Image

തച്ചങ്കരിയുടെ നിയമനം നിയമപരം: മുഖ്യമന്ത്രി

Published on 18 November, 2011
തച്ചങ്കരിയുടെ നിയമനം നിയമപരം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഐ.ജി. ടോമിന്‍ തച്ചങ്കരിയെ മാര്‍ക്കറ്റ്‌ഫെഡ് എം.ഡി.യായി നിയമിച്ചത് നിയമപരമായാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റാരോപിതന്‍ എന്നു പറഞ്ഞ് സര്‍ക്കാരിന് ഒരാളെ മാറ്റിനിര്‍ത്താനാകില്ല. സര്‍ക്കാരിന് നിയമപരമായേ പ്രവര്‍ത്തിക്കാനാകൂ. തച്ചങ്കരിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് അങ്ങനെയാണ്. എന്‍.ഐ.എയോട് അഭിപ്രായം ആരാഞ്ഞശേഷമാണ് നപടി സ്വീകരിച്ചത്-ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മപദ്ധതിയുടെ ഭാഗമായി സേവനമേഖല സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കുകയാണെന്ന ആരോപണം തെറ്റിദ്ധാരണ മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിയാലിന്റെ മാതൃകയില്‍ രൂപവത്കരിക്കുന്ന നാലു കമ്പനികളില്‍ 26 ശതമാനം സര്‍ക്കാര്‍ ഓഹരിയാണ്. ബാക്കി ഓഹരി തദ്ദേശ സ്വയംസരണം സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വന്തമാക്കാവുന്നതാണ്.

വികസനവും കരുതലുമാണ് സര്‍ക്കാരിന്റെ പ്രധാന മുദ്രാവാക്യം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഒരു വര്‍ഷത്തെ കര്‍മപരിപാടിയില്‍ ഇത് പ്രകടമാണ്. ഒരു ലക്ഷം കോടിയുടെ അതിവേഗ റെയില്‍പാത ആസൂത്രണം ചെയ്തത് വികസനത്തിന്റെ ഭാഗമായാണെങ്കില്‍ ബസ് ഷെല്‍ട്ടറുകള്‍, കുടിവെള്ള പദ്ധതി, ശൗചാലയങ്ങള്‍ എന്നിവയ്ക്കായി കമ്പനികള്‍ തുടങ്ങാനുള്ള തീരുമാനം കരുതലിന്റെ ഭാഗമായാണ്. കുടിവെള്ള വിതരണത്തിന്റെ കാര്യത്തില്‍ നിലവിലുള്ള ഒരു പദ്ധതിയെയും തളര്‍ത്തിക്കൊണ്ടല്ല, ഒരു സേവനവും കുറച്ചുകൊണ്ടല്ല പുതിയ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്. പരീക്ഷണാര്‍ഥമാണ് നാല് കമ്പനികള്‍ തുടങ്ങുന്നത്. ഇത് ഒരു തരത്തിലുള്ള കുത്തകയ്ക്കും വഴിവയ്ക്കുകയില്ല. ഒരു പദ്ധതിയും ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ല-മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ല എന്ന ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതിവിധിയും തിരഞ്ഞെടുപ്പ് പ്രഖ്യാപനവും സി.പി.എമ്മിന്റെ എതിര്‍പ്പുംമൂലമാണ് കഴിഞ്ഞ തവണ സ്മാര്‍ട്ട്‌സിറ്റി പദ്ധതി നടപ്പിലാക്കാതിരുന്നത്. ഏതു കാര്യവും സമവായത്തിന്റെ രീതിയില്‍ ചെയ്യുകയെന്നതാണ് സര്‍ക്കാരിന്റെ രീതി.

സംസ്ഥാനത്ത് ഒരു തരത്തിലുമുള്ള ഭൂമികയ്യേറ്റവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്ത് ഒരിഞ്ചുഭൂമിയെങ്കിലും കൈയേറിയിട്ടുണ്ടെന്ന പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ നടപടി ഉണ്ടാകും-മുഖ്യമന്ത്രി അറിയിച്ചു. വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷ നല്‍കുന്നവര്‍ക്ക് വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ സമാധാനം പറയേണ്ടിവരുമെന്നും ജനങ്ങള്‍ നല്‍കുന്ന നിവേദനത്തിന്റെ തല്‍സ്ഥിതി അറിയാനുള്ള സംവിധാനം എല്ലാ വകുപ്പുകളിലും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക