Image

വിവാദങ്ങള്‍ ബാക്കിയാക്കി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

ജയമോഹനന്‍ എം Published on 19 April, 2014
വിവാദങ്ങള്‍ ബാക്കിയാക്കി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
ദേശിയ ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയത്തിന്‌ തൊട്ടുപിന്നാലെ സംസ്ഥാന അവാര്‍ഡ്‌ പുരസ്‌കാരങ്ങള്‍ കൂടി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ദേശിയ അവാര്‍ഡ്‌ നിര്‍ണ്ണയത്തില്‍ സുരാജ്‌ വെഞ്ഞാറമൂടിന്‌ പുരസ്‌കാരം ലഭിച്ചത്‌ മലയാള സിനിമക്ക്‌ അഭിമാനത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചുവെങ്കില്‍ സംസ്ഥാന പുരസ്‌കാര നിര്‍ണ്ണയം സന്തോഷങ്ങള്‍ക്കൊപ്പം വിവാദങ്ങളും ബാക്കിവെക്കുകയാണ്‌. സംസ്ഥാന അവാര്‍ഡ്‌ ജൂറിയില്‍ നിറയെ കൊമേഡിയന്‍മാരായിരുന്നുവെന്ന ഡോ.ബിജുവിന്റെ വിമര്‍ശനമാണ്‌ ഇതില്‍ പ്രധാനം. ഡോ.ബിജുവിന്റെ പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെയാണ്‌ സുരാജിന്‌ നാഷണല്‍ അവാര്‍ഡ്‌ ലഭിച്ചത്‌. കേരളാ സര്‍ക്കാരില്‍ നിന്നും ഇതില്‍ കൂടുതല്‍ സഹായങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ബിജു വിമര്‍ശിക്കുന്നു. ഒപ്പം മികച്ച നടനുള്ള ദേശിയ പുരസ്‌കാരം നേടിയ സുരാജിനെ കോമഡി നടനായി തിരഞ്ഞെടുത്തത്‌ ഒരു തരത്തില്‍ ബോധപൂര്‍വമായി അപമാനിക്കാനുള്ള ശ്രമം കൂടിയാണെന്ന്‌ ഡോ.ബിജു പറയുന്നു.

ഹാസ്യ നടന്‍ എന്ന പുരസ്‌കാരം ലോകത്ത്‌ മറ്റൊരു ചലച്ചിത്ര അവാര്‍ഡ്‌ പട്ടികയിലും ഇല്ലാതിരിക്കുമ്പോഴും മലയാളത്തില്‍ ഇത്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌ കുറ്റകരമാണെന്നായിരുന്നു സലിംകുമാറിന്റെ വിമര്‍ശനം. ഹാസ്യ നടന്‍ എന്ന ഇമേജിലുള്ള പുരസ്‌കാരം തന്നെ നടന്‍മാരെ അപമാനിക്കാനാണെന്ന്‌ സലിംകുമാര്‍ വിലയിരുത്തുന്നു. ഈ വിലയിരുത്തല്‍ ഏറെക്കുറെ ശരി തന്നെ. മികച്ച ഹാസ്യ നടന്‌ അവാര്‌ഡ്‌ നല്‍കുന്നുവെങ്കില്‍ സുരാജ്‌ പറഞ്ഞതുപോലെ എല്ലാ രസങ്ങള്‍ക്കും അതായത്‌ നവ രസങ്ങള്‍ക്കും ്‌അവാര്‍ഡ്‌ നല്‍കണം. അപ്പോള്‍ മികച്ച രൗദ്രം നടന്‍, മികച്ച ഭീഭല്‍സം നടന്‍, മികച്ച കരുണം നടന്‍ എന്നിങ്ങനെയുള്ള നടന്‍മാരെയും തിരഞ്ഞെടുക്കേണ്ടതല്ല എന്ന ചോദ്യം വളരെ ന്യായം തന്നെ.

ഇതിനേക്കാള്‍ പ്രധാനമായ മറ്റൊരു വിമര്‍ശനവും അവാര്‍ഡ്‌ നിര്‍ണ്ണയത്തില്‍ ഉരുത്തിരിഞ്ഞു വന്നത്‌ സ്വപാനം എന്ന സിനിമ പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടതാണ്‌. അവാര്‍ഡ്‌ നിര്‍ണ്ണത്തിന്‌ മുമ്പ്‌ ഏറെ ശ്രദ്ധേയമായിരുന്ന സ്വപാനം പക്ഷെ ദേശിയ പുരസ്‌കാര വേദിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയത്‌ അതിന്റെ പ്രമേയത്തില്‍ ചേര്‍ന്നിരിക്കുന്ന മലയാളിത്വം കൊണ്ടായിരിക്കാം. എന്നാല്‍ കേരളത്തിലെ ജൂറിക്കെന്താണ്‌ സ്വപാനം മനസിലാകാതെ പോയത്‌ എന്ന്‌ പിടികിട്ടുന്നതേയില്ല. ഇവിടെയാണ്‌ ജൂറി അംഗങ്ങളുടെ കാഴ്‌ചപ്പാടുകള്‍ കൂടുതല്‍ വിശാലമാകാതെ പോകുന്നതിന്റെ പ്രശ്‌നം നിലനില്‍ക്കുന്നത്‌.

ഭാരതിരാജ ചെയര്‍മാനായുള്ള ജൂറി ആദ്യം മുതല്‍ തന്നെ വിമര്‍ശനങ്ങള്‍ക്ക്‌ വിധേയമായിരുന്നു എന്നതും യഥാര്‍ഥ്യമാണ്‌. ജൂറി ചെയന്‍മാന്‍ സിനിമകള്‍ കാണാന്‍ നില്‍്‌ക്കാതെ നാട്ടിലേക്ക്‌ പോയെന്നും അതുപോലെ തന്നെ ഡിവിഡി ഇട്ടാണ്‌ പല സിനിമകളും കണ്ടതെന്നുമുള്ള വിമര്‍ശനങ്ങള്‍ ഇത്തവണ ജൂറി ഏറ്റുവാങ്ങിയിരുന്നു. ഒരു ദിവസം അഞ്ചു സിനിമകള്‍ വരെ കാണേണ്ടി വന്ന ജൂറിയുടെ അവസ്ഥയും പരിതാപകരമായിരുന്നു. 85 സിനിമകള്‍ വരെ അവാര്‍ഡ്‌ നിര്‍ണ്ണയത്തിന്‌ എത്തുന്ന അവസ്ഥ തീര്‍ത്തും ദയനീയമായിരുന്നു എന്നാണ്‌ ജൂറിയിലുണ്ടായിരുന്ന നടി ജലജ പ്രതികരിച്ചത്‌. മിക്ക ചിത്രങ്ങളും മോശം നിലവാരത്തിലുള്ളവയാണെന്നും ജലജ തുറന്നു പറഞ്ഞിരുന്നു.

ന്യൂജനറേഷന്‍ കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ ജൂറികള്‍ക്ക്‌ കഴിയുന്നില്ല എന്നതാണ്‌ മറ്റൊരു ശ്രദ്ധേയമായ വസ്‌തുത. മികച്ച രണ്ടാമത്തെ ചിത്രമായി നോര്‍ത്ത്‌ 24 കാതം തിരഞ്ഞെടുക്കപ്പെട്ടതിന്‌ കാരണം മറ്റൊന്നുമല്ല. ചലോ ദില്ലി എന്ന ഹിന്ദി സിനിമയുടെ പ്രമേയവും ശൈലിയു്‌ം കോപ്പിയടിച്ച്‌ സൃഷ്ടിച്ച ചിത്രമാണ്‌ 24 നോര്‍ത്ത്‌ കാതം എന്ന ചിത്രം. മാത്രമല്ല പ്രസക്തമായ ഒരു ആഖ്യാന ശൈലിയും ഈ ചിത്രം പുലര്‍ത്തിയിരുന്നില്ല. എന്നിട്ടും ഇത്‌ മികച്ച രണ്ടാമത്തെ ചിത്രമായി മാറുമ്പോള്‍ ചിത്രങ്ങള്‍ വിലയിരുത്തുന്നതില്‍ ജൂറിക്ക്‌ സംഭവിച്ച പിഴവ്‌ വ്യക്തം. അതുപോലെ തന്നെ മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം സഖറിയയുടെ ഗര്‍ഭീണികള്‍ക്ക്‌ നല്‍കുമ്പോള്‍ പൂര്‍ണ്ണതയുള്ള ഒരു കഥയില്ലാത്ത ചിത്രത്തിന്‌ എങ്ങനെ മികച്ച കഥാകൃത്തിന്റെ പുരസ്‌കാരം ലഭിച്ചു എന്ന്‌ സംശയം തോന്നാം. പത്മരാജന്റെ ഒരു ചെറുകഥ അനാവശ്യമായി കഥയില്‍ ഉപയോഗിച്ചു എന്നാരോപിച്ച്‌ രാധാലക്ഷമി പത്മരാജന്‍ ഉന്നയിച്ചിരിക്കുന്ന ഒരു പരാതി ഈ കഥാകൃത്തിനെതിരെ നിലനില്‍ക്കുന്നുമുണ്ട്‌. ഇതുപോലെ തന്നെ മികച്ച നവാഗത സംവിധായകനായി കന്യക ടാക്കീസ്‌ എന്ന ചിത്രത്തിന്റെ സംവിധായകന്‍ തിരഞ്ഞെടുക്കപ്പെടുമ്പോഴും മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരം അതിന്‌ പൂര്‍ണ്ണ അര്‍ഹതയുള്ള നിരവധി ചിത്രങ്ങളെ മറികടന്ന്‌ മുംബൈ പോലീസ്‌ നേടുമ്പോഴും ന്യൂജനറേഷന്‍ കള്ളനാണയങ്ങളുടെ ഗിമ്മിക്കുകളില്‍ ജൂറി പെട്ടുപോയോ എന്ന സംശയം ബാക്കിയാവുന്നു

എന്നാല്‍ ആര്‍ട്ടിസ്‌റ്റ്‌ പോലുള്ള സിനിമക്ക്‌ പ്രധാന മൂന്ന്‌ പുരസ്‌കാരങ്ങളും ലഭിച്ചത്‌ അര്‍ഹതയ്‌ക്കുളള അംഗീകാരം തന്നെ. മികച്ച സംവിധായകനായി ശ്യാമപ്രസാദും നടനായി ഫഹദ്‌ ഫാസിലും നടിയായി ആന്‍ അഗസ്റ്റിനും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതി ഗംഭീരമായ ഒരു ചലച്ചിത്രം നേടിയ അനുപമമായ നേട്ടമാകുന്നു അത്‌. ഒരുപക്ഷെ സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ആഖ്യാന ശൈലി പ്രകടിപ്പിച്ച ചിത്രം കൂടിയാണ്‌ ആര്‍ട്ടിസ്റ്റ്‌.
നവാഗതനായ സുദേവന്‍ സംവിധാനം ചെയ്‌ത ക്രൈം നമ്പര്‍ 89നാണ്‌ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്‌. ഇതുവരെ പ്രേക്ഷകര്‍ തിയറ്ററില്‍ കണ്ടിട്ടില്ലാത്ത ചിത്രമാണെങ്കിലും സുദേവന്റെ ആദ്യ സംവിധാന സംരംഭം മികച്ചതെന്ന്‌ ജൂറി സാക്ഷ്യപ്പെടുത്തുന്നു. ചുരുങ്ങിയ ബജറ്റില്‍ സുഹൃത്തുക്കളുടെ കൂട്ടായ്‌മയില്‍ നിന്നും രൂപപ്പെടുത്തിയ ചെറിയ സംരംഭമായിരുന്നു സുദേവന്റെ ക്രൈം നമ്പര്‍ 89. ഒരുപക്ഷെ അവാര്‍ഡിന്റെ പിന്‍ബലത്തില്‍ ഈ കൊച്ചു ചിത്രം തിയറ്ററുകളില്‍ എത്തട്ടെയെന്ന്‌ ആശംസിക്കാം. അതുപോലെ തന്നെ പ്രമുഖ ശില്‌പിയും സിനിമാ അഭിനയത്തില്‍ പുതുമുഖവുമായ അശോക്‌ കുമാറിനെ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുത്തത്‌ അര്‍ഹതയ്‌ക്കുള്ള അംഗീകാരം തന്നെ. അതുപോലെ തന്നെ കാലാമുല്യമുള്ള ജനപ്രീയ ചിത്രമായി ദൃശ്യത്തെ തിരഞ്ഞെടുത്തതും അര്‍ഹമായ പരിഗണന തന്നെ. ഗായിക വൈക്കം വിജയലക്ഷമി പുരസ്‌കാരത്തിളക്കത്തില്‍ എത്തിയത്‌ ഏതൊരു മലയാളിക്കും സംതൃപ്‌തി നല്‍കുന്ന കാര്യം തന്നെ. ഒറ്റയ്‌ക്കു പാടുന്ന പൂങ്കുയിലേ എന്ന ഗാനം വിജയലക്ഷമിയുടെ ശബ്ദത്തിലൂടെ മലയാളം ഏറ്റെടുത്തിരുന്നു. അവാര്‍ഡ്‌ നിര്‍ണയത്തില്‍ ഏറ്റവും ശ്രദ്ധേയമായത്‌ മികച്ച ബാലതാരമായി ഫിലിപ്പ്‌സ്‌ ആന്‍ഡ്‌ മങ്കിപ്പെന്നിലെ സനൂപിനെ തിരഞ്ഞെടുത്ത ജൂറിയുടെ തീരുമാനമാണ്‌. സനൂപല്ലാതെ ഈ അവാര്‍ഡിന്‌ മറ്റൊരാളില്ല എന്നത്‌ നേരത്തെ തന്നെ ഉറപ്പുള്ള കാര്യവുമായിരുന്നു.

ഇങ്ങനെയെല്ലാം പറയുമ്പോഴും വിവാദങ്ങള്‍ ചിലത്‌ ബാക്കിനില്‍ക്കുന്നവെന്ന സത്യം മറക്കുന്നില്ല. വെറും അഞ്ചു ദിവസങ്ങള്‍ക്കൊണ്ടാണ്‌ 85 ചിത്രങ്ങള്‍ ജൂറി കണ്ടെന്ന്‌ പറയുന്നതെന്നും ഇത്‌ അസാധ്യമായ കാര്യമാണെന്നും ഡോ.ബിജു വാദിക്കുന്നു. അതുകൊണ്ടു തന്നെ വിവരാവകാശ നിയമ പ്രകാരം ജൂറി ചെയര്‍മാന്‍ അടക്കം എത്ര ദിവസം കേരളത്തില്‍ ചലച്ചിത്രപ്രദര്‍ശനങ്ങള്‍ കാണാനുണ്ടായിരുന്നു എന്ന കാര്യം പുറത്തുകൊണ്ടുവരുമെന്നും ഇതിനെതിരെ ശക്തമായ പരാതിയുമായി മുമ്പോട്ടു പോകുമെന്നും ഡോ.ബിജു പറയുന്നുണ്ട്‌. അവാര്‍ഡ്‌ നിര്‍ണയം കൂടുതല്‍ ശാസ്‌ത്രീയമാക്കുമെന്നും നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്നും ചലച്ചിത്ര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറയുമ്പോള്‍ ചില പാളിച്ചകള്‍ നിലവിലുണ്ടെന്നത്‌ ശരിവെക്കുക തന്നെയാണ്‌.

അങ്ങനെയുള്ളപ്പോള്‍ നിലവിലുള്ള വിവാദങ്ങള്‍ ക്രിയാത്മക സംവാദങ്ങള്‍ വഴിയൊരുക്കിയാല്‍ നാളെകളിലെങ്കിലും പുരസ്‌കാര നിര്‍ണ്ണയങ്ങള്‍ നമുക്ക്‌ സാധ്യമാക്കാം. അതിനു വേണ്ടി വിവാദങ്ങള്‍ സംവാദങ്ങള്‍ക്ക്‌ വഴിമാറുമെന്നും കരുതാം.
വിവാദങ്ങള്‍ ബാക്കിയാക്കി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക