Image

പുതിയ വഴിതുറന്ന പാപ്പാ (ഡി. ബാബുപോള്‍)

Published on 05 May, 2014
പുതിയ വഴിതുറന്ന പാപ്പാ (ഡി. ബാബുപോള്‍)
ജോണ്‍പോളിനെ നമുക്കറിയാം. ഒരു ദശാബ്ദമായിട്ടില്ലല്‌ളോ മണ്‍മറഞ്ഞിട്ട്‌. എന്നാല്‍, ജോണ്‍ തതകകക `പണ്ട്‌ പണ്ട്‌ ഒരു മാര്‍പാപ്പ' ആയിരുന്നു. ജോണ്‍ മുമ്പേ നടന്നില്ലായിരുന്നെങ്കില്‍ ജോണ്‍പോളിനെ അറിയുമായിരുന്നില്ല എന്നതാണ്‌ നാം അറിയേണ്ട സത്യം.

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ജോണ്‍ മാര്‍പാപ്പ ആയത്‌. തന്‍െറ മെത്രാസനാസ്ഥാനത്തേക്ക്‌ മടങ്ങാനുള്ള തീവണ്ടി ടിക്കറ്റുമായി യാത്ര തിരിച്ച വൃദ്ധനായ കര്‍ദിനാളിന്‌ മടങ്ങാനായില്ല. മാര്‍പാപ്പയാകാന്‍ ലോകം ചുണ്ണാമ്പ്‌ തൊട്ട്‌ അടയാളപ്പെടുത്തിവെച്ചിരുന്നയാള്‍ കര്‍ദിനാളാകുന്നതിനുമുമ്പ്‌ `സെദേ വെക്കാന്തേ' പ്രഖ്യാപിക്കേണ്ടിവന്നപ്പോള്‍ അദ്ദേഹത്തിനുവേണ്ടി വൈകാതെ കസേര ഒഴിയാനാണ്‌ സ്ഥൂലഗാത്രനായ ഒരു വൃദ്ധനെ സഭയുടെ രാജകുമാരന്മാര്‍ തെരഞ്ഞെടുത്തത്‌ എന്നാണ്‌ മനുഷ്യമതം. ഈശ്വരന്‍ അറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്നറിയുന്നവര്‍ അവിടുത്തെ സനാതനജ്ഞാനത്തിന്‍െറ മഹിമയില്‍ വിസ്‌മയിച്ചുപോകും എന്നതാണ്‌ സത്യം. ആഞ്‌ജലോ ജോസഫ്‌ റൊങ്കാലി അതായിരുന്നു പേര്‌ പിറന്നത്‌ ഒരു പാവപ്പെട്ട പാട്ടക്കുടിയാന്‍െറ വീട്ടിലായിരുന്നു. വീട്ടില്‍ എഴുതി അറിയിക്കാനുള്ള വിശേഷം ഒന്നും കൂടാതെയാണ്‌ പഠനകാലം കഴിഞ്ഞത്‌. `ഞാന്‍ ചെറിയവനാണെന്നും ഒന്നുമല്ലാത്തവനാണെന്നും ഉള്ള തിരിച്ചറിവും വിനയവും ഉള്ളതുകൊണ്ട്‌ തൃപ്‌തിപ്പെടാനുള്ള മനസ്സും എനിക്ക്‌ നല്‍കി. അനുസരണത്തിലും കാരുണ്യത്തിലും സ്വയം വിശുദ്ധീകരിക്കുന്നതിന്‍െറ സന്തോഷം അറിയാന്‍ എന്‍െറ ബലഹീനതകള്‍ എന്നെ പ്രാപ്‌തനാക്കി' എന്ന്‌ മാര്‍പാപ്പ തന്നെ പിന്നെ ഓര്‍ത്തെടുത്തു.

റോമിലെ വിദ്യാഭ്യാസ കാലത്ത്‌ ചരിത്രത്തില്‍ ആകൃഷ്ടനായി. അത്‌ ദൈവം ഇടപെടുന്ന മേഖലയാണ്‌ എന്ന തിരിച്ചറിവായിരുന്നു ഫലം. വേദപാരംഗതര്‍, രക്ഷാകരപ്രക്രിയയുടെ ചരിത്രം എന്നൊക്കെയുള്ള വലിയ വലിയ വാക്കുകളാണ്‌ ഉപയോഗിക്കുന്നത്‌. റൊങ്കാലി ഗ്രഹിച്ചത്‌ മാനവരാശിയുടെ ചരിത്രത്തില്‍ ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്നതാണ്‌. തന്‍െറ കര്‍മകാണ്ഡത്തിലെ ഈശ്വരനിയോഗത്തെക്കുറിച്ചുള്ള തിരിച്ചറിവ്‌ അവിടെ തുടങ്ങി. വൈദികനായപ്പോഴേക്ക്‌ സ്വന്തം രൂപതയായ ബര്‍ഗാമോയില്‍ ജിയകോമോ മരിയ റാഡിനിതെഡെസ്‌ക്കി മെത്രാനായിരുന്നു. അദ്ദേഹം കാലാതിശായിയായ സാമൂഹികപരിപ്രേക്ഷ്യങ്ങള്‍ കൊണ്ടുനടക്കുകയും മെത്രാന്‍ ഭരണകര്‍ത്താവെന്നതിലേറെ അജപാലകനാണെന്ന്‌ തിരിച്ചറിയുകയും ചെയ്യുന്ന വ്യക്തി ആയിരുന്നു. ലിയോ മാര്‍പാപ്പയുടെ മാസ്‌മരികസ്വാധീനത്തിന്‌ വിധേയനായിരുന്ന ഈ മെത്രാന്‍ റേരും നൊവാരും എന്ന ചാക്രികലേഖനത്തിന്‍െറ സാമൂഹികമാനങ്ങള്‍ സ്വാംശീകരിച്ചിരുന്നു. അദ്ദേഹം ഈ കൊച്ചച്ചനെ തന്‍െറ സെക്രട്ടറി ആയി നിയമിച്ചു.

ബിഷപ്പിന്‍െറ സെക്രട്ടറി എന്ന നിലയില്‍ മിലാനിലെ ആര്‍ച്ച്‌ ബിഷപ്പായിരുന്ന കര്‍ദിനാള്‍ ഫെറാറിയെ അറിയാനും ആ ചിന്താധാരയില്‍ ആകൃഷ്ടനാവാനും ഇടയായി. ഈ മൂന്നുപേരും സഭയില്‍ ആധുനികതയും നവീകരണവും പ്രോത്സാഹിപ്പിക്കപ്പെടണം എന്ന്‌ ചിന്തിക്കുന്നവരായിരുന്നു. അന്നത്തെ മാര്‍പാപ്പ ഇഷ്ടപ്പെട്ട സംഗതികളല്ല ഇവര്‍ ചിന്തിച്ചത്‌.

ഒന്നാം ലോകമഹായുദ്ധം. ഇറ്റലിയും വത്തിക്കാനും പരസ്‌പരം അംഗീകരിക്കാത്ത കാലം. അരോഗദൃഢഗാത്രരായ വൈദികരെ നിര്‍ബന്ധിത പട്ടാളസേവനത്തിന്‌ വിളിച്ചിട്ടാണ്‌ ഇറ്റലി സൈന്യത്തിന്‌ ചാപ്‌ളെയിന്‍മാരെ കണ്ടത്തെിയിരുന്നത്‌. യുദ്ധം കഴിഞ്ഞ്‌ ബെനഡിക്ട്‌ തഢ റൊങ്കാലിയെ റോമിലേക്ക്‌ വിളിപ്പിച്ചു. ആ കാലം ഇറ്റാലിയന്‍ സഭയിലെ പ്രമുഖനേതാക്കളുമായും ഇതരരാജ്യങ്ങളില്‍നിന്ന്‌ ആ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരുമായും അടുത്തിടപഴകാന്‍ സഹായിച്ചു. റൊങ്കാലി കാണുന്ന ചക്രവാളം വലുതാക്കിക്കൊണ്ടിരുന്നു ദൈവം.

പിന്നെ മെത്രാനായി. `അനുസരണവും സമാധാനവും' എന്നതായിരുന്നു സ്വീകരിച്ച ആപ്‌തവാക്യം. ബള്‍ഗേറിയയിലും തുര്‍ക്കിയിലും ഗ്രീസിലും പ്രവര്‍ത്തിച്ച നാളുകള്‍ ഓര്‍ത്തഡോക്‌സ്‌ ക്രിസ്‌ത്യാനികളെ അടുത്തറിയാന്‍ ഉപകരിച്ചു. ക്രിസ്‌തുവില്‍ വിശ്വസിക്കുന്നവരെ യോജിപ്പിക്കുന്ന സംഗതികളാണ്‌ വേര്‍തിരിക്കുന്ന വിവാദങ്ങളെക്കാള്‍ പ്രധാനം എന്ന്‌ ദൈവം റൊങ്കാലിയെ പഠിപ്പിക്കുകയായിരുന്നു. ഹിറ്റ്‌ലറുടെ തേര്‍വാഴ്‌ചക്കാലം. ജര്‍മന്‍ അംബാസഡറുമായി `ഒത്തുകളിച്ച്‌' കാല്‍ലക്ഷം യഹൂദരെയാണ്‌ റൊങ്കാലി അക്കാലത്ത്‌ രക്ഷിച്ചത്‌.

യുദ്ധം തീരാറായപ്പോള്‍ ഫ്രാന്‍സിലെ നുണ്‍ഷ്യോ ആയി. ഡിഗോള്‍, പീയൂസ്‌ തകക, ഫ്രാന്‍സിലെ മെത്രാന്മാര്‍ മുടിനാരേഴായ്‌ കീറി ഒരു പാലം കെട്ടി നടക്കേണ്ട അവസ്ഥ.

ഒടുവില്‍ കര്‍ദിനാളായി. പിന്നെ വെനീസിലെ പാത്രിയാര്‍ക്കീസ്‌ ആയി. പീയൂസ്‌ തകക കാലം ചെയ്യുമ്പോള്‍ മാര്‍പാപ്പയാക്കാന്‍ ലോകം കരുതിവെച്ചിരുന്നത്‌ ജിയോവാനി ബാറ്റിസ്റ്റാ മൊണ്ടീനിയെ ആയിരുന്നു. അദ്ദേഹത്തെ കര്‍ദിനാള്‍ ആയി അവരോധിക്കുന്നതിനുമുമ്പ്‌ പീയൂസ്‌ മാര്‍പാപ്പ കാലം ചെയ്‌തു. സാങ്കേതികമായി തടസ്സം ഉണ്ടായിരുന്നില്‌ളെങ്കിലും കര്‍ദിനാളായിട്ട്‌ മതി മാര്‍പാപ്പയാവുന്നത്‌ എന്ന്‌ കോണ്‍ക്‌ളേവ്‌ കരുതി. മൊണ്ടീനിയെ കര്‍ദിനാളാക്കി വൈകാതെ കാലം ചെയ്യാന്‍ പറ്റിയ ഒരു കിളവനെയാണ്‌ കോണ്‍ക്‌ളേവ്‌ തേടിയത്‌.

കത്തോലിക്കാസഭയുടെ ചരിത്രത്തിലെ മുപ്പത്തിയെട്ടാം സമാന്തരരേഖ എന്ന വിശേഷണം ജോണ്‍ മാര്‍പാപ്പയുടെ ഭരണകാലത്തിന്‌ യോജിക്കും. ഒരിക്കലും പ്രഖ്യാപിക്കപ്പെടാതിരുന്ന കൊറിയന്‍ യുദ്ധത്തിന്‌ അന്ത്യം കുറിച്ച്‌ ഏകാധിപത്യത്തിന്‍െറയും വ്യക്തിപൂജയുടെയും ഉത്തരരാജ്യത്തുനിന്ന്‌ സ്വാതന്ത്ര്യത്തിന്‍െറയും ജനാധിപത്യത്തിന്‍െറയും ദക്ഷിണദേശം വേര്‍തിരിക്കുന്ന അതിര്‌ ഉറപ്പിച്ച അക്ഷാംശരേഖയാണ്‌ ഇംഗ്‌ളീഷില്‍ ദ തേര്‍ട്ടി എയ്‌ത്ത്‌ പാരലല്‍ എന്ന ശൈലിക്ക്‌ വഴി തുറന്നത്‌.

ജോണിന്‍െറ കാലത്തെ അടയാളപ്പെടുത്തുന്ന സുവര്‍ണപദങ്ങള്‍ എക്യുമെനിസം, മതാന്തരസംവാദം, നീതി, സമാധാനം, കരുണ എന്നിവയാണ്‌. ഫ്രാന്‍സിസ്‌ മാര്‍പാപ്പയിലേക്കുള്ള പാത തുടങ്ങുന്നത്‌ ജോണ്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണത്തോടെയാണ്‌ എന്ന്‌ പറയുന്നതിന്‍െറ കാരണവും മറ്റൊന്നല്ല.

രണ്ട്‌ ചാക്രിക ലേഖനങ്ങള്‍ ജോണിന്‍െറ ആശയങ്ങള്‍ വിളംബരം ചെയ്‌തു. ഒന്ന്‌ മാതേര്‍ എത്‌ മജിസ്‌ത്ര. ആണവോര്‍ജം, നവീന വാര്‍ത്താവിനിമയോപാധികള്‍, ബഹിരാകാശയാത്രകള്‍ തുടങ്ങിയവ അടയാളപ്പെടുത്തിയ യുഗത്തിലാണ്‌ താന്‍ എഴുതുന്നത്‌ എന്ന ബോധം മാര്‍പാപ്പക്ക്‌ ഉണ്ടായിരുന്നു. പാശ്ചാത്യര്‍ സോഷ്യല്‍ സെക്യൂരിറ്റി എന്ന്‌ വിളിക്കുന്ന സാമൂഹിക ക്ഷേമപരിപാടികള്‍, ഉത്തേജിതമായ പൗരബോധം, കൃഷിയും വ്യവസായവും തമ്മില്‍ വര്‍ധിച്ചുവന്ന അസന്തുലിതാവസ്ഥ, രാഷ്ട്രങ്ങള്‍ തമ്മിലെ സാമ്പത്തികഭേദം അപകടകരമായ തോതിലത്തെുന്ന സ്ഥിതി, കൊളോണിയല്‍ യുഗത്തിന്‍െറ അന്ത്യം, ആഫ്രോഏഷ്യന്‍ മേഖലയിലെ പുതിയ സ്വതന്ത്രരാഷ്ട്രങ്ങളുടെ ആവിര്‍ഭാവം തുടങ്ങിയവയൊക്കെ മാര്‍പാപ്പ ശ്രദ്ധിച്ചിരുന്നതായി ഈ തിരുവെഴുത്ത്‌ തെളിയിക്കുന്നു.

അന്താരാഷ്ട്രീയബന്ധങ്ങളില്‍ മാര്‍പാപ്പ ഊന്നിയത്‌ രണ്ട്‌ കാര്യങ്ങളില്‍. വിശക്കുന്നവന്‌ അപ്പം കൊടുത്താല്‍ പോരാ ദാരിദ്ര്യം പരിഹരിക്കാന്‍ അവനെ പ്രാപ്‌തനാക്കുന്ന സാങ്കേതികോപാധികളും കൊടുക്കണം. സഹായം സ്വീകരിക്കുന്ന രാഷ്ട്രത്തിന്‍െറ ആത്മാഭിമാനം ആദരിക്കപ്പെടണം. ജീവന്‍െറ പ്രാധാന്യം ജീവന്‍ വിശുദ്ധമാണ്‌ എന്ന തിരിച്ചറിവിലാണ്‌ സ്രോതസ്സ്‌ കാണുന്നത്‌. അതുകൊണ്ട്‌ കുടുംബബന്ധങ്ങളുടെ പവിത്രതയും എല്ലാ മനുഷ്യരും ദൈവമക്കളാണ്‌ എന്ന സത്യവും തിരിച്ചറിയപ്പെടുന്നതുവരെ ഭൂമിയില്‍ ന്യായമോ സമാധാനമോ സാധിതമാവുകയില്ല.

`നല്ല പാപ്പ' പുറപ്പെടുവിച്ച രണ്ടാമത്തെ ചാക്രികലേഖനം ആയിരുന്നു ?പാച്ചെം ഇന്‍ തെറിസ്‌?. ഭൂമിയില്‍ സമാധാനം. സഭക്ക്‌ പുറത്തുള്ള സന്മനസ്സുള്ള സകലരെയും സംബോധന ചെയ്‌ത ആദ്യത്തെ പേപ്പല്‍ തിരുവെഴുത്ത്‌.

അരനൂറ്റാണ്ടുമുമ്പ്‌ ലോകം രണ്ട്‌ ചേരികളായിത്തിരിഞ്ഞ്‌ പോര്‍വിളിച്ച നാളുകളിലാണ്‌ ഈ രേഖ എഴുതപ്പെട്ടത്‌. അന്ന്‌ യുദ്ധം ഒഴിവാക്കാന്‍ യുദ്ധസാമഗ്രികള്‍ കുന്നുകൂട്ടുകയാണ്‌ വേണ്ടത്‌ എന്ന്‌ മഹാശക്തികള്‍ വാദിച്ചുവന്നു എന്ന്‌ പ്രായവും ഓര്‍മയും ഉള്ളവര്‍ക്കറിയാം. ആ ആശയം അബദ്ധമാണ്‌ എന്ന്‌ വേദപുസ്‌തകത്തിന്‍െറയും വേദശാസ്‌ത്രത്തിന്‍െറയും പിന്‍ബലത്തോടെ പഠിപ്പിക്കുന്നു പാച്ചെം എന്ന ചാക്രികലേഖനം.

സമാധാനമാണ്‌ ലേഖനവിഷയം. യുദ്ധം ഒഴിവാക്കുന്നതിനെക്കാള്‍ പ്രധാനം സമാധാനം സൃഷ്ടിക്കപ്പെടുന്നതാണ്‌ എന്ന്‌ പറയുന്ന ജോണ്‍ വംശീയത, ന്യൂനപക്ഷങ്ങള്‍, സ്വത്വം തുടങ്ങി ദേശീയതലത്തില്‍ ഭരണനിര്‍വഹണത്തിനും അന്താരാഷ്ട്രതലത്തില്‍ സമാധാന നിര്‍മിതിക്കും വേണ്ട ഒട്ടേറെ കാര്യങ്ങള്‍ അക്കമിട്ട്‌ പറഞ്ഞിരിക്കുന്നു. ക്രിസ്‌തീയരാഷ്ട്രങ്ങളും ക്രിസ്‌തീയ സ്ഥാപനങ്ങളും ക്രിസ്‌തീയമായല്ല പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ പറയാന്‍ ജോണ്‍ മടിക്കുന്നില്ല. വിശ്വാസവും പ്രവൃത്തിയും തമ്മിലെ ഈ വ്യതിരിക്തത െ്രെകസ്‌തവവിദ്യാഭ്യാസം കൊണ്ട്‌ മറികടക്കപ്പെടേണ്ടതാണ്‌. കത്തോലിക്കരും അകത്തോലിക്കാക്രിസ്‌ത്യാനികളും തമ്മിലും െ്രെകസ്‌തവരും അെ്രെകസ്‌തവരും തമ്മിലും ഉള്ള ബന്ധം പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നു.

1962 ഒക്ടോബര്‍ 23ന്‌ രാത്രി ലോകം ഉത്‌കണ്‌ഠയുടെ മുള്‍മുനയിലായിരുന്നു. ക്യൂബന്‍ പ്രതിസന്ധി എന്ന്‌ ചരിത്രകാരന്മാര്‍ നിര്‍വികാരതയോടെ കുറിക്കുന്ന സംഗതി നിയന്ത്രിക്കപ്പെടാതിരുന്നെങ്കില്‍ ആദ്യവെടിയില്‍ത്തന്നെ കാല്‍ക്കോടി മനുഷ്യര്‍ മരിക്കുമായിരുന്നു എന്ന്‌ പില്‍ക്കാലത്ത്‌ മക്‌നമാറ പറഞ്ഞു. ആ രാത്രി നല്ല പാപ്പാ ഉറങ്ങിയില്ല. തന്‍െറ എഴുത്തുമേശക്കും പ്രാര്‍ഥനാമുറിക്കും ഇടയില്‍ അവിശ്രമം നടക്കുകയായിരുന്നു അദ്ദേഹം. ക്രൂഷ്‌ചേവിനും കെന്നഡിക്കും ഉള്ള സന്ദേശത്തിന്‍െറ രചനയായിരുന്നു ആ രാത്രിയിലെ മഹാസംഭവം. അതില്‍നിന്നാണ്‌ `പാച്ചെം' ഉദ്‌ഭവിച്ചത്‌, നാലഞ്ച്‌ മാസം കഴിഞ്ഞ്‌.

വര്‍ണവിവേചനത്തെ ജോണ്‍ എതിര്‍ത്തത്‌ വലിയകാര്യമാണോ എന്ന്‌ ചോദിക്കുന്നവര്‍ ചരിത്രം പഠിക്കണം. മാര്‍ട്ടിന്‍ ലൂതര്‍ കിങ്‌ വാഷിങ്‌ടണിലേക്ക്‌ ജാഥ നയിക്കുന്നതിന്‌ മുമ്പായിരുന്നു ജോണ്‍ ഈ രേഖ ചമച്ചത്‌. സ്‌ത്രീശാക്തീകരണത്തിന്‌ അറുപതുകളില്‍ ജോണ്‍ നല്‍കിയ മുന്‍ഗണന 2013ല്‍ പോലും സ്‌ത്രീകളുടെ പാദക്ഷാളനം നടത്തിയ ഫ്രാന്‍സിസ്‌ പാപ്പയുടെ നടപടി വിവാദമായി എന്നതിനോട്‌ ചേര്‍ത്തുവായിക്കണം. ആഗോളീകരണം എന്ന പദം ഇന്ന്‌ നാം തിരിച്ചറിയുന്ന അര്‍ഥകല്‍പനയില്‍ ജോണ്‍ ഉപയോഗിച്ചില്ല. എങ്കിലും പരസ്‌പരാശ്രിതമാണ്‌ ഉരുത്തിരിയുന്ന സമൂഹം എന്ന്‌ പറയുമ്പോള്‍ ജോണ്‍ തിരിച്ചറിഞ്ഞത്‌ മറ്റൊന്നല്ല. അമിത ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിക്കുന്നതായി ഈ രേഖ ഇകഴ്‌ത്തപ്പെട്ടിട്ടുണ്ട്‌. വിമോചന ദൈവശാസ്‌ത്രത്തിന്‍െറ വക്താക്കള്‍ ജോണിന്‍െറ നിലപാടുകള്‍ സന്ധിചെയ്യുന്നത്‌ നവലിബറല്‍ സംവിധാനങ്ങളോടാണ്‌ എന്ന്‌ വാദിച്ചിട്ടുമുണ്ട്‌. എങ്കിലും സാര്‍വത്രികസഭയുടെ ചരിത്രത്തില്‍ നിര്‍ണായക വഴിത്തിരിവ്‌ സൃഷ്ടിച്ച നല്ല പാപ്പയുടെ നിലപാടുതറകള്‍ വ്യക്തമായി ഗ്രഹിക്കാന്‍ ഈ രേഖ സഹായിക്കുന്നുണ്ട്‌ എന്നതില്‍ സംശയം ഉണ്ടാകാനിടയില്ല.

പത്തുപതിനഞ്ച്‌ കൊല്ലത്തിനപ്പുറത്തെ ഓര്‍മകളെ ചരിത്രം എന്ന്‌ വര്‍ഗീകരിക്കുന്ന തലമുറയാണിത്‌. ഫ്രാന്‍സിസ്‌ മാര്‍പാപ്പയെ ആരാധിക്കുമ്പോള്‍ ഫ്രാന്‍സിസിന്‌ വരാന്‍ വഴിപാകിയ ജോണിനെ മറന്നുകൂടാ എന്ന്‌ ഓര്‍മിപ്പിക്കേണ്ടിവരുന്നത്‌ ഈ ഓര്‍മക്കുറവുകൊണ്ടാണ്‌.

ശുഭം.
പുതിയ വഴിതുറന്ന പാപ്പാ (ഡി. ബാബുപോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക