Image

ജനങ്ങളുടെ ബാങ്ക്‌ നിക്ഷേപപ്പണം വന്‍കമ്പനികള്‍ അടിച്ചു മാറ്റുന്നു; സര്‍ക്കാര്‍ വീണ്ടും പണമൊഴുക്കുന്നു (വൈക്കം മധു)

Published on 08 May, 2014
ജനങ്ങളുടെ ബാങ്ക്‌ നിക്ഷേപപ്പണം വന്‍കമ്പനികള്‍ അടിച്ചു മാറ്റുന്നു; സര്‍ക്കാര്‍ വീണ്ടും പണമൊഴുക്കുന്നു (വൈക്കം മധു)
വിദേശമലയാളികള്‍ കഷ്‌ടിച്ചു മിച്ചംപിടിച്ച്‌ നാട്ടിലെ ബാങ്കുകളില്‍ സൂക്ഷിച്ചിക്കാന്‍ അയക്കുന്ന പണം എവിടെ പോകുന്നു. പരചരക്കു കടയില്‍നിന്ന്‌, നാട്ടിലെ നിങ്ങളുടെ വീട്ടുകാര്‍, 10 രൂപക്ക്‌ ഒരു കഷണം സോപ്പു വാങ്ങുമ്പോള്‍, അര കിലോ പയര്‍ വാങ്ങുമ്പോള്‍, കൊടുക്കുന്ന വിലയിലെ നികുതിക്കാശ്‌ ആരുടെ കയ്യിലെത്തുന്നു.

സര്‍ക്കാരോഫീസിലെ ഒരു പ്യൂണോ ഒരു ചെറിയ ചായക്കടക്കാരനോ പ്രൈമറി സ്‌ക്കുള്‍ അധ്യാപകനോ നികുതിയായി സര്‍ക്കാരിലടയ്‌ക്കുന്ന കാശ്‌ എവിടെ പോയ്‌ മറയുന്നു. അത്‌ ആദായ നികുതിയാകട്ടെ, വില്‍പ്പനനികുതിയാകട്ടെ, വാറ്റിയതോ വാറ്റാത്തതോആയ നികുതിയാകട്ടെ ആരാണ്‌ വിയര്‍പ്പൊഴുക്കാതെ ഇത്‌ അടിച്ചുമാറ്റുന്നത്‌.

ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍, ഇന്ത്യയിലെ വന്‍കിട-ഇടത്തരം കമ്പനികളും അവരുമായി ഒത്തുകളിക്കുന്ന വന്‍ ബാങ്ക്‌ ഉദ്യോഗസ്ഥരും; പിന്നെ, എല്ലാത്തിനും പങ്കു പറ്റുന്ന ഉന്നത രാഷ്‌ട്രീയനേതാക്കളും. പാക്കിസ്ഥാനില്‍ ഇത്തരം നേതാക്കള്‍ക്ക്‌ ഒരു പേരുണ്ട്‌ ടെന്‍ പെര്‍സന്റ്‌. ഇതിന്റെ തലതൊട്ടപ്പന്‍ മുന്‍ പാക്‌ പ്രസിഡന്റും, കൊല്ലപ്പെട്ട ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവുമായ അസിഫ്‌ അലി സര്‍ദാരിയും. ഇടപാട്‌ എന്തായാലും കമ്മീഷന്‍ 10%.. തന്തയെ ക്വട്ടേഷനു കൊടുത്താല്‍പ്പോലും.

ഇന്ത്യയിലെ മിക്കുവാറും എല്ലാ സ്വകാര്യബാങ്കുകളും പല കാലത്തായി ദേശസാല്‍ക്കരിക്കപ്പെട്ടല്ലോ. 1969-ല്‍ അന്നത്ത പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 14 പ്രമുഖ ബാങ്കുകള്‍ എറ്റെടുത്തുകൊണ്ടാണ്‌ ഇതിനു തുടക്കമിട്ടത്‌. 1980-ല്‍ മറ്റൊരു ആറു ബാങ്കുകള്‍കൂടി സര്‍ക്കാര്‍ ഉടമയിലായി. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും അവരുടെ മൂന്നു സഹബാങ്കുകളും സര്‍ക്കാര്‍ ഉടമയിലായിരുന്നു നേരത്തേതന്നെ. അങ്ങനെ ഇപ്പോള്‍ 24 സര്‍ക്കാര്‍ ബാങ്കുകള്‍.

ഈ ബാങ്കുകളുടെ ഇന്നത്തെ സ്ഥിതിയോ? അതീവ ശോചനീയമെന്നു പറഞ്ഞാല്‍ പറയേണ്ടതു മുഴുവനാകുന്നില്ല. പഴയ കുടുംബങ്ങളിലെ കാരണവന്മാര്‍ ജീവിതം സുഖിക്കാന്‍വേണ്ടി കുടുംബ സ്വത്തുകള്‍ ദീപാളികുളിച്ച രീതിയിലായി പൊതുജനങ്ങളുടെ പണം പന്തുകളിച്ചു രസിക്കുന്ന ഇവയുടെ ഇന്നത്തെ സ്ഥിതി.

ഒന്നുമില്ലായ്‌മയില്‍ നിന്ന്‌ 1993-ല്‍ ആരംഭിച്ച എച്ച്‌ഡിഎഫ്‌സി ബാങ്കിന്‌ ഇന്നുള്ള വിപണി മതിപ്പു (1.6 ലക്ഷം കോടി രൂപ) പോലും, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഒഴികെ മേല്‍പ്പറഞ്ഞ എല്ലാ സര്‍ക്കാര്‍ ബാങ്കുകളുംകൂടി കൂട്ടിയാല്‍ (1.59 ലക്ഷം കോടി രൂപ) പോലുമില്ലെന്ന്‌ ബിസിനസ്‌ സ്റ്റാന്‍ഡാര്‍ഡ്‌ എഡിറ്റര്‍ ടിഎന്‍ നൈനാന്‍ വിലയിരുത്തുന്നു. ഇതിനര്‍ഥം താരതമ്യേന അടുത്ത കാലത്തു തുടങ്ങിയ രണ്ടു സ്വകാര്യ ബാങ്കുകളുടെ വിപണിമൂല്യം പോലുമില്ല 14 വന്‍കിട സര്‍ക്കാര്‍ ബാങ്കുകള്‍ ഒന്നിച്ചുകൂട്ടിയാല്‍പ്പോലും. ഇന്ത്യയിലെ ആകെബാങ്കിങ്ങിന്റെ മുക്കാല്‍പങ്കും ബിസിനസ്‌ നടത്തുന്നത്‌ ഈ സര്‍ക്കാര്‍ ബാങ്കുകളായിട്ടും അവയുടെ ഇന്നത്തെ സ്ഥിതി പരമ, പരമ ദയനീയം.

ഇന്ത്യ ദേശസാല്‍ക്കരിച്ച ബാങ്കുകളില്‍ ഒന്നാംസ്ഥാനത്തുണ്ടായിരുന്നതും ടാറ്റ നടപ്പോന്നതുമായ സെന്‍ട്രല്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയ്‌ക്കു കേരളത്തിലെ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ വിപണി മതിപ്പുപോലും ഇന്നില്ലെന്നു പറഞ്ഞാല്‍, ഇല്ലത്തെ ദാരിദ്ര്യം വിശദീകരിക്കേണ്ടല്ലോ.

ഓരോ വര്‍ഷവും സര്‍ക്കാര്‍, നികുതിദായകരുടെ ആയിരക്കണക്കിനു കോടി രൂപ ഒഴുക്കിയാണ്‌ ഈ ബാങ്കുകളുടെ ശ്വാസം നിലനിര്‍ത്തുന്നത്‌.


സര്‍ക്കാര്‍ ബാങ്കുകളുടെ ഈ ദുസ്ഥിതിക്കു പ്രധാന കാരണമെന്താണ്‌. കിട്ടാക്കടങ്ങള്‍. വന്‍കിട-ഇടത്തരം കമ്പനികള്‍ക്ക്‌ തിരിച്ചുകിട്ടുമെന്ന്‌ ഉറപ്പില്ലാതെ വാരിക്കോരി വായ്‌പ നല്‍കുന്നതാണ്‌ കിട്ടാക്കടങ്ങള്‍ ലക്ഷക്കണക്കിനു കോടിരൂപകളായി പെരുകിപ്പെരുകിക്കൊണ്ടിരിക്കാന്‍ കാരണം. പിരിച്ചെടുക്കാന്‍ ആരും ഒരു ശുഷ്‌ക്കാന്തിയും കാട്ടാറുമില്ല. എന്തിനു കാട്ടണം, പോയതു പൊതുജനത്തിന്റെ പണമല്ലെ. എന്റെയും നിങ്ങളുടേയും.

സാധാരണക്കാരന്‌ ഒരു കിണര്‍ കുഴിക്കാനോ, മക്കളെ പഠിപ്പിക്കാനോ, വീടുവയ്‌ക്കാനോ വായ്‌പ ചോദിക്കുമ്പോള്‍ അനുവദിക്കാന്‍ കടുംപിടിത്തം പിടിക്കുന്ന ഈ ബാങ്കുകള്‍, വന്‍കിട കമ്പനികള്‍ക്ക്‌ രാഷ്‌ട്രീയ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയോ മറ്റു കാരണങ്ങളാലോ വായ്‌പ അനുവദിക്കുന്നതില്‍ യാതൊരു കടുംപിടിത്തവും കാണിക്കാറില്ല. തവണത്തുക മുടക്കം വരുത്തിയാല്‍ ഈടാക്കാന്‍ മതിയായ ജാമ്യമൊന്നും ഇവര്‍ക്കു വേണ്ടേ വേണ്ട. എല്ലാത്തിനും എളുപ്പവഴിയുണ്ടല്ലോ. കിട്ടാക്കടമെന്നു കാണിച്ച്‌ എഴുതിത്തള്ളാം.ആരു ചോദിക്കാന്‍.

അതിനിടെ, കിട്ടാക്കടം 1.4 ലക്ഷം കോടിരൂപയായി കഴിഞ്ഞ വര്‍ഷം ഉയര്‍ന്നപ്പോള്‍, ഇനി ഇതിനെന്തെങ്കിലും ചെയ്‌തുവെന്നു വരുത്തിത്തീര്‍ക്കണമല്ലോ. വായ്‌പ എടുത്തവരുടെ സ്വത്തുവിവരം കണ്ടുപിടിക്കുന്നതിന്‌ ചാരന്മാരെ ഉപയോഗിച്ചാലോ എന്നൊരു ബുദ്ധി ആര്‍ക്കോ ഉദിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ ചെയ്യുന്നതുപോലെ സ്വകാര്യ ഡിറ്റക്‌റ്റിവ്‌ ഏജന്‍സികളെ ഇതിന്റെ ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതായും കേട്ടു. പിന്നീട്‌ എന്തു സംഭവിച്ചു എന്നൊരു പിടിയുമില്ല. ഈ ചാരന്മാരെ വായപ കുടിശ്ശികക്കാര്‍ കയ്യോടെ പിടികൂടിയോ, ചെവിയും മൂക്കും മുറിച്ചുവിട്ടോ, വധിച്ചോ, അതോ വല്ല അവാര്‍ഡും കൊടുത്ത്‌ ആദരിച്ചോ? അറിയില്ല.

ധനവകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രി പളനിയപ്പന്‍ ചിദംബരംതന്നെ പണം പോയേയെന്നു കുട്ടികളെപ്പോലെ പരസ്യമായി നിലവിളിക്കുന്നത്‌ ലോകത്ത്‌ എവിടെകേള്‍ക്കാനാവും, ഇന്തയിലല്ലാതെ.

മന്ത്രിക്ക്‌ ഈ ഇടപാടുകളുമായി ഒരു ബന്ധവുമില്ലെന്നാണോ. വ്യവസായികളെ എത്ര അതിരുവിട്ടും സഹായിക്കണമെന്നും എങ്കിലേ നാട്ടില്‍ വികസനവും എല്ലാവര്‍ക്കും ജോലിയും ഉണ്ടാകൂ എന്നും ജനത്തെ നിരന്തരം തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതില്‍ അത്ഭുതമുണ്ടോ.

2013-ല്‍ സര്‍ക്കാര്‍ ബാങ്കുകള്‍ വന്‍വ്യവസായികള്‍ക്കു നല്‍കിയതുള്‍പ്പെടെ 1,41,295 കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളുകയായിരുന്നു. ബാങ്കുമേധാവികളുടെ യോഗത്തില്‍ റിസര്‍ബാങ്ക്‌ ഡപ്യൂട്ടി ഗവര്‍ണര്‍ കെ.സി. ചക്രവര്‍ത്തിയാണ്‌ ഈ `ശുഭ വാര്‍ത്ത' വിളംബരം ചെയ്‌തത്‌. അതേസമയം 2008-ല്‍ കൃഷിക്കാര്‍ക്ക്‌ 60,000 കോടി രൂപയുടെ ഇളവ്‌ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്‌, ആയിരക്കണക്കിനു കര്‍ഷകര്‍ വര്‍ഷംതോറും ആത്മഹത്യ ചെയ്യുന്ന ഈ നാട്ടില്‍, വലിയ കോലാഹലമായി എന്നും ഓര്‍ക്കുക.

2003-2004 ധനകാര്യ വര്‍ഷം തീരും മുമ്പ്‌, കിട്ടാക്കടത്തില്‍ 10% എങ്കിലും ഈടാക്കാന്‍ ധനകാര്യവകുപ്പ്‌ സര്‍ക്കാര്‍ ബാങ്കുകളോടു യാചിക്കുന്ന വാര്‍ത്തയും നമ്മള്‍ വായിച്ചു പുളകം കൊണ്ടു.

പക്ഷെ സ്വകാര്യ ബാങ്കുകള്‍ ലാഭത്തില്‍നിന്നു ലാഭത്തിലേയ്‌ക്കു കുതിക്കുന്നു. പുതിയ ശാഖകള്‍ തുറന്നുകൊണ്ടേയിരിക്കുന്നു. പുതിയ പുതിയ ബിസിനസുകള്‍ കണ്ടെത്തി തകര്‍ത്തു മുന്നേറുന്നു. അവര്‍ വായ്‌പകള്‍ കൊടുക്കുന്നത്‌ തിരിച്ചുകിട്ടാനുള്ള സംവിധാനം ശക്തമാക്കിക്കൊണ്ടാണ്‌. ഒരു രാഷ്‌ട്രീയ ഇടപെടലും അവിടെ വിലപ്പോവില്ല. അവര്‍ക്കും കിട്ടാക്കടം ഇല്ലെന്നില്ല.

പൊതുമേഖലാ ബാങ്കുകളുടെ, 2008 മാര്‍ച്ചില്‍ 39,000 കോടി രൂപയായിരുന്ന കിട്ടാക്കടം, 2013 മാര്‍ച്ചില്‍ 1,64,000 കോടി രൂപയായി ഉയര്‍ന്നു. ഇതിനുത്തരവാദികള്‍ ഇന്ത്യയിലെ വന്‍കിട കമ്പനികള്‍ എടുത്ത വായ്‌പ തിരിച്ചടക്കാത്തതാണെന്ന്‌ ബാങ്ക്‌ ജീവനക്കാരുടെ അഖിലേന്ത്യാ സംഘടന (എഐബിഇഎ) കണക്കുകള്‍ നിരത്തി വിശദീകരിക്കുന്നുണ്ട്‌. 2007-നും 2013-നും ഇടയ്‌ക്ക്‌ 1,49,295 കോടി രൂപ ബാങ്കുകള്‍ എഴുതിത്തള്ളിയതായും ഇതില്‍ ഏറിയപങ്കും 406 വന്‍കിട കമ്പനികള്‍ തിരിച്ചടക്കാനുള്ള താണെന്നും സംഘടന വ്യക്തമാക്കുന്നു. അവരുടെ പട്ടികയും ഇവര്‍ പരസ്യപ്പെടുത്തി.

ഒരു കോടിയില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയവരുടെ പട്ടിക അധികൃതര്‍ പുറത്തുവിടണമെന്നും അതറിയാന്‍ പൊതുജനത്തിന്‌ അവകാശമുണ്ടെന്നും സംഘടനാ വൈസ്‌ പ്രസിഡന്റ്‌ വിശ്വാസ്‌ ഉതാകി പറഞ്ഞു. വന്‍കിട കമ്പനികള്‍ക്ക്‌ ബാങ്കു കൊള്ളയടിക്കാന്‍ ബാങ്ക്‌ മേധാവികളും രാഷ്‌ട്രീയനേതാക്കളും ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്നു രാജ്യത്തെ ബാങ്കുകളില്‍ 78,69,970 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്‌. ഇതു ജനങ്ങള്‍ പാടുപെട്ടുണ്ടാക്കി നിക്ഷേപിച്ച പണമാണ്‌. ഈ വിയര്‍പ്പിന്റെ പണം കൊള്ളയടിക്കപ്പെടാതിരിക്കാനുള്ള സംവിധാനം ഉണ്ടായേ തീരൂ.

റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍, മുന്‍ ഐഎംഎഫ്‌ ഉദ്യോഗസ്ഥനായ, രഘുറാം രാജന്‍ ഈ ദുസ്ഥിതി പരിഹരിക്കാന്‍ ഉദ്യോഗസ്ഥ ഭാഷയില്‍ പൊതുജനത്തിനു പിടികിട്ടാത്തതും അത്രകണ്ടു പ്രായോഗികമല്ലാത്തതുമായ മറുമരുന്നുകള്‍ കുറിക്കുന്നുണ്ടെങ്കിലും, ബദലായി അദ്ദേഹം തന്നെ നിര്‍ദേശിക്കുന്ന, ബാങ്കുളിലേയ്‌ക്ക്‌ കൂടുതല്‍ പണം ഒഴുക്കിവിടുക എന്നതായിരിക്കും നടക്കാന്‍ സാദ്ധ്യതയുള്ളത്‌. സര്‍ക്കാരിന്റെ കൈവശമുള്ള പണമാണ്‌ ഇങ്ങനെ ഒഴുക്കിവിടുക. അതായതു പൊതുജനത്തിന്റെ പണം. അതു വീണ്ടും ഓടയിലേക്ക്‌ എന്നു ചുരുക്കം. ബാങ്കില്‍നിന്നു വന്‍വ്യവസായികള്‍ കൊള്ളയടിച്ചതും ആ നഷ്‌ടം നികത്താന്‍ ഒഴുക്കിവിടുന്നതും ജനത്തിന്റെ പണം, ജനത്തിന്റെ മാത്രം പണം എന്നു ചുരുക്കം.

രാഷ്‌ട്രീയക്കാരുടെ ഇടപെടല്‍ ഒഴിവാക്കുകയും, രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ വന്‍ വ്യവസായികള്‍ വായ്‌പക്കുവേണ്ടി ബാങ്കുകളില്‍ സമ്മര്‍ദം ചെലുത്തുന്നത്‌ അവസാനിപ്പിക്കുകയും ചെയ്യുകയാണ്‌ ഇതിന്‌ ആദ്യത്തെ പരിഹാരം. ഒപ്പം ബാങ്കുകളുടെ ഡയറക്‌ടര്‍ ബോര്‍ഡുകളിലേയ്‌ക്കുള്ള നിയമനഷൃതികളില്‍ മാറ്റം ഉണ്ടാകേണ്ടതുണ്ടെന്നും ടികെ നൈനാന്‍ നിര്‍ദ്ദേശിക്കുന്നു. ഇപ്പോള്‍ ബാങ്ക്‌ മേധാവികളെ നിശ്‌ചയിക്കുന്നതില്‍ റിസര്‍വ്‌ ബാങ്കിന്‌ ഒരു പങ്കുമില്ല.

- തീര്‍ന്നു -
ജനങ്ങളുടെ ബാങ്ക്‌ നിക്ഷേപപ്പണം വന്‍കമ്പനികള്‍ അടിച്ചു മാറ്റുന്നു; സര്‍ക്കാര്‍ വീണ്ടും പണമൊഴുക്കുന്നു (വൈക്കം മധു)ജനങ്ങളുടെ ബാങ്ക്‌ നിക്ഷേപപ്പണം വന്‍കമ്പനികള്‍ അടിച്ചു മാറ്റുന്നു; സര്‍ക്കാര്‍ വീണ്ടും പണമൊഴുക്കുന്നു (വൈക്കം മധു)ജനങ്ങളുടെ ബാങ്ക്‌ നിക്ഷേപപ്പണം വന്‍കമ്പനികള്‍ അടിച്ചു മാറ്റുന്നു; സര്‍ക്കാര്‍ വീണ്ടും പണമൊഴുക്കുന്നു (വൈക്കം മധു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക