Image

കാര്‍ബണ്‍ഡേയില്‍ നീതിക്കായുള്ള കാഹളം

Published on 05 May, 2014
കാര്‍ബണ്‍ഡേയില്‍ നീതിക്കായുള്ള കാഹളം
കാര്‍ബണ്‍ഡേയില്‍, ഇല്ലിനോയി: പ്രവീണ്‍ വര്‍ഗീസിന്റെ ഇഷ്ടനിറം ചുവപ്പായിരുന്നു. പ്രവീണിനും കുടുംബത്തിനും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എത്തിയ മുന്നൂറോളം പേരും ചുവപ്പ് ഷര്‍ട്ട് ധരിച്ചു. ഷര്‍ട്ടില്‍ പ്രവീണിന്റെ ചിത്രം. അകാലത്തില്‍ പൊലിഞ്ഞ ആ കുരുന്നു ജീവന് ഒരിക്കല്‍കൂടി കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം.

ചിക്കാഗോയില്‍ നിന്ന് രണ്ട് ബസുകളിലും അഞ്ച് വാനുകളിലുമായി അഞ്ച് മണിക്കൂര്‍ യാത്ര ചെയ്ത് സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് എത്തിയ ജനാവലി ടൗണ്‍ സ്‌ക്വയര്‍ പവലിയനില്‍ മെമ്മോറിയല്‍ സര്‍വീസ് നടത്തി. കാര്‍ബണ്‍ഡേയില്‍ ആക്ടിംഗ് മേയര്‍ ഡോണ്‍ മോണ്ടി പങ്കെടുക്കുകയും പ്രവീണിന് നീതി ആവശ്യപ്പെട്ട് നാല്‍പ്പതിനായിരത്തോളം പേര്‍ ഒപ്പിട്ട പരാതി സ്വീകരിക്കുകയും ചെയ്തു. പുതിയ കഥകള്‍ മെനഞ്ഞുകൊണ്ടിരിക്കുന്ന പോലീസിന്റെ നാമമാത്രമായ സാന്നിധ്യവുമുണ്ടായിരുന്നു.

പ്രവീണിന്റെ മരണത്തിലെ സത്യാവസ്ഥ പുറത്തുവരും വരെ സമരപാത പിന്തുടരുമെന്ന കുടുംബത്തിന്റേയും ജനാവലിയുടേയും നിശ്ചയദാര്‍ഢ്യം മേയര്‍ക്കും ബോധ്യപ്പെട്ടു. കുടുംബത്തിന്റെ ദുഖത്തിന്റെ ആഴം തനിക്ക് അറിയാമെന്ന് മേയര്‍ പറഞ്ഞു. കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ട്. ഇനിയും ചെയ്യും. സത്യമെന്താണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടുംവരെ തങ്ങളുടെ ശ്രമം തുടരും-അദ്ദേഹം പറഞ്ഞു.

പ്രവീണിന്റെ കുടുംബത്തിന്റെ അറ്റോര്‍ണി ചാള്‍സ് സ്റ്റെഗ്‌മെയര്‍ കുറ്റകൃത്യത്തിന്റെ ആഴവും പരപ്പും വിവരിച്ചു. പോലീസ് തുടക്കംമുതലേ കാട്ടിയ കെടുകാര്യസ്ഥതയും അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബം മാത്രമല്ല 40,000 പേരും ഈ സംഭവത്തില്‍ ഉത്തരം തേടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഒട്ടേറെ കിംവദന്തികള്‍ പ്രചരിക്കുന്നതായി സ്റ്റെഗ്‌മെയര്‍ ചൂണ്ടിക്കാട്ടി. സത്യം അറിയാന്‍ കുടുംബത്തിന് അവകാശമുണ്ട്. സത്യം കണ്ടെത്തുകതന്നെ ചെയ്യുമെന്നദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് പോലീസ് പൂര്‍ണ്ണമായ അന്വേഷണം ഉടനെ നടത്താതിരുന്നത്? എന്തുകൊണ്ടാണ് പ്രവീണിനെ മരങ്ങള്‍ക്കിടയില്‍ തെരയാതിരുന്നത്? പ്രവീണിനെ അവിടെ എത്തിച്ച ഡ്രൈവറെ എന്തുകൊണ്ടാണ് വിട്ടയച്ചത്- അദ്ദേഹം ചോദിച്ചു.

പ്രെയര്‍ സര്‍വീസോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കം. ആദ്യന്തം മേയര്‍ പങ്കെടുത്തു. ഫാ. ദാനിയേല്‍ തോമസ്, റവ. തോമസ് കുര്യന്‍, പ്രവീണിന്റെ ബന്ധുകൂടിയായ ഡീക്കന്‍ ലിജു പോള്‍, റവ. ശങ്കര്‍ സാമുവേല്‍, റവ. സണ്ണി തുടങ്ങിയവര്‍ സര്‍വീസിനു നേതൃത്വം നല്‍കി.

ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ചെറിയാന്‍ വേങ്കടത്ത്, പ്രൊഫ. സുരേഷ് തുടങ്ങിയവര്‍ സമൂഹത്തിന്റെ വേദന വിവരിച്ചു. കേസില്‍ ആദ്യം മുതല്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തി പ്രക്ഷേപണം ചെയ്ത റേഡിയോ ഹോസ്റ്റ് മോണിക്കാ സുക്കാസും പ്രസംഗിച്ചു.

മലയാളി സമൂഹം ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത ഐക്യദാര്‍ഢ്യമാണ് പ്രവീണിനു വേണ്ടിയുള്ള ഒത്തുചേരലില്‍ പ്രകടമായത്. പുലര്‍ച്ചെ പുറപ്പെട്ട് അഞ്ച് മണിക്കൂര്‍ വീതം യാത്ര ചെയ്ത സംഘം അര്‍ധരാത്രിയോടെയാണ് മടങ്ങിയെത്തിയത്.

അതുപോലെതന്നെ 40,000 പേര്‍ ഒരു കാര്യത്തിനുവേണ്ടി ഒപ്പിട്ട സംഭവം ഇന്ത്യന്‍ സമൂഹത്തില്‍ ഇതാദ്യമായിരിക്കാം. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് ഇത് സാധിച്ചെടുത്തതെന്നത് ആശ്ചര്യമുളവാക്കുന്നു. പ്രവീണിന്റെ ആത്മാവും നീതിക്കായി കേഴുന്നുവെന്നു കരുതാന്‍ അതു മതി.

പ്രവീണിന്റെ വസ്തുക്കളൊന്നും കുടുംബത്തിന് ഇനിയും നല്‍കിയിട്ടില്ലെന്ന് അമ്മ ലവ്‌ലി വര്‍ഗീസ് പറഞ്ഞു. ഡത്ത് സര്‍ട്ടിഫിക്കറ്റും കിട്ടിയിട്ടില്ല. ടോക്‌സിക്കോളജി റിപ്പോര്‍ട്ടും തന്നില്ല. എന്നാല്‍ ടോക്‌സിക്കോളജി റിപ്പോര്‍ട്ടില്‍ പ്രവീണിന്റെ ശരീരത്തില്‍ മദ്യത്തിന്റേയോ, മയക്കുമരുന്നിന്റേയോ അംശം ഇല്ലായിരുന്നുവെന്നാണ് കൊറോണറുടെ ഓഫീസില്‍ നിന്ന് അറ്റോര്‍ണിയോട് വാക്കായി പറഞ്ഞത്.കുടുംബം നടത്തിയ ടോക്‌സിക്കോളജി റിപ്പോര്‍ട്ടിലും മദ്യത്തിന്റേയോ, മയക്കുമരുന്നിന്റേയോ ലാഞ്ചനപോലും കണ്ടില്ല.

എന്നാല്‍ കാര്‍ബണ്‍ഡേയില്‍ പോലീസ് ചീഫ് ജോഡി മക്ഗ്വിന്‍ ഇപ്പോള്‍ പറയുന്നത് അതു പൂര്‍ണ്ണമായും ശരിയല്ലെന്നാണ്. കൂടുതല്‍ ഒന്നും പറയരുതെന്ന് ജാക്‌സണ്‍ കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി വിലക്കിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ എടുത്തു ചോദിച്ചപ്പോള്‍ പറഞ്ഞു.

എന്നാല്‍ ഇതു പോലീസിന്റെ പുതിയ കഥയാണെന്നാണ് പരക്കെ കരുതപ്പെടുന്നത്. പ്രവീണിന്റെ മൂത്രത്തില്‍ നിന്നു മീതൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയിരുന്നു. ശരീരം ജീര്‍ണ്ണിക്കാനാരംഭിച്ചപ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണ് അതെന്ന് വിദഗ്ധര്‍ പറയുന്നു.

അതുപോലെ ഹൈപ്പോതെര്‍മിയ മൂലമാണ് പ്രവീണ്‍ മരിച്ചതെന്നതും ചോദ്യം ചെയ്യപ്പെടുന്നു. ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടെത്തുക മാത്രമല്ല, കാല്‍വിരലിലൊഴിച്ച് മറ്റൊരിടത്തും ഫ്രോസ്റ്റ് ബൈറ്റിന്റെ ലക്ഷണമൊന്നും ഉണ്ടായിട്ടുമില്ല.

എന്തായാലും തങ്ങള്‍ക്ക് സംഭവിച്ചത് ഇനിയാര്‍ക്കും സംഭവിക്കാതിരിക്കാന്‍ എങ്കിലും തങ്ങളുടെ പ്രയത്‌നം ഉപകരിക്കുമെന്ന് പ്രവീണിന്റെ കുടുംബം വിശ്വസിക്കുന്നു. പ്രവീണിന്റെ ജീവിതത്തിന്റെ അര്‍ത്ഥവും ഇതായിരിക്കാം. ആരെയും കുറ്റപ്പെടുത്താനില്ല. സത്യം അറിയണമെന്നേയുള്ളൂ- ലവ്‌ലി പറഞ്ഞു.

ആദ്യംമുതലേ പോലീസ് തിരിച്ചും മറിച്ചും ഓരോന്നു പറഞ്ഞുവെന്നാണ് വ്യക്തമാകുന്നത്. പ്രവീണിനെ കാണാതായ ഫെബ്രുവരി 12-ന് രാത്രി ഇല്ലിനോയി സ്റ്റേറ്റ് പോലീസ് ഓഫീസര്‍ ഒരു വാഹനം പരിശോധിച്ചതിന്റെ പോലീസ് ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രസ്തുത ഓഫീസര്‍ അതേപ്പറ്റി റിപ്പോര്‍ട്ടും ഫയല്‍ ചെയ്തിരുന്നു. ഗെയ്ജ് ബഥൂണ്‍ എന്ന യുവാവായിരുന്നു വാഹനത്തിന്റെ ഡ്രൈവര്‍. വാഹനം (പിക്കപ്പ്) പാര്‍ക്ക് ചെയ്തിരിക്കുന്നതു കണ്ട് ഓഫീസര്‍ കാര്‍ നിര്‍ത്തി. ബഥൂണ്‍ ദൂരെ നിന്ന് അയാളുടെ പിക്കപ്പിലേക്ക് നടന്നുവരുന്നതായാണ് പോലീസ് ക്യാമറയില്‍ കാണുന്നത്. താന്‍ ഓകെ ആണെന്ന് അയാള്‍ ഓഫീസറോട് പറഞ്ഞു. തുടര്‍ന്ന് ഓഫീസര്‍ ഐ.ഡി വാങ്ങി പരിശോധിച്ചു.

വണ്ടി ഓടിച്ചുവരുമ്പോള്‍ ഒരു ഒരു കറമ്പന്‍ (ബ്ലാക്ക് മെയില്‍) നടന്നുവരുന്നതു കണ്ടുവെന്നും റൈഡ് വേണോ എന്ന് താന്‍ ചോദിച്ചുവെന്നും ബഥൂണ്‍ ഓഫീസറോട് പറഞ്ഞു. വണ്ടിയില്‍ കയറിയ അയാളോട് താന്‍ വാലറ്റ് കാണിച്ചിട്ട് എവിടെ വേണമെങ്കിലും കൊണ്ടുപോകാമെന്നും ഗ്യാസ് അടിക്കാന്‍ പണം വേണമെന്നും പറഞ്ഞു. എന്നാല്‍ യാത്രക്കാരന്‍ തന്റെ മുഖത്തിടിച്ചശേഷം കാട്ടിലേക്ക് ഓടിപ്പോയി എന്നയാള്‍ പറഞ്ഞു.
മുഖത്ത് ചെറിയൊരു ചുവപ്പ് അല്ലാതെ ബഥൂന് പരുക്ക് ഉള്ളതായി തോന്നിയില്ലെന്ന് ഓഫീസര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ട്രൂപ്പര്‍ കാടിന്റെ ഭാഗത്തേക്ക് ഫ്‌ളാഷ് അടിച്ച് നോക്കുന്നത് പോലീസ് ക്യാമറയിലുണ്ട്.
അതിനു ശേഷം ഡ്രൈവറെ വിട്ടയച്ചു. പ്രവീണിനെപ്പറ്റി അന്വേഷണം നടത്തിയതുമില്ല.

എന്നാല്‍ കാര്‍ബണ്‍ഡേയില്‍ പോലീസ് പറഞ്ഞത്, പ്രവീണ്‍ പാര്‍ട്ടിക്കിടയില്‍ ഒരു പരിചയക്കാരന്റെ കൂടെ പോയി എന്നും വഴിയില്‍ വെച്ച് അവര്‍ തമ്മില്‍ വഴക്കുണ്ടായെന്നും പ്രവീണ്‍ കാട്ടിലേക്ക് ഓടിപ്പോയി എന്നുമാണ്.

അഞ്ച് ദിവസത്തിനുശേഷം ബഥൂണ്‍ തന്നെ പോലീസില്‍ നല്‍കിയ വിവരമനുസരിച്ചാണ് കാട്ടില്‍ പോയി പോലീസ് പരിശോധന നടത്തിയതും മൃതദേഹം കണ്ടെത്തിയതും. എന്നിട്ടും മരണത്തിനു പിന്നില്‍ 'ഫൗള്‍ പ്ലേ' ഒന്നുമില്ലെന്ന് തറപ്പിച്ച് പ്രഖ്യാപിക്കുകയായിരുന്നു പോലീസ്. മദ്യമോ, മയക്കുമരുന്നോ ആയിരിക്കാം കാരണമെന്ന തെറ്റായ വിവരവും പ്രചരിപ്പിച്ചു.

സ്റ്റേറ്റ് ട്രൂപ്പറുടെ നടപടിക്രമങ്ങളൊന്നും തെറ്റല്ലെന്നാണ് സ്റ്റേറ്റ് പോലീസ് അധികൃതരുടെ നിലപാട്. പിക്കപ്പില്‍ ഡ്രൈവറല്ലാതെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നു ട്രൂപ്പറുടെ റിപ്പോര്‍ട്ടിലില്ല. പിക്കപ്പ് ഡ്രൈവര്‍ പറയുന്ന കഥയാവട്ടെ അവിശ്വസനീയവും.
എന്തായാലും സത്യം തെളിയുമെന്നുതന്നെ കരുതാം.
കാര്‍ബണ്‍ഡേയില്‍ നീതിക്കായുള്ള കാഹളംകാര്‍ബണ്‍ഡേയില്‍ നീതിക്കായുള്ള കാഹളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക