Image

വയനാട്ടില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ വായ്പകള്‍ക്ക് മൊറട്ടോറിയം

Published on 16 November, 2011
വയനാട്ടില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ വായ്പകള്‍ക്ക് മൊറട്ടോറിയം
തിരുവനന്തപുരം: കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കിയ വായ്പകളുടെ തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഹൗസിങ് ബോര്‍ഡ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ തുടങ്ങിയ ഏജന്‍സികള്‍ നല്‍കിയ വായ്പകളുടെ തിരിച്ചടവിനാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. വയനാട്ടിലെ കര്‍ഷക ആത്മഹത്യകളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കെ.ജയകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതിന് പുറമെ കാര്‍ഷിക വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാനും വായ്പകള്‍ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് പലിശയുടെ പത്ത് ശതമാനം തിരിച്ചുനല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പുറമെ സംസ്ഥാനത്തെ പച്ചക്കറിയുടെ വിലവര്‍ധന തടയാനായി 600 ന്യായവില പച്ചക്കറി സ്റ്റാളുകള്‍ ആരംഭിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടിലെ വാണിജ്യ, സഹകരണ ബാങ്കുകളെ സഹകരിപ്പിച്ച് ഒരു പ്രത്യേക സംസ്ഥാനതല ബാങ്കിങ് കമ്മിറ്റി രൂപവത്കരിക്കുക, സഹകരണ ബാങ്കുകളുടെ ഒരു യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കുക, ഇതില്‍ നബാര്‍ഡിനെയും പങ്കെടുപ്പിക്കുക, കാര്‍ഷിക കടാശ്വാസ കമ്മീഷന് അപേക്ഷ നല്‍കാനുള്ള കാലാവധി 2011 ഒക്‌ടോബര്‍ 31വരെയാക്കുക, ന്യായമായ താങ്ങുവില പ്രഖ്യാപിച്ച് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും സംഭരിക്കാനും വേണ്ട സംവിധാനങ്ങള്‍ ഒരുക്കുക, വയനാട് ജില്ലയിലും നെല്ല് സംഭരണം ആരംഭിക്കുക, കൃഷിമന്ത്രി ചെയര്‍മാനും ജില്ലയിലെ മന്ത്രിയും എം.എല്‍.എ.മാരും അംഗങ്ങളുമായ പ്രത്യേക സമിതി രൂപവത്കരിക്കുകയും സമിതി രണ്ട് മാസം കൂടുമ്പോള്‍ യോഗം ചേരുകയും കര്‍ഷകമിത്ര സമിതികള്‍ രൂപവത്കരിക്കുകയും ദേശീയ തൊഴിലുറപ്പ് പദ്ധതില്‍ കാര്‍ഷികപ്രവൃത്തികള്‍ ഉള്‍പ്പെടുത്തുക വന്യമൃഗശല്ല്യത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പുറമെ വയനാട്ടിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പച്ചക്കറിവില നിയന്ത്രിക്കുന്നതിനായി 600 പുതിയ ന്യായവില സ്റ്റാളുകള്‍ ആരംഭിക്കാനും പത്ത് പച്ചക്കറിയിനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കാനുമുള്ളതാണ് മന്ത്രിസഭയുടെ മറ്റൊരു സുപ്രധാന തീരുമാനം. കണ്‍സ്യൂമര്‍ഫെഡ് 400 ഉം ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലും സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷനും ചേര്‍ന്ന് 200ഉം ന്യായവില സ്റ്റാളുകളാണ് തുടങ്ങുക. ഇതില്‍ പത്ത് സ്റ്റാളുകളില്‍ തക്കാളി, ക്ക്കിരി, വെണ്ടക്ക, വെള്ളരി, പാവക്ക, പയര്‍, പടവലം, കാരറ്റ്, ചീനിയമര, ചെറിയഉള്ളി തുടങ്ങിയവ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക