Image

യുഎസ്‌ വിദ്യാര്‍ഥി വീസ ലഭിക്കാനുള്ള നടപടികളള്‍ ഉദാരമാക്കി (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 15 November, 2011
യുഎസ്‌ വിദ്യാര്‍ഥി വീസ ലഭിക്കാനുള്ള നടപടികളള്‍ ഉദാരമാക്കി (അങ്കിള്‍സാം വിശേഷങ്ങള്‍)
വാഷിംഗ്‌ടണ്‍: വിദ്യാര്‍ഥികള്‍ക്കുള്ള യുഎസ്‌ വീസ ലഭിക്കാനുള്ള കാത്തിരുപ്പ്‌ കാലാവധി(വെയ്‌റ്റ്‌ പീരിയഡ്‌) 15 ദിവസമാക്കി കുറച്ചുകൊണ്‌ട്‌ വിദ്യാര്‍ഥി വീസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ യുഎസ്‌ ഉദാരമാക്കി. ഇനി മുതല്‍ അക്കാഡമിക്‌ സെഷന്‍ ആരംഭിക്കുന്നതിന്‌ 120 ദിവസം മുമ്പ്‌ തന്നെ വിദ്യാര്‍ഥികള്‍ക്ക്‌ വീസാ അപേക്ഷ നല്‍കാമെന്നും യുഎസ്‌ വിദേശകാര്യവകുപ്പ്‌ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആഗോളതലത്തില്‍ വിദ്യാര്‍ഥി വീസ ലഭിക്കുന്നതിനുള്ള കാത്തിരുപ്പ്‌ കാലാവധി 15 ദിവസത്തില്‍ കുറവാണെന്നതാണ്‌ യുഎസ്‌ വിദേശകാര്യവകുപ്പിന്റെ ഇപ്പോഴത്തെ തീരുമാനത്തിന്‌ പിന്നില്‍.

ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്‌ ഏറെ ഗുണകരമാകുന്നതാണ്‌ പുതിയ തീരുമാനം. വിദേശവിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക, വൈജ്ഞാനിക മേഖലകളിലെ വളര്‍ച്ചയ്‌ക്കു നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്താണ്‌ നടപടിയെന്നും യുഎസ്‌ വിദേശകാര്യവകുപ്പ്‌ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്‌ട്‌.

പ്രക്ഷോഭങ്ങള്‍ക്ക്‌ നേരെ കര്‍ശന നടപടി

പോര്‍ട്ട്‌ലന്‍ഡ്‌: കുത്തകകളെ സംരക്ഷിക്കുന്ന സാമ്പത്തിക നയങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ അമേരിക്കയില്‍ തുടരുന്ന `പിടിച്ചെടുക്കല്‍ പ്രക്ഷോഭങ്ങള്‍' അടിച്ചമര്‍ത്താന്‍ ഭരണകൂടം കര്‍ശന നടപടി ആരംഭിച്ചു. ഓക്‌ലന്‍ഡിലെയും കാലിഫോര്‍ണിയയിലെയും പ്രതിഷേധക്കാരെ പോലീസ്‌ ഒഴിപ്പിച്ചു. മുപ്പതോളം പേരെ ഇവിടെ നിന്ന്‌ പോലീസ്‌ അറസ്റ്റു ചെയ്‌തു. യൂട്ടായിലെ സാള്‍ട്ട്‌ലേക്ക്‌ സിറ്റിയില്‍ സമരം ചെയ്യുകയായിരുന്ന നൂറുകണക്കിന്‌ പേരെ കഴിഞ്ഞ ദിവസം അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. ഡെന്‍വറില്‍ സമരക്കാരുടെ കുടിലുകള്‍ പോലീസ്‌ അടിച്ചുതകര്‍ത്തു.

17 പേര്‍ അറസ്റ്റിലായിട്ടുണ്‌ട്‌. ഫിലാഡല്‍ഫിയ നഗരത്തില്‍ പോലീസ്‌ പട്രോളിങ്‌ ശക്തിപ്പെടുത്താന്‍ മേയര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിട്ടുണ്‌ട്‌. പോലീസും സമരക്കാരും തമ്മില്‍ രൂക്ഷ ഏറ്റുമുട്ടലുണ്‌ടായ ഓക്‌ ലന്‍ഡിലെ സമരകേന്ദ്രത്തില്‍ നിന്ന്‌ പിന്‍വാങ്ങാന്‍ നഗരഭരണകൂടം മൂന്നാമത്‌ നോട്ടീസ്‌ അയച്ചു. സെന്‍റ്‌ ലൂയിസ്‌ മേയറും സമരക്കാര്‍ക്ക്‌ ക്യാമ്പ്‌ അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്‌ട്‌. മഞ്ഞുകാലം ആരംഭിച്ചതോടെ സമരക്കാരുടെ എണ്ണത്തില്‍ കുറവുണ്‌ടായിട്ടുണ്‌ട്‌. ഈ അവസരം പ്രയോജനപ്പെടുത്തി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനാണ്‌ നഗരഭരണകൂടങ്ങള്‍ ലക്ഷ്യമിടുന്നത്‌.

ഒറിഗോണ്‍ സംസ്ഥാനത്തെ പോര്‍ട്ട്‌ലന്‍ഡിലുള്ള സമരകേന്ദ്രത്തില്‍ നിന്ന്‌ പ്രക്ഷോഭകരെ തുരത്താന്‍ നൂറുകണക്കിനു പോലീസുകാരാണ്‌ കഴിഞ്ഞ ദിവസം അണിനിരന്നത്‌. ഒഴിഞ്ഞുപോവാന്‍ വിസമ്മതിച്ച സമരക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒട്ടേറെ പേര്‍ക്ക്‌ പരിക്കേറ്റു. സമരം തുടര്‍ന്നാല്‍ ആയുധങ്ങള്‍ ഉപയോഗിക്കേണ്‌ടിവരുമെന്ന്‌ പോലീസ്‌ സമരക്കാര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്‌ട്‌. സമരകേന്ദ്രങ്ങള്‍ അരാജക പ്രവര്‍ത്തനങ്ങളുടെ താവളങ്ങളാവുന്നതായി ആരോപിച്ചാണ്‌ നഗരഭരണകൂടം നടപടി ശക്തമാക്കുന്നത്‌.

ഈഗിള്‍ എയര്‍ലൈന്‍സിന്‌ 9 ലക്ഷം ഡോളര്‍ പിഴ

ന്യൂയോര്‍ക്ക്‌: യാത്രക്കാരെ മണിക്കൂറുകളോളം വിമാനത്തിനുള്ളില്‍ ഇരുത്തിയ ഈഗിള്‍ എയര്‍ലൈന്‍സിന്‌ 9 ലക്ഷം ഡോളര്‍ പിഴ. യുഎസ്‌ ഗതാഗത വകുപ്പാണ്‌ പിഴ വിധിച്ചത്‌. ഷിക്കാഗോയിലെ `ഒ' ഹാരെ അന്താരാഷ്‌ട്ര വിമാനവത്താവളത്തില്‍ വിമാനം ലാന്‍ഡ്‌ ചെയ്‌തതിനുശേഷം തങ്ങളുടെ പതിനഞ്ചോളം വിമാനങ്ങളില അറുന്നൂറോളം യാത്രക്കാരെ ടെര്‍മിനലില്‍ പോകാന്‍ അനുവദിക്കാതെ മൂന്നു മണിക്കൂര്‍ വിമാനത്തിനുള്ളില്‍ കാത്തു നിര്‍ത്തിയതിനാണ്‌ ഗതാഗതവകുപ്പ്‌ വന്‍ പിഴ ചുമത്തിയത്‌.

വിമാനങ്ങള്‍ വൈകിയതുമൂലമാണ്‌ യാത്രക്കാര്‍ക്ക്‌ വിമാനത്തിനുള്ളില്‍ തന്നെ ഇരിക്കേണ്‌ടി വന്നത്‌. വിമാനങ്ങള്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കണമെന്ന ടാര്‍മാക്‌ നിയമം 2010ല്‍ പ്രാബല്യത്തില്‍ വന്നശേഷം ആദ്യമായാണ്‌ ഒരു വിമാനക്കമ്പനിക്ക്‌ ഇത്രയും വലിയ പിഴ ചുമത്തുന്നത്‌. പിഴയില്‍ ആറരലക്ഷം ഡോളര്‍ ഒരു മാസത്തിനുള്ളില്‍ കെട്ടിവെയ്‌ക്കണം. ശേഷിക്കുന്ന തുക യാത്രക്കാര്‍ക്കുള്ള ട്രാവല്‍ മൈലേജ്‌ കൂപ്പണായി ഇഷ്യു ചെയ്യാമെന്നും ഗതാഗതവകുപ്പ്‌ വ്യക്തമാക്കിയിട്ടുണ്‌ട്‌.

ചീങ്കണ്ണി ആക്രമണത്തിനെതിരെ ഒബാമയ്‌ക്ക്‌ ഓസ്‌ട്രേലിയയില്‍ ഇന്‍ഷൂറന്‍സ്‌

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനം തുടങ്ങാനിരിക്കുന്ന യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയ്‌ക്ക്‌ ഒരു അപ്രതീക്ഷിത ഇന്‍ഷൂറന്‍സ്‌. ടിയോ എന്ന പ്രാദേശിക ഇന്‍ഷൂറന്‍സ്‌ കമ്പനിയാണ്‌ ഓസ്‌ട്രേലിയയില്‍ രണ്‌ടു ദിവസത്തെ സന്ദര്‍ശനം നടത്തുന്ന ഒബാമയ്‌ക്ക്‌ ചീങ്കണ്ണിയാക്രമണത്തില്‍ നിന്ന്‌ സംരക്ഷണം നല്‍കുന്നതിനായി ഇന്‍ഷൂറന്‍സ്‌ പരിരക്ഷ ഏര്‍പ്പെടുത്തിയത്‌. ചീങ്കണ്ണിയാക്രമണത്തിന്‌ പേരുകേട്ട ഡാര്‍വിന്‍ നഗരത്തിലും രണ്‌ടു ദിവസത്തെ പര്യടനത്തിനിടെ ഒബാമ സന്ദര്‍ശനം നടത്തുന്നുണ്‌ട്‌.

സന്ദര്‍ശനത്തിനിടെ ഒബാമയെ ചീങ്കണ്ണിയാക്രമിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌താല്‍ 50,870 യുഎസ്‌ ഡോളര്‍ ഇന്‍ഷൂറന്‍സ്‌ തുകയായി ലഭിക്കുമെന്നാണ്‌ കമ്പനി പറയുന്നത്‌. കഴിഞ്ഞ 20 വര്‍ഷമായി ചീങ്കണ്ണിയാക്രമണത്തില്‍പ്പെടുന്നവര്‍ക്ക്‌ ഇന്‍ഷൂറന്‍സ്‌ സംരക്ഷണം നല്‍കുന്ന സ്ഥാപനമാണ്‌ ടിയോ. ഇന്‍ഷൂറന്‍സ്‌ പോളിസിയുടെ ഒരു പകര്‍പ്പ്‌ ഒബാമയക്ക്‌ നേരിട്ടു കൈമാറാനും കമ്പനിക്ക്‌ പദ്ധതിയുണ്‌ട്‌. ഓസ്‌ട്രേലിയയില്‍ പ്രതിവര്‍ഷം രണ്‌ടു പേരെങ്കിലും ചീങ്കണ്ണിയാക്രമണത്തില്‍ മരണമടയാറുണ്‌ട്‌.

അപെക്‌ വേദിയില്‍ ചൈന-അമേരിക്ക പോര്‌

ഹൊണോലുലു: വികസ്വരരാജ്യമായി നടക്കാതെ വികസിതരാജ്യമായി പെരുമാറണമെന്ന്‌ ചൈനയ്‌ക്ക്‌ യു.എസ്‌. പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ ശാസന. ചൈനയുടെയും അമേരിക്കയുടെയും താത്‌പര്യ സംഘട്ടനംകൊണ്‌ട്‌ വാര്‍ത്താപ്രാധാന്യം നേടിയ ഏഷ്യാപസഫിക്‌ സഹകരണ (അപെക്‌) ഉച്ചകോടി വേദിയിലെ അടച്ചിട്ട ചര്‍ച്ചകളിലാണ്‌ ഒബാമ ചൈനയ്‌ക്കെതിരെ കടുത്തവാക്കുകള്‍ ആവര്‍ത്തിച്ചത്‌.

ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ സമൂഹമായിട്ടും ചൈനീസ്‌ വിപണിയില്‍ തങ്ങള്‍ നേരിടുന്ന വിഷമങ്ങള്‍ പ്രസിഡന്റിനു മുന്നില്‍ നിരത്തിയ അമേരിക്കന്‍ വ്യവസായികളുടെ മുന്നില്‍ ഒബാമ ചൈനയുമായുള്ള സൗഹൃദബന്ധമാണ്‌ വരച്ചിട്ടത്‌. എന്നാല്‍ ചൈനയുമായുള്ള രഹസ്യചര്‍ച്ചകളില്‍ ഒബാമ കടുത്ത നിലപാട്‌ സ്വീകരിച്ചു. അമേരിക്കന്‍ താത്‌പര്യങ്ങള്‍ക്ക്‌ വിഘാതമാവുന്ന രീതിയില്‍ ചൈന കറന്‍സിയുടെ വിപണന മൂല്യം കൃത്രിമമായി ഇടിക്കുന്നതും ബൗദ്ധികസ്വത്താവകാശസംരക്ഷണവുമെല്ലാം വിമര്‍ശന വിധേയമായി. വാണിജ്യത്തില്‍ എല്ലാവര്‍ക്കും ബാധകമായ നിയമങ്ങള്‍ ചൈനയും പാലിക്കണമെന്ന്‌ ഒബാമ ആവശ്യപ്പെട്ടു.

ആഗോളവിപണിയിലെ വര്‍ധിക്കുന്ന ചൈനീസ്‌ പങ്കാളിത്തമാണ്‌ അമേരിക്കയെ പ്രകോപിപ്പിക്കുന്നത്‌. ചൈനയുടെ സാമ്പത്തിക നയവ്യതിയാനത്തില്‍ അമേരിക്കന്‍ ജനതയും വ്യവസായികളും അക്ഷമരും നിരാശരുമാണെന്ന്‌ ഒബാമ തുറന്നടിച്ചു. അമേരിക്കന്‍ സമ്മര്‍ദത്തിനുമുന്നില്‍ തലകുനിച്ചുവെന്ന ചീത്തപ്പേര്‌ ചൈനീസ്‌ അധികൃതര്‍ക്ക്‌ പ്രയാസമാവുമെന്നതിനാലാണ്‌ ഒബാമ കടുത്ത വാക്കുകള്‍ രഹസ്യയോഗത്തില്‍ പ്രയോഗിച്ചതെന്ന്‌ യു.എസ്‌. വൃത്തങ്ങള്‍ അവകാശപ്പെട്ടു. അതേസമയം, ലോകത്തെ ഏറ്റവും വലിയ സ്വതന്ത്രവ്യാപാരമേഖല സൃഷ്ടിക്കുകയെന്ന അമേരിക്കയുടെ ലക്ഷ്യം ഉച്ചകോടിയില്‍ വിജയം കണ്‌ടു. ജപ്പാനു പുറമേ കാനഡയും മെക്‌സിക്കോയും ഗ്രൂപ്പില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പച്ചെത്തിയത്‌ ഒബാമയുടെ വിജയമാണ്‌. എന്നാല്‍ നിയമബാധ്യതയില്ലാത്ത ഉടമ്പടി വലിയ പ്രയോജനം ചെയ്യില്ലെന്നാണ്‌ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക