Image

വിശുദ്ധിയുടെ ലില്ലിപൂക്കളുമായി ഈസ്‌റ്റര്‍ (ഈസ്‌റ്റര്‍ സന്ദേശം: സുധീര്‍ പണിക്കവീട്ടില്‍)

Published on 19 April, 2014
വിശുദ്ധിയുടെ ലില്ലിപൂക്കളുമായി ഈസ്‌റ്റര്‍ (ഈസ്‌റ്റര്‍ സന്ദേശം: സുധീര്‍ പണിക്കവീട്ടില്‍)
ലോകത്തിന്റെ പാപം കഴുകികളയാന്‍ കര്‍ത്താവ്‌ കുരിശ്ശ്‌ മരണം വരിച്ചു എന്നാണ്‌ എല്ലാവരും വിശ്വസിക്കുന്നത്‌. എന്നാല്‍ യേശുദേവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിലൂടെയാണു അവന്‍ മനുഷ്യരെ രക്ഷിച്ചത്‌. അത്‌ കൊണ്ട്‌ കര്‍ത്താവ്‌ ഉയര്‍ത്തെഴുന്നേറ്റ ഞായാറാഴ്‌ച ആഹ്ലാദത്തോടെ പ്രത്യാശയോടെ വിശ്വാസികള്‍ ആഘോഷിക്കുന്നു. കര്‍ത്താവ്‌ ഉയര്‍ത്തെഴുന്നേറ്റില്ലായിരുന്നെങ്കില്‍ പ്രവചനങ്ങള്‍ വൃഥാവിലാകുമായിരുന്നു, വിശ്വാസം വൃഥാവിലാകുമായിരുന്നു. മനുഷ്യര്‍ക്ക്‌ നിത്യജീവന്‍ പ്രദാനം ചെയ്യാന്‍ ദൈവം അവനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു. അതുകൊണ്ടാണു യേശുദേവന്‍ പറഞ്ഞത്‌ `ഞാന്‍ ജീവനും പുനരുത്‌ഥാനവുമെന്ന്‌.'

ദൈവവചനങ്ങള്‍ ലംഘിച്ചുകൊണ്ട്‌ മനുഷ്യര്‍ പാപം ചെയ്യുക നിമിത്തം അവര്‍ മരിച്ചു പോകുന്നു. .ഇഹലോകജീവിതം കഷ്‌ടവും, ക്ലേശവും നിറഞ്ഞതാകുന്നു. നിന്നെ പൊടിയില്‍ നിന്ന്‌ എടുത്തു നീ പൊടിയിലേക്ക്‌ തന്നെ തിരിച്ചുപോകുന്നു എന്ന വചനം ശ്രദ്ധിക്കുക. അതില്‍ നിത്യജീവനെപറ്റി പറയുന്നില്ല. പാപം ചെയ്യുന്ന ആത്മാക്കള്‍ക്ക്‌ മരണമേയുള്ളു, അമരത്വമില്ല. സ്വന്തം സഹോദരനെ വെറുക്കുന്നവന്‍ കൊലയാളിയാണ്‌, കൊലയാളികള്‍ക്ക്‌ ഒരിക്കലും നിത്യ ജീവന്‍ ലഭിക്കുന്നില്ല. എന്നാല്‍ യേശുദേവനിലൂടെ, ദൈവവചനങ്ങള്‍ പാലിക്കുന്നതിലൂടെ അവര്‍ക്ക്‌ നിത്യജീവന്‍ നേടാമെന്ന്‌ വിശുദ്ധ ബൈബിള്‍ വചനങ്ങള്‍ വെളിപ്പെടുത്തുന്നു. വര്‍ഷം തോറും ഈസ്‌റ്റര്‍ ആഘോഷം ആ വചനങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസവും ഉറപ്പും ദൈവത്തില്‍ ആശ്രയിക്കുന്നവര്‍, വിശ്വസിക്കുന്നവര്‍ അനുഭവിച്ച്‌ ആനന്ദിക്കുന്നു, `നിര്‍ഭയരായിരിക്കുക, മരണത്തെ ഭയപ്പെടേണ്ടതില്ല, മരണം മനുഷ്യന്റെ അവസാനമല്ല എന്ന്‌ നമ്മെ ഈസ്‌റ്റര്‍ ഓര്‍മ്മിപ്പിക്കുന്നു. വിശ്വാസത്തോടെ സ്‌നാനമേറ്റവരെല്ലാം അവസാന കാഹളം മുഴങ്ങുമ്പോള്‍ കര്‍ത്താവില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു എന്ന്‌ വിശുദ്ധ ബൈബിള്‍ അറിയിക്കുന്നു.

ഈസ്‌റ്റര്‍ വരുന്നത്‌ വസന്തകാലത്താണെന്നുള്ളത്‌ ഒരു സൂചനയാണ്‌. ശീതകാലത്തിന്റെ വാല്‍മീകത്തില്‍ നിന്നു പ്രക്രുതി താരും തളിരുമണിഞ്ഞ്‌ ഉടുത്തൊരുങ്ങുന്ന വസന്തകാലം. അപ്പോള്‍ പുതു മുകുളങ്ങള്‍ തളിര്‍ക്കുന്നു. പൂങ്കുയിലുകള്‍ പാട്ടു പാടുന്നു. സന്തോഷത്തിന്റെ നല്ല ദിവസങ്ങള്‍ വാഗ്‌ദാനം ചെയ്യുന്ന മനോഹര സൂര്യോദയങ്ങള്‍. എല്ലവരിലും ഒരു പുത്തന്‍ ഉണര്‍വ്‌ കൈവരുന്നു. മണ്ണിന്റെ മാറില്‍ പ്രതീക്ഷകളുടെ വര്‍ണ്ണപൂക്കള്‍ വിടരുന്ന പോലെ മനുഷ്യ മനസ്സിലും പ്രത്യാശയുടെ പൂക്കാലം വരുന്നു.

കട്ടിയുള്ള തോടുള്ള മുട്ട യേശുദേവനെ അടക്കിയ ശവക്കല്ലറയെ പ്രതിനിധാനം ചെയ്യുന്നു എന്നും വിശ്വസിക്കുന്നവരുണ്ട്‌. കൂടാതെ മഗ്‌ദലന മറിയം യേശുദേവന്റെ ശവകല്ലറക്ക്‌ സമീപം പോയപ്പോള്‍ അവര്‍ ഒരു കൊട്ടയില്‍ മുട്ടകള്‍ കരുതിയിരുന്നത്രെ. അവിടെ വച്ച്‌ ഉയര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ അവര്‍ കണ്ടപ്പോള്‍ കയ്യില്‍ കരുതിയിരുന്ന മുട്ടകളുടെ നിറം കടും ചുവപ്പായി മാറി. മുട്ടയില്‍ നിന്നും പുറത്ത്‌ വരുന്ന കോഴിക്കുഞ്ഞുങ്ങള്‍ പ്രതീകമാക്കുന്നത്‌ നവജീവനെയാണ്‌, ഇതും കര്‍ത്താവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പുമായി വിശ്വാസികള്‍ ബന്ധിപ്പിക്കുന്നു,

എന്നാല്‍ ഈസ്റ്ററിന്റെ ഭാഗമായി നമ്മള്‍ ആഘോഷിക്കുന്ന ബണ്ണികളെപ്പറ്റി, മുയലിനെപ്പറ്റി ബൈബിളില്‍ പരാമര്‍ശമില്ല. എങ്കിലും അവ ഉയര്‍ത്തെഴുന്നേല്‍പ്പുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഈസ്‌റ്റര്‍ ബണ്ണികളെ അമേരിക്കയിലേക്ക്‌ കൊണ്ട്‌ വന്നത്‌ ജര്‍മ്മനിയില്‍ നിന്നൂള്ള കുടിയേറ്റകാരാണെന്ന്‌ വിശ്വസിച്ചു വരുന്നു, മുയലുകള്‍ മുട്ടയിടുന്നുവെന്നും അവ തോട്ടത്തിലുണ്ടാകുന്ന കൂടുകളില്‍ ഒളിച്ചു വെയ്‌ക്കുന്നുവെന്നും അവര്‍ വിശ്വസിച്ചു. കൂടുകള്‍ പിന്നീട്‌ കൂടകളായി. മുട്ടകള്‍ തോട്ടത്തില്‍ മാതാ-പിതാക്കള്‍ ഒളിച്ച്‌ വക്കുന്നതും കുട്ടികള്‍ അവ തേടുന്നതും ആഘോഷത്തിന്റെ ഭാഗമായി. പുരാതനകാലം മുതല്‍ മുയലുകള്‍ വസന്തകാലവുമായി ബന്ധപ്പെട്ടിരുന്നു. ഇതിനു ഒരു കാരണം ബഹുദൈവങ്ങളെ വിശ്വസിച്ചിരുന്ന ജര്‍മ്മന്‍ ജനത ഇയോസ്‌ട്ര എന്ന ഒരു ദേവതയെ ആരാധിച്ചിരുന്നു. (ഇവരില്‍ നിന്നാണ്‌ ഈസ്‌റ്റര്‍ എന്ന പദം വന്നത്‌ എന്നും കരുതുന്നവരുണ്ട്‌.) അവര്‍ വസന്തത്തിന്റേയും ഫലപുഷ്‌ടിയുടേയും ദേവതയായി കരുതിപോന്നു. അവരുടെ അടയാളമായിരുന്നു മുയല്‍.ല്‌പധാരാളം കുഞ്ഞുങ്ങളെ പ്രസ്വിക്കുന്ന, കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ തന്നെ വീണ്ടും ഗര്‍ഭം ധരിക്കാന്‍ കഴിവുള്ള ഈ കൊച്ചു മൃഗത്തെ ഫലപുഷ്‌ടിയുടെ പ്രതീകമായി കണ്ടതില്‍ അത്ഭുതമില്ല. പീറ്റര്‍ എന്ന പഞ്ഞിവാലന്‍ മുയലിനെ കുറിച്ച്‌ ഒരു ഇംഗ്ലീഷ്‌ കവിതയുണ്ട്‌. അതിന്റെ ഏകദേശ വിവര്‍ത്തനം ഇതു വായിക്കുന്നവര്‍ക്ക്‌ കൗതുകമാണെന്നു കരുതി ചെയ്യുന്നു. പഞ്ഞിവാലന്‍ പീറ്റര്‍ മുയല്‍ കൂട്ടങ്ങളെ പിന്തുടര്‍ന്ന്‌ ചാടി ചാടി വരുന്നു. റബ്ബര്‍ പന്തു പോലെ തുള്ളി തുള്ളി ഈസ്‌റ്റര്‍ വരവായി എന്ന്‌ അറിയിച്ചുകൊണ്ട്‌ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സന്തോഷം നിറച്ച കൂടയുമായി, ഈസ്‌റ്റര്‍ ആനന്ദപ്രദമാക്കാന്‍ അവന്‍ ജെല്ലി ബീന്‍സും നിറം പിടിപ്പിച്ച മുട്ടകളുമായി വരുന്നു.ല്‌പ ഒരു ഈസ്‌റ്റര്‍ തൊപ്പിയും ഓര്‍ക്കിഡ്‌ പൂക്കളുമായി വരുന്നു. അവനെ നോക്കു, എന്താണവന്‍ പറയുന്നത്‌, നിങ്ങള്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍ ചെയ്യുക. ഒരു പക്ഷെ നിങ്ങള്‍ അവ നന്നായി ചെയ്‌താല്‍ അവന്‍ നിങ്ങള്‍ക്കൊപ്പം മുട്ടകള്‍ ഉരുട്ടാന്‍ സഹായിക്കും. ഈസ്‌റ്റര്‍ ദിവസം രാവിലെ നിങ്ങള്‍ ചോക്കളേയ്‌റ്റ്‌ ബണ്ണികളെ കാണുമ്പോള്‍ മനസ്സിലാക്കുക അവന്‍ വന്നിരുന്നു. ഈസ്‌റ്ററിന്റെ അര്‍ത്‌ഥം മനസ്സിലാക്കാന്‍ കഴിവിക്ലാത്ത കുട്ടികളെ ഏറെ സന്തോഷിപ്പിക്കുന്നതാണു ഈസ്‌റ്റര്‍ ബണ്ണിയും, നിറം പിടിപ്പിച്ച മുട്ടകളും.

ഈസ്‌റ്ററില്‍ കാണുന്ന പൂക്കളാണു ശുഭ്രമായ നല്ല ലില്ലി പൂക്കള്‍. ലില്ലി പൂക്കള്‍ വസന്തത്തിന്റെ പ്രതീകമായി കണക്കാക്കുമ്പോള്‍ തന്നെ അത്‌ പരിശുദ്ധിയുടേയും, പുനര്‍ജനിയുടേയും, പുതുജീവന്റേയും പ്രതീകമായും കരുതിപോരുന്നു, ഗെത്‌സ്‌മന ഉദ്യാനത്തില്‍ യേശുദേവന്റെ കണ്ണുനീര്‍ത്തുള്ളികള്‍ വീണ മണ്ണില്‍ നിന്നും മുളച്ചതാണു ലില്ലി ചെടിയെന്ന വിശ്വാസം ഈ ചെടിയിലെ പൂവ്വിനു ഒരു ദിവ്യ പരിവേഷം കൊടുക്കുന്നു., വസന്തത്തിന്റെ എല്ലാ വഗ്‌ദാനങ്ങളും ഈ പുഷ്‌പം അതിന്റെ സുഗന്ധത്തില്‍ ഒതുക്കുന്നു. പറുദീസയില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ ചെയ്‌ത തെറ്റോര്‍ത്ത്‌ ദുഃഖിതയായി പൊട്ടിക്കരഞ്ഞ ആദിമാതാവിന്റെ കണ്ണുനീര്‍ത്തുള്ളികള്‍ വീണെടത്തും ഈ ചെടി വളരുന്നു എന്ന്‌ വിശ്വസിക്കുന്നവരുണ്ട്‌. വാസ്‌തവത്തില്‍ അപരാധങ്ങള്‍ മനസ്സിലാക്കി അനുതപിച്ചാല്‍ ലില്ലി പൂക്കളുടെ വിശുദ്ധി കൈവരുമെന്നാണീ കഥകള്‍ പഠിപ്പിക്കുന്നത്‌. `പ്രത്യാശയുടെ ശ്വേതാംമ്പരനായ ധര്‍മ്മദൂതന്‍' എന്ന്‌ ഈ പൂവ്വിനെ വിളിക്കുന്നു,

ഈസ്‌റ്റര്‍ ബണ്ണിയും, നിറം പിടിപ്പിച്ച മുട്ടകളും ആഘോഷത്തിനു മാറ്റു കൂട്ടുമ്പോള്‍ അവനവന്റെ തെറ്റുകളില്‍ അനുതപിക്കാനും പ്രത്യാശ കൈവിടാതിരിക്കാനും ശ്രമിക്കേണ്ടതാണ്‌. ബൈബിളിലെ ജോഷ്വായെപ്പോലെ കണ്ണുകളുയര്‍ത്തി അത്മീയ ചൈത്യന്യത്തിന്റെ ഔന്നത്യം കാണുക. അത്യുന്നതങ്ങളില്‍ വാഴുന്ന ദൈവത്തിന്റെ കല്‍പ്പനകളെ അനുസരിക്കുക. എത്രയോ പുണ്യാത്മാക്കളുടെ ജന്മത്താല്‍ പരിപാവനമാണ്‌ ഈ ഭൂമി. ഈ മണ്ണിലൂടെ ദൈവപുത്രന്‍ നടന്നു എന്നു നമ്മള്‍ ബൈബിളില്‍ വായിക്കുന്നു. അഹന്തയുടേയും വിദ്വേഷത്തിന്റേയും ചെരിപ്പുകള്‍ അഴിച്ചുമാറ്റുക ഈ ഭൂമി വിശുദ്ധമാണന്നറിയുക.. വയലില്‍ വളരുന്ന ലില്ലിപൂക്കളെപോലെ വിശുദ്ധി കൈവരിക്കുക. പാപങ്ങള്‍ ദൈവ സന്നിധിയില്‍ ഏറ്റു പറഞ്ഞ്‌ നന്മ്‌നിറഞ്ഞവരായിരിക്കുക. യേശുദേവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്‌ എക്ലാവര്‍ക്കും പ്രത്യാശ നല്‍കുന്നു.

എല്ലാവര്‍ക്കും ഈസ്‌റ്റര്‍ ആശംസകള്‍.

ശുഭം
വിശുദ്ധിയുടെ ലില്ലിപൂക്കളുമായി ഈസ്‌റ്റര്‍ (ഈസ്‌റ്റര്‍ സന്ദേശം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക