Image

കാലവര്‍ഷം പെയ്‌തു തീരുമ്പോള്‍... (രേണുക.പി.സി)

Published on 08 May, 2014
കാലവര്‍ഷം പെയ്‌തു തീരുമ്പോള്‍... (രേണുക.പി.സി)
`നല്ല മഴക്കോളുണ്ട്‌..ദേവക്യേ...ആ ഉണങ്ങാനിട്ട തുണികളൊക്കെ എടുത്തോ..' പറയുന്നത്‌ അച്ഛമ്മയാണ്‌..ദേവകിച്ചേച്ചി തുണികളൊക്കെ വാരിയെടുത്ത്‌ തട്ടിന്‍പുറത്തെ ഇടനാഴിയില്‍ വരിവരിയായി കെട്ടിയ അഴകളില്‍ വിരിച്ചിടാന്‍ തുടങ്ങും.

`ഇക്കുറി കാലവര്‍ഷം നേരത്തെ വന്നു..' അച്ഛമ്മ ആരോടെന്നില്ലാതെ പിറുപിറുക്കും.. എനിക്ക്‌,മഴ വളരെയിഷ്ടമാണ്‌..പ്രത്യേകിച്ച്‌ കാലവര്‍ഷം..! ആകെ ഇരുണ്ട്‌ മൂടി മഴയ്‌ക്കൊരു ഒരുക്കമുണ്ടല്ലോ..എന്തു രസാണത്‌..!പതുക്കെ കാറ്റ്‌ വീശാന്‍ തുടങ്ങും..കവുങ്ങിന്‍ തലപ്പുകളെ ചുഴറ്റി മറിച്ച്‌ കാറ്റിന്‍റെ താണ്‌ഢവം ശക്തമാകും.. മുറ്റത്തെ കരിയിലകള്‍ പൂമ്പാറ്റകളെ പോലെ പാറി നടക്കും..!

മഴ അടുത്തെത്തി എന്ന ദൂതുമായി കാറ്റ്‌ കുളിരു വിതറി മുടിയിഴകളിലും കവിളിലും കുസൃതിയോടെ തലോടും.. ആ നേരത്ത്‌ ഉമ്മറത്തെ തിണ്ണയില്‍ പടിഞ്ഞാട്ട്‌ തിരിഞ്ഞ്‌ ഞാനിരിക്കും. തറവാട്ടു വീടിനു പടിഞ്ഞാറു പാടമാണ്‌. പാടം കടന്ന്‌ മഴ കനത്ത ചരലുപോലുള്ള തുള്ളികള്‍ വാരി വിതറി തോട്ടത്തിലെത്തും..പിന്നെ ഒരു ഭ്രാന്തിയെ പോലെ അടിച്ചു വൃത്തിയാക്കിയിട്ട മുറ്റത്ത്‌ ...ഒന്ന്‌..രണ്ട്‌..മൂന്ന്‌...പിന്നെ എണ്ണാനാവാത്ത മഴത്തുള്ളികള്‍ ! അവ മണ്ണില്‍ വീഴുമ്പോള്‍ അനിര്‍വചനീയമായൊരു ഗന്ധം പൊങ്ങി പടരും.!

മദിപ്പിക്കുന്ന ഗന്ധം ..! പുതുമണ്ണിന്റെ വാസന പടര്‍ത്തി മഴ കനക്കും..! അപ്പോള്‍ ,ഓട്ടുമ്പുറത്തു നിന്നും ചെറിയ ചെറിയ നൂല്‍പോലുള്ള വെള്ളച്ചാട്ടങ്ങള്‍..പിന്നെ അവയും ശക്തമായ പെയ്‌ത്തു തുടങ്ങും..! ഇപ്പോള്‍ ,ഞാന്‍ മഴ തീര്‍ത്ത കൂടാരത്തിനുള്ളിലായി..! വീട്ടിനുള്ളില്‍ നിന്നും എല്ലാരും പുറത്ത്‌ ഉമ്മറത്ത്‌ വന്ന്‌ മഴയുടെ ഉന്മാദനൃത്തം കണ്ടു നില്‌ക്കും. കുറച്ചു മുമ്പേ ചൂടു കൊണ്ട്‌ സഹികെട്ട്‌ നിന്നിരുന്ന മരങ്ങളും ചെടികളും തലയാട്ടി മഴയെ ആലിംഗനം ചെയ്യുന്നതും നോക്കി മഴച്ചാറ്റല്‍ മേല്‌ വീഴുന്നതും അറിഞ്ഞ്‌ തിണ്ണയില്‍ ഞാനിരിക്കും..

മുറ്റത്തിപ്പോ വെള്ളം നിറഞ്ഞു. പെയ്‌തുവീണ മഴവെള്ളത്തില്‍ മഴത്തുള്ളികള്‍ ചെറിയ വൃത്തങ്ങള്‍ തീര്‍ക്കുന്നു..പുതിയ കുമിളകള്‍ വിടരുന്നു..പൊട്ടുന്നു.. ഈ മഴയുടെ ചിണുങ്ങി പെയ്‌ത്ത്‌ ഒരു രസം തന്നെയാണ്‌ കണ്ടിരിക്കാന്‍..! കാലം മാറി...! വീടുകള്‍ എത്ര മാറി..! എന്നിട്ടും പുതുമഴയുടെ തുളുമ്പി വീഴലിന്‍റെ വശ്യത മാറിയില്ല.. ഉള്ളില്‍ ദുഃഖത്തിന്‍റെ കാലവര്‍ഷം ഇടമുറിയാതെ പെയ്യുന്നു.
എങ്കിലും ,കാലവര്‍ഷം തരുന്ന ഈ പുതുമഴക്ക്‌ ചന്തം കുറയുന്നില്ല..! ഇപ്പോള്‍,എന്‍റെ വീടിന്‍റെ മുകളിലെ മുറിയില്‍ നിന്ന്‌ ജനാലയിലൂടെ നോക്കുമ്പോള്‍ അപൂര്‍വ്വ ചാരുതയോടെ കുന്നിറങ്ങി പാടം കടന്ന്‌ മുറ്റത്തു പൂക്കളം തീര്‍ക്കുന്ന മഴ മനസു നിറയെ കാണാം..! കണ്ണീരു പോലെ നമ്മെ സംശുദ്ധരാക്കുന്ന മഴയെന്ന പുണ്യം..! ആ പുണ്യതീര്‍ത്ഥം നിറുകയില്‍ അണിയാന്‍ കൊതിക്കാത്തവരുണ്ടോ ? മഴയുടെ താളപ്പെരുമയില്‍ സ്വയം മറക്കാത്ത ഹൃദയങ്ങളുണ്ടോ.
കാലവര്‍ഷം പെയ്‌തു തീരുമ്പോള്‍... (രേണുക.പി.സി)കാലവര്‍ഷം പെയ്‌തു തീരുമ്പോള്‍... (രേണുക.പി.സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക