Image

കൊലുസ്സിട്ട പെണ്‍കുട്ടി (ചെറുകഥ: ബിജോ ജോസ്‌ ചെമ്മാന്ത്ര)

Published on 24 April, 2014
കൊലുസ്സിട്ട പെണ്‍കുട്ടി (ചെറുകഥ: ബിജോ ജോസ്‌ ചെമ്മാന്ത്ര)
സ്‌കൂളിലെ ഗ്രൂപ്പ്‌ ഫോട്ടോയില്‍ നിന്നെടുത്ത പെണ്‍കുട്ടിയുടെ പുഞ്ചിരിക്കുന്ന ചിത്രമായിരുന്നു പത്രത്തിലെ വാര്‍ത്തയോടൊപ്പം ഉണ്ടായിരുന്നത്‌. ഭംഗിയായി പിന്നിയിട്ട തലമുടി പെണ്‍കുട്ടിയുടെ തോളിന്റെ ഇരുവശങ്ങളിലൂടെ മുന്നോട്ടിട്ടിരുന്നു. ആ തിളങ്ങുന്ന വലിയ കണ്ണുകളിലേക്ക്‌ അയാള്‍ നോക്കി. ചുറ്റും നിറഞ്ഞ കറുത്ത മെല്ലിച്ച അക്ഷരക്കൂട്ടങ്ങളുടെ ആക്രമണം അവളുടെ മുഖത്ത്‌ ഭയത്തിന്റെ നേരിയ നിഴല്‍ വീഴ്‌ത്തിയിരുന്നതായി അയാള്‍ക്ക്‌ തോന്നി. വായനശാലയിലെ ഇരുണ്ട ഉള്‍മുറിയില്‍ സൂക്ഷിച്ച പൊടിപിടിച്ച പത്രക്കെട്ടിനിടയില്‍ നിന്നും വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ്‌ രണ്ടാഴ്‌ച മുമ്പിറങ്ങിയ ആ പത്രം അയാള്‍ കണ്ടെടുത്തത്‌. തങ്ങള്‌ക്ക്‌ പോകേണ്ട ദിക്കിനെക്കുറിച്ച്‌ അത്ര നിശ്ചയമില്ലാതിരുന്നതുകൊണ്ടാവാം കുറെ ഉറുമ്പുകള്‍പത്രക്കെട്ടുകള്‍ പരതിക്കൊണ്ടിരുന്ന അയാളുടെ കാലിനു ചുറ്റും വെറുതെ വട്ടം വെച്ചുകൊണ്ടിരുന്നു.

മങ്ങിക്കത്തിയ ബള്‍ബില്‍ നിന്ന്‌! അരിച്ചിറങ്ങിയ പ്രകാശത്തില്‍ അയാള്‍ രണ്ടാമതും ആ വാര്‍ത്ത വായിച്ചു. പ്രതികളായ പതിമൂന്നുപേരേയും കോടതി വെറുതെ വിട്ടിരിക്കുന്നു. സംശയത്തിന്റെ ആനുകൂല്യം പ്രതികളെ തുണച്ചു. വാദിഭാഗത്തിനാകട്ടെ പെണ്‍കുട്ടി പ്രായപൂര്‌ത്തിയായില്ലെന്നു തെളിയിക്കുവാന്‍ സാധിച്ചതുമില്ല. നീതിന്യായവ്യവസ്ഥയില്‍ തനിക്കുള്ള വിശ്വാസം തെറ്റാതിരുന്നതില്‍ അയാള്‍ക്ക്‌ അഭിമാനം തോന്നി. ഇനി കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്ന്‌ അയാള്‍ കണക്കുകൂട്ടി.പ്രമുഖരാരും പ്രതിപ്പട്ടികയില്‍ ഇല്ലാതിരുന്നതുകൊണ്ടാവണം സാധാരണ സ്‌ത്രീപീഡനക്കേസിനു കൊടുക്കുന്ന വാര്‍ത്താ പ്രാധാന്യം ഒരു ഊമ പെണ്‍കുട്ടി ഉള്‍പ്പെട്ട കേസിന്‌ മാധ്യമങ്ങള്‍ കൊടുത്തിരുന്നില്ല.ആദ്യ ദിനങ്ങള്‍ക്ക്‌ ശേഷം ചില പ്രമുഖ പത്രങ്ങള്‍ ഈ വാര്‍ത്ത തന്നെ കണ്ടില്ലെന്നു നടിച്ച്‌ അവര്‍ വിശ്വസിച്ചു പോന്ന മറ്റ്‌ മൂല്യാധിഷ്‌ഠിത വാര്‍ത്തകള്‍ തേടിയലഞ്ഞു. അതിവേഗ കോടതിയില്‍ വാദം പൂര്‍ത്തിയാക്കി ഒരുവര്‍ഷത്തിനകം വിധി പുറപ്പെടുവിക്കാനായത്‌ നീതിന്യായ ചരിത്രത്തിലെ പൊന്‍തൂവലായാണ്‌ പത്രം വിലയിരുത്തിയത്‌.പ്രതികളെ വെറുതെവിട്ട കോടതി വിധി ചുരുക്കം ചില പത്രങ്ങളില്‍ മാത്രമാണ്‌ ഉള്‍പ്പേജിലെങ്കിലും അച്ചടിച്ച്‌ വന്നത്‌.

രണ്ടാഴ്‌ചയായി സ്ഥലത്തില്ലാതിരുന്നതില്‍ അയാള്‍ക്ക്‌ നഷ്ടബോധം തോന്നി. ഡല്‍ഹിയിലുള്ള മകളെ കാണാനുള്ള തന്റെ യാത്ര ഒഴിവാക്കാമായിരുന്നു. ഇനിയെങ്ങാനും ആരെങ്കിലും നേരത്തെ പെണ്‍കുട്ടിയെ സമീപിച്ചിരിക്കുമോ എന്നയാള്‍ ഭയപ്പെട്ടു. വാര്‍ത്താ ഭാഗം കീറി പോക്കറ്റില്‍ ഇട്ട്‌ അയാള്‍ പഴയ പത്രക്കെട്ടുകള്‍ സൂക്ഷിച്ചിരുന്ന അകത്തെ മുറിയില്‍ നിന്നും പുറത്ത്‌ കടന്നു.പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മേല്‍വിലാസം പോക്കറ്റില്‍ പരതി. ഇപ്പോള്‍ വണ്ടികയറിയാല്‍ വൈകുന്നേരത്തോടെ അവളുടെ വീട്ടിലെത്താം. ബസിറങ്ങിയാല്‍ അവിടെ ചെന്നെത്തേണ്ട വഴിയെക്കുറിച്ച്‌ അയാള്‍ക്ക്‌ ഏകദേശ ധാരണയുണ്ടായിരുന്നു.

വായനശാലയിലെത്താറുള്ള സ്ഥിരം വായനക്കാര്‍ അപ്പോഴേക്കും പത്രപാരായണം കഴിഞ്ഞു പോയിരുന്നു. മേശയില്‍ ചിതറിക്കിടന്ന പത്രത്താളുകളെ ഇളക്കിക്കൊണ്ട്‌ മുകളില്‍ പൊടിപിടിച്ച പങ്ക തേങ്ങലോടെ കറങ്ങിക്കൊണ്ടിരുന്നു. അടുത്തുള്ള ചായക്കടയിലെ പയ്യന്‍ മൂളിപ്പാട്ടു പാടി പത്രങ്ങള്‍ക്കിടയില്‍ നിന്നും കാലിയായ ഗ്ലാസുകള്‍ എടുക്കുമ്പോള്‍ അയാളെനോക്കി കറപിടിച്ച പല്ലുകള്‍ കാട്ടിചിരിച്ചു. ഗ്ലാസില്‍ അവശേഷിച്ച ചായയുടെ മട്ടുകണ്ടപ്പോള്‍ രാവിലെ കുടിച്ച കട്ടന്‍ചായയുടെ കടുപ്പം അയാളുടെ വായില്‍ തികട്ടി വന്നു. ആര്‍ക്കോ വേണ്ടി എന്നോ മിടിച്ച സമയത്തിന്റെ സ്‌മാരകമായി ചില്ലു പൊട്ടിയ വലിയ ഘടികാരം വായനാമുറിയുടെ ചുമരില്‍ തൂങ്ങിയിരുന്നു.നിശ്ചലമായ ആ ഘടികാര സൂചികളില്‍ ചിലന്തികള്‍ കെണിയുടെ വലയൊരുക്കി ക്ഷമയോടെ ആര്‍ക്കോവേണ്ടി കാത്തുകിടന്നു.

തേച്ചു വടിവൊത്ത വെളുത്ത ഷര്‍ട്ടിലെ പൊടിതട്ടി മെല്ലെ വഴിയിലേക്കിറങ്ങുമ്പോള്‍ അവിടെയൊക്കെ അലഞ്ഞു തിരിയുന്ന കറുത്ത പൂച്ചകള്‍ കുറുകെ ചാടുമോയെന്ന്‌ അയാള്‍ ഭയപ്പെട്ടു. നല്ല ശകുനങ്ങള്‍ കാര്യങ്ങള്‍ ശുഭമാക്കുമെന്ന്‌ അയാള്‍ക്ക്‌ ഉറപ്പുണ്ടായിരുന്നു.

ഒരുകാലത്ത്‌ സമീപപ്രദേശങ്ങളിലെ പല പുരുഷന്മാര്‍ക്കും അയാള്‍ സ്‌ത്രീകളെ എത്തിച്ചുകൊടുത്തിരുന്നു. ഒളിഞ്ഞും തെളിഞ്ഞും അവരില്‍ പലരും അയാളെ മാമയെന്നും പിമ്പെന്നും വിളിച്ചു. അടുത്തുള്ള നഗരത്തില്‍ കുറെ സ്ഥിരം ഉപഭോക്താക്കള്‍ അയാള്‍ക്കുണ്ടായിരുന്നു. അവരുടെ കുഴിച്ചുമൂടപ്പെട്ട തീഷ്‌ണമായ ആഗ്രഹങ്ങളെ മനസ്സിലാക്കുവാന്‍ വിശ്വസ്‌തനായ വേറെയാരും ആ ദേശത്ത്‌ അവര്‍ക്കി ല്ലായിരുന്നു. എപ്പോഴും ആളിക്കത്താന്‍ വെമ്പുന്ന, കനലായി ചാരംമൂടിക്കിടന്ന അവരുടെ വികാരങ്ങള്‍ക്ക്‌്‌ അയാള്‍ കൊടുത്തിരുന്ന സുരക്ഷ ദിനംപ്രതി അയാളിലേക്ക്‌ അവരെ കൊണ്ടുചെന്നെത്തിച്ചു.അത്‌ പലരും മറന്നുതുടങ്ങിയ അയാളുടെകൂട്ടിക്കൊടുപ്പിന്റെഥ പഴയ ചരിത്രം. ഇന്നാകട്ടെ അത്‌ പേരിനുമാത്രമായി ചുരുങ്ങി.കൂടെയുണ്ടായിരുന്ന സ്‌ത്രീകള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയതും തനിക്ക്‌ പ്രായമേറിയതുമാണ്‌ ഈ വ്യവഹാരം തുടരാനാവാതിരുന്നതെന്നാണ്‌ തന്നെ തേടിയെത്തിയ പലരോടും അയാള്‍ പറഞ്ഞത്‌. എന്നാല്‍ അയാള്‍ കണ്ണിച്ചോരയില്ലാത്ത മനുഷ്യനായിരുന്നെന്നും തങ്ങള്‍ വഞ്ചിക്കപ്പെട്ടതാണെന്നും ആ സ്‌ത്രീകളില്‍ പലരും അടക്കം പറഞ്ഞു.

തന്റെ പ്രായത്തോടൊപ്പം സമൂഹത്തിലെ കാഴ്‌ചപ്പാടുകളും മാറിയത്‌ ആശങ്കയോടെയാണ്‌ അയാള്‍ കണ്ടത്‌. മാറിയ കാലത്തില്‍ സ്‌ത്രീ പുരുഷ ബന്ധത്തിന്‌ അയാളെപ്പോലെയൊരു മധ്യസ്ഥന്റെ ആവശ്യം ഇല്ലാതായിരിക്കുന്നു. നഷ്ടപ്പെട്ട തന്റെ പഴയ കാലംതിരിച്ചു പിടിക്കണമെന്ന്‌ അയാള്‍ ആഗ്രഹിച്ചു. അതിന്‌ ഏറെ പ്രായമില്ലാത്ത ഒരു സുന്ദരി പെണ്‍കുട്ടി തന്നോടൊപ്പം ഉണ്ടാകേണ്ടതാവിശ്യമാണെന്ന്‌ ആണ്‌ കൗാതുകങ്ങളെ അടുത്തറിയാമായിരുന്ന അയാളിലെ കച്ചവടക്കാരനറിയാമായിരുന്നു.ആവശ്യക്കാര്‍ അത്‌ നിരന്തരം അയാളെ ഓര്‌മ്മിപ്പെടുത്തിക്കൊണ്ടിരുന്നു. എന്തുകൊണ്ടോ ഒരു കൂട്ടികൊടുപ്പുകാരനായിരുന്നിട്ടുകൂടി ഒരു പെണ്ണും താന്‍ കാരണം വേശ്യാവൃത്തിക്ക്‌ തുടക്കമിടരുതെന്ന്‌ അയാള്‍ ആഗ്രഹിച്ചു.അതുകൊണ്ടുതന്നെ വളരെ മടിച്ചാണ്‌ അയാള്‍ അതിനെക്കുറിച്ച്‌ ചിന്തിച്ചതും തന്റെ ആ തീരുമാനത്തിന്‌ മാറ്റം വരുത്താന്‍ നിശ്ചയിച്ചതും. പീഡനക്കേസില്‍ പെട്ട ആ ഊമപ്പെണ്ണിനെക്കുറിച്ചുള്ള വിവരങ്ങള്‍ അയാള്‍ നേരത്തെ ശേഖരിച്ചിരുന്നു. അവളുടെ അമ്മ ചെറുപ്രായത്തിലേ ദീനം ബാധിച്ചു മരിച്ചു. പിതാവാകട്ടെ താമസിയാതെ തന്നെ രണ്ടു പെണ്മ്‌ക്കളേയും ഉപേക്ഷിച്ച്‌ മറ്റൊരു സ്‌ത്രീയുടെ കൂടെ പൊറുതി തുടങ്ങി. പെണ്‍കുട്ടി ഇളയ സഹോദരിയോടൊപ്പം വല്യമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്‌.എല്ലാംകൊണ്ടും സാഹചര്യങ്ങള്‍ തനിക്കനുകൂലമാണെന്ന്‌ അയാള്‍ വിലയിരുത്തി.

സെല്‍ഫോണില്‍ നിന്നുയര്‍ന്ന സംഗീതം അയാളുടെ ചിന്തകളെ മുറിച്ചു. പണ്ട്‌ തരംഗണിയിറക്കിയ ഒരു ഭക്തിഗാനശകലമായിരുന്നു ഫോണിലെ റിംഗ്‌ടോണ്‍. രാത്രിയെന്നോ പകലെന്നോ നോക്കാതെ പലപ്പോഴും ആ സംഗീതവീചികള്‍ അയാള്‍ക്ക്‌ ചുറ്റും അലകളുയര്‍ത്തി .

`നോക്കട്ടെ...വൈകുന്നേരത്തേയ്‌ക്കറിയാം..വൈകിട്ട്‌ വിളിച്ചോളൂ...' അയാള്‍ പറഞ്ഞു നിറുത്തി.കുറെനാളുകളായി അയാള്‍ക്ക്‌ പലരേയും നിരാശരാക്കേണ്ടിവരുന്നു. ഇടപാടുകളിലെ പുതിയ ഹൈടെക്‌ രീതികളൊന്നും അയാള്‍ക്ക്‌ പരിചയമുണ്ടായിരുന്നില്ല. അടുത്തയിടെയാണ്‌ അയാള്‍ ഒരു സെല്‍ഫോണ്‍ പോലും വാങ്ങിയത്‌. അതിനുശേഷം കാര്യങ്ങള്‍ മെച്ചപ്പെട്ടു തുടങ്ങി. തന്നെ തേടി വരുന്ന ഫോണ്‍ വിളിയിലെ മറുഭാഗത്തെ ശബ്ദവ്യതിയാനവും ശ്വാസ നിശ്വാസങ്ങളുടെ ഗതിവേഗവും കൊണ്ട്‌ ഉപഭോക്താക്കളുടെ ആവിശ്യകതയുടെ അളവ്‌ തിരിച്ചറിയാനുള്ള കഴിവ്‌ അയാള്‍ പഴയ അനുഭവങ്ങളിലൂടെ ആര്‌ജ്ജികച്ചിരുന്നു.

തിരക്കുള്ള ബസ്‌ യാത്രയിലും പുറകോട്ടു ഓടി മറയുന്ന പുറംകാഴ്‌ചകളും പെയ്‌തുകൊണ്ടിരുന്ന മഴയുടെ ഏറ്റക്കുറച്ചിലും അയാളുടെ കിനാവുകള്‌ക്ക്‌ നിറവും താളവും നല്‌കി. കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ കെട്ടിക്കടന്ന വെള്ളം ചുറ്റും തെറുപ്പിച്ചുകൊണ്ട്‌ വണ്ടിയുടെ ചക്രങ്ങള്‍ വേഗത കൂട്ടി. വഴിയിലേക്ക്‌ പടര്‍ന്നു നിന്ന വൃക്ഷങ്ങളിലെ പച്ചപ്പുള്ള ഇലനാമ്പുകളില്‍ നിന്നും ബസിലെ ജനാലയിലൂടെ മുഖത്തേക്ക്‌ തെറിച്ച ജലകണങ്ങളുടെ വന്യഗന്ധം അയാളെ മത്തുപിടിപ്പിച്ചു.

കവലയില്‍ ബസിറങ്ങി ആദ്യം കണ്ട കടയിലേക്ക്‌ അയാള്‍ നടന്നു.പല്ലിട കുത്തിയ യാത്രാ ടിക്കറ്റു തുപ്പിക്കളഞ്ഞ്‌ അയാള്‍ അവിടെ കുശലം പറഞ്ഞു നിന്നവരോട്‌ ചോദിച്ചു. `ഈ ആശാന്റൊ പള്ളിക്കൂടത്തിലേക്കുള്ള വഴി?'

അയാളിലെ അപരിചിതിത്വം അവിടെ കൂടിനിന്നവരുടെ പുരികങ്ങളെ വളച്ചു. അതിലൊരാള്‍ ഇടതു തോളില്‍ കിടന്ന പച്ചക്കരയുള്ള തോര്‍ത്ത്‌ വെറുതെ ഒന്ന്‌ കുടഞ്ഞിട്ട്‌ വലത്തെ തോളിലേക്കിട്ട്‌ അയാളെ സൂക്ഷിച്ച്‌ നോക്കി. ബീഡി പുകച്ചുരുളിനുള്ളില്‍ നിന്നും പുറത്തുവന്ന നരച്ച താടിക്കാരന്‍ ചൂണ്ടിക്കാട്ടിയ വഴിയിലൂടെ, പടര്‍ന്നു നിന്ന നീര്‍മരുത്‌ മരങ്ങള്‍ താഴെ വരച്ച തണല്‍ ചിത്രങ്ങള്‍ ചവുട്ടി അയാള്‍ നടന്നു.അവിടെ മഴ എപ്പഴോപെയ്‌തു തീര്‍ന്നു. ഐസ്‌ വെള്ളം ഒഴുക്കി ടെമ്പോ വണ്ടികള്‍ ഇടയ്‌ക്കു പോകുന്നതൊഴിച്ചാല്‍ ആ വഴി പൊതുവേ വിജനമായിരുന്നു.

കാടു കേറിക്കിടന്ന പൊട്ടിപ്പൊളിഞ്ഞ ആശാന്റെ പള്ളിക്കൂടം ആരിലും പഴയ കുടിപ്പള്ളിക്കൂടത്തിന്റെ ഓര്‍മ്മകളുണര്‍ത്തുമായിരുന്നു. സ്‌ക്കൂള്‍ കഴിഞ്ഞുള്ള വളവ്‌ തിരിഞ്ഞപ്പോള്‍ സ്‌കൂള്‍ മൈതാനത്തുനിന്നും വഴിയിലേക്ക്‌ വന്നുവീണ ക്രിക്കറ്റ്‌ പന്തെടുക്കാന്‍ ഓടിവന്ന കുട്ടി ചൂണ്ടിക്കാട്ടിയ ഇടവഴിയിലൂടെയായിരുന്നു അയാളുടെ പിന്നീടുള്ള യാത്ര.ഓലമേഞ്ഞ കുടിലുകളായിരുന്നു വീതികുറഞ്ഞ വഴിക്ക്‌ ഇരുവശവും. വഴിയോട്‌ ചേര്‍ന്നുണ്ടായിരുന്ന ഓടയില്‍ നിന്നുംപുറത്തേക്ക്‌ ഒഴുകാനാവാതെ തളംകെട്ടിക്കിടന്ന മാലിന്യങ്ങള്‍ അവിടമാകെ ദുര്‍ഗന്ധം പരത്തി.നാടും നഗരവും നവലോകത്തിന്റെട പുരോഗതി വിളിച്ചോതുന്ന നവലോകത്ത്‌ ആ കടലോരഗ്രാമത്തിലെ ദാരിദ്രം അയാളെ അതിശയപ്പെടുത്തി. അടുത്തെവിടയോ കയറുപിരിക്കുന്ന റാട്ടിന്റെ തേങ്ങല്‍ കേള്‍ക്കാമായിരുന്നു. വഴിക്കിരുവശവുമുള്ള ചില കുടിലുകള്‍ക്കുള്ളില്‍ നിന്നും ആരോ തലപുറത്തിട്ട്‌ ആ അപരിചിതനെ നോക്കി. അടുത്തുള്ള കുടിലില്‍ നിന്നും വാവിട്ടുകരയുന്ന കൊച്ചുകുട്ടിയുടെ രോദനം അവിടെ പരന്നിരുന്ന മൂകതയെ തെല്ലുനേരം അകറ്റി. ലക്ഷം വീട്‌ കോളനിയെന്നു തോന്നിച്ച ആ സ്ഥലത്തെ അവസാനത്തെ വീടായിരുന്നു ആ പെണ്‍കുട്ടിയുടേത്‌.

നാക്ക്‌ പുറത്തെയ്‌ക്കിട്ട്‌ കിതപ്പോടെ ഒരു തെരുവ്‌ പട്ടി ആ കുടിലിനു മുന്നില്‍ നിന്ന്വെളുത്ത പാണ്ടുള്ള വാലാട്ടി അയാളെ ദയനീയമായി നോക്കി. അതിന്റെ മുതുകില്‍ വ്യാപിച്ച വ്രണത്തില്‍നിന്നും ചോര കുടിക്കുന്ന ചെള്ളുകളെ അകറ്റാന്‍ നായ ഇടയ്‌ക്കു കാലുപോക്കി മാന്തുകയും അപ്പോഴൊക്കെ വികല ശബ്ദത്തില്‍ ഞെരങ്ങുകയും ചെയ്‌തു. അതോടൊപ്പംതന്നെ തലയ്‌ക്കു ചുറ്റും മൂളിപ്പറന്ന ഈച്ചകളെ അകറ്റുവാന്‍ അത്‌ വിഫലശ്രമം നടത്തിക്കൊണ്ടിരുന്നു. ആ കുടിലിനു സമീപം പായലുപിടിച്ച ഇഷ്ടികകള്‍ക്ക്‌ മുകളില്‍ ഉറപ്പിച്ച കോഴിക്കൂടിന്റൈ വാതില്‍ തുറന്നുകിടന്നു. ആ കുടിലും അതിനോട്‌ ചേര്‌ന്നുള്ള കുശുത്ത പട്ടികയടിച്ച കോഴിക്കൂടും ഭിക്ഷയാചിക്കുന്ന ഒരു അമ്മയെയും കുഞ്ഞിനെയും ഓര്‍മ്മിപ്പിച്ചു. പാതി മെടഞ്ഞുതീര്‍ന്ന ഒരു മടല്‍ ഓലയും കുറെ ചകിരി തൊണ്ടുകളും വീടിനോട്‌ ചേര്‍ന്നു കിടന്നിരുന്നു. അകത്തുനിന്നും സ്‌റ്റൗ കത്തുന്ന ശബ്ദം കേള്‍ക്കാമായിരുന്നു.

ആ കുടിലിന്റെ. മുകളിലേക്ക്‌ ഒരു പേരമരം പടര്‍ന്നു നിന്നിരുന്നു. വാവലുകള്‍ പാതി ചവച്ചു തുപ്പിയ പിഞ്ചു പേരയ്‌ക്കാകള്‍ ഇലകള്‍ക്കിടയിലൂടെ അയാളെ നോക്കിക്കിടന്നു. പേരയുടെ തടിയില്‍ കൊത്തിയ പെണ്‍കുട്ടിയുടെ പേര്‌ അയാള്‍ തന്റെ തല ചെരിച്ചുവെച്ച്‌ വായിച്ചു.ഒരു പക്ഷെ പണ്ടെങ്ങോ പെണ്‌കുട്ടി തടിയില്‍ കൊത്തിവെച്ചതാകാം. ഭൂതകാലം മറയ്‌ക്കാന്‍ വെമ്പല്‍കൊള്ളുന്ന മനസ്സെന്നപോലെ മരത്തൊലി ആ പേരിനെ മൂടാന്‍ തുടങ്ങിയിരുന്നു.

അവിടവിടെ കുരുപ്പ പൊങ്ങിയ മുറ്റത്തുനിന്ന അയാള്‍ കുടിലിലേക്ക്‌ നോക്കി ചോദിച്ചു `ഇവിടെയാരുമില്ലേ?'

കൂരയ്‌ക്കുള്ളിലെ സ്‌റ്റൗവിന്റെ ശബ്ദം നിലച്ചു. അകത്തുനിന്നും മുഷിഞ്ഞ മുണ്ടും ബ്ലൗസും ധരിച്ച എഴുപതു വയസ്സോളം പ്രായം തോന്നുന്ന ഒരു സ്‌ത്രീ തല നീട്ടി.

`ആരാ?' ചിലമ്പിച്ച സ്വരത്തില്‍ അവര്‍ ചോദിച്ചു. ഒരു നൂറു ഉത്തരങ്ങള്‌ക്കാ യികാതോര്‌ക്കുംന്നതുപോലെ തോന്നിച്ചആ ചോദ്യം അയാളെ രണ്ടു വലം വെച്ച്‌ അവിടെയൊക്കെ വട്ടം ചുറ്റി.അതില്‍ ഉലയാതിരിക്കാന്‍ കുടിലിന്റെ മുന്നിലേക്ക്‌ അയാള്‍ നീങ്ങി നിന്നു.

`മോള്‍ക്ക്‌ വേണ്ടി ഒരു ജോലീടെ കാര്യം' അയാളുടെ സ്വരം ആര്‍ദ്ര മായിരുന്നു.

മെല്ലെ പുറത്തേയ്‌ക്കിറങ്ങിവന്ന സ്‌ത്രീ കൂടുതല്‍ പരിക്ഷീണയായി തോന്നിച്ചു.വാര്‍ദ്ധക്യം ഉഴവുചാലുകള്‍ തീര്‍ത്ത ആ മുഖത്ത്‌ നിരാശ പരന്നിരുന്നു. എണ്ണ തേക്കാത്ത അവരുടെ നരച്ച തലമുടി പാറിപ്പറന്നു കിടന്നു. ആദയനീയ നോട്ടം ഞൊടിയിടയില്‍ ഒരായിരം അമ്പുകള്‍ തടുക്കുവാന്‍ പ്രാപ്‌തിയുള്ള ഒരു പരിചയായി മാറി.

`നേരത്തെ കണ്ടിട്ടില്ലല്ലോ. ആര്‌ പറഞ്ഞിട്ടാ? ആന്റപ്പന്‍ പറഞ്ഞുവിട്ടതാണോ? എല്ലാം കഴിഞ്ഞിട്ടും അവനിനിയും മതിയായില്ലേ? ഈ മിണ്ടാപ്രാണിയെ കൊന്നിട്ടെ അടങ്ങൂ?..ദുഷ്ടന്‍' ഒറ്റ ശ്വാസത്തില്‍ അത്‌ പറഞ്ഞുതീര്‍ത്ത്‌ ആ സ്‌ത്രീ ശ്വാസം കിട്ടാതെ കിതച്ചു. ഉച്ചത്തിലുള്ള അവരുടെ ശ്വാസോച്ഛ്വാസം ഒരു വിലാപത്തെ ഓര്‍മ്മിപ്പിച്ചു. ആരെയോ അവര്‍ വല്ലാതെ പേടിക്കുന്നു.

നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളെ താന്‍ അറിയില്ലെന്നും ഇനി ഭയക്കേണ്ടതില്ലന്നുമുള്ള മുഖവുരയോടെ അയാള്‍ പതിഞ്ഞ സ്വരത്തില്‍ സംസാരിച്ചു തുടങ്ങി.പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്‌തമായ ഒരു സാമൂഹ്യസംഘടന തന്നെ അയച്ചതാണെന്നും പെണ്‍കുട്ടിയുടെ ദയനീയാവസ്ഥയില്‍ സങ്കടമുണ്ടെന്നും കൊച്ചിയിലുള്ള ഒരു കമ്പനിയില്‍ പെണ്‍കുട്ടിക്ക്‌ ജോലി തരപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസീനിയമായ രീതിയില്‍ ആ സ്‌ത്രീയുടെ മുന്നില്‍ അയാള്‍ തന്മയത്തത്തോടെ അവതരിപ്പിച്ചു. സാമൂഹ്യസേവന രംഗത്ത്‌ തങ്ങളുടെ സൊസൈറ്റി കൈവരിച്ചിട്ടുള്ള നേട്ടങ്ങളും, ലഭിച്ചിട്ടുള്ള ബഹുമതികളും അവിടെ വിസ്‌തരിക്കാന്‍ അയാള്‍ മടിച്ചില്ല. തന്റെ പേരക്കുട്ടിയാകാനുള്ള പ്രായമേ ഇവിടുത്തെ കുട്ടിക്കുള്ളുവെന്നും ആ സ്‌ത്രീയുടെ ആശയറ്റ കണ്ണുകളില്‍ നോക്കി അയാള്‍ പറഞ്ഞു.

അവിശ്വാസത്തിന്റെ ഒറ്റപ്പെട്ട മേഘപാളികള്‍ ആ മുഖത്ത്‌ കണ്ടതൊഴിച്ചാല്‍ അത്‌ അവരില്‍ കാര്യമായ ഭാവഭേദമുണ്ടാക്കിയില്ല. ഇതെല്ലാം കേട്ടിട്ടെന്നപോലെ കുടിലിനുള്ളില്‍ നിന്നും ഒരു കൊലുസ്സിന്റെകിലുക്കം കേട്ടതായി അയാള്‌ക്ക്‌ തോന്നി.

`ഓ..അവളിപ്പോപുറത്തിറങ്ങാറില്ല...ഇരുട്ടത്ത്‌ തന്നെ ഇരുപ്പാ..ഇപ്പൊ ജോലിക്കൊന്നും ആവില്ല.' എന്തോ ചിന്തിച്ചിട്ട്‌ ആ സ്‌ത്രീ പറഞ്ഞു. അവരുടെ ശബ്ദം ഇടറിയിരുന്നു.

`ഞാന്‍ വേണേ നേരിട്ട്‌..' അയാള്‍ അത്‌ പൂര്‍ത്തിയാക്കിയില്ല.

`അവള്‍ക്കിപ്പോ ആരേയും കാണണ്ട. പുറത്താരെങ്കിലും വന്നാല്‌ത്ത ന്നെ ആകെ ആധിയാ. വല്ലോരേം കണ്ടാ എന്റെ കൊച്ച്‌ പേടിച്ചു വിറയ്‌ക്കുവാ...' ആ ശബ്ദത്തില്‍ കദനം തിങ്ങിനിന്നു.

അകത്ത്‌ കൊലുസ്സ്‌ വീണ്ടും കിലുങ്ങി...

കുടിലിനകത്തുനിന്നും ഇറയത്തേക്കിറങ്ങി വന്ന ഒരു വെളുത്തപൂച്ച അവരുടെ സംസാരത്തിന്‌ കാതോര്‍ത്തിട്ട്‌ അതില്‍ ഒട്ടും താല്‌പ്പര്യമില്ലാത്ത പോലെ നാക്കുകൊണ്ട്‌ മുഖം തുടച്ച്‌ പതുക്കെ പുറത്തേക്കിറങ്ങി. അയാളുടെ കാലുകളില്‍ മുട്ടിയുരുമ്മി അത്‌ അലസമായി നടന്നു പോയി.

`അവക്ക്‌ ഇനിയും ഒന്നു ശരിക്കുറങ്ങാറായിട്ടില്ല. രാത്രീല്‌ ഞെട്ടിയെഴുന്നേറ്റു കരച്ചില്‌ തന്നേ...ആ വിറവലുകണ്ടാല്‍ സഹിക്കാനൊട്ട്‌ പറ്റുകേല്യെ എന്റെ ഭഗവതീ..' നിറഞ്ഞ കണ്ണുകള്‍ തുടച്ച്‌ അവര്‍ പറഞ്ഞു. മേല്‌ക്കൂരയിലെ ഈര്‍ക്കിടലി തെളിഞ്ഞ ഓലക്കീറിലൂടെ എപ്പോഴോ പെയ്‌തുതീര്‍ന്ന മഴയുടെ അവസാന തുള്ളിയും താഴേക്ക്‌ ഇറ്റു വീണു.

`ജില്‍...ജില്‍...ജില്‍' കൊലുസ്സിന്റെ കിലുക്കം പുരയുടെ ഉള്ളിലാകമാനം മുഴങ്ങി.

അകലെ വഴിയരികിലെവിടെയോ റോഡുപണിക്കായി പാറക്കഷണങ്ങള്‍ പൊട്ടിക്കുന്ന ശബ്ദം കേള്‍ക്കാ മായിരുന്നു. ചുറ്റിക ചെറിയ കല്ലുകളോട്‌ കാണിക്കുന്ന മൃദുത്വം ആ ശബ്ദങ്ങളെ കൂടുതല്‍ താളനിമക്തമാക്കി.

`അവിടെ പെണ്‍കുട്ടികള്‍ക്ക്‌ താമസിക്കാന്‍ വേറെ വീടുണ്ട്‌.എട്ടാം തരം കഴിഞ്ഞതിനാല്‍ കുട്ടിക്ക്‌ ജോലി എളുപ്പമാകും' ജാള്യത പുറത്ത്‌ കാട്ടാതെ അയാള്‍ പറഞ്ഞു.

വീടിനുള്ളില്‍ നിന്നും കേട്ട കൊലുസ്സിന്റെ കിലുക്കം അകത്തെവിടയോ ക്ലാവു പിടിച്ച ചെമ്പ്‌ പാത്രത്തില്‍ തട്ടി മുറിക്കകമാകെ ചിതറി പുറത്തേക്ക്‌ തെറിച്ചു. അയാള്‍ വീടിനുള്ളിലെ ഇരുട്ടിലേക്ക്‌ നോക്കി. നിന്നിടത്തുനിന്നു നോക്കിയാല്‍ അയാള്‍ക്ക്‌ ഒന്നും കാണാന്‍ കഴിയുമായിരുന്നില്ല.

ആ സ്‌ത്രീ എന്തുകൊണ്ടോ ഇടയ്‌ക്ക്‌ വഴിയിലേക്ക്‌ അക്ഷമയോടെ നോക്കി. അവര്‍ ആരെയോ കാത്തിരിക്കുന്നപോലെ തോന്നി. ചെറിയ ഇടവേളകളില്‍ അവര്‍ ശ്വാസം ആഞ്ഞുവലിക്കുന്നുണ്ടായിരുന്നു.

`കുടിക്കാന്‍ വെള്ളം?' ചുണ്ടുകള്‍ നനച്ചു കൊണ്ട്‌ അയാള്‍ അവരെ നോക്കി.

വെള്ളം കുടിക്കാനെന്ന വ്യാജേന അയാള്‍ ചാണകം മെഴുകിയ ആ കുടിലിന്റെ അടുത്തേക്ക്‌ നീങ്ങിനിന്ന്‌ പതിയെഉള്ളിലേക്ക്‌ എത്തിനോക്കി. ആ മുറിക്കുള്ളില്‍ നിറഞ്ഞ ഇരുളിന്‌ ഒരു ദൈന്യഭാവമുണ്ടായിരുന്നു. കൊലുസ്സില്‍ നിന്നുതിരുന്ന സംഗീതം ആ കൂരയ്‌ക്കുള്ളില്‍ വിങ്ങിപ്പൊട്ടുന്ന പോലെ.അവിടെ ഒരു നിഴലാട്ടം പോലെ അയാള്‍ കണ്ടു...നഗ്‌നമായ ആ കാലടികള്‍...വിളറിവെളുത്ത മെലിഞ്ഞ കണങ്കാലില്‍ ചുറ്റിക്കിടന്ന ഒരു കൊലുസ്സ്‌...ഇടവിട്ട മുത്തുകള്‍ പൊഴിഞ്ഞുപോയനിറം മങ്ങിയഒരു കൊലുസ്സ്‌...

ആ കാലുകള്‍ വിറയ്‌ക്കുന്നതെന്തേ? എന്താവും ആ കൊലുസ്സുകള്‍ പറയുന്നത്‌? അയാളുടെ ഉള്ളില്‍ അസുഖകരമായ ഒരു തണുപ്പ്‌ പടര്‍ന്നു .നേരത്തെ തുപ്പിക്കളഞ്ഞ ബസ്‌ ടിക്കറ്റിന്റെള അംശം പല്ലുകള്‌ക്കിടയിലെവിടയോ ഇപ്പോഴുമുള്ളതു പോലെ അയാള്‍ക്ക്‌ തോന്നി. നാക്കിന്‍ തുമ്പ്‌ ചുഴറ്റി അയാള്‍ വായ്‌ക്കുള്ളില്‍ അത്‌ പരതിക്കൊണ്ടിരുന്നു.

ഇറയത്തിരുന്ന മണ്‍കൂജയില്‍ നിന്നും മൊന്തയില്‍ വെള്ളമെടുത്തു ആ സ്‌ത്രീ അയാള്‍ക്ക്‌ നേരെ നീട്ടി.

വെള്ളം കുടിച്ചെന്നു വരുത്തി മൊന്ത തിരിച്ചു കൊടുത്ത്‌ അയാള്‍ യാന്ത്രികമായി പറഞ്ഞു.`ഹാ..നല്ല തണുപ്പുള്ള വെള്ളം. ഇപ്പോ നല്ലവെള്ളം കിട്ടാനാ പാട്‌'.

`ഈ കൊച്ചെവിടെ പോയിക്കിടക്കുവാ..' അവര്‍ പുറത്തേക്ക്‌ നോക്കി. `ഇളയവളാ..അത്‌ പുറത്തിറങ്ങിയാ നെഞ്ചില്‌ തീയാ..' അയാളെ നോക്കി അത്‌ പറഞ്ഞിട്ട്‌ നെഞ്ചാംകൂട്‌ ഇളക്കി അവരൊന്നു ചുമച്ചു.

`കുറച്ചു രൂപാ തരാന്‍ എല്‍പ്പിച്ചിരുന്നു. കടമായിട്ട്‌ കൂട്ടിയാ മതി. ശമ്പളത്തില്‍ നിന്നും പിടിച്ചോളാം രൂപയുടെ പൊതി പോക്കറ്റില്‍ നിന്നെടുത്ത്‌ അയാള്‍ സ്‌ത്രീയുടെ കൈയ്യില്‍ തിരുകാന്‍ ശ്രമിച്ചു.തീരെ പ്രതീക്ഷിക്കാത്ത ഈ പ്രവൃത്തിയില്‍ ആ സ്‌ത്രീയൊന്നു പകച്ചു. അവര്‍ പെട്ടന്ന്‌ തീയില്‍ തൊട്ടപോലെ കൈ വലിച്ചു.

`ഇവിടെനിന്നാല്‍ കുട്ടിക്ക്‌ കൂടുതല്‍ അപകടമല്ലേ? രക്ഷപെടാന്‍ ഈശ്വരന്‍ ഒരുക്കിയ വഴിയാണെന്ന്‌ കരുതിയാല്‍ മതി. ഒരു കാര്‌ന്നോ രുടെ സ്ഥാനത്തു നിന്നു പറയുകാ..' അയാള്‍ അവരെ സ്‌നേഹപൂര്വ്വംട നിര്‍ബന്ധിച്ചു.അവരെന്തോ ആലോചിച്ചു നിന്നു. ആ നിര്‍ബന്ധത്തില്‍ അവര്‍ പതറിയിരുന്നു.

അകത്തു പാദസരം വീണ്ടും കിലുങ്ങി...

വൈമനസ്യത്തോടെ സ്‌ത്രീ അതു വാങ്ങി.വിറയ്‌ക്കുന്ന ആ കൈത്തലങ്ങള്‍ വിയര്‍ത്തിരുന്നോ? കൊടും വേനലില്‍ പൊടുന്നനവെ വീണ മഴത്തുള്ളിയുടെ തുടിപ്പില്‍ സ്‌പന്ദിക്കുന്ന വാടിയ ഇലയെന്നപോലെ ഒരു ഉണര്‍വ്‌ അവരുടെ മുഖത്തു തെളിഞ്ഞു.

എന്തോ ചിന്തിച്ചുനിന്ന ആ സ്‌ത്രീയുടെ മുഖം പെട്ടന്ന്‌ തന്നെ പഴയപടിയായി. ദു:ഖത്തോടെ അവര്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു `അല്ലെ വേണ്ട.. അവള്‍ക്കാവില്ല..വെട്ടത്തില്‍ പോലും വരാതെ എപ്പോഴും കടലാസ്സില്‍ സ്വന്തം പടംവരച്ചോണ്ടിരിക്ക്യാ.. നിലം തൊടാതെ നിക്കുന്ന മെനകെട്ട പടങ്ങള്‍...കണ്ണുകളില്ലാത്തവയും വായില്ലാത്തതുമൊക്കെ.. മെലിഞ്ഞകൈകാലുകളുമായി... എല്ലാം ശരിയാകുന്നതുവരെ കാക്കാന്‍ പറഞ്ഞിട്ട്‌ അവരാ രൂപാ അയാള്‍ക്ക്‌ തിരികെ കൊടുത്തു.

ചുഴിഞ്ഞെടുത്ത കണ്ണുകളും ശോഷിച്ച കൈകളുമായി തറയില്‍ തൊടാത്ത തന്റെ്‌തന്നെ വികൃത രൂപങ്ങളെ എന്തിനാവും ഈ പെണ്‍കുട്ടി വരച്ചുകൂട്ടുന്നത്‌? അയാള്‍ വീടിനുള്ളിലെ ദൈന്യതയിലേക്ക്‌ വീണ്ടും നോക്കി. അകത്ത്‌ കൊലുസ്സിന്റെ കിലുക്കം നിലച്ചിരുന്നു.കൂരയ്‌ക്കുള്ളില്‍ പടര്‍ന്നൂ നിശബ്ദത ക്രമേണെ പുറത്തേക്ക്‌ വ്യാപിച്ചു.ഉള്ളില്‍ അടക്കിപ്പിടിച്ച തേങ്ങലും ഗദ്‌ഗദവും ഉയരുന്നത്‌ കേള്‌ക്കാമായിരുന്നു.

`എല്ലാം ഈശ്വരന്‍ കാണുന്നുണ്ട്‌. എല്ലാത്തിനും അറുതി വരും. നല്ലകാലം വരാതിരിക്കുവോ?.' പേരിനിത്‌ പറഞ്ഞെങ്കിലും അയാള്‌ക്ക്‌ി വല്ലാത്തൊരു അസ്വസ്ഥത തോന്നി.

അപ്പോള്‍ ഏഴെട്ടു വയസ്സു പ്രായം തോന്നിക്കുന്ന ഒരു മെല്ലിച്ച പെണ്‌കുംട്ടി കൈയ്യിലൊരു പൊതി മാറോട്‌ ചേര്‍ത്തു പിടിച്ചുകൊണ്ട്‌ ഓടിക്കിതച്ചുവന്നു. കുട്ടി മുറ്റത്ത്‌ കണ്ട അപരിചിതനെ പരിഭ്രമത്തോടെ നോക്കി.

`എവിടെ നിരങ്ങാന്‍ പോയെടീ?' കുട്ടിയെ നോക്കി അവര്‍ അമര്‍ഷത്തോടെ ചോദിച്ചു.

`ചേച്ചി പറഞ്ഞിട്ട്‌..നാരങ്ങാ മുട്ടായി വാങ്ങാന്‍..' കുട്ടി പൊതി പാതി തുറന്ന്‌ പല നിറത്തിലുള്ള മിഠായികള്‍കാട്ടി.

താന്‍ വാങ്ങിവരുന്ന നാരങ്ങാ മുട്ടായിക്കുവേണ്ടി ജനാലക്കരികില്‍ വഴിയിലേക്ക്‌ മിഴിനട്ടിരിക്കുന്ന പേരക്കുട്ടിയുടെ മുഖം അയാളുടെ മുന്നില്‍ തെളിഞ്ഞു. ഓരോ മിഠായിക്കും അവള്‍ തന്ന ഉമ്മകളുടെചൂട്‌ കവിളുകളില്‍ അയാള്‍ക്ക്‌ അനുഭവപ്പെട്ടു.കൈകള്‍കൊണ്ട്‌ തന്റെ കവിളുകള്‍ അയാള്‍ തലോടി. മനസ്സിലേക്ക്‌ ഇരമ്പിയെത്തിയ ചിന്തകള്‍ അയാളെ തളര്‍ത്തി. അവിടെപരന്ന നിശബ്ദത അയാളുടെ ഉറഞ്ഞ ശരീരത്തിലൂടെ സഞ്ചരിച്ച്‌ മനസ്സിനെ ഉലയ്‌ക്കുന്ന തണുത്ത്‌ കാറ്റായി മാറി.

കുട്ടി നീട്ടിയ മിഠായിപ്പൊതിയിലേക്ക്‌ നോക്കിയപ്പോള്‍ എന്നോ കടിച്ചിറക്കിയ നാരങ്ങാക്കുരുവിന്റെ കയ്‌പ്പ്‌ അയാളുടെ ഉമിനീരിലേക്ക്‌ പടര്‍ന്നു.

`പോട്ടെ..പിന്നെയെത്താം' അയാളുടെ ശബ്ദം ഇടറി. എങ്ങനെയും അവിടുന്ന്‌ പോയാല്‍ മതിയെന്ന്‌ അയാള്‍ക്ക്‌ തോന്നി. പല്ലിനിടയില്‍ കുരുങ്ങിയ ടിക്കറ്റിന്റെയ അംശം അയാളെ കൂടുതല്‍ അസ്വസ്ഥമാക്കി.

ചെരുപ്പിനുള്ളില്‍ കയറിയ മണ്ണ്‌ കുടഞ്ഞ്‌ പുറത്തേക്കിറങ്ങുന്നതിനു മുന്‍പ്‌ അയാള്‍ കുടിലിനോട്‌ ചേര്‍ന്നു നിന്ന ആ പേരമരത്തിലേക്ക്‌ നോക്കി. അടുത്തുള്ള ശിഖരത്തിലെ ഇളകിയ നീറിന്‍ കൂട്ടില്‍നിന്നും നീറുകള്‍ ആ പെണ്‍കുട്ടിയുടെ പേര്‌ കൊത്തിയ ഭാഗത്തേക്ക്‌ നീങ്ങുന്നുണ്ടായിരുന്നു. ആ നീറിന്‍കൂട്ടത്തെ ആരെങ്കിലും തട്ടിയകറ്റിയെങ്കിലെന്ന്‌ അയാള്‍ ആഗ്രഹിച്ചു. അങ്ങകലെനിന്നും കേട്ട കടലിരമ്പത്തിന്‌ കാതോര്‍ത്ത്‌ അവിടെനിന്ന്‌ ഇറങ്ങി നടക്കുമ്പോള്‍ തന്റെയുള്ളില്‍ ഒരാരവം ഉയരുന്നത്‌ അയാളറിഞ്ഞു. പേമാരിയും കൊടുങ്കാറ്റും തിമര്‍ത്താടുന്ന സമുദ്രത്തില്‍ നീന്താനറിയാതെആ മനസ്സ്‌ മുങ്ങിത്താണു.

നേരത്തെ വാലാട്ടി സ്വാഗതം ചെയ്‌ത തെരുവ്‌ നായ വഴികാട്ടിയെപ്പോലെ അയാളുടെ മുമ്പേനടന്നു. അയാള്‍ തുണ്ടുകളാക്കി പറത്തിയ ആ ഊമപെണ്‌കുലട്ടിയുടെ മേല്വി ലാസവും പത്രവാര്‌ത്ത യും ഒഴുക്കുനിലച്ച ഓടയിലെ മാലിന്യങ്ങളോടൊപ്പം കെട്ടിക്കിടന്നു.തന്റെു ഓരോ കാലൈ്വല്‌പ്പി ലും കൊലുസ്സിന്റെവ ചിലമ്പൊലി ശബ്ദം മുഴങ്ങുന്നുവോ?അലോസരപ്പെടുത്തുന്ന ആ ശബ്ദം കേള്‌ക്കാ തിരിക്കാനായി അയാള്‍ നടപ്പിന്റെം വേഗതകൂട്ടി.വഴിമുറിച്ചു കടക്കാനൊരുങ്ങിയ പൂച്ച അയാളുടെ പാദങ്ങളില്‍ നിന്നുയര്‌ന്ന കിലുക്കം കേട്ടിട്ടെന്നപോലെഅതിനു തുനിയാതെ ആ കാല്‍പാദങ്ങളിലേക്ക്‌ നോക്കിനിന്നു.

വിങ്ങിപ്പോട്ടി ഏത്‌ നിമിഷവും താഴോട്ടു പതിക്കാനൊരുങ്ങി കാര്‍മേഘങ്ങള്‍ തന്നെ പിന്തുടരുന്നത്‌ അയാള്‍ അറിഞ്ഞിരുന്നില്ല. പുറകില്‍ നിന്നുയര്‍ന്നു കേട്ട കൂട്ടക്കരച്ചില്‍ അയാള്‍ കേട്ടതുമില്ല. പക്ഷെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ട വാമൂടിയ കുറെ മെലിഞ്ഞ വികൃതരൂപങ്ങള്‍ തന്നെ കടന്നുപോകുന്നത്‌ വ്യക്തമായി അയാള്‍ക്ക്‌ കാണാമായിരുന്നു.

ബിജോ ജോസ്‌ ചെമ്മാന്ത്ര
കൊലുസ്സിട്ട പെണ്‍കുട്ടി (ചെറുകഥ: ബിജോ ജോസ്‌ ചെമ്മാന്ത്ര)കൊലുസ്സിട്ട പെണ്‍കുട്ടി (ചെറുകഥ: ബിജോ ജോസ്‌ ചെമ്മാന്ത്ര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക