Image

ന്യൂജേഴ്‌സിയില്‍ ആദ്യ ഭാഗവത സപ്താഹയജ്ഞം നാമം സംഘടിപ്പിക്കുന്നു

Published on 29 April, 2014
ന്യൂജേഴ്‌സിയില്‍ ആദ്യ ഭാഗവത സപ്താഹയജ്ഞം നാമം സംഘടിപ്പിക്കുന്നു
വൈറ്റ് പ്ലെയിന്‍സ്, ന്യൂയോര്‍ക്ക്: സാംസ്‌കാരിക രംഗത്തിനുപുറമെ ആത്മീയ രംഗത്തേയ്ക്കും പ്രവേശിക്കുന്ന നാമം (നായര്‍ മഹാമണ്ഡലം ആന്‍ഡ് അസോസിയേറ്റഡ് മെമ്പേഴ്‌സ്) ന്യൂജേഴ്‌സിയിലെ ആദ്യത്തെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സംഘടിപ്പിക്കുന്നു. മാള്‍ബറോയിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ജൂണ്‍ 21 മുതല്‍ 28 വരെ നടത്തുന്ന യജ്ഞത്തിന്റെ ആചാര്യന്‍ മണ്ണടി ഹരി ആണ്. ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, വാസുദേവ് പുളിക്കല്‍, രാധാകൃഷ്ണപിള്ള, ശ്രീധരന്‍ നായര്‍, ഭാനുമതി അമ്മ എന്നിവരാണ് യജ്ഞപൗരാണികര്‍. (പാരായണം നടത്തുന്നവര്‍).

തിരക്കാര്‍ന്ന ജീവിതശൈലിയിലൂടെ കൈമോശം വരുന്ന ആത്മീയതയ്ക്ക് ഉത്തേജനം നല്കാനും ഈശ്വരനില്‍ മനസ്സര്‍പ്പിച്ച് ആത്മവിശുദ്ധി കൈവരിക്കാനും സപ്താഹ യജ്ഞം സഹായിക്കുമെന്ന് നാമം സ്ഥാപകനും പ്രസിഡന്റുമായ മാധവന്‍ ബി. നായരും, സഹപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി. ജാതിമതഭേദമില്ലാതെ പങ്കെടുക്കുന്ന ആര്‍ക്കും മനസിനെ ശുദ്ധീകരിക്കാന്‍ ഉതകുന്നതാണ് സപ്താഹയജ്ഞമെന്ന് ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള ചൂണ്ടിക്കാട്ടി.

നാലു വേദങ്ങളുടേയും അന്തസത്ത ഉള്‍ക്കൊള്ളിച്ച് വേദവ്യാസന്‍ രചിച്ച ശ്രീമദ് ഭാഗവത പുരാണം തുഞ്ചത്ത് എഴുത്തച്ഛന്‍ കിളിപ്പാട്ട് രൂപത്തിലാക്കിയതാണ് വായിക്കുക. ഭഗവാന്‍ ശ്രീകൃഷ്ണന്റെ അവതാര ചരിത്രമാണ് ഭാഗവതം. ഓരോ ദിവസവും വായിക്കുന്ന ഭാഗത്തെപ്പറ്റി യജ്ഞാചാര്യന്‍ വിശദീകരണവും അപഗ്രഥനവും കഥാരൂപത്തില്‍ പ്രഭാഷണം ചെയ്യും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രഭാഷണം നടത്തുന്നതിനാല്‍ മലയാളികളല്ലാത്തവര്‍ക്കും പങ്കെടുക്കാം.

ഇതോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം, വിശേഷാല്‍ പൂജകള്‍, അര്‍ച്ചനകള്‍ എന്നിവയുമുണ്ടാകും. കുടുംബ ഐശ്വര്യപൂജ, സ്വയംവര പൂജ, സന്താന ഗോപാലാര്‍ച്ചന തുടങ്ങിയവര്‍ക്ക് അവസരമുണ്ടാകും.

ഈസ്റ്റ് കോസ്റ്റ് മേഖലയില്‍ നിന്നുള്ള ആയിരക്കണക്കിനു പേര്‍ യജ്ഞത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ നിന്ന് ഒന്നര മണിക്കൂര്‍ ദൂരെ വിശാലമായ സൗകര്യങ്ങളുള്ള മഹാക്ഷേത്രമാണ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം. ഗുരുവായൂരപ്പന്റെ പേരിലാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവരുല്‍ കൂടുതല്‍.

ഇന്ത്യയില്‍ സപ്താഹ യജ്ഞങ്ങള്‍ ഇടയ്ക്കിടെ നടത്താറുണ്ടെങ്കിലും അമേരിക്കയില്‍ അതു സംഘടിപ്പിക്കുക എളുപ്പമല്ല. എങ്കിലും മണ്ണടി ഹരിയുടെ നേതൃത്വത്തില്‍ കാലിഫോര്‍ണിയയില്‍ ആദ്യത്തെ യജ്ഞത്തിനു താനും ഗണേഷ് നായരുമൊക്കെ സഹകരിച്ചത് പാര്‍ത്ഥസാരഥി പിള്ള അനുസ്മരിച്ചു. ന്യൂയോര്‍ക്കില്‍ പലവട്ടം യജ്ഞം നടക്കുകയും അത് വിജയിക്കുകയും ചെയ്തു.

യജ്ഞത്തിന് ലാഭേച്ഛ പാടില്ലെന്നാണ് നിയമം തന്നെ. വരുന്നവര്‍ക്കൊക്കെ ഭക്ഷണവും സൗജന്യമായി നല്‍കും. ഓരോ ദിവസത്തെ ഭാഗങ്ങള്‍ക്ക് അനുസൃതമായ ഭക്ഷണമാണ് ഒരുക്കുക. ഉദാഹരണത്തിന് നരസിംഹാവതാരത്തെപ്പറ്റി വായിക്കുന്ന ദിവസമാണെങ്കില്‍ ഇടിച്ചുപിഴിഞ്ഞ പായസം നല്‍കുമ്പോള്‍ ശ്രീകൃഷ്ണാവതാരത്തെപ്പറ്റി ആകുമ്പോള്‍ പാല്‍പായസമായിരിക്കും. രുഗ്മിണി സ്വയംവരം വായിക്കുമ്പോള്‍ കല്യാണ സദ്യ തന്നെ നല്‍കുന്നു.

ഏഴു നാളുകള്‍ക്കുള്ളില്‍ പാമ്പുകടിച്ച് മരിക്കുമെന്ന മുനിശാപം മൂലം ഭീതി പൂണ്ട് ഒളിച്ച പരീക്ഷിത്ത് രാജാവിനെ മരണഭയത്തില്‍ നിന്നു മുക്തനാക്കാന്‍ ശ്രീശുക മഹര്‍ഷി ഏഴുനാള്‍ ഭാഗവതം വായിച്ച് അര്‍ത്ഥം പറഞ്ഞുകൊടുത്തുവെന്നും രാജാവ് മൃത്യുഭീതി വെടിഞ്ഞുവെന്നുമാണ് ഐതീഹ്യമെന്ന് പാര്‍ത്ഥസാരഥി പിള്ള ചൂണ്ടിക്കാട്ടി. ആദ്യത്തെ സപ്താഹ യജ്ഞമായി ഇതു കണക്കാക്കപ്പെടുന്നു. യജ്ഞാചാര്യന്‍ മാറുന്നതനുസരിച്ച് അവതരണത്തിലും വ്യത്യാസം വരുന്നു. ശാസ്ത്രജ്ഞനും വേദോപനിഷത്തുക്കളില്‍ അഗാധ പണ്ഡിതനുമായ മണ്ണടി ഹരി മികച്ച യജ്ഞാചാര്യന്മാരിലൊരാളായി പേരെടുത്തിട്ടുള്ളയാളാണ്.

എല്ലാദിവസവും ഏഴിന് ആരംഭിക്കുന്ന പാരായണം വൈകിട്ട് സമാപിക്കുമ്പോഴാണ് പ്രഭാഷണം. അതിനുശേഷം സാസ്‌കാരിക പരിപാടികളും നടക്കും.

പൂജയ്ക്കും അര്‍ച്ചനയ്ക്കും ലഭിക്കുന്ന പണമാണ് യജ്ഞം സംഘടിപ്പിക്കുന്നതിന്റെ പ്രധാന വരുമാന സ്രോതസ്. വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റ്, കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക തുടങ്ങിയ വിവിധ ഹൈന്ദവ സംഘടനകള്‍ യജ്ഞത്തിനു തുണയുമായി രംഗത്തുണ്ട്.

അഞ്ചുവര്‍ഷം മുമ്പ് രൂപംകൊണ്ട നാമം കലാ-സാംസ്‌കാരിക രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കകുയും ഒട്ടേറെ കുടുംബങ്ങളുടെ കൂട്ടായ്മയായി മാറുകയും ചെയ്തുവെന്ന് മാധവന്‍ നായര്‍ ചൂണ്ടിക്കാട്ടി. ജീവിതപ്രയാണത്തില്‍ തളരുന്നവര്‍ക്ക് ഉണര്‍വ്വും മനശുദ്ധിയും നല്‍കാന്‍ പ്രേരകമാകുന്ന യജ്ഞം സംഘടിപ്പിക്കാനാകുന്നതില്‍ സന്തോഷമുണ്ട്.

ഇന്ത്യാ പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ വിനീത നായര്‍ സ്വാഗതം പറഞ്ഞു. യജ്ഞത്തിന്റെ കോര്‍ഡിനേറ്റര്‍ സഞ്ജീവ് കുമാര്‍, ഡോ. ഗോപിനാഥന്‍ നായര്‍, ഡോ. അംബികാ നായര്‍, ഡോ. പത്മജ പ്രേം, സജിത് കുമാര്‍,
അജിത് മേനോന്‍, ഗണേഷ് നായര്‍, ഡോ. പ്രേമചന്ദ്രന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് ജേക്കബ് റോയി, സെക്രട്ടറി സണ്ണി പൗലോസ്, ട്രഷറര്‍ ജെ. മാത്യൂസ്, നാഷണല്‍ വൈസ് പ്രസിഡന്റ് ജോസ് കാടാപുറം, രാജു പള്ളത്ത്, ഏലിയാസ്, ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
ന്യൂജേഴ്‌സിയില്‍ ആദ്യ ഭാഗവത സപ്താഹയജ്ഞം നാമം സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക