Image

ഐ.എ.എസ്‌. കാരന്റെ മകള്‍ ദോശ വില്‍ക്കുന്നു, കൂട്ടിന്‌ കാരാട്ട്‌ കുടുംബത്തില്‍നിന്നൊരാള്‍ (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 09 May, 2014
ഐ.എ.എസ്‌. കാരന്റെ മകള്‍ ദോശ വില്‍ക്കുന്നു, കൂട്ടിന്‌ കാരാട്ട്‌ കുടുംബത്തില്‍നിന്നൊരാള്‍ (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
രാമശ്ശേരി ഇഡ്ഡലി പ്രസിദ്ധമാണ്‌. പാലക്കാട്ടുനിന്നും കഷ്‌ടിച്ച്‌ 10 കിമീറ്റര്‍ അകലെയുള്ള ഈ ഗ്രാമം നൂറ്റാണ്ടിന്റെ പാരമ്പര്യവും പേറി ഇഡ്ഡലിയുണ്ടാക്കുന്ന രഹസ്യം `താജ്‌ വിവാന്ത' പോലുള്ള വന്‍കിട ഹോട്ടലുകളുടെ ഷെഫുമാര്‍ പോലും അനുകരിച്ചു തുടങ്ങിയിരിക്കുന്നു. ബാംഗ്ലൂരിലെ വിവാന്ത ഹോട്ടലിലെ `കഫേ മൊസാക്കി'ല്‍ പ്രത്യേകം എഴുതിവെച്ചിട്ടുണ്ട്‌: `ഇവിടെ രാമശ്ശേരി ഇഡ്ഡലി സേര്‍വ്‌ ചെയ്യും'.

ഇഡ്ഡലിക്കുശേഷം പാലക്കാട്ട്‌ ദോശയുടെ കാലമായി. പാലക്കാട്‌ ജംഗ്‌ഷന്‍ റെയില്‍വേ സ്റ്റേഷന്‌ 3 കിമീറ്റര്‍ അകലെ വിക്‌ടോറിയ കോളേജിനും പി.എം.ജി സ്‌കൂളിനും തൊട്ടെതിര്‍വശത്ത്‌ ഒരു വര്‍ഷത്തിലേറെയായി നടക്കുന്ന 'ദോശക്കട' ദിവസം ചെല്ലുന്തോറും കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിച്ചുവരുന്നു. 12 തരം ദോശയാണ്‌ അവിടെ വില്‌ക്കുന്നത്‌. ദോശയും, ചട്‌ണിയും, സാമ്പാറും, ഉള്ളി ചട്‌ണിയും മാത്രം. കാപ്പി കിട്ടില്ല. ആണ്‍-പെണ്‍ മക്കളോടൊപ്പം അച്ഛനമ്മമാരും കോളേജ്‌ കുമാരി-കുമാരന്മാരും ദോശ തിന്നാന്‍ ആശിച്ച്‌ വൈകുന്നേരങ്ങളില്‍ കടയില്‍ എത്തുന്നു. നാലിന്‌ തുറന്നാല്‍ 9 മണിവരെയെ കച്ചവടമുള്ളു. ആള്‍ത്തിരക്ക്‌ മൂലം മാവ്‌ തീര്‍ന്നുപോയാല്‍ ഗേറ്റ്‌ നേരത്തെ അടക്കും.

ക്യാഷ്‌ കൗണ്ടറില്‍ ഇരിക്കുന്നത്‌ 78 വയസുള്ള പത്മിനി ഏറാടിയാണ്‌, മകള്‍ രമാ രവീന്ദ്രനും പ്രമീളാ ശശിധരനും ദോശക്കടയുടെ പങ്കാളികളാണ്‌. പത്മിനി ഏറാടി രാവിലെയെത്തും. കട അടയ്‌ക്കും വരെ എല്ലാറ്റിനും മേല്‍നോട്ടം വഹിച്ച്‌ അവിടെത്തന്നെയുണ്ടാകും. ഇടയ്‌ക്കിടെ രമയുടെയും പ്രമീളയുടെയും ഫോണുകള്‍ അറ്റന്‍ഡു ചെയ്യും അത്ര തന്നെ. ഒറ്റ ഇരിപ്പാണ്‌. പുതിയ പല മുഖങ്ങള്‍ കാണുന്നതിനാല്‍ ബോറടിക്കില്ല.

മദ്രാസിലും ആന്ധ്രയിലും കേരളത്തിലും സേവനം ചെയ്‌തിട്ടുള്ള സി.പി. കേലു ഏറാടി ഐ.എ.എസിന്റെ മകളാണ്‌ പത്മിനി. അദ്ദേഹം റിട്ടയര്‍ ചെയ്‌ത ശേഷം കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല അഡ്‌മിനിസ്‌ട്രേറ്റര്‍ ആയിരുന്നു. 1899 ല്‍ നിലവില്‍ വന്ന നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകന്‍ അപ്പു നെടുങ്ങാടിയുടെ ബന്ധു. പത്മിനിയുടെ ഭര്‍ത്താവ്‌ കെ. പ്രഭാകരന്‍ ഏറാടിയും പ്രഗത്ഭനായിരുന്നു. മദ്രാസില്‍ ജോയിന്റ്‌ ചീഫ്‌ കണ്‍ട്രോളര്‍ ഓഫ്‌ ഇംപോര്‍ട്ട്‌ ആന്റ്‌ എക്‌സ്‌പോര്‍ട്ട്‌ ആയി റിട്ടയര്‍ ചെയ്‌തു. ഇപ്പോള്‍ ഇല്ല.

വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്നതിനിടയില്‍ ഒരു ഫോണ്‍ വന്നു. അമേരിക്കയിലെ മിസൗറിയില്‍ നിന്ന്‌ കിരാതദാസിന്റെ വക. ദോശക്കട നടത്തുന്ന കെട്ടിടത്തിന്റെ ഉടമയാണ്‌. മകള്‍ രമയുടെ ഭര്‍ത്താവിന്റെ അനുജന്‍. ബന്ധുവാണെങ്കിലും ദിവസം 300 രൂപ വാടക കൊടുക്കുന്നു. ബന്ധുജനങ്ങളുടെയും രമയുടെ ദുബൈയിലുള്ള പെണ്‍മക്കളുടെയും കഥ പറയുമ്പോള്‍ ആ അമ്മയ്‌ക്ക്‌ ആയിരം നാവാണ്‌. രമയും വിധവയാണ്‌. അമ്മയും മകളും പരസ്‌പരം കൂട്ടായി ജീവിക്കുന്നു.

വിരലിലെണ്ണാവുന്ന ജോലിക്കാരെ ഉള്ളൂവെന്നതാണ്‌ കടയുടെ വിജയരഹസ്യം. പാചകക്കാരന്‍ മോഹന്‍, മാവ്‌ അരയ്‌ക്കുകയും കുഴയ്‌ക്കുകയും ചെയ്യുന്ന ഒരു സ്‌ത്രീ, സേര്‍വ്‌ ചെയ്യാന്‍ ഒരു പയ്യന്‍. തീര്‍ന്നു.

പാര്‍ട്‌ണര്‍ പ്രമീളയുടെ ഭര്‍ത്താവാണ്‌ സകലകലാവല്ലഭനായ മാനേജര്‍ സി. ശശിധരന്‍. സെയിന്റ്‌ ഗോബൈന്‍ എന്ന ഫ്രഞ്ച്‌ കമ്പനിയില്‍ നിന്നും റിട്ടയര്‍ ചെയ്‌ത ശേഷം ഭാര്യ പ്രമീളയെ സഹായിക്കുകയാണ്‌. ബാംഗ്ലൂരില്‍ നിന്ന്‌ അവരുടെ മകന്‍ പ്രൊഡക്ഷന്‍ എഞ്ചിനീയര്‍ ദീപക്‌ വല്ലപ്പോഴും വരുമ്പോള്‍ സഹായിക്കാനുണ്ടാകും.

കടയില്‍ 10 തരം ദോശയുണ്ടെന്ന്‌ ബോര്‍ഡ്‌ ഉദ്‌ഘോഷിക്കുന്നു. സാദാദോശ ഉള്‍പ്പെടെ 12 ഉണ്ടെന്ന്‌ ശശി പറഞ്ഞു. പൂര്‍ണ്ണശ്രീ, സ്‌പെഷ്യല്‍ റോസ്റ്റ്‌, ബട്ടര്‍ പെപ്പര്‍ റോസ്റ്റ്‌, തങ്കമണി റോസ്റ്റ്‌, മസാല റോസ്റ്റ്‌, ഗാര്‍ലിക്‌ റോസ്റ്റ്‌, ഗീ റോസ്റ്റ്‌, വെജിറ്റബിള്‍ ഓംലെറ്റ്‌, ഉള്ളി ഊത്തപ്പം, സാദാ ഊത്തപ്പം എന്നിങ്ങനെ. ഇവയില്‍ സാദാ ഊത്തപ്പം ഉള്‍പ്പെടെ രണ്ടെണ്ണത്തിന്‌ 30 രൂപ വീതം. ബാക്കി എല്ലാറ്റിനും 40. ദിവസം ശരാശരി 200 ദോശ വില്‌ക്കും. ചായയ്‌ക്ക്‌ 8 രൂപ മാത്രം

കടവാടക 300, പാചകക്കാരന്‌ 600, അടുക്കളപ്പണി ചെയ്യുന്ന സ്‌ത്രീക്ക്‌ 400, സപ്ലെയര്‍ പയ്യന്‌ 300, പത്മിനി ഏറാടിയുടെ മാനേജ്‌മെന്റും തന്റെ മേല്‍നോട്ടവും ഫ്രീ. കടയില്‍ ചായ മാത്രമേയുള്ളൂ. കാരണം 30-40 കപ്പ്‌ ചായ നേരത്തെ ഉണ്ടാക്കി വലിയ ഫ്‌ളാസ്‌കില്‍ സൂക്ഷിച്ചുവയ്‌ക്കുകയാണ്‌. കാപ്പിക്കാണെങ്കില്‍ പണി ഏറെയാകും. അതുകൊണ്ട്‌ ദോശക്കടയില്‍ പാലക്കാടിന്‌ ഏറെ പ്രിയമുള്ള കാപ്പിയില്ല.

പാര്‍ട്‌ണര്‍മാരില്‍ ഒരാളായ പ്രമീള (ശശിധരന്റെ ഭാര്യ) 14 വര്‍ഷമായി പാലക്കാട്‌ മുന്‍സിപ്പല്‍ കൗണ്‍സില്‍ ബി.ജെ.പി കൗണ്‍സിലറാണ്‌. പാലക്കാട്ടുകാരനായ മുന്‍ റെയില്‍വേ മന്ത്രി ഒ.രാജഗോപാലിന്റെ അടുത്ത സുഹൃത്തുമാണ്‌.

ശശിയുടെ മകന്‍ ദീപകിനെ അപ്രതീക്ഷിതമായി കടയില്‍ സേര്‍വ്‌ ചെയ്യുന്നതായി കണ്ടു. അലൂമിനിയം ഉള്‍പ്പെടെയുള്ള മെറ്റല്‍ സ്‌കാര്‍പ്പ്‌ ദുബൈയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഇറക്കുമതി ചെയ്‌തു വില്‌ക്കുന്ന വിനായക്‌ എന്റര്‍പ്രൈസസിന്റെ പാര്‍ട്ട്‌ണറാണ്‌ ദീപക്‌. ഭാര്യ പ്രീത, ഇന്‍ഫോസിസിലും. ദീപകിന്റെ കാര്‍ഡില്‍ കണ്ടു ദീപക്‌ കാരാട്ടെന്ന്‌.

``സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ ആരാണ്‌?''

ചോദ്യം ദീപകിന്‌ നന്നെ രസിച്ചു. ``ആര്‍ക്കറിയാം! ഇവിടെ ഈ ചുറ്റളവിനുള്ളില്‍ 3 കാരാട്ട്‌ കുടുംബങ്ങളുണ്ട്‌. എലപ്പുള്ളിയിലെ കാരാട്ട്‌ കുടുംബക്കാരനാണ്‌ പ്രകാശ്‌ കാരാട്ട്‌. പല്ലാവൂരിലുണ്ട്‌ മറ്റൊരു കാരാട്ട്‌ ഫാമിലി. എന്റെ അമ്മവീട്‌. കൊല്ലംകോട്ട്‌ മറ്റൊന്നും. ഈ കുടുംബങ്ങള്‍ തമ്മില്‍ അപ്പൂപ്പന്‍മാര്‍ വഴി ബന്ധമുണ്ടാകാം''എന്ന്‌ ദീപക്‌.

ഈ ദോശക്കടയെ അനുകരിച്ച്‌ ദോശ മാത്രം വില്‌ക്കുന്ന 2 കടകള്‍ കൂടി അടുത്തകാലത്ത്‌ മുളച്ചുപൊന്തിയിട്ടുണ്ട്‌. ഒന്ന്‌ വടക്കന്തറ ക്ഷേത്രത്തിനടുത്ത്‌, മറ്റൊന്ന്‌ ജോബീസ്‌ മാളില്‍. രണ്ടും വിക്‌ടോറിയ കോളേജിനടുത്തുള്ള ദോശക്കടയുടെ പ്രശസ്‌തിയില്‍ നിന്ന്‌ മുതലെടുത്തതാണ്‌.

ദോശ തിന്ന്‌ ആശ തീര്‍ത്ത്‌ 8 മണിക്ക്‌ പുറത്തിറങ്ങുമ്പോഴുണ്ട്‌ ഗേറ്റ്‌ അടഞ്ഞുകിടക്കുന്നു. പുതിയൊരു ബുള്ളറ്റ്‌ ബൈക്കില്‍ അച്ഛനെ പിന്നിലിരുത്തി ഒരു ചെറുപ്പക്കാരന്‍ ഗേറ്റിന്‌ മുന്‍പില്‍ ചവിട്ടി നിര്‍ത്തി. ഗേറ്റ്‌ അടഞ്ഞുകിടക്കുന്നത്‌ കണ്ടപ്പോള്‍ നിരാശയോടെ അച്ഛനോട്‌ പറഞ്ഞു ``അച്ഛാ രക്ഷയില്ല ഇനി ഒരിക്കലാവാം.''! അതാണ്‌ പാലക്കാട്ടെ ദോശക്കടയുടെ പുള്‍!
ഐ.എ.എസ്‌. കാരന്റെ മകള്‍ ദോശ വില്‍ക്കുന്നു, കൂട്ടിന്‌ കാരാട്ട്‌ കുടുംബത്തില്‍നിന്നൊരാള്‍ (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഐ.എ.എസ്‌. കാരന്റെ മകള്‍ ദോശ വില്‍ക്കുന്നു, കൂട്ടിന്‌ കാരാട്ട്‌ കുടുംബത്തില്‍നിന്നൊരാള്‍ (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഐ.എ.എസ്‌. കാരന്റെ മകള്‍ ദോശ വില്‍ക്കുന്നു, കൂട്ടിന്‌ കാരാട്ട്‌ കുടുംബത്തില്‍നിന്നൊരാള്‍ (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഐ.എ.എസ്‌. കാരന്റെ മകള്‍ ദോശ വില്‍ക്കുന്നു, കൂട്ടിന്‌ കാരാട്ട്‌ കുടുംബത്തില്‍നിന്നൊരാള്‍ (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഐ.എ.എസ്‌. കാരന്റെ മകള്‍ ദോശ വില്‍ക്കുന്നു, കൂട്ടിന്‌ കാരാട്ട്‌ കുടുംബത്തില്‍നിന്നൊരാള്‍ (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഐ.എ.എസ്‌. കാരന്റെ മകള്‍ ദോശ വില്‍ക്കുന്നു, കൂട്ടിന്‌ കാരാട്ട്‌ കുടുംബത്തില്‍നിന്നൊരാള്‍ (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഐ.എ.എസ്‌. കാരന്റെ മകള്‍ ദോശ വില്‍ക്കുന്നു, കൂട്ടിന്‌ കാരാട്ട്‌ കുടുംബത്തില്‍നിന്നൊരാള്‍ (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഐ.എ.എസ്‌. കാരന്റെ മകള്‍ ദോശ വില്‍ക്കുന്നു, കൂട്ടിന്‌ കാരാട്ട്‌ കുടുംബത്തില്‍നിന്നൊരാള്‍ (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഐ.എ.എസ്‌. കാരന്റെ മകള്‍ ദോശ വില്‍ക്കുന്നു, കൂട്ടിന്‌ കാരാട്ട്‌ കുടുംബത്തില്‍നിന്നൊരാള്‍ (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഐ.എ.എസ്‌. കാരന്റെ മകള്‍ ദോശ വില്‍ക്കുന്നു, കൂട്ടിന്‌ കാരാട്ട്‌ കുടുംബത്തില്‍നിന്നൊരാള്‍ (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക