Image

കിരീടവും ചെങ്കോലും വഴിമാറി; മോഹന്റെ കാന്‍വാസില്‍ ഉത്രാടം തിരുനാളിനു മരണമില്ല

കുര്യന്‍ പാമ്പാടി Published on 01 May, 2014
  കിരീടവും ചെങ്കോലും വഴിമാറി; മോഹന്റെ കാന്‍വാസില്‍   ഉത്രാടം തിരുനാളിനു മരണമില്ല
മുന്നൂറു വര്‍ഷത്തെ രാജഭരണം അവസാനിപ്പിച്ചുകൊണ്ടും തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം ജനങ്ങള്‍ക്ക് ഏല്പിച്ചുകൊണ്ടുമുള്ള ചരിത്രപ്രധാനമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിട്ട് ഏറെനാളായില്ല. പക്ഷേ, അതില്‍ ആത്മാര്‍ത്ഥമായി ദുഃഖിക്കുന്ന മധ്യതിരുവിതാംകൂറിലെ ഒരു എളിയ ആരാധകനുണ്ട് - കോട്ടയം കുമാരനല്ലൂര്‍ ദേവീക്ഷേത്രസവിധേ ജീവിക്കുന്ന ചിത്രകാരന്‍ മോഹന്‍.

കൊട്ടാരം, പ്രത്യേകിച്ച് ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ, ക്ഷേത്രത്തിലെ ലക്ഷം കോടികള്‍ വിലമതിക്കുന്ന നിധി സംരക്ഷിക്കുന്നതില്‍ പിഴവു വരുത്തിയെന്ന  ആരോപണവും  പ്രത്യാരോപണവും അരങ്ങുതകര്‍ക്കുന്നതിനു അല്പം മുമ്പാണ് മോഹന്‍ കൊട്ടാരക്കെട്ടിലെത്തി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ മുഖം കാണിച്ചതും സാഷ്ടാംഗം പ്രണമിച്ചതും. സുഹൃത്ത് ഉദയഭാസ്‌കര്‍ കുട്ടുനിന്നു.

മോഹന്‍ വരച്ച, ഉടവാളേന്തിയ രാജാവിന്റെ ഒരു അക്രിലിക് അര്‍ധകായ ചിത്രം രാജാവിന്റെ നവതിദിവസമായ 2012 മാര്‍ച്ച് 17നു സമര്‍പ്പിക്കാനാണ് മോഹന്‍ അവിടെയെത്തിയത്. രാജാവ് ചിത്രം കണ്ട് അദ്ഭുതാദരവുകളോടെ കലാകാരനെ പ്രണമിക്കുകയും വൈകുന്നേരം കൊട്ടാരത്തിലെ കാപ്പിക്കുശേഷം  കനല്‍കക്കുന്ന്  കൊട്ടാരത്തിലെ പൗരസ്വീകരണത്തില്‍വച്ച് പൊതുജനസമക്ഷം ചിത്രം ഒന്നുകൂടി സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

കിഴക്കേക്കോട്ടയിലെ കുതിരമാളിയ്ക്കു ചേര്‍ന്നുള്ള കൃഷ്ണപുരം കൊട്ടാരത്തില്‍വച്ചായിരുന്നു രാവിലത്തെ ജന്മദിന ചടങ്ങുകള്‍. അവിടെവച്ചാണ് ചിത്രം സമര്‍പ്പിച്ചതും. ''ഇതിപ്പോള്‍ ഞാനും കുറേ കൊട്ടാരം വാസികളും മാത്രമല്ലേ കാണുന്നുള്ളൂ. വൈകുന്നേരം നിശാഗന്ധിയിലെ ചടങ്ങില്‍വച്ചാകുമ്പോള്‍ നാലുപേരു കാണുമല്ലോ...'' എന്നായിരുന്നു പ്രജാക്ഷേമതത്പരരായ രാജാക്കന്മാരുടെ പരമ്പരയിലെ അവസാനത്തെ രാജാവിന്റെ സൗമനസ്യം.

കൃഷ്ണപുരം കൊട്ടാരത്തില്‍ രാജാവിനൊപ്പമുള്ള വിഭവസമൃദ്ധമായ അമൃതേത്ത് ഉച്ചയ്ക്ക്. പിന്നെ വൈകുന്നേരം രാജാവ് താമസിക്കുന്ന പട്ടം പാലസില്‍ കാപ്പി. അപ്പോഴുണ്ട് കൊട്ടാരത്തിന്റെ അങ്കണത്തില്‍ ഒരു പുതുപുത്തന്‍ റോള്‍സ് റോയ്‌സ് കാര്‍! ഏഴു കോടിയോളം വിലവരുന്ന ആ ചലിക്കുന്ന കൊട്ടാരം ബാംഗളൂരിലുള്ള രാജാവിന്റെ ഒരു ആരാധകന്‍ നവതിസമ്മാനമായി എത്തിച്ചതാണത്രേ. തിരുവിതാംകൂര്‍ രാജാവിന്റെ മുദ്ര പതിപ്പിച്ച ആ കാറിലായിരുന്നു അന്നു മുഴുവന്‍ തിരുവനന്തപുരത്തിന്റെ രാജവീഥികളിലൂടെ രാജാവിന്റെ എഴുന്നള്ളത്ത്.
നിശാഗന്ധിയിലെ നിറഞ്ഞ സദസ്സിനു മുമ്പില്‍ രാജാവിനു നല്‍കപ്പെട്ട പൗരസ്വീകരണത്തിലെ അധ്യക്ഷന്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. ജന്മദിനാഘോഷങ്ങളിലെ ഒരു പ്രധാന ചടങ്ങ് മോഹന്റെ ചിത്രസമര്‍പ്പണമായിരുന്നു. മോഹനും കൊട്ടാരത്തിലെ ഒരു സേവകനും ചേര്‍ന്നു ചിത്രം എല്ലാവരും കാണ്‍കെ ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ സദസില്‍നിന്ന് ഹര്‍ഷാരവമുയര്‍ന്നു. രാജാവ്, ഇരുന്നുകൊണ്ടുതന്നെ കൈകൂപ്പി സവിനയം എല്ലാ സ്‌നേഹാദരവുകള്‍ക്കും നന്ദി പ്രകടിപ്പിച്ചു.
തിരുക്കൊച്ചിയിലെ  അവസാനത്തെ രാജപ്രമുഖനായിരുന്ന ജ്യേഷ്ഠന്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മയെപ്പോലെ അനുജനും മെലിഞ്ഞശരീരപ്രക്യതി. പക്ഷേ, ആ മുഖത്ത് ജ്വലിച്ച രാജകല മോഹനെ വിസ്മയിപ്പിച്ചു. നെറ്റിയില്‍ വലിയ കളഭച്ചാര്‍ത്ത്. വിരലുകളിലെല്ലാം രത്‌നഖചിത മോതിരങ്ങള്‍. അതിലൊന്നില്‍ തിരുവിതാംകൂര്‍ രാജാധികാരത്തിന്റെ മുദ്ര. കൈയില്‍ തിളങ്ങുന്നൊരു വാച്ച്; അതിനുതന്നെ മൂന്നു കോടി വിലമതിക്കുമെന്ന് രാജാവിന്റെ സെക്രട്ടറി മോഹനോട് സ്വകാര്യമായി പറഞ്ഞു. ''അത് വിലയ്ക്കു വാങ്ങിയതല്ല; അദ്ദേഹത്തിന്റെ അമേരിക്കയുള്ള സഹോദരിയുടെ സമ്മാനമാണ്'' -സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

പ്രായം തൊണ്ണൂറെത്തിയിട്ടും പരമ്പരാഗത ആചാരമര്യാദകള്‍ ഒട്ടും കൈവിടാതെയാണ് ഉത്രാടംതിരുനാള്‍ ജീവിച്ചുപോന്നത്. ശ്രീപദ്മനാഭന്റെ തിരുസന്നിധിയില്‍നിന്ന് ശംഖുമുഖത്തേക്കുള്ള പള്ളിവേട്ട എഴുന്നള്ളത്തിന് ഉടവാളുമേന്തി മുന്‍നിരയില്‍ അദ്ദേഹം നടന്നുതന്നെ പോകാറുണ്ടായിരുന്നു; അതായിരുന്നു ആ എഴുന്നള്ളത്തിന്റെ പ്രൗഢിയും. വഴിനീളെ കാത്തുനില്‍ക്കുന്ന പഴയ പ്രജകള്‍ കൂപ്പുകൈകളോടെ അദ്ദേഹത്തെ വന്ദിക്കുന്നതുമൊക്കെ തിരുവനന്തപുരത്തിന്റെ രാജവീഥികളിലെ കാഴ്ച.

ഉത്രാടംതിരുനാളിന്റെ പ്രസാദാത്മകമായ മുഖവും ചേഷ്ടകളും മോതിരങ്ങള്‍ നിറഞ്ഞ വിരലുകളും കൈയിലെ ആ വാച്ചും മോഹന്റെ മനസില്‍ ആഴത്തില്‍ പതിഞ്ഞു. മടങ്ങിവന്നയുടന്‍ രാജാവിന്റെ അര്‍ധകായ ചിത്രം തനിമയോടെ വീണ്ടുമൊന്ന് ആവിഷ്‌കരിക്കുന്നതിലായി മോഹന്റെ ശ്രദ്ധയത്രയും. മാസങ്ങളെടുത്തു ചിത്രം പൂര്‍ത്തിയാക്കാന്‍. പക്ഷേ, കൊട്ടാരത്തിലെത്തി അത് രാജാവിനു സമര്‍പ്പിക്കണമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടില്ല. പെട്ടെന്നുണ്ടായ അസുഖത്തെത്തുടര്‍ന്ന് കൊട്ടാരത്തോടു ചേര്‍ന്നുള്ള ഉത്രാടം തിരുനാള്‍ മെഡിക്കല്‍ കോളേജില്‍ അദ്ദേഹം നാടുനീങ്ങി എന്ന വാര്‍ത്തയാണ് അപ്രതീക്ഷിതമായി മോഹന്‍ അറിഞ്ഞത്. 2013 ഡിസംബര്‍ 16നായിരുന്നു അന്ത്യം. ചിത്രം ഇപ്പോഴും മോഹന്റെ ആര്‍ട്ട് ഗാലറിയില്‍ സൂക്ഷിച്ചിരിക്കുന്നു. അര്‍ധകായ ചിത്രത്തിലെ രാജാവിന്റെ കൈവിരലുകളില്‍ മോതിരവും കോടികള്‍ വിലമതിക്കുന്ന വാച്ചും തിളങ്ങുന്നു.
കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ പൂട്ടു പണിയാന്‍ കൊല്ലത്തുനിന്ന് ക്ഷണിച്ചുകൊണ്ടുവന്നതാണ് മോഹന്‍ ദാമോദരന്റെ മൂലകുടുംബത്തെ. മോഹനും അനുജന്‍ ബാബുവും ചിത്രരചനയിലേക്ക് വഴിമാറി. വീടുതന്നെ സ്റ്റുഡിയോ ആയി മാറ്റി. ഇവിടത്തെ രചനകളില്‍ ഭൂരിഭാഗവും ഹിന്ദുദൈവങ്ങളും യുഗപുരുഷന്മാരുമാണ്. രാജാ രവിവര്‍മയുടെ ശകുന്തളയെ ഓര്‍മിപ്പിക്കുന്ന മനോഹര ചിത്രങ്ങളും അക്കൂടെ കാണാം. സ്‌ത്രൈണതയുടെ മുഗ്ധഭാവങ്ങളെല്ലാം ആവാഹിച്ചിട്ടുണ്ടു പലതിലും. സിനിമാലോകത്തെ നായകന്മാരുടെ ചിത്രങ്ങളുമുണ്ട്. നരച്ച താടിയും മീശയും വച്ച മോഹന്‍ലാലിന്റെ ഒരു അപൂര്‍വ ചിത്രവും. അതിനിടെ, സുരേഷ് ഗോപി മിനുക്കി പുതുക്കാന്‍ എത്തിച്ചുകൊടുത്ത ഒരു കൃഷ്ണശില്പവും.

വലിയ ശിഷ്യഗണമുണ്ട് മോഹന്. അവധിക്കാലത്തെ തിരക്കു പറയാനില്ല. ചിത്രകല അഭ്യസിക്കാനെത്തിയവരുടെ കൂട്ടത്തില്‍ മുന്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. രാജന്‍ ഗുരുക്കളുമുണ്ടായിരുന്നുവെന്ന് മോഹന്‍ സാഭിമാനം പറയുന്നു. കേരളത്തിനകത്തും പുറത്തും നിരവധി ചിത്രങ്ങളും ശില്പങ്ങളും ചെയ്തിട്ടുള്ള കലാകാരന്മാരാണ് മോഹനും ബാബുവും. ദേവീദേവന്മാര്‍ പ്രമേയമായ ചുവര്‍ചിത്രങ്ങളാണ് ബാബുവിനു പ്രിയപ്പെട്ട മേഖല.
നിരവധി മലയാള സിനിമകളിലെ രംഗസംവിധാനത്തില്‍ ഇവരുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദേവരാഗം, പാഥേയം, സവിധം, നക്ഷത്രക്കൂടാരം, ഇന്ദ്രിയം.... അതങ്ങനെ നീളുന്നു. എന്നാല്‍, ഒരു ചിത്രകാരന്‍ കൂടിയായ ഭരതനെപ്പോലെ, ചിത്രങ്ങള്‍   പൊന്നുപോലെ സൂക്ഷിക്കുകയും കേടുകൂടാതെ യഥാകാലം തിരിച്ചെത്തിക്കുകയും മാന്യമായ പ്രതിഫലം നല്‍കുകയും ചെയ്തവര്‍ സിനിമാരംഗത്ത് അപൂര്‍വമാണെന്ന് മോഹന്‍ തുറന്നടിക്കുന്നു.

ദേവികുളംകാരി ഉഷയാണു ഭാര്യ. യുവജനോത്സവത്തില്‍ ചെണ്ടയ്ക്ക് എഗ്രേഡ് നേടിയ മകന്‍ യദു പ്ലസ്1 വിദ്യാര്‍ഥി. email: mohandasgallery@gmail.com



  കിരീടവും ചെങ്കോലും വഴിമാറി; മോഹന്റെ കാന്‍വാസില്‍   ഉത്രാടം തിരുനാളിനു മരണമില്ല  കിരീടവും ചെങ്കോലും വഴിമാറി; മോഹന്റെ കാന്‍വാസില്‍   ഉത്രാടം തിരുനാളിനു മരണമില്ല  കിരീടവും ചെങ്കോലും വഴിമാറി; മോഹന്റെ കാന്‍വാസില്‍   ഉത്രാടം തിരുനാളിനു മരണമില്ല  കിരീടവും ചെങ്കോലും വഴിമാറി; മോഹന്റെ കാന്‍വാസില്‍   ഉത്രാടം തിരുനാളിനു മരണമില്ല  കിരീടവും ചെങ്കോലും വഴിമാറി; മോഹന്റെ കാന്‍വാസില്‍   ഉത്രാടം തിരുനാളിനു മരണമില്ല  കിരീടവും ചെങ്കോലും വഴിമാറി; മോഹന്റെ കാന്‍വാസില്‍   ഉത്രാടം തിരുനാളിനു മരണമില്ല  കിരീടവും ചെങ്കോലും വഴിമാറി; മോഹന്റെ കാന്‍വാസില്‍   ഉത്രാടം തിരുനാളിനു മരണമില്ല  കിരീടവും ചെങ്കോലും വഴിമാറി; മോഹന്റെ കാന്‍വാസില്‍   ഉത്രാടം തിരുനാളിനു മരണമില്ല  കിരീടവും ചെങ്കോലും വഴിമാറി; മോഹന്റെ കാന്‍വാസില്‍   ഉത്രാടം തിരുനാളിനു മരണമില്ല  കിരീടവും ചെങ്കോലും വഴിമാറി; മോഹന്റെ കാന്‍വാസില്‍   ഉത്രാടം തിരുനാളിനു മരണമില്ല
Join WhatsApp News
വിദ്യാധരൻ 2014-05-02 10:02:16
മോഹെനെന്ന ചിത്രകാരൻറെ സൂക്ഷമമായ കരങ്ങളിൽ തീർത്ത ഈ ചിത്രം അവിശ്വസനിയമാം വിധം മനോഹരമായിരിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക