Image

പാതയോര സമര സ്വാതന്ത്ര്യത്തിനുവേണ്ടി പോരാട്ടം തുടരും: ജയരാജന്‍

Published on 16 November, 2011
പാതയോര സമര സ്വാതന്ത്ര്യത്തിനുവേണ്ടി പോരാട്ടം തുടരും: ജയരാജന്‍
തിരുവനന്തപുരം: പാതയോര സമര സ്വാതന്ത്ര്യത്തിനുവേണ്ടി പോരാട്ടം തുടരുമെന്ന്‌ ജയില്‍ മോചിതനായ സി.പി.എം നേതാവ്‌ എം.വി ജയരാജന്‍ വ്യക്തമാക്കി. ജയിലില്‍ നിന്ന്‌ പുറത്തിറങ്ങിയശേഷം നടന്ന സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഞ്ചാര സ്വാതന്ത്ര്യം തടയാതെ തന്നെ പാതയോരങ്ങളില്‍ പ്രകടനം നടത്താനും പൊതുയോഗം നടത്താനുമുള്ള അവകാശത്തിന്‌ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങളാണ്‌ അന്തിമ വിധികര്‍ത്താക്കള്‍. നീതി തേടിയെത്തുന്ന ജനങ്ങളുടെ അവസാനത്തെ അത്താണിയാണ്‌ ജുഡീഷ്യറി. ജുഡീഷ്യറിയോട്‌ അങ്ങേയറ്റത്തെ ആദരവുണ്ട്‌. അതേസമയം, ജനാധിപത്യത്തില്‍ വിമര്‍ശനത്തിന്‌ വിധേയമാവാത്ത ഒന്നുമില്ല. തെറ്റുകള്‍ മനുഷ്യ സഹജമാണ്‌. ജയരാജനും തെറ്റുപറ്റാം. എന്നാല്‍, ജയരാജനെ തിരുത്തേണ്ടത്‌ ജനങ്ങളാണ്‌. ഒമ്പത്‌ ദിവസത്തെ ജയില്‍ വാസത്തിനിടയില്‍ 12 പുസ്‌തകങ്ങള്‍ വായിച്ചു. ഗാന്ധിജിയുടെ സ്വാതന്ത്ര്യത്തിന്‍െറ കഥ എന്ന പുസ്‌തകമായിരുന്നു അതിലൊന്ന്‌. പാതയോരത്ത്‌ പൊതുയോഗം നടത്തുന്നത്‌ വിലക്കിയ ബ്രിട്ടീഷുകാരുടെ കരിനിയമത്തിനെതിരെ ഗാന്ധിജി നടത്തിയ പോരാട്ടം അതില്‍ വിവരിക്കുന്നുണ്ട്‌. ജയില്‍ വാസവും തടവറയും കൊണ്ട്‌ കമ്യൂണിസ്റ്റുകാരനെ നിങ്ങള്‍ക്ക്‌ നശിപ്പിക്കാന്‍ കഴയില്ലെന്നും ജയരാജന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക