Image

മുസിരിസ് സുറിയാനി പൈതൃകം: ദേശീയസെമിനാര്‍ കൊടുങ്ങല്ലൂരില്‍

Published on 18 November, 2011
മുസിരിസ് സുറിയാനി പൈതൃകം: ദേശീയസെമിനാര്‍ കൊടുങ്ങല്ലൂരില്‍


കൊടുങ്ങല്ലൂര്‍ : മുസിരിസ് മാര്‍തോമാ സുറിയാനി പൈതൃകത്തെകുറിച്ച് കൊടുങ്ങല്ലൂര്‍ റിസേര്‍ച്ച് അക്കാദമിയുടെ നേതൃത്വത്തില്‍ ദേശീയസെമിനാര്‍ നവംബര്‍ 19-ന് കൊടുങ്ങല്ലൂര്‍ സെന്റ് തോമസ് സ്‌ക്വയറില്‍ വച്ച് നടത്തപ്പെടുന്നു. നവംബര്‍ 21-ന് ആചരിക്കുന്ന മാര്‍ തോമാശ്ലീഹായുടെ ഭാരതപ്രവേശനതിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ഈ സെമിനാര്‍ കൂരിയ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്യും.

 പ്രസ്തുത സെമിനാറില്‍ കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ പ്രഥമദേശീയ മെത്രാപ്പോലീത്തയായി നിയമിതനായ മാര്‍ ജോസഫ് കരിയാറ്റി മെത്രാപ്പോലീത്തായുടെ 225-ാം ചരമവാര്‍ഷികവും പാറേമാക്കല്‍ തോമാ ഗോവര്‍ണ്ണദോരിന്റെ 275-ാം ജന്മവര്‍ഷവും ആചരിക്കുന്നു. മുസിരിസ് മാര്‍തോമാ സുറിയാനി പൈതൃകത്തെകുറിച്ച് പഠനങ്ങള്‍ നടത്തുവാനും പൗരാണിക ക്രൈസ്തവകലാരൂപങ്ങളെ വളര്‍ത്തുന്നതിനും വേണ്ടി ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ സ്ഥാപിതമായിരിക്കുന്ന ഗവേഷണകേന്ദ്രമാണ് ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

രാവിലെ 10-ന് ആരംഭിക്കുന്ന സെമിനാറില്‍ ഇരിങ്ങാലക്കുട രൂപതാമെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിക്കുന്നതാണ്. യോഗത്തില്‍ കൊടുങ്ങല്ലൂര്‍ എം.എല്‍.എ. ശ്രീ. ടി.എന്‍. പ്രതാപന്‍ ആശംസകള്‍ അര്‍പ്പിക്കും. ഭാരതസുറിയാനി സഭാചരിത്രത്തില്‍ കൊടുങ്ങല്ലൂരിന്റെ പ്രാധാന്യത്തെക്കുറിച്ച് കോട്ടയം പൗരസ്ത്യവിദ്യാപീഠം പ്രൊഫ. ഡോ. ജെയിംസ് പുളിയുറുമ്പില്‍ പ്രബന്ധം അവതരിപ്പിക്കും. മുസിരിസ് പൈതൃകപദ്ധതിയും കൊടുങ്ങല്ലൂരിന്റെ പ്രസക്തിയും എന്ന വിഷയത്തില്‍ പ്രൊഫ. ജെന്നി പീറ്ററും ശ്രീ. ബെന്നി കുര്യാക്കോസും ശ്രി. സന്തീപ് അബ്രാഹവും ക്ലാസ്സുകള്‍ നയിക്കുന്നതാണ്. ആലുവ പൊന്തിഫിക്കല്‍ സെമിനാരി പ്രൊഫ. ഡോ. റാഫേല്‍ അമ്പാടന്‍, റവ. ഡോ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, ഷെവലിയര്‍ പ്രൊഫ. ജോര്‍ജ്ജ് മേനാച്ചേരി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കും. മോണ്‍. ജോസ് ഇരിമ്പന്‍, റവ. ഡോ. ഡേവീസ് ചെങ്ങിനിയാടന്‍, റവ. ഡോ. ആന്റോ കരിപ്പായി, റവ. ഡോ. ടൈറ്റസ് കാട്ടുപറമ്പില്‍, റവ. ഡോ. പോളി പടയാട്ടി, റവ. ഡോ. സി. വിമല, പ്രൊഫ. പി.എല്‍. ആന്റണി, പ്രൊഫ. മേരിക്കുട്ടി എന്നിവര്‍ അടങ്ങുന്ന കമ്മറ്റിയുടെ നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി നൂറിലധികം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കുന്നതാണ്.


ഫാ.ജിജോ വാകപ്പറമ്പില്‍
സെക്രട്ടറി, ബിഷപ് പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക