Image

തമ്മില്‍ത്തല്ലി തുലയുമോ മലയാള സിനിമ ?

ജി.കെ. Published on 17 November, 2011
തമ്മില്‍ത്തല്ലി തുലയുമോ മലയാള സിനിമ ?
മലയാള സിനിമയില്‍ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നത്‌ സിനിമാ `സമര'മാണ്‌. നിര്‍മാതാക്കളുടെ സമരം, ഫെഫ്‌കയുടെ സമരം, മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടുമായി തിയറ്റര്‍ ഉടമകളുടെയും സമരം. ഭാഗ്യത്തിന്‌ പ്രതിഫലം കൂടുതല്‍ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ നടന്‍മാരോ കൊടുക്കുന്ന പൈസയ്‌ക്ക്‌ മികച്ച മൂല്യം ഉറപ്പാക്കുന്ന സിനിമകള്‍ നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രേഷകരോ ഇതുവരെ സമരം പ്രഖ്യാപിച്ചിട്ടില്ല.

സന്തോഷ്‌ പണ്‌ഡിറ്റുമാരുടെ സിനിമകള്‍ മലയാള സിനിമയെ നിലവാരത്തകര്‍ച്ചയുടെ നിലയില്ലാകയത്തിലേക്ക്‌ തള്ളിവിടുന്ന നാളുകളില്‍ തന്നെയാണ്‌ സംഘടനകള്‍ തങ്ങളുടെ കരുത്തുകാട്ടാന്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്‌. ആതിന്ത്യകിമായി ഈ സമരം തകര്‍ക്കുന്നത്‌ മലയാള സിനിമയെ തന്നെയാണെന്ന്‌ തിരിച്ചറിയാത്ത സംഘടനകള്‍ കൊണ്‌ട്‌ മലയാള സിനിമക്ക്‌ എന്തു നേട്ടമെന്ന്‌ ചിന്തിക്കേണ്‌ട കാലം അതിക്രമിച്ചിരിക്കുന്നു.

പ്രതീക്ഷ നല്‍കുന്ന നിരവധി മലയാള സിനിമകള്‍ വെള്ളിത്തിരയിലെത്താന്‍ ഒരുങ്ങി നില്‍ക്കവെയാണ്‌ മലയാളസിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടുമായി തിയറ്റര്‍ ഉടമകളെന്ന എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ സിനിമയുടെ കടയ്‌ക്കല്‍ കത്തിവെച്ചിരിക്കുന്നത്‌. അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത തിയറ്റര്‍ ഉടമകള്‍ സമരംകൊണ്‌ട്‌ തങ്ങളുടെ കഞ്ഞികുടി മുട്ടില്ലെന്ന്‌ എന്തായാലും ഉറപ്പാക്കിയിട്ടുണ്‌ട്‌. ഇനിയൊരു 50 വര്‍ഷം സിനിമയില്ലെങ്കിലും കഞ്ഞികുടി മുട്ടാത്ത സൂപ്പര്‍ താരങ്ങളെയും സമരം ബാധിക്കില്ല.

എന്നാല്‍ കോടികള്‍ മുടക്കി നിര്‍മിച്ച സിനിമകള്‍ തീയറ്ററിലെത്തിക്കാനാകാതെ പെട്ടിക്കുള്ളില്‍ തന്നെയിരിക്കുമ്പോള്‍ വിഷമത്തിലാകുന്നത്‌ കൊള്ളപ്പലിശയ്‌ക്കു വരെ കടംവാങ്ങി സിനിമ നിര്‍മിച്ച നിര്‍മാതാക്കളും സിനിമാ നിര്‍മാണം മുടങ്ങുമ്പോള്‍ അന്നന്നത്തെ അന്നത്തിന്‌ വഴി കണ്‌ടെത്താന്‍ സിനിമയുടെ പിന്നണിയല്‍ പാടുപെടുന്ന ലൈറ്റ്‌ ബോയ്‌ മുതലുള്ള സാധാരണ തൊഴിലാളികളുമാണ്‌.

സിനിമാ മേഖലയുടെ മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ക്രിയാത്മകമായ ഇടപെടല്‍ നടത്തുന്നതിനുമായി ഒരു സിനിമാ മന്ത്രിയുള്ള സംസ്ഥാനത്താണ്‌ മലയാള സിനിമയ്‌ക്ക്‌ ഈ ഗതി വന്നുചേര്‍ന്നിരിക്കുന്നത്‌. ദീപാവലി ചിത്രങ്ങളായി റിലീസ്‌ ചെയ്‌ത അന്യഭാഷാ സിനിമകള്‍ നമ്മുടെ സംസ്ഥാനത്തു നിന്ന്‌ കോടികള്‍ കൊയ്യുമ്പോഴാണ്‌ മലയാള സിനിമ കരയ്‌ക്കിരുന്ന്‌ കൈയടിക്കുന്നത്‌. നൂതന സാങ്കേതിക വിദ്യയുടെയും ഹൃദയസ്‌പര്‍ശിയായ കഥയുടെയും അകമ്പടിയോടെയാണ്‌ തമിഴ്‌, ഹിന്ദി സിനിമകള്‍ കേരളത്തിലെത്തുന്നത്‌. നിലവാരമുള്ള അന്യഭാഷാസിനിമകളെ വരവേല്‍ക്കാന്‍ നമ്മുടെ സഹൃദയരായ പ്രേക്ഷകര്‍ക്ക്‌ മടികാട്ടിയിട്ടുമില്ല.

എന്നാല്‍ മലയാള സിനിമയോട്‌ ഇപ്പോള്‍ അത്തരമൊരു സമീപനം സ്വീകരിക്കാന്‍ പ്രേഷകന്‌ കഴിയാത്തതിന്‌ കാരണവും ഇപ്പോള്‍ സമരം നടത്തുന്നവര്‍ തന്നെയാണ്‌. തുടര്‍ച്ചയായി പഴകിപ്പുളിച്ച പ്രമേയങ്ങളും മീശപിരിയന്‍ കഥാപാത്രങ്ങളെയും നല്‍കി അവര്‍ പ്രേഷകരുടെ ക്ഷമയെ പരീക്ഷിക്കുകയായിരുന്നു. അതുകൊണ്‌ടു തന്നെയാണ്‌ ഈ സമരത്തോട്‌ അവര്‍ നിസംഗമായ സമീപനം സ്വീകരിക്കുന്നതും ഒപ്പം സന്തോഷ്‌ പണ്‌ഡിറ്റിനെപ്പോലെയുള്ളവരുടെ സിനിമാ കോപ്രായങ്ങളെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നതും. കാരണം സന്തോഷ്‌ പണ്‌ഡിറ്റിന്റെ കുപ്പായത്തില്‍ സൂപ്പര്‍ താരങ്ങള്‍ കയറുന്നു എന്ന ഒറ്റ വ്യത്യാസമേ മറ്റു മലയാളം സിനിമകളിലും അവര്‍ കാണുന്നുള്ളൂ.

കഴിഞ്ഞ പത്തു മാസത്തിനിടയില്‍ റിലീസ്‌ ചെയ്‌ത 90 ശതമാനം മലയാള സിനിമകളും പരാജയത്തിന്റെ പട്ടികയിലാണ്‌ ഇടംപിടിച്ചത്‌. ഇത്തരം പ്രതിസന്ധിക്കാലത്തും നല്ല കുറച്ചു സിനിമകള്‍ മലയാളത്തില്‍ ഉണ്‌ടായി. സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറും ഇന്ത്യന്‍ റൂപ്പിയും ചാപ്പാ കുരിശുമെല്ലാം സമ്മാനിച്ച പുതുമയുള്ള പ്രമേയങ്ങള്‍ കണ്‌ടപ്പോള്‍ മലയാള സിനിമ പച്ചപിടിച്ചു തുടങ്ങി എന്ന്‌ തോന്നിയതാണ്‌. തീയറ്ററുകള്‍ മെല്ലെ പ്രേക്ഷകന്റെ ആരവത്തിനു കീഴടങ്ങാന്‍ തയ്യാറായി. അപ്പോഴാണ്‌ സമരത്തിന്റെ പേരിലുള്ള പ്രതിസന്ധി ഉളവായിരിക്കുന്നത്‌.

എന്തായാലും ഒരു നാള്‍ ഈ സമരവും അവസാനിക്കും. സൂപ്പര്‍ താര ചിത്രങ്ങളടക്കം അപ്പോള്‍ പെട്ടിയില്‍ നിന്ന്‌ പുറത്തുചാടും. അപ്പോഴും മണ്‌ടന്മാരാകുന്നത്‌ പ്രേക്ഷകന്‍ മാത്രമാകും. അപ്പോള്‍ അവര്‍ക്കു ചെയ്യാന്‍ കഴിയുന്നത്‌ ഒന്നുമാത്രമാണ്‌. സമരം കഴിഞ്ഞ്‌ തീയറ്ററുകളില്‍ മലയാള സിനിമ വീണ്‌ടുമെത്തുമ്പോള്‍ പ്രേക്ഷകര്‍ സമരം തുടങ്ങണം. തീയറ്ററുകളിലെത്തുന്ന പ്രേക്ഷകനും ചില അവകാശങ്ങളില്ലെ. അതിനുവേണ്‌ടിയെങ്കിലും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക