Image

ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അമേരിക്കന്‍ അതിഭദ്രസാനം അനുശോചിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 16 November, 2011
ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അമേരിക്കന്‍ അതിഭദ്രസാനം അനുശോചിച്ചു
ന്യൂയോര്‍ക്ക്‌: അന്തരിച്ച കേരള സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി ടി.എം. ജേക്കബിന്റെ ആകസ്‌മിക വേര്‍പാടില്‍ അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും, പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ സമഗ്ര വികസനത്തിനായി ഒട്ടേറെ നൂതന കര്‍മ്മപദ്ധതികള്‍ നടപ്പാക്കിയ സമര്‍ത്ഥനായ ഭരണാധികാരി എന്ന നിലയിലും ഉത്തമ സഭാസ്‌നേഹിയും ഉറച്ച വിശ്വാസിയുമായിരുന്ന ശ്രീ ജേക്കബിന്റെ സ്‌മരണ എക്കാലവും മായാതെ നിലനില്‍ക്കുമെന്ന്‌ മോര്‍ തീത്തോസ്‌ പ്രസ്‌താവിച്ചു. സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയോടും, സഭാ പിതാക്കന്മാരോടും ഏറെ ഭയഭക്തിയാദരവുകള്‍ പ്രകടിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ വിശിഷ്‌ട സഭാ സേവനങ്ങളെ മാനിച്ച്‌ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവാ തിരുമനസ്സുകൊണ്ട്‌ കമാന്‍ഡര്‍ പദവി ഉള്‍പ്പടെയുള്ള വിശിഷ്‌ട ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്‌.

അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങളേയും സഹപ്രവര്‍ത്തകരേയും അമേരിക്കയിലെ മുഴുവന്‍ മലങ്കര സഭാ മക്കളുടേയും വൈദീക ശ്രേഷ്‌ഠന്മാരുടേയും അനുശോചനമറിയിക്കുന്നുവെന്ന്‌ സന്ദേശത്തില്‍ പറയുന്നു. അമേരിക്കന്‍ അതിഭദ്രാസനത്തെ പ്രതിനിധീകരിച്ച്‌ റവ.ഫാ. ദിലീഷ്‌ ഏലിയാസ്‌ (ഷിക്കാഗോ സെന്റ്‌ ജോര്‍ജ്‌ പള്ളി വികാരി) ശ്രീ ജേക്കബിന്റെ ഭവനത്തില്‍ എത്തി പ്രത്യേക ധൂപപ്രാര്‍ത്ഥനയര്‍പ്പിക്കുകയും, സംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. ആര്‍ച്ച്‌ ഡയോസിസ്‌ സെക്രട്ടറി വെരി റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പ, ക്ലെര്‍ജി സെക്രട്ടറി വെരി. റവ. മാത്യൂസ്‌ തോമസ്‌ ഇടത്തറ കോര്‍എപ്പിസ്‌കോപ്പ, ഭദ്രാസന ട്രഷറര്‍ സാജു പൗലോസ്‌ സി.പി.എ, സത്യവിശ്വാസ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ജേക്കബ്‌ കോര പരത്തുവയലില്‍, ജോബി ജോര്‍ജ്‌ (ഭദ്രാസന വക്താവ്‌), ഇ.വി. പൗലോസ്‌ (ദീപം പബ്ലിക്കേഷന്‍സ്‌) എന്നിവരും അനുശോചനം രേഖപ്പെടുത്തി.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അമേരിക്കന്‍ അതിഭദ്രസാനം അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക