Image

വൈറ്റ്‌ പ്ലെയിന്‍സില്‍ ക്ഷേത്രത്തിന്‌ അനുമതി

Published on 23 April, 2014
വൈറ്റ്‌ പ്ലെയിന്‍സില്‍ ക്ഷേത്രത്തിന്‌ അനുമതി
വൈറ്റ്‌പ്ലെയിന്‍സ്‌, ന്യൂയോര്‍ക്ക്‌: വെസ്റ്റ്‌ ചെസ്റ്റര്‍ കൗണ്ടിയിലേയും, സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ ദീര്‍ഘകാല സ്വപ്‌നമായിരുന്ന ഹിന്ദുക്ഷേത്രം സഫലമാകാന്‍ പോകുന്നു.

ക്ഷേത്രനിര്‍മ്മാണത്തിന്‌ അന്തിമാനുമതി നല്‍കിക്കൊണ്ടുള്ള പ്രമേയം വൈറ്റ്‌ പ്ലെയിന്‍സ്‌ സിറ്റി കോമണ്‍ കൗണ്‍സില്‍ ഏകകണ്‌ഠമായി പാസാക്കി. ഭഗവാന്റെ കൃപയ്‌ക്കും, നഗരസഭയുടെ അനുമതിക്കും നന്ദി പറയാന്‍ വാക്കുകളില്ലെന്ന്‌ നിര്‍ദ്ദിഷ്‌ട `ഹിന്ദു ടെമ്പിള്‍ ഓഫ്‌ ട്രൈസ്റ്റേറ്റ്‌സ്‌' നേതാക്കളിലൊരാളായ വി.കെ. മെഹ്‌റ പറഞ്ഞു. അഞ്ചുമില്യന്‍ ഡോളര്‍ ചെലവ്‌ പ്രതീക്ഷിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ആര്‍കിടെക്‌ട്‌ ദീപ്‌തി ഷാ സജീവമായി പ്രവര്‍ത്തിക്കുന്നു. കണ്‍സ്‌ട്രക്ഷന്‌ അനുമതി ലഭിച്ചാലുടന്‍ ക്ഷേത്ര നിര്‍മ്മാണം സമ്മറില്‍ തുടങ്ങും.

മൂന്നു സ്റ്റേറ്റുകളുമായി ബന്ധപ്പെട്ടാണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. കണക്‌ടിക്കട്ടിലേക്ക്‌ 15 മിനിറ്റും, ന്യൂജേഴ്‌സിയിലേക്ക്‌ 20 മിനിറ്റും ദൂരമേയുള്ളു. അതു കണക്കിലെടുക്കാണ്‌ ഹിന്ദു ടെമ്പിള്‍ ഓഫ്‌ ട്രൈസ്റ്റേറ്റ്‌സ്‌ എന്ന്‌ പേരിട്ടത്‌. ആരാധന തുടങ്ങുമ്പോള്‍ ഇതൊരു മഹാക്ഷേത്രമായി മാറുമെന്ന്‌ ഭക്തര്‍ കരുതുന്നു.

ഉത്തരേന്ത്യക്കാരും ദക്ഷിണേന്ത്യക്കാരും അടങ്ങുന്ന ബോര്‍ഡാണ്‌ ക്ഷേത്ര നിര്‍മ്മാണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്‌. പ്രാദേശിക തലത്തിലുള്ള മൂര്‍ത്തികള്‍ ക്ഷേത്രത്തിലുണ്ടാകും. ശിവ പരിവാര്‍, രാം ദര്‍ബാര്‍, രാധാകൃഷ്‌ണ ഹനുമാന്‍, ദുര്‍ഗാ മാതാ, സായി ബാബ തുടങ്ങി വിശ്വാസികളും ട്രസ്റ്റും തീരുമാനിക്കുന്ന മൂര്‍ത്തികളെ പ്രതിഷ്‌ഠിക്കും.

മൂന്നുവര്‍ഷം മുമ്പാണ്‌ ക്ഷേത്രത്തിനുവേണ്ടി സജീവമായ ശ്രമം തുടങ്ങിയത്‌. റോയല്‍ പാലസ്‌ റെസ്റ്റോറന്റ്‌ നടത്തുന്ന ജഗദീഷ്‌ മിറ്റര്‍ ഓരോ മാസവും സീനിയര്‍ സിറ്റിസണ്‍സിനായി ഭക്ഷണവും (ലങ്കാര്‍ പ്രസാദ്‌) അതോടൊപ്പം ഹനുമാന്‍ പൂജയും നടത്തുവാന്‍ തീരുമാനിച്ചു. അങ്ങനെ ഒത്തുകൂടിയ സമൂഹം ക്ഷേത്രം നിര്‍മ്മിക്കുന്നതിനെപ്പറ്റി ആലോചന തുടങ്ങി. ഡോ. ഓം ധിമാന്‍ തുടങ്ങിയവര്‍ ഇതിനായി രംഗത്തുവന്നു. തുടര്‍ന്ന്‌ വൈറ്റ്‌ പ്ലെയിന്‍സിലെ 390 നോര്‍ത്ത്‌ സ്‌ട്രീറ്റില്‍ 1.75 ഏക്കര്‍ സ്ഥലം എട്ടുലക്ഷം ഡോളറിന്‌ വാങ്ങി. ഹൈവേയ്‌ക്കു സമീപം ഏറ്റവും അനുയോജ്യമായ സ്ഥലമാണത്‌.

പതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ ക്ഷേത്രം, കമ്യൂണിറ്റി ഹാള്‍, കിച്ചന്‍, പൂജാരിക്ക്‌ താമസിക്കാനുള്ള സ്ഥലം എന്നിവയൊക്കെയാണ്‌ വിഭാവനം ചെയ്യുന്നത്‌. 400 പേര്‍ക്ക്‌ പങ്കെടുക്കാനുള്ള സൗകര്യമുണ്ടാകും. പാര്‍ക്കിംഗ്‌ ഏരിയയുമുണ്ടാകും.

വാസ്‌തുശാസ്‌ത്ര പ്രകാരം നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്‌ ന്യൂഇംഗ്ലണ്ട്‌ നിര്‍മ്മാണ ശൈലിയും ഉള്‍പ്പെടുത്തും. ഡോ. അനില്‍ ജോഷി, ഡോ. സുരേഷ്‌ ഖന്ന, ഡോ. എസ്‌. മൂര്‍ത്തി, ഡോ. ഓം ധിമാന്‍, ഡോ. നരേന്ദ്ര പി. ലുംബ, ജഗദീഷ്‌ മിറ്റല്‍, ജ്യോതിന്‍ തക്കര്‍, ഹാരി സിംഗ്‌, അരുണ്‍ ഭഗീരഥ്‌, ഭാരതി ഗുപ്‌ത, ജതീന്ദര്‍ അബി തുടങ്ങിയവരാണ്‌ ട്രസ്റ്റികള്‍.
വൈറ്റ്‌ പ്ലെയിന്‍സില്‍ ക്ഷേത്രത്തിന്‌ അനുമതിവൈറ്റ്‌ പ്ലെയിന്‍സില്‍ ക്ഷേത്രത്തിന്‌ അനുമതിവൈറ്റ്‌ പ്ലെയിന്‍സില്‍ ക്ഷേത്രത്തിന്‌ അനുമതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക