Image

അമ്മയല്ലാതൊരു ദൈവമുണ്ടോ? - സണ്ണി മാമ്പിള്ളി

സണ്ണി മാമ്പിള്ളി Published on 10 May, 2014
അമ്മയല്ലാതൊരു ദൈവമുണ്ടോ? - സണ്ണി മാമ്പിള്ളി
ഒരു സുപ്രഭാതത്തില്‍ റേഡിയോയിലൂടെ ഒഴുകി വന്നൊരുഗാനം "അമ്മയല്ലാതൊരു ദൈവമുണ്ടോ! അതിലും വലിയൊരു കോവിലുണ്ടോ, കാലം മറക്കാത്ത ത്യാഗമാം അമ്മ-കാണപ്പെടുന്നതാം ദൈവമല്ലേ."
അമ്മയെ വര്‍ണ്ണിക്കാത്ത കവികളില്ല. അമ്മയെ സ്മരിക്കാത്ത മഹാന്മാരില്ല. വില്യം ഷെയ്ക്‌സ്പിയര്‍ ഇപ്രകാരം എഴുതുന്നു.  അമ്മയുടെ ഹൃദയം സ്‌നേഹവും കരുണയും കവിഞ്ഞൊഴുകുന്ന ഒരു അരുവിയാണ്. മാതൃഹൃദയത്തേക്കാള്‍ ഉപരിയായി യാതൊന്നിനെപറ്റിയും മനുഷ്യന് ഈ ലോകത്തില്‍ ചിന്തിക്കുക സാദ്ധ്യമല്ല. എബ്രഹാം ലിങ്കണ്‍ സ്വന്തം അമ്മയെക്കുറിച്ച് അനുസ്മരിക്കുന്നു. ഞാന്‍ എന്താകുന്നുവോ എന്തായിരിക്കാന്‍ ആഗ്രഹിക്കുന്നുവോ അതിനെല്ലാം ഞാന്‍ കടപ്പെട്ടിരിക്കുന്നത് എന്റെ അമ്മയോടാണ്. ഞാന്‍ വായിച്ച ഏറ്റവും വലിയ ഗ്രന്ഥം എന്റെ മാതാവാണ്.”

യഥാ മാതാ തഥാ സുതാ
എന്നൊരു ചൊല്ലുണ്ട്. അമ്മ എപ്രകാരമായിരിക്കുന്നുവോ, അപ്രകാരമായിരിക്കും പുത്രനും. അമ്മിഞ്ഞപാലിനോടൊപ്പം അമ്മയുടെ സ്വഭാവസവിശേഷതകളും ഒരു കുഞ്ഞിലേക്ക് പകരുന്നു.
നിറവയറുമായി പ്രവസവവേദനയോടെ സത്രങ്ങള്‍ തോറും മുട്ടിനടന്ന മറിയം പ്രസവിക്കാനിടം കിടാത്തത്തില്‍ ആരോടും പരിഭവിക്കുകയോ പരാതിപ്പെടുകയോ ചെയ്തതായി ബൈബിളില്‍ നാം വായിക്കുന്നില്ലേ. ഹേറോദോസ് ബാലനായ യേശുവിനെ വധിക്കാന്‍ തീരുമാനിക്കുന്നുവെന്നറിഞ്ഞ് രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടി വന്നപ്പോഴും മറിയമതെല്ലാം സഹിക്കുകയായിരുന്നു. മാനുഷീകമായി ചിന്തിക്കുമ്പോള്‍, കുരിശില്‍ കിടന്നുകൊണ്ട് തന്നെ ഉപദ്രവിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ യേശുവിന് കഴിഞ്ഞത് സ്വന്തം മാതാവില്‍ നിന്നും പകര്‍ന്നുകിട്ടിയ സഹനശക്തിയാകാം.

സ്വന്തം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ജീവന്‍ ഹോമിക്കുന്ന പെലിക്കന്‍ പക്ഷിയുടെ ചിത്രം പല ദേവാലയങ്ങളിലെ അള്‍ത്താരയില്‍ നാം കാണാറുണ്ട്. കുഞ്ഞുങ്ങള്‍ക്ക് പൂര്‍ണ്ണ വളര്‍ച്ചയെത്താന്‍ അമ്മയുടെ രക്തം കുടിക്കണമെന്നാണ് കവി സങ്കല്പം. കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ തള്ളപക്ഷി ചുണ്ടുകൊണ്ട് സ്വന്തം നെഞ്ച്‌ കുത്തിതുറന്ന് കുഞ്ഞുങ്ങള്‍ക്ക് ചോരകുടിക്കാന്‍ കൊടുക്കുന്നു. തുടര്‍ന്ന് കുഞ്ഞുങ്ങള്‍ പറന്നകലുന്നു. തള്ളപക്ഷി പ്രജ്ഞയറ്റ് ഇരിക്കുന്നു.

ഏതു ഭാഷയിലെയും ഇമ്പമേറിയ പദമത്രെ അമ്മ എന്നത്. അമ്മ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ പൂജിക്കപ്പെട്ടവള്‍ എന്നാണ് മധുരിമയും മനോഹാരിതയും മുറ്റിനില്‍ക്കുന്ന അതിലെ 'മ'കാരം. ഏതാണ്ട്‌ എല്ലാ ഭാഷയിലും പൊതുവാണെന്നതാണ് മറ്റൊരു സത്യം. മാതാ, അമ്മ, എമ്മ (സുറിയാനി), mater(ലത്തീന്‍),  mutter(ജര്‍മ്മന്‍) മമ്മാ (ഈസ്റ്റാഫ്രിക്കന്‍), mother, mammy, ma(ഇംഗ്ലീഷ്).

പൗരാണിക സംസ്‌ക്കാരത്തില്‍ അമ്മയുടെ സ്ഥാനം അമൂല്യമാണ്. അമ്മ നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ നിറകുടമാണ് സഹനത്യാഗങ്ങളുടെ മൂര്‍ത്തീഭാവമാണമ്മ.

ആധുനിക യുഗത്തിലെ അമ്മ വ്യത്യസ്ത പുലര്‍ത്തുന്നതായി കാണാന്‍ കഴിയും. അവിഹിതബന്ധത്തില്‍ നിന്നുരുവായ കുഞ്ഞിനെ ആരുമറിയാതെ രഹസ്യ സങ്കേതത്തില്‍ പ്രസവിച്ച് ഏതെങ്കിലും അനാഥായത്തിലോ പിള്ളതൊട്ടിലോ ഉപേക്ഷിച്ച്, കൂസലില്ലാതെ സമൂഹ മദ്ധ്യേ വിഹരിക്കുന്ന യുവമാതാവ് ആധുനീക സംസ്‌ക്കാരത്തിന്റെ സംഭാവനയാണെന്ന സത്യം മറക്കുന്നില്ല.

1998 ജൂലൈ 13ന് കാസര്‍കോട്ട് ജില്ലയില്‍ പെര്‍ല കന്നടിക്കാനായില്‍ ദേവകിയെ മകന്‍ കൃഷ്ണന്‍ അടുത്തുള്ള പുഴയിലേക്ക് വലിച്ചെറിഞ്ഞ വാര്‍ത്തയാണ് അന്നത്തെ പത്രങ്ങളിലൂടെ പുറത്തുവന്നത്. പ്രകൃതിക്ഷോഭത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നേടാനായിരുന്നു സ്വന്തം മാതാവിനെ പുഴയിലേക്കെറിയാന്‍ മകനെ പ്രേരിപ്പിച്ചത്.
നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ നൈസര്‍ഗ്ഗീയഭാവം, ത്യാഗസേവനങ്ങളുടെ അനര്‍ഗ്ഗള പ്രവാഹം എവിടെയോ എങ്ങിനെയോ ആധുനീക മനുഷ്യന് നഷ്ടപ്പെട്ടു. അമ്മമാരുടെ ദിനത്തില്‍ നമുക്കത് തേടിയെടുക്കാം.



അമ്മയല്ലാതൊരു ദൈവമുണ്ടോ? - സണ്ണി മാമ്പിള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക