Image

പേരറിയാത്തവര്‍ പേരെടുക്കുമ്പോള്‍

ജയമോഹനന്‍. എം Published on 18 April, 2014
പേരറിയാത്തവര്‍ പേരെടുക്കുമ്പോള്‍
അങ്ങനെ ബുദ്ധിജീവികളുടെയും വരേണ്യവര്‍ഗത്തിന്റെയും കുത്തുകയായിരുന്ന അക്കാദമിക്‌ സിനിമയുടെ ലോകത്ത്‌ പേരറിയാത്ത ഒരാള്‍ കൂടി പേരെടുക്കുന്നു. മികച്ച നടനുള്ള ദേശിയ പുരസ്‌കാരം പേരറിയാത്തവന്‍ എന്ന ചിത്രത്തിലൂടെ സുരാജ്‌ വെഞ്ഞാറമൂടിന്‌ ലഭിക്കുമ്പോള്‍ ഏവരും ഒന്ന്‌ അമ്പരന്നിരിക്കാം. ഒരു മിമിക്രിക്കാരന്‍, അതും മുന്നാംകിട നിലവാരമുള്ള മിമിക്രിക്കാരന്‍, കോമാളി വേഷങ്ങളുടെ നടന്‍ ദേശിയ പുരസ്‌കാരം നേടി എന്നത്‌ പെട്ടന്ന്‌ അവിശ്വസനീയം എന്ന്‌ തോന്നും. എന്നാല്‍ താന്‍ വെറുമൊരു കോമാളിയായി മിക്ക സിനിമകളിലും സംവിധായകരാല്‍ ഉപയോഗിക്കപ്പെടുകയായിരുന്നുവെന്നും തന്റെ ഉള്ളിലെ നടനെ ആരും തിരിച്ചറിഞ്ഞില്ലെന്നും സുരാജ്‌ ഈ പുരസ്‌കാരത്തിലൂടെ വിളിച്ചു പറയുന്നുണ്ട്‌. മിമിക്രിക്കാരനെങ്കില്‍ പിന്നെ കോമാളി എന്ന മുദ്രകുത്തുന്ന മലയാള സിനിമയോട്‌ മൊത്തം മിമിക്രി ലോകത്തിന്‌ വേണ്ടി സുരാജ്‌ മധുര പ്രതികാരം ചെയ്‌തിരിക്കുന്നു.

കോര്‍പ്പറേഷനിലെ റോഡ്‌ ശുചീകരണ തൊഴിലാളിയുടെ ജീവിതമാണ്‌ ഡോ.ബിജു സംവിധാനം ചെയ്‌ത പേരറിയാത്തവന്‍ എന്ന സിനിമയുടെ പ്രമേയം. താഴേത്തട്ടിലുള്ള ഇത്തരം ജോലി ചെയ്‌തു പോന്നവര്‍ ആരെന്നോ, എന്തെന്നോ ആരും ചോദിക്കാറുമില്ല. നോക്കാറുമില്ല. നമുക്കു ചുറ്റും അവര്‍ വൃത്തിയാക്കുമ്പോഴും അവരെ പറ്റി ആരും ഓര്‍ക്കാറുമില്ല. അങ്ങനെ അവര്‍ക്കൊരു അസ്‌തിത്വമുണ്ടാകുന്നില്ല. അസ്‌ത്വിത്തം നല്‍കാന്‍ സമൂഹം തയാറാകുന്നില്ല. ഇവിടെയാണ്‌ അവര്‍ ഐഡന്റിറ്റിയില്ലാത്ത, പേരിന്‌ പ്രസക്തിയില്ലാത്ത അരികു ജീവിതങ്ങളായി മാറുന്നത്‌. ഇങ്ങനെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വ്യക്തിയാണ്‌ പേരറിയാത്തവന്‍ എന്ന സിനിമയിലെ സുരാജ്‌ വെഞ്ഞാറമൂടിന്റെ കഥാപാത്രം. ഈ കഥാപാത്രത്തെ അതീവ തന്മയിത്വത്തോടെ അവതരിപ്പിച്ചതിനാണ്‌ സുരാജ്‌ ദേശിയ പുരസ്‌കാരം നേടിയത്‌.

ദേശിയ പുരസ്‌കാരം സുരാജ്‌ വെഞ്ഞാറമൂടില്‍ എത്തുമ്പോള്‍ ഇതിനു മുമ്പ്‌ മലയാളത്തിലേക്ക്‌ ദേശിയ പുരസ്‌കാരം എത്തിച്ച നടന്‍മാരെക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌. 1973ല്‍ നിര്‍മാല്യത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ചുകൊണ്ട്‌ പി.ജെ ആന്റണിയാണ്‌ ആദ്യമായി ഭരത്‌ അവാര്‍ഡ്‌ മലയാളത്തിലേക്ക്‌ കൊണ്ടു വന്നത്‌. 1977ല്‍ കെടിയേറ്റത്തിലെ ശങ്കരന്‍ കുട്ടിയിലൂടെ ഭരത്‌ ഗോപിയും പുരസ്‌കാരം മലയാളത്തിലെത്തിച്ചു. 1980ല്‍ ഓപ്പോളിലെ അഭിനയത്തിന്‌ ബാലന്‍.കെ.നായര്‍ക്ക്‌ ഭരത്‌ പുരസ്‌കാരം ലഭിച്ചു. 1988 പിറവിയിലെ അഭിനയത്തിന്‌ പ്രേംജിക്കും മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചു. 1989ല്‍ ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവായി തിളങ്ങിയ മമ്മൂക്ക്‌ ഭരത്‌ പുരസ്‌കാരം ലഭിക്കുന്നു. 1991ല്‍ ഭരതത്തിലെ ഗോപിനാഥന്‍ എന്ന കഥാപാത്രത്തിന്‌ മോഹന്‍ലാലിലേക്കും ഭരത്‌ പുരസ്‌കാരമെത്തി. 1993ല്‍ വിധേയനിലെ ഭാസ്‌കരപട്ടേലരായി അഭിനയിച്ച മമ്മൂട്ടിക്ക്‌ വീണ്ടും ഭരത്‌ പുരസ്‌കാരം ലഭിച്ചു. 1997ല്‍ സമാന്തരങ്ങളിലെ ഇസ്‌മായില്‍ എന്ന കഥാപാത്രത്തിന്‌ ബാലചന്ദ്രമേനോനും ഭരത്‌ പുരസ്‌കാരം ലഭിച്ചു. 1998ല്‍ കളിയാട്ടത്തിലെ കണ്ണന്‍ പെരുമലയനെ അവതരിപ്പിച്ച സുരേഷ്‌ഗോപിക്ക്‌ ഭരത്‌ അവാര്‍ഡ്‌ ലഭിച്ചു. 98ല്‍ വീണ്ടും അംബേദ്‌കര്‍ എന്ന സിനിമയിലൂടെ മമ്മൂട്ടി ഭരത്‌ അവാര്‍ഡ്‌ നേടി. 99ല്‍ വാനപ്രസ്ഥത്തിലൂടെ മോഹന്‍ലാല്‍ ഭരത്‌ അവാര്‍ഡ്‌ മലയാളത്തിലെത്തിച്ചു. 2001ല്‍ നെയ്‌ത്തുകാരനിലെ അപ്പന്‍മേസ്‌തരിയായി അഭിനയിച്ച മുരളിയും ഭര്‌ത അവാര്‍ഡ്‌ മലയാളത്തിലെത്തിച്ചു. പിന്നീട്‌ 2010ല്‍ സലിംകുമാറിലൂടെയാണ്‌ ഭരത്‌ അവാര്‍ഡ്‌ മലയാളത്തില്‍ എത്തുന്നത്‌. ഇപ്പോഴിതാ 2014ല്‍ സുരാജ്‌ വെഞ്ഞാറമൂടിലൂടെയും ഭരത്‌ അവാര്‍ഡ്‌ മലയാളത്തിലേക്ക്‌.

ഇവിടെ സുരാജിനും സലിംകുമാറിനും മുമ്പ്‌ ഭരത്‌ പുരസ്‌കാരം നേടിയ നടന്‍മാരെ ശ്രദ്ധിച്ചാല്‍ മനസിലാകും അക്കദമിക്‌ സിനിമയില്‍ വലിയ ട്രാക്ക്‌ റിക്കോര്‍ഡുള്ളവരാണ്‌ അവരെല്ലാം. എന്നാല്‍ സമാന്തര സിനിമയുടെ അരികില്‍ പോലും വരാതെ പുറം തള്ളപ്പെട്ടവരായിരുന്നു സലിംകുമാറും, സുരാജ്‌ വെഞ്ഞാറമൂടുമൊക്കെ. അങ്ങനെ വരുമ്പോള്‍ സലിംകുമാറിനും സുരാജിനും ലഭിക്കുന്ന പുരസ്‌കാരങ്ങള്‍ക്ക്‌ ഒരു ഇരട്ടി മധുരം തന്നെയുണ്ട്‌.

ദേശിയ പുരസ്‌കാരം നേടിയ സുരാജ്‌ ഇനി വളരെയധികം സുക്ഷീക്കണമെന്ന്‌ സലിംകുമാര്‍ പറഞ്ഞതിന്റെ പ്രസക്തിയും ഇവിടെ തന്നെ. അവാര്‍ഡ്‌ ലഭിച്ചത്‌ മുന്‍നിരക്കാര്‍ക്കല്ലാത്തതിനാല്‍ സിനിമയില്‍ സുരാജ്‌ ഇനി വളരെ സൂക്ഷിക്കണമെന്നായിരുന്നു സലിംകുമാറിന്റെ ഓര്‍മ്മപ്പെടുത്തല്‍. തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ്‌ ഇങ്ങനെ പറയുന്നതെന്നും സുരാജ്‌ പറയുന്നു. ഇതില്‍ ചില യാഥാര്‍ഥ്യങ്ങള്‍ ഇല്ലാതെയുമില്ല. ദേശിയ പുരസ്‌കാരത്തിനു ശേഷം സലിംകുമാര്‍ പല സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടതും ചില പ്രത്യേക ഗ്രൂപ്പുകളുടെ സിനിമയില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ടതും തന്നെ ഉദാഹരണം. സിനിമകള്‍ കുറച്ചുവെന്ന്‌ സലിംകുമാര്‍ പറയുമ്പോഴും പലരും ചേര്‍ന്ന്‌ സലിംകുമാറിന്റെ സിനിമകള്‍ കുറച്ചുവെന്നതാണ്‌ യഥാര്‍ഥ്യം.

മികച്ച അഭിനയ പ്രതിഭ എന്നത്‌ ചിലര്‍ക്ക്‌ മാത്രം പതിച്ചു കൊടുക്കുന്ന ശീലമുള്ള മലയാള സിനിമയിലാണ്‌ സുരാജ്‌ ഈ നേട്ടം സ്വന്തമാക്കിയത്‌ എന്നിടത്താണ്‌ ഇനിയുള്ള നാളുകളില്‍ സുരാജിന്റെ പ്രസക്തിയും. സുരാജ്‌ വാസ്‌തുഹാരയിലെ മോഹന്‍ലാലിന്റെ പ്രകടനത്തിന്‌ ഒപ്പം നിന്നുവെന്നാണ്‌ ജൂറി കമ്മറ്റി പറഞ്ഞത്‌. സുരാജില്‍ മികച്ച നടനുണ്ട്‌ എന്നത്‌ ഇതിനു മുമ്പും പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌. സലിംകുമാറിന്റെ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചിരുന്നു സുരാജ്‌ വെഞ്ഞാറമൂുട്‌. സുരാജിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടിട്ടുള്ളത്‌ ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്‌ത ഗോഡ്‌ ഫോര്‍ സെയില്‍ എന്ന ചിത്രത്തിലെ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്റെ കഥാപാത്രത്തിലാണ്‌. മികച്ച തന്മയിത്വത്തോടെ മലയാളി സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തനിക്ക്‌ കഴിയുമെന്ന്‌ ചുരുക്കം ചിത്രങ്ങളിലൂടെയെങ്കിലും സുരാജ്‌ തെളിയിച്ചിട്ടുണ്ട്‌. എന്നാല്‍ സുരാജിനെ എഴുത്തുകാരും സംവിധായകരും പരിഗണിച്ചത്‌ ഒരു കോമാളിയുടെ മാത്രം വേഷത്തിലായിരുന്നു. തിരുവന്തപുരം നാട്ടുഭാഷ സംസാരിക്കുന്ന ഒരു കോമഡിയനെയായിരുന്നു സിനിമയില്‍ ആവിശ്യം. ഈ തിരുവനന്തപുരം ശൈലിയിലൂടെയാണ്‌ സുരാജ്‌ മലയാളത്തിലെ തിരക്കുള്ള താരമായി മാറിയതും.

എന്നാല്‍ തിരുവനന്തപുരം ഭാഷയും പറഞ്ഞ്‌ ഈ കോമഡിയന്‍ അധികകാലമൊന്നും മലയാള സിനിമയില്‍ പിടിച്ചു നില്‍ക്കില്ലെന്നായിരുന്നു ആദ്യകാലത്തെ വിലയിരുത്തല്‍. ഒരു ട്രെന്‍ഡിനപ്പുറം സുരാജ്‌ പോകില്ലെന്ന്‌ പറഞ്ഞവരും നിരവധി. എന്നാല്‍ നാട്ടുഭാഷയുടെ വഴക്കത്തിനപ്പുറം സുരാജില്‍ എനര്‍ജിയുള്ള ഒരു ആക്ടറുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ്‌ ഹാസ്യ നടനില്‍ നിന്നും നായക വേഷത്തില്‍ വരെയെത്താന്‍ സുരാജിന്‌ കഴിഞ്ഞത്‌. ഇപ്പോഴിതാ പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെ ദേശിയ പുരസ്‌കാരവും സുരാജ്‌ നേടിക്കഴിഞ്ഞു. നടന്‍ എന്ന നിലയില്‍ ഹാസ്യവേഷങ്ങളുടെ ബ്രാന്‍ഡിംഗില്‍ കുരുങ്ങുന്നതിനും അപ്പുറത്തേക്ക്‌ സുരാജ്‌ വളര്‍ന്നു കഴിഞ്ഞു. അതുകൊണ്ടു തന്നെ മിമിക്രി കലാകാരന്‍മാര്‍ എന്ന നിലയില്‍ മാറ്റിനിര്‍ത്തപ്പെടുന്ന എല്ലാ കലാകാരന്‍മാര്‍ക്കും അഭിമാനവും ഊര്‍ജ്ജവും നല്‍കുന്നതാണ്‌ സുരാജ്‌ വെഞ്ഞാറമൂടിന്റെ വളര്‍ച്ച.
പേരറിയാത്തവര്‍ പേരെടുക്കുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക