സയദ് അഖ്തര്‍ മിര്‍സയുടെ വാക്കുകളാണിത്. താരപ്പകിട്ടിനല്ല, അഭിനയമികവിനാണ് ഇക്കുറി പതിനൊന്നംഗ ദേശീയ ജൂറി മുന്‍തൂക്കം നല്‍കിയത്. അതുകൊണ്ടുതന്നെ ദേശീയ ജൂറി അംഗങ്ങള്‍ക്കാര്‍ക്കുംതന്നെ പരിചിതനല്ലാത്ത സുരാജ് വെഞ്ഞാറമൂട് തന്നെ അഭിനയമികവ് ഒന്നുകൊണ്ടു മാത്രം അര്‍ഹതപ്പെട്ട പുരസ്‌കാരം നേടിയെടുത്തു.
സുരാജിനൊപ്പം അവാര്‍ഡ് പങ്കിട്ട രാജ്കുമാര്‍ റാവുവും അത്ര അറിയപ്പെടുന്ന നടനല്ലെന്നത് ശ്രദ്ധേയമാണ്. ഇരുവരുടെയും മികച്ച പ്രകടനമാണ് താരപ്പകിട്ടിനപ്പുറം അര്‍ഹതയ്ക്ക് അവാര്‍ഡ് നല്‍കാന്‍ ജൂറിയെ നിര്‍ബന്ധിതമാക്കിയത്. സലിംകുമാറിന് ശേഷം ഒരിക്കല്‍ക്കൂടി നക്ഷത്രപദവിയില്ലാത്തവരിലേക്ക് ദേശീയ പുരസ്‌കാരം എത്തുന്നു. അന്തിമഘട്ടത്തില്‍ ആകെ 85 ചിത്രങ്ങളാണ് പതിനൊന്നംഗ ജൂറി മുമ്പാകെ എത്തിയത്. ജൂറി കണ്ട 84ാമത്തെ ചിത്രമായിരുന്നു പേരറിയാത്തവര്‍. മികച്ച നടനടക്കം പ്രധാന പുരസ്‌കാരങ്ങള്‍ ആ ഘട്ടത്തില്‍ ജൂറി അംഗങ്ങളില്‍ പലരും മനസ്സില്‍ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. അനീതിക്കെതിരെ പോരാടുന്ന ഷഹീദ് അസ്മിയെന്ന യുവ അഭിഭാഷനെ ഉജ്വലമായി അവതരിപ്പിച്ച രാജ്കുമാര്‍ റാവു മികച്ച നടനുള്ള പുരസ്‌കാരം ഏറെക്കുറെ ഉറപ്പിച്ചതാണ്. അപ്പോഴാണ് 84ാമത്തെ ചിത്രമായ പേരറിയാത്തവരിലൂടെ സുരാജിന്റെ വരവ്. ഇതോടെ എല്ലാം തകിടംമറിഞ്ഞെന്ന് സയ്യദ് അഖ്തര്‍ മിശ്ര പറഞ്ഞു.
രാജ്കുമാറിനെയും സുരാജിനെയും മികച്ച നടനുള്ള പുരസ്‌കാരത്തിനായി പത്ത് ജൂറി അംഗങ്ങളും ഒരേപോലെ നിര്‍ദേശിച്ചു. ഇവരിലൊരാള്‍ക്ക് പുരസ്‌കാരം നിഷേധിക്കുന്നത് അനീതിയാകുമെന്ന് ബോധ്യമായിരുന്നതിനാല്‍ ഇരുവര്‍ക്കുമായി അവാര്‍ഡ് നല്‍കുകയെന്ന നിലപാടിലേക്ക് ജൂറി ഒരേമനസ്സോടെ എത്തിച്ചേര്‍ന്നുവെന്ന് മിര്‍സ പറഞ്ഞു. ഹാസ്യവേഷങ്ങളാണ് സുരാജ് കൂടുതലും കൈകാര്യംചെയ്തിരുന്നതെന്ന് ജൂറി അംഗങ്ങള്‍ക്കാര്‍ക്കും അറിവുണ്ടായിരുന്നില്ല. സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നതായിരുന്നില്ല ഈ ചിത്രത്തില്‍ സുരാജിന്റെ വേഷം. പൂര്‍ണമായും ഉള്‍വലിയുന്ന കഥാപാത്രം. ആകെ എട്ട് സംഭാഷണങ്ങള്‍ മാത്രമാണ് സുരാജിന്റേതായി ചിത്രത്തിലുള്ളത്. ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ തനിമ ചോരാതെ അഭിനയിച്ചു പ്രതിഫലിപ്പിക്കുക അനായാസമല്ല. പ്രതിഭയുള്ള താരങ്ങള്‍ക്കേ അത് സാധിക്കൂ. സുരാജ് ഒരു നടനാണെന്ന് തെളിയിക്കുകയാണ്. വാസ്തുഹാരയില്‍ മോഹന്‍ലാല്‍ ചെയ്ത വേഷത്തെ അനുസ്മരിപ്പിക്കും സുരാജിന്റെ പ്രകടനം മിശ്ര പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക