Image

യാക്കോബിന്റെ കിണറും മുന്തിരിത്തോപ്പുകളും (ജോണ്‍ മാത്യു)

Published on 23 April, 2014
യാക്കോബിന്റെ കിണറും മുന്തിരിത്തോപ്പുകളും (ജോണ്‍ മാത്യു)
ഏതാണ്ട്‌ പത്തിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഒരു വേനല്‍ക്കാലം. ജോലിത്തിരക്കിനിടയില്‍നിന്ന്‌ ഒരു മോചനമായി ഏതാനും ദിവസത്തെ അവധി തരപ്പെടുത്തി. അന്നായിരുന്നു ഞാന്‍ ആദ്യമായി ടെക്‌സാസിലെ മലനാടുകളിലേക്ക്‌ പോയത്‌. കുന്നുകളും പാറക്കെട്ടുകളും കൊച്ചുകൊച്ചു തടാകങ്ങളും നിറഞ്ഞ ഹില്‍കണ്‍ട്രി മനോഹരമാണ്‌.

ആ യാത്രയോടനുബന്ധിച്ചായിരുന്നു `കോറിവല്യമ്മ'യെന്ന കഥ എഴുതിയത്‌. അമേരിക്കനിന്ത്യന്‍ പശ്ചാത്തലത്തില്‍ വിശ്വാസങ്ങളും ആചാരങ്ങളും പ്രേതങ്ങളോടുള്ള ഭയവും ചേര്‍ത്ത്‌ ഒരു കഥ. ഒരുകൂട്ടം ആളുകള്‍ ജീവിച്ചിരുന്നതും പിന്നീട്‌ ഒഴിഞ്ഞുപോയതുമായ കുടിലുകള്‍ ഇന്നും സജ്ജീവമെന്നതുപോലെ, ഉരലില്‍ നെല്ലുകുത്തുന്നതിന്റെ താളം ഇന്നും അനുഭവപ്പെടുന്നതുപോലെ. തടാകതീരത്തെ ഉയര്‍ന്ന പാറക്കെട്ടുകളും അതില്‍ കൂടുകെട്ടുന്ന ഗരുഢന്മാരും ആകാശത്ത്‌ ഉരുണ്ടുകയറുന്ന കാര്‍മേഘങ്ങളും കാലങ്ങളെ കൂട്ടിയിണക്കുന്നു, ഇനിയും ഓര്‍മ്മകള്‍ ആത്മാക്കളായി ഉണര്‍ന്നെഴുനേല്‍ക്കുകയുമായി.

പിന്നീടു തക്കം കിട്ടിയപ്പോഴെല്ലാം ഹില്‍കണ്‍ട്രിയിലേക്ക്‌ യാത്രകള്‍ തരപ്പെടുത്തിയിരുന്നു.

ഈ പ്രാവശ്യം ഞങ്ങളുടെ ഗൈഡ്‌ നിര്‍ദ്ദേശിച്ചു: `നമുക്ക്‌ മുന്തിരിത്തോട്ടങ്ങളും ജേക്കബ്‌സ്‌ ഉറവും കണ്ടാലോയെന്ന്‌.'

യാക്കോബിന്റെ കിണര്‍, യാക്കോബിന്റെ ഉറവ...

ബൈബിള്‍ കഥാവിവരണങ്ങളുടെ കൂട്ടത്തില്‍ ഒരു സംഭവമായി പറഞ്ഞുപോകുന്നതാണ്‌ യാക്കോബ്‌ സുക്കോത്ത്‌ എന്ന സ്ഥലത്തേക്ക്‌ പുറപ്പെടുകയും അവിടെ വീടും കന്നുകാലികള്‍ക്ക്‌ തൊഴുത്തും കെട്ടിയത്‌.

എന്നാല്‍ കാലങ്ങള്‍ക്കുശേഷം, ഇതേ സുഖോത്ത്‌ ആരാധനയുടെ നിത്യസത്യം വെളിപ്പെടുത്താന്‍ യേശുവിന്‌ വേദിയായിത്തീരുകയും ചെയ്‌തു.

`ദൈവം ആത്മാവ്‌ ആകുന്നു, അവനെ നമസ്‌കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്‌കരിക്കേണം.'

ഓര്‍മ്മയിലുള്ള ബൈബിള്‍ രംഗങ്ങള്‍!

പക്ഷേ, ഞങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നത്‌ മറ്റൊരു കിണര്‍. ഹില്‍കണ്‍ട്രി വിശുദ്ധനാടിന്റെ ഏകദേശമായ ഒരു പതിപ്പാണെങ്കിലും ഇവിടെ യാക്കോബിന്റെ കിണറിനു മറ്റൊരു ചരിത്രം. മറ്റൊരു ജേക്കബ്‌, ജേക്കബ്‌ കോര്‍ഡോബ കണ്ടെത്തിയതുകൊണ്ടായിരിക്കാം പുരാതനമായൊരു പേരിനൊപ്പം ഈ ഉറവിനെയും ബന്ധിപ്പിക്കാനായാത്‌.

എത്ര വേഗമാണ്‌ ഭൂപ്രകൃതി മാറിയത്‌, പൊക്കമുള്ള മരങ്ങളും നിരപ്പായ ഭൂമിയും അപ്രത്യക്ഷമായത്‌ ഞങ്ങള്‍ അറിഞ്ഞതേയില്ല. പകരം വശീകരിക്കുന്ന കുന്നുകളും ചുണ്ണാമ്പുപാറക്കെട്ടുകളും. മലനിരകളിറങ്ങുമ്പോള്‍ തെളിഞ്ഞ, കാവ്യസങ്കല്‌പങ്ങളിലേതുപോലുള്ള അരുവികള്‍; തീരങ്ങളില്‍ മേയുന്ന മാന്‍കൂട്ടം!

ഗൈഡ്‌ പറഞ്ഞു:

`പ്രസിഡന്‍ഷ്യല്‍ കണ്‍ട്രി...' ഹില്‍കണ്‍ട്രിയില്‍ക്കൂടി യാത്ര ചെയ്യുമ്പോള്‍ ലിന്‍ഡന്‍ ജോണ്‍സനും അദ്ദേഹത്തിന്റെ പേരിലുള്ള റാഞ്ചും ഓര്‍മ്മയിലെത്തും. അമേരിക്കയിലെ ശക്തനായ ഒരു പ്രസിഡന്റ്‌, സാമൂഹിക ജീവിതത്തില്‍ നമ്മെ നേരിട്ടു ബാധിക്കുന്ന എന്തെന്തു മാറ്റങ്ങള്‍ക്കാണ്‌ ആ നാളുകള്‍ സാക്ഷ്യം ഹിച്ചത്‌. എന്നാല്‍ ടെക്‌സാസുകാരായ ഞങ്ങള്‍ ഇന്ന്‌ ഏറെ ആസ്വദിക്കുന്നത്‌ ലേഡി ബേര്‍ഡ്‌ (മിസിസ്‌) ജോണ്‍സണ്‍ന്റെ പ്രിയ പ്രോജക്‌ട്‌ ആയിരുന്ന വഴിയോരങ്ങളിലെ കാട്ടുപൂക്കളാണ്‌. ടെക്‌സാസിന്റെ സ്വന്തമായ കാട്ടുപൂക്കള്‍ സംരക്ഷിക്കുന്നതില്‍ അവര്‍ തല്‌പരയായിരുന്നു. വസന്തത്തില്‍ ബ്ലൂബോണറ്റ്‌ പൂക്കള്‍ നിലം മൂടുമ്പോള്‍ നഗരത്തിനു പുറത്തേക്ക്‌ ചുമ്മാതൊരു യാത്രക്കായി കാത്തിരിക്കുന്നവരുണ്ട്‌.

ഹില്‍കണ്‍ട്രിയുടെ മറ്റൊരു പ്രത്യേകതയാണ്‌ വീഞ്ഞ്‌. ഇറ്റലിയോടോ, കാലിഫോര്‍ണിയയിലെ `നാപാവാലി'യോടോ മത്സരിക്കാന്‍ പറ്റില്ലെങ്കിലും മുന്തിരിത്തോപ്പുകളും വീഞ്ഞുല്‌പാദന കേന്ദ്രങ്ങളും അവിടെയുള്ള രുചി ആസ്വാദനശാലകളും സന്ദര്‍ശകരെ ആകര്‍ഷിക്കും. സായാഹ്നങ്ങളില്‍ താഴ്‌വരകളിലെ മുന്തിരിത്തോട്ടങ്ങളിലേക്കും അതിനപ്പുറമുള്ള മലനിരകളിലേക്കും നോക്കിയിരിക്കുമ്പോള്‍:

?A book of verses underneath the bough

A flask of wine, a loaf of bread and thou

Beside me singing in the wilderness

And wilderness is paradise now?

ഓമര്‍ഖയ്യാമിന്റെ കവിത. .....വനാന്തരത്തിലെ ഗീതങ്ങള്‍. ആ വനാന്തരമാണിപ്പോള്‍ പൂന്തോട്ടമായ ദേവലോകം...

യാക്കോബിന്റെ ഉറവിലേക്കുള്ള വഴിയില്‍ ഒരു ശ്‌മശാനം. ഗൈഡ്‌ ഓര്‍മ്മിപ്പിച്ചു:

`ജീവിച്ചിരിക്കുന്നവരെക്കാള്‍ അധികമാണിവിടെ മരിച്ചവര്‍.'

ശരിയാണ്‌, അവിടെ മാത്രമല്ല, എല്ലായിടത്തും ചേര്‍ത്തുവെക്കാവുന്ന ഒരു സത്യം. ശ്‌മശാനത്തിന്റെ മൂകതയുടെയും അതിനൊപ്പമുള്ള ഭയത്തിന്റെയും തുടര്‍ച്ചയെന്നോണം വീടുകള്‍ക്കു മുന്നില്‍ കുരിശുരൂപങ്ങള്‍.

ചുണ്ണാമ്പ്‌ പാറക്കെട്ടുകളുടെ മുകളില്‍നിന്ന്‌ ചെറുപ്പക്കാര്‍ ഇരുപത്തിമൂന്നടി ആഴമുള്ള `യാക്കോബിന്റെ കിണറി'ലേക്ക്‌ ചാടിക്കൊണ്ടേയിരുന്നു. വെള്ളത്തിന്‌ നീലനിറം! ചാട്ടം ഒന്നുപിഴച്ചാല്‍മതി കിണറിന്റെ അടിയിലെ ഉള്‍വലിവിലേക്ക്‌ ഊഴ്‌ന്നിറങ്ങിപ്പോകാന്‍, മടങ്ങിവരാന്‍ കഴിയാതെ. ഭൂതത്താന്മാര്‍ കാലില്‍പ്പിടിച്ച്‌ താഴേക്ക്‌ വലിക്കുന്നതുപോലെ. വെള്ളക്കെട്ടുകളും മൂടല്‍മഞ്ഞും ചുഴികളും പ്രേതകഥകളുമായി ബന്ധപ്പെടുത്തിയാണല്ലോ എല്ലാ നാട്ടിന്‍പുറങ്ങളിലെയും സാമാന്യസങ്കല്‌പങ്ങള്‍.

ഈ ഉറവും തുടര്‍ന്നുള്ള ചാലുകളും, അരുവികളും സമതലത്തിലുള്ള നദികളെ പോഷിപ്പിച്ചുകൊണ്ട്‌ മെക്‌സിക്കന്‍ ഉള്‍ക്കടലിലേക്ക്‌ ഒഴുകുന്നു.

ഇനിയും മടങ്ങിപ്പോരുമ്പോള്‍ എവിടെയാണ്‌ ഭൂപ്രകൃതി വീണ്ടും മാറുന്നതെന്ന്‌, വരണ്ടകാലാവസ്ഥയുടെ പ്രതീകമായ മുള്‍ച്ചെടികള്‍ അവസാനിക്കുന്നതെന്ന്‌ കാണാന്‍ ഞാന്‍ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍നേരത്തേ അനുഭവങ്ങള്‍ അയവിറക്കിക്കൊണ്ട്‌.
യാക്കോബിന്റെ കിണറും മുന്തിരിത്തോപ്പുകളും (ജോണ്‍ മാത്യു)
യാക്കോബിന്റെ കിണറും മുന്തിരിത്തോപ്പുകളും (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക