Image

നിര്‍മാതാവിന്‍െറ പിഴവ് കാരണം കാര്‍ത്തിക് അപമാനിക്കപ്പെട്ടു -കമല്‍

Published on 22 April, 2014
നിര്‍മാതാവിന്‍െറ പിഴവ് കാരണം കാര്‍ത്തിക് അപമാനിക്കപ്പെട്ടു -കമല്‍
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മികച്ച ഗായകനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഗായകന്‍ കാര്‍ത്തിക്കിനെ അപമാനിക്കുന്നതായി മാറിയെന്ന് സംവിധായകന്‍ കമല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. നിര്‍മാതാവിന്‍െറ ഭാഗത്തുള്ള പിഴവാണ് അവാര്‍ഡ് മാറിപ്പോകാന്‍ ഇടയായത്. അവാര്‍ഡിനായി നാമനിര്‍ദേശം സമര്‍പ്പിക്കുമ്പോള്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ എല്ലാ വിവരങ്ങളും സത്യമാണെന്ന് പറഞ്ഞ് ഒപ്പിടുന്നത് നിര്‍മാതാവാണ്. സത്യവാങ്മൂലം വിശ്വസിക്കേണ്ട ചുമതലയേ അക്കാദമിക്കുള്ളൂ.

ഈ സിനിമയില്‍ പാടിയത് കാര്‍ത്തിക് ആണെന്ന് നിര്‍മാതാവ് പറയുന്നു. അക്കാദമി അത് മുഖവിലക്കെടുത്ത് അവാര്‍ഡ് നല്‍കി. ഗായകന്‍ വേറെയാളാണെന്ന് പിന്നീട് വെളിപ്പെടുത്തലുണ്ടാകുമ്പോള്‍ അക്കാദമിക്കു വേണമെങ്കില്‍ കള്ള സത്യവാങ്മൂലം നല്‍കിയതിന് നിര്‍മാതാവിനെതിരെ കേസ് കൊടുക്കാം.

സിനിമയിലെ പാട്ടാണ് അവാര്‍ഡിനായി ജൂറി പരിഗണിക്കേണ്ടത്. സീഡി നല്‍കുന്നത് സിനിമയിലെ പാട്ടിന്‍െറ ഏതെങ്കിലും ഭാഗം വ്യക്തമല്ലാതെ വന്നാല്‍ കേള്‍ക്കാന്‍ വേണ്ടിയാണ്. നിര്‍മാതാവിനോ സംവിധായകനോ ഏതു പാട്ട് വേണമെങ്കിലും സിനിമയില്‍ ഉപയോഗിക്കാം. യേശുദാസിന്‍െറ പാട്ടുപോലും പലപ്പോഴും തന്‍െറ സിനിമയിലടക്കം ഉപയോഗിക്കാതിരുന്നിട്ടുണ്ട്. ഗായകരെ ഇക്കാര്യം അറിയിക്കുന്നതും അറിയിക്കാതിരിക്കുന്നതും ധാര്‍മികതയുടെ പ്രശ്നം മാത്രമാണ്. അതൊക്കെ സംവിധായകന്‍െറ സ്വാതന്ത്ര്യമാണ്. എന്നാല്‍, അവാര്‍ഡിന് നാമനിര്‍ദേശം സമര്‍പ്പിക്കുമ്പോള്‍ നിര്‍മാതാവ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക