Image

മലയാളി സാന്നിധ്യം കുറഞ്ഞ ബോളിവുഡ്‌ മേള `ഐഐഎഫ്‌എ 2014' (തമ്പി ആന്റണി എഴുതുന്നു)

Published on 02 May, 2014
മലയാളി സാന്നിധ്യം കുറഞ്ഞ  ബോളിവുഡ്‌ മേള `ഐഐഎഫ്‌എ 2014' (തമ്പി ആന്റണി എഴുതുന്നു)
ഇന്ത്യന്‍ ഓസ്‌കാര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന IIFA (India International Film Academy 2014 ) ഈ വര്‍ഷം ഫ്‌ളോറിഡയിലെ (യുഎസ്‌എ) റ്റാമ്പായില്‍ അരങ്ങേറിയപ്പോള്‍ അവിടെ പോകണമെന്നുള്ള അതിയായ ആഗ്രഹമൊന്നും തോന്നിയില്ല. കാരണം കഴിഞ്ഞ വര്‍ഷം കാനഡയില്‍ ആയിരുന്നു അരങ്ങേറിയത്‌. അന്നും ദഷിണേന്ത്യക്ക്‌ കാര്യമായ പ്രാതിനിധ്യം ഇല്ലായിരുന്നു എന്നാണ്‌ കേട്ടത്‌. ഒരു ഇന്ത്യന്‍ ഓസ്‌ക്കാര്‍ എന്നൊക്കെ പറയുബോള്‍ അങ്ങേനെയാണോ വേണ്‌ടത്‌ എന്നൊരു തോന്നല്‍. അങ്ങെനെ മനസില്ലാമനസോടെ ഇരിക്കുമ്പോഴാണ്‌ അപ്രതീഷിതമായി ഒരു ക്ഷണം കിട്ടുന്നത്‌. തീര്‍ത്തും അപ്രതീഷിതം എന്നും പറയാന്‍ പറ്റില്ല. വളരെ നേരത്തെ ഒരു ഇമെയില്‍ വന്നിരുന്നു. അതത്ര കാര്യമായി എടുത്തില്ല എന്നുള്ളതാണ്‌ സത്യം. താമസിച്ചു പ്രതികരിച്ചതുകൊണ്‌ട്‌ താമസ സൗകാര്യമുള്‍പ്പെടെ പല ആനുകൂല്യങ്ങളും നഷ്ടമായി എന്നറിയാമെങ്കിലും ഭാര്യ പ്രേമയുടെ നിര്‍ബന്ധം കൂടി കണക്കിലെടുത്ത്‌ പോകാന്‍ തന്നെ തീരുമാനിച്ചു. എന്നാലും ഗ്രീന്‍ കാര്‍പ്പെറ്റിലൂടെ മറ്റു താരങ്ങളെപ്പോലെ നടക്കാന്‍ സാധിച്ചു എന്നതുമാത്രമാണ്‌ ഒരാശ്വാസം. അവിടെയും സൗത്ത്‌ ഇന്ത്യയില്‍നിന്നുള്ള ഒരു താരങ്ങളെയും കണ്‌ടതായി ഓര്‍ക്കുന്നില്ല.

വ്യാഴം,വെള്ളി, ശനി ദിവസങ്ങളിലാണ്‌ മേള ആരെങ്ങേറിയതെങ്കിലും, വെള്ളി, ശനി ദിവസങ്ങളിലായിരുന്നു പ്രധാന പരിപാടികള്‍. അതില്‍ വെള്ളിയാഴ്‌ച്ച സാങ്കേതിക മേന്മയ്‌ക്കുള്ള അവാര്‍ഡുകളായിരുന്നു. എന്നാലും താരത്തിളക്കവും കുറവില്ലായിരുന്നു. സ്‌റ്റേജില്‍ ആടിപ്പാടിയില്ലെങ്കിലും ദീപികാ പദുക്കോണും കരീനാ കപൂറും, പരിണീതി കപൂറും, അനില്‍ കപൂറും, വിവേക്‌ ഒബ്‌റോയിയും ഹൃത്വിക്‌ റോഷനും ആര്‍. മാധവനുള്‍പ്പെടെ പല പ്രമുഖ താരങ്ങളും സമ്മാനദാനത്തിനായി എത്തിയിരുന്നു. മാധവനെ കൂടാതെ സൗത്ത്‌ ഇന്ത്യയില്‍ നിന്ന്‌ ശങ്കര്‍ മഹാദേവനും ആള്‍ക്കൂട്ടത്തില്‍ ഉണ്‌ടായിരുന്നു. എനിക്ക്‌ ആറു ടിക്കറ്റ്‌ തരാനുള്ള സന്മാനസുണ്‌ടായിരുന്നതുകൊണ്‌ട്‌ റ്റാമ്പായില്‍ നിന്നുള്ള ഉണ്ണികൃഷ്‌ണനും അഞ്‌ജുവും, ജയരാജും ജയശ്രീയും ഉള്‍പ്പെടെ രണ്‌ടു മലയാളി കുടുംബത്തെ കൂടെ കൊണ്‌ടുപോകാന്‍ സാധിച്ചു. അങ്ങെനെ അവര്‍ക്കും മുന്നിരകളില്‍ ഇരിക്കാനുള്ള ഭാഗ്യമുണ്‌ടായി.

വെള്ളിയാഴ്‌ച്ച ദിവസം ഇരുപത്തായിരത്തിലധികം കപ്പാസിറ്റിയുള്ള ആംഫി തീയറ്ററിലായിരുന്നുവെങ്കില്‍ . ശനിയാഴ്‌ച്ച അമ്പതിനായിരത്തിലധികം കപ്പാസിറ്റിയുള്ള റയിമണ്‌ട്‌ ജയിംസ്‌ എന്ന ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തിലുമായിരുന്നു. രണ്‌ടു ദിവസങ്ങളിലും പറഞ്ഞിരുന്ന സമയം കഴിഞ്ഞു നാലു മണിക്കൂര്‍ കഴിഞ്ഞാണ്‌ ആഘോഷങ്ങള്‍ തുടങ്ങിയതു തന്നെ. അത്‌ ഒരിക്കലും ഇന്ത്യന്‍ രീതി വെച്ചു നോക്കുബോള്‍ ഒരത്‌ഭുതമൊന്നുമല്ലെങ്കിലും അമേരിക്കക്കാരായ അവിടെത്തെ നൂറു കണക്കിന്‌ ജോലിക്കാര്‍ക്കും . അമേരിക്കക്കാരായ കാണികള്‍ക്കും ഒരു അത്‌ഭുതം തന്നെയായിരുന്നു. ശനിയാഴ്‌ച്ചത്തെ ഹൈലൈറ്റ്‌ സിറ്റി മേയറും, ഹോളിവൂഡ്‌ നടന്മാരായ ജോണ്‍ റിവോള്‍ട്ടയും. കെവിന്‍ സ്‌പെസിയും പിന്നെ നമ്മുടെ ഒളിബിക്‌ ഓട്ടക്കാരന്‍ മില്‍ക്കാ സിങ്ങും ആയിരുന്നു. അപ്രതീഷിതമായി വന്ന തമിഴ്‌ താരം ധനൂഷ്‌ ആയിരുന്നു. അദ്ദേഹം ആദ്യമായി കഴിഞ്ഞ വര്‍ഷം ഒരു ഹിന്ദി സിനിമയില്‍ അഭിനയിച്ചു. അതുകൊണ്‌ട്‌ പേരിന്‌ ഒരവാര്‍ഡും കൊടുത്തു. മലയാളികളുടെ അഭിമാനമായ ഓസ്‌ക്കാര്‍ ജേതാവ്‌ റസൂല്‍ പൂക്കുട്ടിയും രണ്‌ടു ദിവസം കാണികളുടെ കൂടെ ഉണ്‌ടായിരുന്നു. ശനിയാഴ്‌ച്ച ആര്‍ക്കോ അവാര്‍ഡ്‌ കൊടുക്കാന്‍ സ്‌റ്റേജിലേക്ക്‌ വിളിച്ചതൊഴിച്ചാല്‍ . അത്രെയോക്കെയെ സൗത്ത്‌ ഇന്ത്യാക്കാര്‍ക്ക്‌ കോട്ടയുണ്‌ടായിരുന്നുള്ളൂ എന്നുവേണം പറയാന്‍. അവരൊക്കെ പ്രതിനിതീകരിച്ചത്‌ ഹിന്ദി സിനിമയെ ആയിരുന്നു എന്നുള്ളതാണു ആശ്ചര്യകരം .

ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷം കാണിച്ചതില്‍ കമലാഹാസാന്‍ ഒന്നു മിന്നി മറഞ്ഞതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ലതാ മങ്കേഷ്‌ക്കറും സഹോദരി ആശയും മിനിറ്റുകളോളം പാടിയിട്ടും ഹിന്ദിയിലുള്‍പ്പെടെ എല്ലാ ഭാഷയിലുംകൂടി ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡ്‌ നേടിയ നമ്മുടെ യേശുദാസിന്റെ ഒരുഗാനശകലമെങ്കിലും ഉള്‍പ്പെടുത്താമായിരുന്നു.

അവതാരകരായി വന്നത്‌ ഷാഹിദ്‌ കപൂറും, ഭാഗ മില്‍ക്കാ ഭാഗ ഫെയിം ഫറാന്‍ അക്‌ബറും ആയിരുന്നു. ഏറ്റവും നല്ല നടനായി തിരഞ്ഞെടുത്തതും മില്‍ക്കാ സിങ്ങായി അരങ്ങു തകര്‍ത്ത ഫറാന്‍ അക്‌ബറിനെ തന്നെയായിരുന്നു. ശനിയാഴ്‌ച്ചത്തെ മറ്റൊരു ഹൈലൈറ്റ്‌ രണവീര്‍ സിംഗിന്റെ മോട്ടോര്‍ സൈക്കളിലുള്ള അപ്പിയറന്‍സ്‌ ആയിരുന്നു. കുറെ താരങ്ങള്‍ കാര്‍ണിവല്‍ ഷിപ്പിലും വന്നിറങ്ങി. അന്‍പതിനായിരത്തോളം വരുന്ന കാണികള്‍ ഘരഘോഷത്തോടെ അവരെ വരവേറ്റു. ദീപികാ പദുക്കോണ്‍ , കരീനാ കപൂര്‍ , പരിനീതാ കപൂര്‍ , ഹൃത്വിക്‌ റോഷന്‍ മുതലായവരുടെ മനോഹരമായ നൃത്തമുണ്‌ടായിരുന്നെങ്കിലും മാധുരീ ദീക്ഷിതം എല്ലാവരെയും അത്ഭ്‌തപ്പെടുത്തിക്കൊണ്‌ട്‌ അരങ്ങു തകര്‍ത്തത്‌. ദീപികാ പദുക്കോണിന്റെ അച്ഛന്‍ പ്രകാശ്‌ പദുക്കോണ്‍ അവിടെ ഉണ്‌ടായിരുന്നെങ്കിലും വേണ്‌ട വിധത്തില്‍ അംഗീകരിച്ചില്ല എന്നുള്ളതും പ്രത്യകം എടുത്ത്‌ പറയേണ്‌ടതാണ്‌. പ്രസംഗത്തില്‍ ജോണ്‍ റിവാള്‍ട്ടയും,കെവിന്‍ സ്‌പസിയും, ടാമ്പാ സിറ്റി മേയറും നല്ല കൈയ്യടി നേടി. രണ്‌ടു താരങ്ങളും ബോളീവുഡ്‌ താരങ്ങള്‍ക്കൊപ്പം നൃത്ത ചുവടുകള്‍ വെച്ചു. അതില്‍ മികച്ചുനിന്നത്‌ കെവിന്‍ സ്‌പെസിന്റെ ലുങ്കി ഡാന്‍സായിരുന്നു.മെയിന്‍ പ്രോഗ്രാം സ്‌പോണ്‍സറായ കിരണ്‍ പട്ടേലും പ്രസംഗിച്ചു. തുടങ്ങാനുള്ള താമസം മാത്രം എല്ലാവരുടെയും ക്ഷമയെ പരീക്ഷിച്ചതൊഴിച്ചാല്‍ റ്റാമ്പാ നഗരത്തെ പോലും ഞെട്ടിച്ച ഈ വര്‍ഷത്തെ IIFA ഒരു വന്‍പിച്ച വിജയം തന്നെയായിരുന്നു.
മലയാളി സാന്നിധ്യം കുറഞ്ഞ  ബോളിവുഡ്‌ മേള `ഐഐഎഫ്‌എ 2014' (തമ്പി ആന്റണി എഴുതുന്നു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക