Image

ആവേശത്തിനൊരു പരാതി സമര്‍പ്പിക്കല്‍ അമിതലാഭത്തിനു ശേഷമൊരു ഒത്തുകളിയും പിന്‍വലിക്കലും-2 (ബ്ലസന്‍ ഹൂസ്റ്റന്‍)

(തുടര്‍ച്ച) Published on 05 May, 2014
ആവേശത്തിനൊരു പരാതി സമര്‍പ്പിക്കല്‍ അമിതലാഭത്തിനു ശേഷമൊരു ഒത്തുകളിയും പിന്‍വലിക്കലും-2 (ബ്ലസന്‍ ഹൂസ്റ്റന്‍)
ഇതിന്‌ സമാനമായ മറ്റൊരു സംഭവം ഏതാനും മാസങ്ങള്‍ക്കുമുന്‍പ്‌ കേരളത്തിലെ ഒരു നടി ഒരു എം.പി.യ്‌ക്കെതിരെ ആരോപിക്കുകയുണ്ടായി. തെക്കന്‍ കേരളത്തിലെ ഒരു വള്ളംകളിമല്‍സരം ഉദ്‌ഘാടനം ചെയ്യാനെത്തിയ അവരെ തിക്കിലും തിരക്കിലുപ്പെട്ടവേളയില്‍ സ്ഥലത്തെ എം.പി. അനാവശ്യമായി ശരീരാഭാഗങ്ങളില്‍ സ്‌പര്‍ശിച്ചുയെന്നതായിരുന്നു അവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്‌. അത്‌ കേരളക്കരയില്‍ ഏറെ ഒച്ചപ്പാടുകള്‍ക്ക്‌ ഇടവരുത്തുകയുണ്ടായി. തുടക്കത്തില്‍ ആ പരാതിയില്‍ ഉറച്ചുനിന്ന അവര്‍ ആ പരാതി തനിയ്‌ക്ക്‌ ദോഷമായി വരുമെന്നും തന്റെ പ്രശസ്‌തിക്ക്‌ കോട്ടം തട്ടുമെന്നും ഉള്‍വിളിയുണ്ടായപ്പോള്‍ അതില്‍ നിന്ന്‌ പിന്‍മാറുകയാണുണ്ടായത്‌. പണ്ട്‌ അവര്‍ അഭിനയിച്ചതായ ഇക്കിളിപ്പടങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന്‌ ചിലര്‍ വെളിപ്പെടുത്തിയപ്പോഴായിരുന്നു അവര്‍ അതില്‍നിന്ന്‌ പിന്‍മാറിയതത്രെ. അതുമാത്രമല്ല നാഷണല്‍ സെന്‍സര്‍ബോര്‍ഡില്‍ അവരെ അംഗമാക്കാമെന്ന ഉറപ്പു നല്‍കിയതുകൊണ്ടാണ്‌ അവര്‍ അത്‌ പിന്‍വലിക്കാന്‍ കാരണമായതെന്നും പറയപ്പെടുന്നു. എന്തായാലും അവര്‍ പരാതി ഉന്നയിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിന്‍വലിച്ചുയെന്നതാണ്‌ സത്യം. അതിന്റെയും സത്യാവസ്ഥയെന്തെന്ന്‌ ഇന്നും അജ്ഞാതമാണ്‌. കോളിളക്കം സൃഷ്‌ടിച്ച ഐസ്‌ക്രീം പാര്‍ലര്‍കേസിലെ പീഡനത്തിനുവിധേയയായ ഒരു പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചവരില്‍ കേരളത്തിലെ ഒരു സമുന്നതനായ നേതാവുണ്ടെന്ന്‌ പരാതിപ്പെടുകയുണ്ടായി. അദ്ദേഹം അന്ന്‌ സംസ്ഥാനമന്ത്രിസഭയിലെ ഒരംഗവുമായിരുന്നു ഇന്നും അദ്ദേഹം മന്ത്രിസഭാംഗമാണ്‌. ആ പെണ്‍കുട്ടി പലപ്രാവശ്യം പരാതി പോലീസ്സില്‍ നല്‍കുകയും അത്‌ പിന്നീട്‌ പിന്‍വലിക്കുകയും ചെയ്യുകയുണ്ടായി. അതുകൊണ്ടുതന്നെ ആ അന്വേഷണം ശരിയായും ദിശയിലേക്ക്‌ കൊണ്ടുപോകുവാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ കഴിഞ്ഞില്ല. ആ കേസ്സില്‍ പലപ്രതികളും രക്ഷപ്പെടാനും ചില ഉന്നതരായ വ്യക്തികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും കഴിഞ്ഞില്ലായെന്നതാണ്‌ സത്യം.

ഉന്നതരിടപെടുന്ന കേസ്സുകളിലാണ്‌ പലപ്പോഴും ഇങ്ങനെ പരാതികള്‍ പിന്‍വലിക്കുകയും മൊഴിമാറ്റിപ്പറയുകയും ചെയ്യുന്നതത്രെ ഉന്നതരെ രക്ഷപ്പെടുത്താനോ അവരുടെ മുഖം രക്ഷിക്കാനോ ആണ്‌ ഇങ്ങനെ ചെയ്യുന്നതത്രെ. ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പെണ്‍കുട്ടിയുടെ സംഭവംതന്നെ അതിലുദാഹരണമായി പറയാം. പെണ്‍കുട്ടി ആദ്യം പോലീസില്‍ പരാതിപ്പെട്ടപ്പോഴും മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞപ്പോഴും അന്നത്തെ സംസ്ഥാന മന്ത്രിയുള്‍പ്പെടെയുള്ളവരുടെ പേരുവിവരം വെളിപ്പെടുത്തുകയുണ്ടായി. മന്ത്രിയുള്‍പ്പെടെയുള്ളവരുടെ പേരുവിവരം പുറത്തായതോടെ തങ്ങളുടെ മാനം കാക്കാനും കേസ്സില്‍നിന്ന്‌ രക്ഷപ്പെടാനും മറുതന്ത്രമാണ്‌ പ്രയോഗിച്ചത്‌. പണ്ട്‌ ചില നാട്ടുവൈദ്യന്മാര്‍ കടിച്ചപാമ്പിനെ കൊണ്ടുതന്നെ വിഷമിറക്കുമെന്നു പറഞ്ഞുകേട്ടിട്ടുണ്ട്‌. അതുപോലെ തന്നെയായിരുന്നു ഇവിടെയും നടത്തിയ പ്രയോഗം. ആ പെണ്‍കുട്ടിയെ കൊണ്ടുതന്നെ പരാതിപിന്‍വലിപ്പിച്ചുകൊണ്ടും അങ്ങനെയൊന്നും നടന്നില്ലായെന്ന്‌ മാധ്യമങ്ങള്‍ക്കു മുന്നില്‍ വീണ്ടും വീണ്ടും പറയിപ്പിച്ചുമായിരുന്നു ആ തന്ത്രമൊരുക്കിയത്‌. ഇങ്ങനെ അവ്യക്തമായ രീതിയില്‍ പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നും അഭിപ്രായപ്രകടനങ്ങള്‍ വന്നതോട്‌ ആരും ആ കേസ്സിലുള്‍പ്പെട്ടവരെ എതിര്‍ക്കാന്‍ തയ്യാറായില്ല. കോടതിപോലും ആ പെണ്‍കുട്ടിയുടെ പിന്നീടുള്ള മൊഴിക്ക്‌ അത്ര പ്രാധാന്യപോലും നല്‍കുകയുണ്ടായില്ല. ഒടുവില്‍ യഥാര്‍ത്ഥ പ്രതികളും മറ്റും യാതൊരു പോറലുപോലുമേല്‍ക്കാതെ ആ കേസ്സില്‍നിന്ന്‌ രക്ഷപ്പെടുകയും ചെയ്‌തു. അവരെ കുറ്റക്കാരെന്ന്‌ ജനം ആദ്യം മുദ്ര കുത്തിയെങ്കിലും ഈ സംഭവത്തോട്‌ അവര്‍ നിരപരാധികളാണെന്ന നിലയിലേക്ക്‌ കാണാനും തുടങ്ങി. ഇന്ന്‌ അതിലെ പ്രധാന പ്രതികളെന്ന്‌ ആരോപിക്കപ്പെട്ടവരൊക്കെ പകല്‍ മാന്യന്മാരും സമൂഹത്തിലും സംസ്ഥാനത്തും അത്യുന്നത സ്ഥാനങ്ങളിലും മറ്റുമിരിക്കുന്നുണ്ട്‌. അങ്ങനെയെത്രയോ ഉദാഹരണങ്ങള്‍. ഇവിടെയും അതാണോ സംഭവിച്ചിരിക്കുന്നതെന്നാണ്‌ ഇപ്പോഴുള്ള ചോദ്യം.

ഒരാവേശത്തിന്‌ മറ്റ്‌ പല ലക്ഷ്യങ്ങള്‍ക്കുവേണ്ടിയോ ആയിരുന്നോ സരിത ഇത്‌ വെളിപ്പെടുത്തിയെതന്നാണ്‌ ഇപ്പോള്‍ ജനം ചോദിക്കുന്നത്‌. താന്‍ പറയുന്നതെല്ലാം ജനം വിശ്വസിക്കുമെന്ന്‌ അവര്‍ കരുതുന്നുണ്ടോ. ഒരിക്കല്‍ ഒരു രീതിയിലും മറ്റൊരിക്കല്‍ വേറൊരു രീതിയിലും മാറ്റി പറയുന്നതിന്റെ സത്യമെന്തെന്ന്‌ ജനത്തിന്‌ നന്നായറിയാം. ഇവരെപ്പോലെയുള്ള ഒരു കൂട്ടമാളുകളുടെ തന്ത്രത്തിനും കുതത്രത്തിനും ജനം ശക്തമായ മറുപടി നല്‍കേണ്ടതാണ്‌. അതുമാത്രമല്ല അവര്‍ക്കെതിരെ നടപടികളുമെടുക്കേണ്ടതാണ്‌. ആരോപിക്കപ്പെടുന്ന വസ്‌തുതയില്‍ സത്യവും അസത്യവുമെതെന്ന്‌ ജനത്തിനറിയാമെന്ന്‌ ഇവര്‍ ഓര്‍ക്കുന്നത്‌ നന്ന്‌. പരാതി ഉന്നയിക്കുന്നവര്‍ കാതലായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമെ അത്‌ ചെയ്യാവുയെന്ന്‌ നിയമമുണ്ടെങ്കിലും ആരും അത്‌ കാര്യമാക്കാറില്ല. തെളിവുകള്‍ നല്‍കുക മാത്രമല്ല അത്‌ മാറ്റി പറയുന്നവരും പിന്‍വലിക്കുന്നവരും എന്തുകൊണ്ട്‌ പിന്‍വലിക്കുന്നുയെന്ന്‌ വ്യക്തമാക്കിയില്ലെങ്കില്‍ അവര്‍ക്കെതിരെയും നടപടികളെടുക്കാന്‍ നിയമ സംഹിതകള്‍ക്ക്‌ കഴിയണം. അങ്ങനെ വന്നാല്‍ മാത്രമെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍ നീതി ലഭിക്കേണ്ടുന്ന പരാതികള്‍പോലും അത്‌ ലഭിക്കാതെ പോകുമെന്നതിനു സംശയമില്ലാത്ത കാര്യമാണ്‌. സത്യസന്ധമായി ആരെങ്കിലും പരാതിയുമായി വന്നാല്‍പോലും നിയമപാലകര്‍ വേണ്ടത്ര ഗൗരവവം നല്‍കാതെയും വരാം. കണ്ണടച്ചു പാലു കുടിക്കുന്ന പൂച്ചയെപോലെയുള്ള ചില നേതാക്കന്മാരുടെ ഇത്തരം തന്ത്രപൂര്‍വമായ പ്രവര്‍ത്തികള്‍ ജനം തിരിച്ചറിയുകയും വേണം. അവരെ ജനം തിരിച്ചറിയണമെങ്കില്‍ ശക്തമായ അന്വേഷണവും പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകണം. അതിന്‌ ഉത്തരവിടേണ്ടത്‌ സര്‍ക്കാരാണ്‌. ആനക്ക്‌ മതമിളകിയാല്‍ ചങ്ങലക്കിടാം എന്നാല്‍ ചങ്ങലക്കു മതമിളകിയാലോ അതാണ്‌ ഇവിടുത്തെ ചോദ്യം. ഉത്തരവിടേണ്ടവര്‍തന്നെ പ്രതിസ്ഥാനത്തുവന്നാല്‍ പിന്നെയെന്താണ്‌ മറ്റൊരു വഴി.

ഇന്നതാണ്‌ നമ്മുടെ നാടിന്റെ ഗതികേട്‌ ഇത്തരം ഒത്തുകളികളും രാഷ്‌ട്രീയ കുതന്ത്രങ്ങളും അവസാനിപ്പിക്കാന്‍ ജനത്തിന്‌ പലപ്പോഴും കാത്തിരിക്കേണ്ടി വരുമെന്നതാണ്‌ സത്യം. എന്നാല്‍ ഇതിനെതിരെ ശക്തമായ മുന്നേറ്റം ഉണ്ടായാല്‍ നാളെ ഇവരുടെയൊക്കെ ഒത്തുകളികള്‍ പുറത്തുചാടിക്കാന്‍ ജനത്തിന്‌ കഴിയും. ജനം അതിന്‌ തയ്യാറായെങ്കിലെ മതിയാകൂ. ആ ജനത്തോടൊപ്പം നീതിപീഠങ്ങളുമുണ്ടാകണം. ആ നീതിന്യായപീഠങ്ങള്‍ ഈ ഒത്തുകളികള്‍ നടത്തുന്നവരെ ഇരുമ്പഴിക്കുള്ളലാക്കാന്‍ തയ്യാറുമാകാന്‍ ജനത്തിന്‌ അത്‌ ശക്തിപകരം. അങ്ങനെയുണ്ടാകട്ടെയെന്ന്‌ പ്രത്യാശിക്കാം.

(അവസാനിച്ചു)

ബ്‌ളസന്‍ ഹൂസ്റ്റന്‍,
blessonhouston@gmail.com

ഒന്നാം ഭാഗം വായിക്കുക....

ആവേശത്തിനൊരു പരാതി സമര്‍പ്പിക്കല്‍ അമിതലാഭത്തിനു ശേഷമൊരു ഒത്തുകളിയും പിന്‍വലിക്കലും-2 (ബ്ലസന്‍ ഹൂസ്റ്റന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക