Image

ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ കേരള സമൂഹത്തിന് അപമാനം

Published on 15 November, 2011
ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ കേരള സമൂഹത്തിന് അപമാനം

തിരുവനന്തപുരം: കേരളത്തിലെ ചില രാഷ്ട്രീയ നേതൃത്വങ്ങളുടെ സാസ്‌കാരിക അധ:പതനം ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കുന്നതും കേരളസമൂഹത്തിനൊന്നാകെ അപമാനമായിരിക്കുന്നതുമാണെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍.

സാക്ഷരതയിലും, രാഷ്ട്രീയ പ്രബുദ്ധതയിലും, വിദ്യാഭ്യാസരംഗത്തും മുന്നിട്ടുനില്‍ക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനസമൂഹത്തെ നയിക്കുന്ന നേതാക്കള്‍ പരസ്പരം ആക്ഷേപിച്ചും അവഹേളിച്ചും ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്. മാധ്യമശ്രദ്ധ പിടിച്ചുപറ്റുവാന്‍ ഏതുഭാഷയും ഉപയോഗിക്കുന്നവര്‍ സ്വയം അപമാനമേറ്റുവാങ്ങുകയും പൊതുസമൂഹത്തിന്റെ മുമ്പില്‍ അസ്വീകാര്യരാകുകയുമാണെന്നുള്ള വസ്തുത മറക്കരുതെന്ന് അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ജനാധിപത്യ സംവിധാനത്തിന്റെ നന്മയും പരിശുദ്ധിയും കാത്തുസൂക്ഷിച്ച്, ജനങ്ങളോട് പെരുമാറ്റത്തിലും പ്രവര്‍ത്തിയിലും ഉത്തരവാദിത്വവും മാന്യതയും പുലര്‍ത്തി പ്രവര്‍ത്തിക്കേണ്ടവരാണ് ജനപ്രതിനിധികള്‍. ഇവര്‍ ജനാധിപത്യത്തിന്റെ അടിത്തറ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നതും മൂല്യങ്ങള്‍ കാറ്റില്‍പറത്തുന്നതും വേദനാജനകമാണ്. സമൂഹത്തിന് മാതൃകയും രാഷ്ട്ര നിര്‍മ്മിതിക്ക് കരുത്തും ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ്മപദ്ധതികളും നടപ്പിലാക്കേണ്ട ജനനേതാക്കള്‍ പരസ്പര ആക്ഷേപങ്ങളിലൂടെ കേരളമക്കളുടെ അന്തസും മാന്യതയും സാംസ്‌കാരിക പൈതൃകവും തകര്‍ക്കുന്നത് മാപ്പര്‍ഹിക്കുന്നില്ല. എന്തിനും പ്രതികരിക്കുന്ന സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും ഇത്തരം രാഷ്ട്രീയ അപജയത്തിന്റെയും സാംസ്‌കാരിക മലിനീകരണത്തിന്റെയും മുന്നില്‍ നിശബ്ദത പാലിക്കുന്നത് ലജ്ജാകരം തന്നെ.

കര്‍ഷക ആത്മഹത്യയും, വികസന മാന്ദ്യവും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ ഒട്ടനവധി പ്രശ്‌നങ്ങളും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ക്ക് പരിഹാരം കാണാതെ ഭരണസംവിധാനങ്ങള്‍ വീര്‍പ്പുമുട്ടുമ്പോള്‍, ഭരണപ്രതിപക്ഷങ്ങള്‍ നടത്തുന്ന ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ ജനസമൂഹം പുച്ഛത്തോടെയാണ് വീക്ഷിക്കുന്നതെന്ന് വിസി സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.



അഡ്വ.വിസി സെബാസ്റ്റ്യന്‍
സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക