Image

തെറ്റും ശരിയും (ലേഖനം: തോമസ്‌ കളത്തൂര്‍)

Published on 06 May, 2014
തെറ്റും ശരിയും (ലേഖനം: തോമസ്‌ കളത്തൂര്‍)
ജനിച്ചാല്‍ മരിക്കും എന്ന തത്വം ശരിയാണ്‌ എന്ന്‌ ഏകസ്വരത്തില്‍ മനുഷ്യരാശി ഒന്നടങ്കം സമ്മതിക്കുന്നു. അത്‌ വസ്‌തുനിഷ്‌ഠമായ ഒരു ശരിയാണ്‌. എന്നാല്‍ ജനനത്തിനും മരണത്തിനുമിടയ്‌ക്കുള്ള കാലയളവില്‍ നേരിടുന്നതും പാലിക്കേണ്ടതുമായ ഇടപെടലുകളില്‍ തെറ്റേത്‌ ശരിയേത്‌ എന്ന ധാരണ ആവശ്യമാണ്‌. ഈ തെറ്റും ശരിയും വിവേചിക്കേണ്ടത്‌ വസ്‌തുനിഷ്‌ഠമായ നിലയിലായിരിക്കണം. വ്യക്തിനിഷ്‌ഠമായ നിലയിലായാല്‍ വ്യക്തിയുടെ അഭിരുചിയും മുന്‍വിധികളും അതില്‍ കടന്നുകയറും. തീരുമാനങ്ങള്‍ നിഷ്‌പക്ഷമല്ലാതായി, സമൂഹത്തിന്റെ സുഗമമായ പുരോഗതിയെ തന്നെ ബാധിക്കും. മനുഷ്യനൊഴികെ മറ്റു ജീവജാലങ്ങള്‍ക്ക്‌ സദാചാര വിവേചനമോ നിയമങ്ങളോ ഇല്ലാത്തതിനാല്‍ തെറ്റും ശരിയും കണക്കെടുക്കേണ്ടതില്ല. അവ ജീവിക്കാനാവശ്യമായതൊക്കെ ചെയ്യുന്നു.

തെറ്റും ശരിയും മനുഷ്യരാല്‍ നിശ്ചയിക്കപ്പെട്ടതാണ്‌. ഓരോ കാലങ്ങളുടെ അറിവിലും, അന്നത്തെ സമൂഹത്തിന്റെ അഥവാ മനുഷ്യരുടെ ആവശ്യത്തിനും നിലനില്‍പിനുമായി തലപ്പത്തിരിക്കുന്ന ഭരണാധികാരികളും മത നേതാക്കളും കല്‌പിച്ചാക്കിയതാണ്‌ തെറ്റിന്റേയും ശരിയുടേയും നിയമങ്ങള്‍. എന്നാല്‍ സാമൂഹ്യ ചിന്തയുടെ വളര്‍ച്ചയും, കാലദേശഭേദങ്ങളും ഈ തെറ്റുശരികളെ പരിവര്‍ത്തനത്തിനു വിധേയമാക്കുന്നു. നമ്മുടെ നാട്ടില്‍ പഴയകാലത്ത്‌ കീഴ്‌ജാതി സ്‌ത്രീകള്‍ മാറുമറയ്‌ക്കുന്നത്‌ തെറ്റായിരുന്നു. എന്ന്‌ ഇന്ന്‌ മാറ്‌ മറയ്‌ക്കാത്തത്‌ തെറ്റായി മാറി. ഇത്‌ കാലികമായ ഒരു പരിവര്‍ത്തനമാണ്‌. `ചാണകം' കൃഷിക്ക്‌ ആവശ്യമാണ്‌. എന്നാല്‍ ഊണ്‌ മേശയിലത്‌ സ്വാഗതം ചെയ്യപ്പെടുന്നില്ല. അത്‌ സ്ഥാനപരിവര്‍ത്തനമാണ്‌. ഇതുപോലെ വ്യത്യസ്‌തമായ സന്ദര്‍ഭങ്ങളിലും കാഴ്‌ചപ്പാടുകള്‍ക്കനുസരണമായും ഓരോ സമൂഹത്തിലും തെറ്റിനും ശരിക്കും പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നു.

ഇന്ന്‌ നാം തെറ്റാണെന്ന്‌ വാദിക്കുന്ന പല വിശ്വാസങ്ങളും ധാരണകളും പണ്ട്‌ ശരിയാണെന്ന്‌ തീരുമാനിച്ച്‌ നടത്തിപ്പോന്നതിനെ, പിന്നീട്‌ തെറ്റാണെന്ന്‌ തെളിയിച്ച്‌ തിരുത്തിക്കുറിച്ച ശരികളാണ്‌ ഇന്ന്‌ ഈ ശരികളെ വീണ്ടും തെറ്റായി തീര്‍പ്പ്‌ കല്‍പിച്ച്‌ പുതിയ ശരികളെ സ്ഥാപിച്ചാല്‍ കാലാന്തരത്തില്‍ അവയും മാറ്റി പ്രതിഷ്‌ഠിക്കപ്പെടാം. പരീക്ഷണ നിരീക്ഷണങ്ങളില്‍ കൂടി സ്ഥാപിക്കപ്പെടുന്നു എങ്കിലും ശാസ്‌ത്രവും ഈ പരിവര്‍ത്തനത്തിന്‌ വിധേയമാണ്‌. സത്യാന്വേഷണത്തിന്റെ ആരോഗ്യകരമായ ഫലപ്രാപ്‌തിയാണ്‌. സമൂഹത്തിന്റെ സദാചാരത്തിലധിഷ്‌ഠിതമായ സുഗമമായ പുരോഗതിക്ക്‌ ഭംഗം വരാത്ത പരിവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യാം. പ്രപഞ്ചവും പ്രകൃതിയും മനുഷ്യനും എല്ലാം പരിവര്‍ത്തനത്തിനവിധേയമാണല്ലോ.

പരിവര്‍ത്തനവിധേയമാതിനാല്‍ ശരിയും തെറ്റും അവഗണിക്കപ്പെടണം എന്ന ധാരണയും തെറ്റാണ്‌. അതിരുകളും നിയമങ്ങളുമില്ലാതെ ഒരിക്കലും ഒന്നിനും നിലനില്‍പുണ്ടാകുകയില്ല. പരിവര്‍ത്തനമില്ലാത്ത `ഏകം സത്‌' എന്ന ഈശ്വര അസ്ഥിത്വം മാത്രം കാലങ്ങളേയും ദേശങ്ങളേയും കവിഞ്ഞു നിലകൊള്ളുന്നു.
തെറ്റും ശരിയും (ലേഖനം: തോമസ്‌ കളത്തൂര്‍)
Join WhatsApp News
വിദ്യാധരൻ 2014-05-07 10:35:35
"ഇന്നലെ ചെയ്യിതൊരബ്ദം നാളത്തെ ആചാരമാകുന്നതിനു" മുൻപ് സദാചാരവും വിവേചനവും ഇല്ലാത്ത ആ സ്വർഗ്ഗ രാജ്യം എന്ന് ഭൂമിയിൽ വരും?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക