Image

നിശബ്‌ദ സേവനവും സൗഹൃദവും കൈമുതലായി ഷാജി എഡ്വേര്‍ഡ്‌

Published on 30 April, 2014
നിശബ്‌ദ സേവനവും സൗഹൃദവും കൈമുതലായി ഷാജി എഡ്വേര്‍ഡ്‌
എല്ലാറ്റിനും വലുതായി സൗഹൃദത്തിനു നല്‌കുന്ന മുന്‍ഗണനയും നിശബ്‌ദ പ്രവര്‍ത്തനങ്ങളിലുമാണ്‌ ഫോമാ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ഷാജി എഡ്വേര്‍ഡിന്റെ (ഫൈസല്‍ എഡ്വേര്‍ഡ്‌) പ്രത്യേകത. നേതൃസ്ഥാനത്തിനുവേണ്ടി പരക്കം പാഞ്ഞിട്ടില്ല. സ്ഥാനം കിട്ടിയാല്‍ അതുപയോഗിച്ച്‌ പബ്ലിസിറ്റിക്കൊന്നും തയാറുമല്ല. രണ്ടു വര്‍ഷം മുമ്പ്‌ ഫോമാ ട്രഷററായിരുന്നപ്പോള്‍ ഷാജി എഡ്വേര്‍ഡിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ എത്രതവണ അച്ചടിച്ചുവന്നിട്ടുണ്ടെന്നു പരിശോധിച്ചാല്‍ തന്നെ ഇതു വ്യക്തമാകും.

ഫ്‌ളോറിഡയില്‍ നിന്നുള്ള പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി ആനന്ദന്‍ നിരവേല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ സ്ഥാനാര്‍ത്ഥിയാകാന്‍ ക്ഷണിച്ചപ്പോഴാണ്‌ ഇപ്രാവശ്യം രംഗത്തുവരാന്‍ തീരുമാനിച്ചതു തന്നെ.

ഇരുപത്തെട്ട്‌ വര്‍ഷം മുമ്പ്‌ അമേരിക്കയിലെത്തിയതു മുതല്‍ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷനില്‍ പ്രവര്‍ത്തിച്ച ഷാജി 2004-ല്‍ ഫൊക്കാന കേന്ദ്ര സമിതിയിലേക്ക്‌ മത്സരിച്ചുകൊണ്ടാണ്‌ ദേശീയ രംഗത്തേക്കു വന്നത്‌. ബേബി ഊരാളില്‍ പ്രസിഡന്റും, ബിനോയി തോമസ്‌ സെക്രട്ടറിയുമായപ്പോള്‍ പാനലിന്റെ പിന്‍ബലമൊന്നുമില്ലാതെയാണ്‌ ട്രഷററായത്‌. അവരോടൊപ്പം ട്രഷററായി പ്രവര്‍ത്തിക്കാനായതും വിജയകരമായ ക്രൂസ്‌ കണ്‍വെന്‍ഷനു നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞതുമൊക്കെ അപൂര്‍വ്വാനുഭവമായി ഷാജി മനസില്‍ സൂക്ഷിക്കുന്നു. ട്രഷററെന്ന നിലയില്‍ ആദ്യത്തെ ചെക്ക്‌ എഴുതിയത്‌ പ്രസ്‌ ക്ലബിനു വേണ്ടിയാണ്‌.

ഏല്‍പിച്ച ജോലി മാത്രമല്ല മറ്റു കാര്യങ്ങളും `പ്രോ ആക്‌ടീവ്‌' ആയി ചെയ്യുക എന്നതാണ്‌ ഷാജിയുടെ ശൈലി. എന്തെങ്കിലും നേട്ടത്തിനോ കൈയ്യടിക്കോ വേണ്ടിയല്ല അത്‌. ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളിലുള്ള ആത്മാര്‍ത്ഥത തന്നെ കാരണം. ഭിന്നാഭിപ്രായം തോന്നുമ്പോള്‍ അതു പറയാന്‍ മടിച്ചിട്ടുമില്ല. എന്നാല്‍ പൊതു തീരുമാനത്തിനു ഒടുവില്‍ വഴങ്ങുകയും ചെയ്യും.

നേതൃസ്ഥാനം ആഗ്രഹിക്കുന്നവര്‍ രണ്ടു വര്‍ഷമെങ്കിലും നാഷണല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കണമെന്ന്‌ ഷാജി പറയുന്നു. ദശാബ്‌ദങ്ങളായി ഫൊക്കാനയിലും പിന്നെ ഫോമയിലും പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ്‌ ആനന്ദന്‍ നേതൃത്വത്തിലേക്ക്‌ മത്സരിക്കുന്നത്‌. സ്ഥാനാര്‍ത്ഥി സംഘടനയ്‌ക്കുവേണ്ടി എന്തു ചെയ്‌തു എന്ന്‌ ചിന്തിക്കേണ്ടതാണ്‌.

ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്‌ ഫിലാഡല്‍ഫിയ മേഖലയില്‍ നിന്നുതന്നെ വലിയ തോതില്‍ രജിസ്‌ട്രേഷന്‍ കിട്ടുന്നു. മുന്‍കാലങ്ങള്‍ക്കു വിപരീതമായി കുടുംബങ്ങളാണ്‌ ഇപ്പോള്‍ കണ്‍വെന്‍ഷനു രജിസ്റ്റര്‍ ചെയ്യുന്നത്‌. വിമന്‍സ്‌ ഫോറമാകട്ടെ വളരെ സജീവമായിരിക്കുന്നു.

ജൂലൈ ആദ്യം മതസംഘടനകളുടെ കണ്‍വെന്‍ഷന്‍ നടക്കുന്നത്‌ ഫൊക്കനയ്‌ക്കും ഫോമയ്‌ക്കും പ്രശ്‌നമാണ്‌. അതിനാല്‍ കണ്‍വെന്‍ഷന്‍ തീയതി അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റുന്ന കാര്യം സജീവമായി ആലോചിക്കേണ്ടതാണ്‌. ഒക്‌ടോബറിനു മുമ്പ്‌ കണ്‍വെന്‍ഷന്‍ നടത്താനെ ഫോമ ഭരണഘടന അനുശാസിക്കുന്നുള്ളൂ. ഫൊക്കാനാ കണ്‍വെന്‍ഷന്‍ നടക്കുന്ന ദിനങ്ങളില്‍ നിന്നു മാറ്റി കണ്‍വെന്‍ഷന്‍ നടത്താന്‍ ശ്രമിക്കുന്നു. ആവശ്യമെങ്കില്‍ മാറ്റാമെന്ന മനസ്ഥിതിയില്‍ എത്തുന്നതുതന്നെ വലിയ കാര്യമാണ്‌.

43 അംഗ കമ്മിറ്റിയില്‍ ഒരാള്‍ മാത്രമാണ്‌ സെക്രട്ടറി. അതിനാല്‍ പൊതു അഭിപ്രായത്തിനനുസരിച്ചായിരിക്കും തന്റെ പ്രവര്‍ത്തനം.

58 അംഗ സംഘടനകളുമായുള്ള ബന്ധം സജീവമാക്കുക എന്നതാണ്‌ സുപ്രധാന ലക്ഷ്യമായി കരുതുന്നത്‌. കണ്‍വെന്‍ഷന്‍ സമയത്തു മാത്രമല്ല, ഓരോ രണ്ടു മാസവും പരസ്‌പരം ബന്ധപ്പെടാനുള്ള സംവിധാനം വരണം. അങ്ങനെ അംഗ സംഘടനകളില്‍ നിന്നുള്ള സഹകരണം ശക്തിപ്പെടും.

യൂത്ത്‌ കോണ്‍ഫറന്‍സ്‌ എന്ന ആശയം ഇതേവരെ പ്രാബല്യത്തില്‍ കൊണ്ടുവരാനായില്ല. ഫോമാ കണ്‍വെന്‍ഷന്റെ തലേവര്‍ഷം യുവജനകണ്‍വെന്‍ഷന്‍ വാഷിംഗ്‌ടണ്‍ ഡി.സി പോലുള്ള സ്ഥലങ്ങളില്‍ സംഘടിപ്പിക്കണമെന്നതാണ്‌ ആഗ്രഹം. യുവജനങ്ങള്‍ക്ക്‌ പ്രത്യേക കണ്‍വെന്‍ഷന്‍, പ്രത്യേക പരിപാടികള്‍, കൗണ്‍സിലിംഗ്‌ തുടങ്ങിയവയൊക്കെ കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുന്നു. ഒന്നോ രണ്ടോ ദിവസത്തെ കണ്‍വെന്‍ഷനാകാം.

പ്രൊഫഷണല്‍ സമ്മിറ്റും നല്ല ആശയമാണ്‌. കഴിഞ്ഞ തവണ അത്‌ വന്‍ വിജയമായെങ്കിലും ഒരുപാട്‌ സെഷനുകളും ജോബ്‌ ഫെയറും കുത്തി നിറച്ചപോലെ തോന്നി. അതിനാല്‍ ടൈറ്റ്‌ ഷെഡ്യൂള്‍ മാറ്റി രണ്ടു ദിവസേക്കുള്ള സമ്മിറ്റ്‌ നടത്തുന്നതും അഭികമ്യമാണ്‌.

വനിതാഫോറം ഇപ്പോള്‍ തന്നെ മികച്ച പ്രവര്‍ത്തനം കാഴ്‌ചവെയ്‌ക്കുന്നു. അവര്‍ക്കാവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കണം. മിസ്‌ കേരള യു.എസ്‌.എ മത്സരങ്ങള്‍ നടത്തുകയും ലക്ഷ്യമാണ്‌. ഇവിടെ വിജയിക്കുന്നവര്‍ക്ക്‌ കേരളത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനവസരമുണ്ടാകും.

എല്ലാറ്റിനും പണം തന്നെ പ്രശ്‌നം. സ്‌പോണ്‍സര്‍മാരെ കിട്ടാനും മറ്റും വലിയ വിഷമം. അംഗസംഘടനകളുമായുള്ള ബന്ധം മെച്ചപ്പെട്ടാല്‍ ഇതിനൊക്കെ മാറ്റം വരും.

മലയാളത്തിനു ഒരുപിടി ഡോളര്‍ പദ്ധതിക്ക്‌ തുക നല്‍കാന്‍ പോലും മിക്കവര്‍ക്കും മടിയാണ്‌. ഇപ്പോള്‍ ഓണ്‍ലൈനില്‍ മലയാളം പഠിപ്പിക്കുന്ന പദ്ധതി വലിയ വിജയമാണ്‌. ഫീസില്ലാതെ തന്നെ പഠിപ്പിക്കാന്‍ മലയാളത്തിനു ഒരുപിടി ഡോളര്‍ പദ്ധതി മുഖേന ലഭിക്കുന്ന തുക ഉപയോഗിക്കാവുന്നതാണ്‌. അങ്ങനെ വരുമ്പോള്‍ ആളുകളുടെ സഹകരണവും കൂടും.

നാട്ടില്‍ ഏതെങ്കിലും ചാരിറ്റി പ്രൊജക്‌ട്‌ എടുത്തിട്ട്‌ അതിനായി പണം സമാഹരിച്ചാല്‍ ആളുകള്‍ കൂടുതല്‍ സഹകരിക്കും.

എല്ലാ കാര്യവും നേതാക്കള്‍ തന്നെ ചെയ്യണമെന്നില്ല. അധികാരം ഡെലിഗേറ്റ്‌ ചെയ്യുന്നതും പ്രധാനമാണ്‌.

സെക്രട്ടറിയെന്ന നിലയിലുള്ള ബിനോയിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ ഒട്ടേറെ പഠിക്കാന്‍ തനിക്കായിട്ടുണ്ട്‌. അവയൊക്കെ നേതൃസ്ഥാനം ലഭിച്ചാല്‍ പ്രയോഗത്തില്‍ കൊണ്ടുവരും. സ്ഥാനം ലഭിച്ചാലും ഇല്ലെങ്കിലും ഫോമയുടെ സജീവ പ്രവര്‍ത്തകനായി മുന്നിലുണ്ടാകും.

ന്യൂയോര്‍ക്കില്‍ ട്രാന്‍സിറ്റ്‌ അതോറിറ്റി ഉദ്യോഗസ്ഥനാണ്‌ ഷാജി. ഭാര്യ സില്‍വി
. നാലു മക്കള്‍.
നിശബ്‌ദ സേവനവും സൗഹൃദവും കൈമുതലായി ഷാജി എഡ്വേര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക