Image

കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍ (നോവല്‍-ഭാഗം 13: കാരൂര്‍ സോമന്‍ )

Published on 11 May, 2014
കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍ (നോവല്‍-ഭാഗം 13: കാരൂര്‍ സോമന്‍ )
വെണ്‍മേഘങ്ങള്‍

അവിടെ വെണ്‍കല്‍ തൂണുകളിന്മേല്‍ വെള്ളിവളയങ്ങളില്‍ ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകളാല്‍ വെള്ളയും പച്ചയും നീലയുമായ ശീലകള്‍ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മര്‍മ്മരക്കല്ലു പടുത്തിരുന്ന തളത്തില്‍ പൊന്‍കസവും വെള്ളിക്കസവുമുള്ള മെത്തകള്‍ ഉണ്ടായിരുന്നു. വിവിധാകൃതിയിലുള്ള പൊന്‍പാത്രങ്ങളിലായിരുന്നു അവര്‍ക്കു കുടിപ്പാന്‍ കൊടുത്തതു; രാജവീഞ്ഞും രാജപദവിക്കു ഒത്തവണ്ണം ധാരാളം ഉണ്ടായിരുന്നു. എന്നാല്‍ രാജാവു തന്റെ രാജധാനിവിചാരകന്മാരോടു: ആരെയും നിര്‍ബ്ബന്ധിക്കരുതു; ഓരോരുത്തന്‍ താന്താന്റെ മനസ്സുപോലെ ചെയ്‌തുകൊള്ളട്ടെ എന്നു കല്‌പിച്ചിരുന്നതിനാല്‍ പാനം ചട്ടംപോലെ ആയിരുന്നു.
-എസ്ഥേര്‍, അധ്യായം 1

അവള്‍ വിറയാര്‍ന്ന ശബ്‌ദത്തില്‍ കത്തനാരെ അകത്തേക്ക്‌ ക്ഷണിച്ചു.
മനസ്സൊന്ന്‌ കുലുങ്ങുകതന്നെ ചെയ്‌തു.
പറഞ്ഞ്‌ നാവടക്കിയതേയുള്ളൂ. ഇതാ മുന്നില്‍ നില്‌ക്കുന്നു.
ഇത്രവേഗം ഇവിടെ കൊണ്ടുവന്നത്‌ ആരാണ്‌?
ആരാണ്‌ വഴി പറഞ്ഞുകൊടുത്തത്‌.
അകത്ത്‌ ചെന്നപ്പോള്‍ സീസറെ കണ്ടു.
സീസ്സര്‍ അവളെപ്പോലെ വിരളുകയോ അമ്പരക്കുകയോ ചെയ്‌തില്ല.
ഇയാള്‍ കഴുകനെപ്പോലെ എന്റെ തലയ്‌ക്കു മുകളില്‍ പറക്കുകയാണല്ലോ.
അതോ ഇവളുടെ സൗന്ദര്യത്തില്‍ മയങ്ങിയോ?
എന്നെ ഇവിടെ പ്രതീക്ഷിച്ചു കാണില്ല.
അവള്‍ സംശയത്തോടെ നോക്കിയപ്പോള്‍ കത്തനാര്‍ പറഞ്ഞു.
``ഹെലന്‍ ഇരിക്കൂ.''
അവള്‍ ഇരുന്നു.
``കത്തനാര്‍ എന്താ ഇവിടെ?''
സീസ്സര്‍ ചോദിച്ചു.
``വീടു സന്ദര്‍ശനം.''
ഒരു സ്‌ത്രീ ഒറ്റയ്‌ക്കു താമസിക്കുന്ന വീട്ടില്‍ വന്നത്‌ എന്തിനെന്ന്‌ ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല.

``ഇവിടെ ഏത്‌ വീട്ടില്‍ പോകണമെങ്കിലും ആദ്യം ഫോണില്‍ വിളിച്ച്‌ അവരുടെ സൗകര്യം നോക്കണം. അല്ലാതെ ആരും പോകാറില്ല.''

കത്തനാര്‍ക്ക്‌ അതൊരു താക്കീതായിരുന്നു. കത്തനാര്‍ക്ക്‌ അതറിയില്ലായിരുന്നു.

``നിങ്ങള്‍ രണ്ടുപേരെയും ഒന്നിച്ചുകാണാനാണ്‌ ഞാന്‍ വന്നത്‌.''

ഹെലനും സീസ്സറും അവിശ്വനീയമാംവണ്ണം പരസ്‌പരം നോക്കി. സീസ്സര്‍ ഇരുണ്ട മുഖത്തേക്ക്‌ നോക്കി. ഒട്ടും കൂസാതെ ചോദിച്ചു.

``എന്തിനാണ്‌ ഞങ്ങളെ കാണുന്നത്‌? നാട്ടില്‍ നിന്ന്‌ സഭാപിതാക്കന്മാര്‍ ഫണ്ടുകള്‍ വല്ലതും ചോദിച്ചോ?''

``അതൊന്നുമല്ല, എനിക്കൊരു ദര്‍ശനമുണ്ടായി. സ്‌നാപകയോഹന്നാന്റെ തല ഒരു താലത്തില്‍ ചോദിച്ച ഹെരോദ്യയെയും മകളെയും നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? അവള്‍ എന്റെ പിന്നാലെ കൂടിയിട്ട്‌ കുറെ ദിവസങ്ങളായി.''

``അതിന്‌ ഞങ്ങള്‍ എന്തുവേണം!''

സീസ്സര്‍ പെട്ടെന്ന്‌ ചോദിച്ചു.

``യെരുശലേം പട്ടണത്തില്‍ ജീവിച്ചിരുന്ന സുന്ദരിയായ ഹെരോദ്യയ്‌ക്ക്‌ പകരം ഈ പട്ടണത്തില്‍ ഞാന്‍ മറ്റൊരു സുന്ദരിയെ കണ്ടു. ഹെലന്‍ എന്നാണ്‌ അവളുടെ പേര്‌. ഹെരോദ്യയുടെ അരക്കെട്ടിലെ ചൂടറിയാന്‍ ഹെരോദ എന്ന രാജാവ്‌. ഇവിടെ പള്ളിയുടെ പ്രിയങ്കരന്‍ സീസ്സര്‍ ബര്‍നാട്ട്‌ കസ്‌തൂരിമഠം എന്ന മാന്യന്‍.

അവരുടെ മുഖങ്ങള്‍ വിളറിവെളുത്തു. കത്തനാര്‍ രണ്ടുപേരെയും മാറി മാറി നോക്കി. അവരുടെ മുഖത്ത്‌ ചോരവറ്റി.

മുന്നിലിരിക്കുന്നത്‌ കൂര്‍ത്ത മൂര്‍ച്ചയുള്ള വാളാണ്‌. രക്ഷിക്കാനും ശിക്ഷിക്കാനും ശക്തിയുള്ള വാള്‍! ദൈവീകദര്‍ശനത്തിന്റെ പ്രസക്തി ഇപ്പോഴാണ്‌ മനസ്സിലായത്‌. എങ്ങും ശൂന്യത. അവരുടെ തൊണ്ടയിലെ നനവ്‌ വറ്റിയിരിക്കുന്നു. ഹെലന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ഉള്ളിലെ എല്ലാം അമര്‍ഷവുമായി സീസ്സര്‍ കേണുപറഞ്ഞു: ``ദയവായി ഈ കാര്യം ആരോടും പറയരുത്‌. ഇനി ഞങ്ങള്‍ ശ്രദ്ധിച്ചുകൊള്ളാം.''

``നിങ്ങള്‍ ആ കാര്യത്തില്‍ ഭയക്കേണ്ട. ഇതൊരു കുമ്പസാരമായി കണ്ടാല്‍ മതി. ഇവിടെ പല പട്ടക്കാരും വന്നുപോകുന്നു. ചിലരൊക്കെ നിങ്ങളെ വഴിതെറ്റിച്ചു കാണും. എല്ലാവരും അത്തരക്കാരല്ല. ഞാന്‍ വന്നിരിക്കുന്നത്‌ കാണാതെപോയ ആടുകളെ തേടിയാണ്‌. ഞാന്‍ പറയുന്നത്‌ ഹെലന്‌ മനസ്സിലാകുന്നുണ്ടോ?''

അവളൊന്നു മൂളി ശിരസ്സ്‌ ചലിപ്പിച്ചു. ഉള്ളില്‍ തളം കെട്ടിക്കിടന്ന ഭയം മാറിവന്നു. ആ കണ്ണുകളിലേക്ക്‌ തറപ്പിച്ചുനോക്കി വളരെ താല്‌പര്യത്തോടെ ചോദിച്ചു.

``ഫാദറിന്‌ കുടിക്കാന്‍...?''

``ഒരു ഗ്ലാസ്സ്‌ തണുത്ത വെള്ളം തന്നോളൂ.''

ഹെലന്‍ അകത്തേക്ക്‌ വേഗത്തില്‍ നടന്ന്‌ വെള്ളവുമായിട്ടെത്തി.

``ഈ കാര്യത്തില്‍ നിങ്ങള്‍ വ്യാകുലപ്പെടരുത്‌. ഭയം, ആകുലത ഇതിനൊന്നും മരുന്നില്ല. മനസ്സമാധാനം ലഭിക്കാന്‍ നാം തിന്മയില്‍ നിന്ന്‌ വിടുതല്‍ പ്രാപിക്കുക. അതിമോഹങ്ങളാണ്‌ നമ്മെ തിന്മയിലേക്ക്‌ നയിക്കുന്നത്‌. പുരോഹിതന്‍ പള്ളിയുടെ നായകന്‍ എന്നപോലെ ഭര്‍ത്താവ്‌ കുടുംബത്തിലെ പുരോഹിതനാണ്‌. നമ്മുടെ വഴികള്‍ നന്മയിലോ അതോ തിന്മയിലോ? രഹസ്യമായി നാം നടത്തുന്ന കച്ചവടങ്ങള്‍ക്കുള്ളില്‍ ആരൊക്കെ ബലിയാടാകുന്നുവെന്ന്‌ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?'' സീസ്സറും ഹെലനും ദുഃഖഭാരത്തോടെ നോക്കി.

``നിങ്ങള്‍ നന്മയുടെ വക്താക്കളാകുക. അതിന്‌ അറിവ്‌ വേണം. അതിന്‌ പുസ്‌തകങ്ങള്‍ വായിക്കണം. നല്ല പുസ്‌തകങ്ങള്‍പോലെ നല്ല ആത്മാവിനെ ലഭിപ്പാന്‍ വിശുദ്ധിയുള്ള സ്‌നേഹം വേണം. ആ സ്‌നേഹം തീയില്‍ ഊതിക്കാച്ചിയ സ്വര്‍ണ്ണംപോലെയാണ്‌. ഹെലനോട്‌ പറയാനുള്ളത്‌, നീ നിന്റെ ഭര്‍ത്താവിലേക്ക്‌ മടങ്ങിപ്പോകുക. ഇവിടുത്തുകാരെ കണ്ട്‌ പഠിച്ചാല്‍ പ്രതീക്ഷകള്‍ എല്ലാം നഷ്‌ടപ്പെടും.''

ഹെലന്റെ മുഖത്ത്‌ ഭയം ഇരട്ടിച്ചു. മനസ്സില്‍ വിഷാദമേഘങ്ങല്‍ പെയ്‌തിറങ്ങി.

``കൂട്ടുകാര്‍ നല്ലതാണ്‌. ഈ ലോകത്ത്‌ സുഹൃത്തുക്കളെ നേടാന്‍ ഒന്നും കൊടുക്കേണ്ടതില്ല. നല്ല സുഹൃത്തുക്കള്‍ നല്ല സന്തോഷത്തെ പകരുന്നു. പക്ഷെ നിങ്ങള്‍ കാട്ടുന്ന സ്‌നേഹം യേശുവിന്റേതല്ല. ആത്മാവില്ലാത്ത സ്‌നേഹം ജസിക സ്‌നേഹമാണ്‌. സീസ്സര്‍ ബര്‍നാട്ട്‌ കസ്‌തൂരിമഠത്തോട്‌ പറയാനുള്ളത്‌, നിങ്ങള്‍ കാട്ടുന്നത്‌ ഏതൊരു ഭാര്യയുടെയും ഹൃദയത്തെ മുറിപ്പെടുത്തുന്നതാണ്‌. ജീവിതം സമ്പത്തല്ല. ജസികസുഖമല്ല, അതിലുപരി സന്തോഷമാണ്‌. അതിന്‌ വ്യക്തിത്വം വേണം. ജീവിതം അവര്‍ക്ക്‌ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരൊഴുക്കുപോലെയും ആയിരിക്കും. ഈ കസ്‌തൂരിമഠം എന്നുള്ളത്‌ കുടുംബപേരായിരിക്കും അല്ലേ?''

സീസ്സര്‍ മിഴിച്ചുനോക്കി. എന്തിനാണ്‌ ഈ ചോദ്യം?

``നമ്മുടെ പിതാക്കന്മാര്‍ കാടുകള്‍ കൃഷിക്കായി വെട്ടിത്തെളിച്ചപ്പോള്‍ അവിടെ ധാരാളം മൃഗങ്ങളും ഉണ്ടായിരുന്നു. അതിലൊരു മൃഗമാണ്‌ കസ്‌തൂരിമാന്‍. അതിന്‍ നിന്നായിരിക്കും ഈ പേര്‌ വന്നത്‌ അല്ലേ?''

``അതെ.''

സീസ്സര്‍ പെട്ടെന്ന്‌ മറുപടി പറഞ്ഞു. ഇയാള്‍ ഇനിയും എന്റെ കുടുംബത്തെക്കൂടി അധിക്ഷേപിക്കാനുള്ള ഭാവമാണോ? വീട്ടുപേരില്‍ എന്താണിത്ര പറയാനിരിക്കുന്നത്‌. കത്തനാര്‍ തുടര്‍ന്നു.

``പല വീട്ടുപേര്‍ കേള്‍ക്കുമ്പോള്‍ അവിടെ തലമുറകള്‍, സംസ്‌കാരങ്ങള്‍ കടന്നുവരും. എന്നാല്‍ ഇന്നത്തെ തലമുറ പിതാക്കന്മാരുടെ മഹത്വം മറക്കുന്നു. കാടിന്റെ സംസ്‌കാരം മറക്കുന്നു. അവര്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചു. അത്‌ വളര്‍ന്ന്‌ മരമായപ്പോള്‍ നമ്മള്‍ അത്‌ വെട്ടി നശിപ്പിച്ച്‌ അന്തരീക്ഷത്തെ മലീനസമാക്കുന്നു. ഒരു മരം നട്ടുപിടിപ്പിക്കാനുള്ള മനസ്സില്ല. എന്നാല്‍ മരത്തിന്റെ മധുരം വേണംതാനും.''

സീസ്സര്‍ സംശയത്തോടെ നോക്കി. ഇയാള്‍ എന്തിനാണ്‌ മൃഗങ്ങളിലേക്കും മരത്തിലേക്കും പോകുന്നത്‌.
``അല്ല, കസ്‌തൂരിമഠത്തിന്‌ കസ്‌തൂരിമാനെപ്പറ്റി എന്തെറിയാം?''
``അത്‌ ഒരു മാനെന്നറിയാം.''

``വടക്കേ ഇന്ത്യയിലെ ഒരുപറ്റം ഹിന്ദുക്കളുടെ വിശുദ്ധമൃഗമാണിത്‌. അതുപോലെതന്നെയാണ്‌ നമുക്ക്‌ പാല്‍ തരുന്ന പശുക്കള്‍. അതിനെയെല്ലാം നമ്മളിന്നു കൊന്നു തിന്നുന്നു. മനുഷ്യന്‌ എന്തും ചെയ്യാം അല്ലേ?''

``കത്തനാര്‍ പറയുന്നത്‌ മൃഗങ്ങളെ കൊല്ലാന്‍ പാടില്ലെന്നാണോ?''

``നാം കൊല്ലേണ്ടത്‌ വന്യമൃഗങ്ങളെയും ഭീകരന്മാരെയുമാണ്‌. പാവം മൃഗങ്ങളെ കൊല്ലുന്നത്‌ പാപം തന്നെയാണ്‌. പണ്ട്‌ മൃഗബലി നടന്നു. ദൈവത്തിന്‌ ഒരു മൃഗത്തിന്റെയും രക്തം ആവശ്യമില്ല. ശമര്യയില്‍ ബാല്‍ ദേവന്റെ ക്ഷേത്രം ഉണ്ടായിരുന്നില്ലേ? അവിടെ മൃഗങ്ങളെ കൊന്ന്‌ ഹോമയാഗങ്ങളും ഹനനയാഗങ്ങളും നടത്തി വിഗ്രഹങ്ങളെ പ്രസാദിപ്പിച്ചു. അന്നത്തെ രാജാക്കന്മാരുടെ പാപങ്ങള്‍ക്ക്‌ മോചനം കിട്ടാന്‍ കണ്ടെത്തിയ ഒരു മാര്‍ഗ്ഗം. യുദ്ധത്തില്‍ രക്തപ്പുഴയൊഴുക്കി ജയം വരിച്ചാലും പാവം മൃഗങ്ങളുടെ രക്തമൊഴുക്കിയ കാലം. കാലങ്ങള്‍ കഴിഞ്ഞു. എവിടെ രാജാക്കന്മാര്‍? ബാലിന്റെ വിഗ്രഹങ്ങള്‍ ഉടച്ചെറിഞ്ഞ്‌ അവിടുത്തെ പുരോഹിതന്മാരെ കൊന്നു കളഞ്ഞില്ലേ? യെരുശലേം ദേവാലയത്തിലും യഹൂദന്മാര്‍ ലക്ഷക്കണക്കിന്‌ മൃഗങ്ങളെ ദൈവത്തെ പ്രസാദിപ്പിക്കാന്‍ ബലി നടത്തിയില്ലേ? അന്നത്തെ ബാല്‍ ക്ഷേത്രവും യെരുശലേം ദേവാലയവും ഇന്ന്‌ എവിടെ സ്ഥിതി ചെയ്യുന്നു. യേശുക്രിസ്‌തുവിന്റെ ക്രൂശ്‌ മരണത്തോടെ എല്ലാ ബലികളും യാഗങ്ങളും അവസാനിച്ചു. ഞാന്‍ പറഞ്ഞു വന്നത്‌ കസ്‌തൂരിമാനിനെപ്പറ്റിയാണ്‌. സാഹിത്യകാരന്മാരും കവികളും പാടി പുകഴ്‌ത്തിയ കസ്‌തൂരിമാന്‍. വര്‍ഷത്തിലൊരിക്കല്‍ അതിന്റെ പൃഷ്‌ട ഭാഗത്തുനിന്ന്‌ ഒരു മണമുണ്ടാകും. ആ മൃഗം അറിയുന്നില്ല അതെവിടെനിന്നെന്ന്‌. ആ സുഗന്ധം തേടി ഓരോ മരങ്ങള്‍ക്കടുത്തും അത്‌ പോകും. ആ മണം നുകരാനുള്ള ആഗ്രഹം മൂലം അത്‌ ഒന്നും ഭക്ഷിക്കുകയോ കുടിക്കയോ ചെയ്യാറില്ല. അവനവന്റെ ഉള്ളിലുള്ള മഹത്വം തിരിച്ചറിയാതെ പുറത്തുള്ള വൃത്തികേട്‌ തേടിപ്പോകുന്ന സ്വഭാവം നിര്‍ത്തണം.''

സീസ്സറിന്റെ ഉള്ളൊന്ന്‌ നടുങ്ങി. ഇയാള്‍ തന്നെ അപഹസിക്കുകയാണല്ലോ.

``ഈ വീട്ടിലെ മണം കുന്തിരിക്കത്തിന്റെയാണ്‌. ആത്‌ സുഗന്ധം പരത്തുന്നു. സുഗന്ധം ആസ്വദിക്കാനുള്ളതാണ്‌. നന്മയാണ്‌. അവിടെ ദുര്‍ഗന്ധമുണ്ടാക്കുന്ന കാര്യങ്ങള്‍ നടക്കരുത്‌. ഈശ്വരഭക്തി ജ്ഞാനത്തിന്റെ ആരംഭമാണ്‌. അതിനാല്‍ സീസ്സര്‍ കസ്‌തൂരിമഠം ഇവിടെ വരാതെ സ്വന്തം ഭാര്യയുടെ അടുത്തേക്ക്‌ പോകുക. അവളുടെ മണം ആസ്വദിക്കുക. നിങ്ങള്‍ക്ക്‌ നന്മ വരാനായി ഞാനും പ്രാര്‍ത്ഥിക്കാം. ഒരു നിമിഷം തലകളെ വണങ്ങി നമുക്ക്‌ പ്രാര്‍ത്ഥിക്കാം.''

അവരുടെ ശിരസ്സ്‌ കുനിഞ്ഞു. കത്തനാര്‍ പ്രാര്‍ത്ഥിച്ചിട്ട്‌ യാത്ര പറഞ്ഞ്‌ പുറത്തേക്ക്‌ പോയി. ഒപ്പം സീസ്സറും ചെന്നു. കത്തനാരോട്‌ സ്‌നേഹം കാട്ടി യാത്രയാക്കിയെങ്കിലും ഉള്ളം പകയാല്‍ എരിയുകയായിരുന്നു.

കത്തനാരെ ഇവിടേയ്‌ക്ക്‌ കൊണ്ടുവന്നത്‌ ആരെന്നറിയാനാണ്‌ ഒപ്പം പുറത്തേക്കിറങ്ങിയത്‌. പള്ളിവക കാറാണ്‌. അതില്‍ ആരെയും കണ്ടില്ല. ഇന്ത്യയുടെ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ വച്ച്‌ ഇവിടെ ഒരു വര്‍ഷം വരെ കാറോടിക്കാം. ഇനി ഇയാടെ കൈവശം ആഗോളതലത്തിലുള്ള ലൈസന്‍സുണ്ടോ എന്നുമറിയില്ല. എന്നാലും പരസഹായമില്ലാതെ ഇയാള്‍ എത്തിയല്ലോ. ബ്രിട്ടനില്‍ സ്ഥലത്തിന്റെ പിന്‍ നമ്പരും റോഡും വാഹനത്തിലുപയോഗിക്കുന്ന നാവിഗേഷന്‍ സിസ്റ്റവുമുണ്ടെങ്കില്‍ എവിടെയുമെത്താം.

സീസ്സര്‍ വീടിനുള്ളില്‍ കയറി കതകടച്ചു. സെറ്റിയില്‍ തല ചായ്‌ച്ച്‌ വേദനയോടെ ഹെലന്‍ ഇരുന്നു. കത്തനാരുടെ വാക്കുകള്‍ മനസ്സിനെ ഇളക്കിമറിച്ചു. സുന്ദരികളായ ഹെരോദ്യയും ഹെലനും. അവളുടെ മകളും എന്റെ മകളെപ്പോലെ നൃത്തത്തില്‍ പ്രാവീണ്യമുള്ളവള്‍. അടുത്തുവന്ന സീസ്സര്‍ ചിന്താഭാരത്തോടെ അവളെ നോക്കി നിന്നു. അവളാകട്ടെ മുഖത്ത്‌ നോക്കുന്നില്ല. അവള്‍ക്കെതിരേ സെറ്റിയില്‍ ഇരുന്നു. എല്ലാ സന്തോഷവും തകര്‍ത്തെറിഞ്ഞിട്ടാണ്‌ ആ മനുഷ്യന്‍ പോയത്‌. അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു.

``നീ എന്താ ഇങ്ങനെ കുന്തം വിഴുങ്ങിയപോലെ ഇരിക്കുന്നെ?''

അവള്‍ മൗനമായി ഇരുന്നു. മനസ്സ്‌ നിറയെ വിദൂരതയില്‍ കഴിയുന്ന ഭര്‍ത്താവും മകളുമായിരുന്നു. എന്നെ ഹെരോദ്യയുമായി അച്ചന്‍ ഉപമിച്ചിരിക്കുന്നു. മനുഷ്യശരീരത്തിന്‌ ആവശ്യമുള്ളത്‌ വേണ്ടെന്നാണോ കത്തനാര്‍ പറയുന്നത്‌. ഭര്‍ത്താവുണ്ട്‌. അതുകൊണ്ട്‌ എന്തു ഫലം. എന്നിരുന്നാലും നീ കാട്ടുന്നത്‌ ന്യായീകരിക്കാനാവുന്നില്ല. മനസ്സാകെ കുഴഞ്ഞുമറിഞ്ഞു. മനുഷ്യബുദ്ധി ആറ്റംബോംബു വരെ, ചന്ദ്രന്‍ വരെയേ എത്തിയിട്ടുള്ളൂ. അപ്പോള്‍ ദൈവിക ദര്‍ശനം മനുഷ്യബുദ്ധിയില്‍ പിറക്കുന്നതല്ലേ. അവള്‍ സംശയത്തോടെ ചോദിച്ചു.

``സീസ്സറച്ചായാ, ഈ ദര്‍ശനമെന്നു പറയുന്നത്‌ ആത്മാവാണോ? അതിന്‌ ഇത്ര സൂക്ഷ്‌മമായി കാര്യങ്ങള്‍ എങ്ങനെ അറിയാന്‍ കഴിയും?''

``ഇതൊക്കെ ആത്മാവിന്റെ സ്ഥാപകരോട്‌ ചോദിക്കേണ്ട കാര്യമാ. പിന്നെ ആത്മാവുണ്ടെന്ന്‌ പഠിപ്പിക്കുന്നു. ഞാനതിനെ അംഗീകരിക്കാനോ നിഷേധിക്കാനോ ഒരുക്കമല്ല. കാരണം ദര്‍ശനശാസ്‌ത്രം ഞാന്‍ പഠിച്ചിട്ടില്ല. കത്തനാരുടെ വായില്‍ നിന്നുതന്നെയല്ലേ രാജാക്കന്മാരുടെ ബാല്‍ ക്ഷേത്രവും യെരുശലേം പള്ളിയുമൊക്കെ കേട്ടത്‌. ഇതും അതുപോലെയൊക്കെ സംഭവിക്കും.''

``എന്തൊക്കെ പറഞ്ഞാലും കത്തനാര്‍ക്ക്‌ ദര്‍ശനശക്തിയുണ്ട്‌. എത്ര കറക്‌ടായിട്ടാ ഇവിടെ വന്ന്‌ കാര്യങ്ങള്‍ പറഞ്ഞത്‌.''

``എന്റെ ബലമായ സംശയം നമ്മെ ആരോ ഒറ്റിക്കൊടുത്തതാണ്‌. ഞാനൊന്ന്‌ ചോദിക്കട്ടെ, പരസ്‌ത്രീ പുരുഷബന്ധമില്ലാത്ത എത്ര മനുഷ്യരെ ഈ മണ്ണില്‍ കാണാന്‍ കഴിയും. യേശുക്രിസ്‌തുവിന്‌ പരസ്‌ത്രീ ബന്ധമുള്ളതായി നമ്മെ പഠിപ്പിക്കുന്നില്ല. ആര്‍ക്കറിയാം ഉണ്ടായിരുന്നോന്ന്‌. എന്നാല്‍ ഭഗവാന്‍ ശ്രീകൃഷ്‌ണന്‍, മുഹമ്മദ്‌ നബി ഇവരൊക്കെ ഓരോ മതത്തെ നയിക്കുന്നവരാണ്‌. അവര്‍ക്ക്‌ എത്രയോ ഭാര്യമാര്‍ ഉണ്ടായിരുന്നു. എത്രയോ മഹര്‍ഷിമാര്‍ കാമത്തില്‍ വീണു. അവര്‍ സത്യം തിരിച്ചറിഞ്ഞവരാണ്‌.''

അവള്‍ക്ക്‌ യാതൊന്നും കേള്‍ക്കാനുള്ള മനഃശക്തിയില്ലായിരുന്നു. ആത്മഭാരം, സ്വയം തോന്നുന്ന നിന്ദ ഉള്ളില്‍ ഉരുണ്ടുകൂടുന്നു. ആരിലാണ്‌ അഭയം തേടുക. കത്തനാരുടെ വാക്കിലോ സീസ്സറിന്റെ വാക്കിലോ? ആര്‍ക്കും ഒന്നും നഷ്‌ടപ്പെടാനില്ലെങ്കില്‍ മനുഷ്യന്‍ സുഖലോലുപതയില്‍ ജീവിക്കുന്നത്‌ പാപമാണോ? ഞാന്‍ വ്യഭിചാരം ചെയ്യുന്നവളാണോ? ഇല്ല ഞാനിതിനെ വ്യഭിചാരമായി കാണാന്‍ ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ ദൈവം മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നവനാണ്‌. അവന്റെ ബലഹീനത എന്തുകൊണ്ട്‌ ദൈവം അറിയുന്നില്ല. അവളുടെ മൗനം തുടര്‍ന്നപ്പോള്‍ സീസ്സര്‍ പറഞ്ഞു.

``ഞാനിറങ്ങട്ടെ, എനിക്കറിയാം നിന്റെ മനസ്സ്‌.''
ഒപ്പം അവളും എഴുന്നേറ്റു.
``ശരി, ഞാന്‍ വിളിക്കാം. ഇപ്പോള്‍ എനിക്കല്‌പം ഒറ്റയ്‌ക്ക്‌ ഇരിക്കണം.''

അവളെയൊന്നു സമാധാനിപ്പിക്കാന്‍ കഴിയാതെ സീസ്സര്‍ യാത്രയായി. അവള്‍ കതകടച്ചിട്ട്‌ മെത്തയിലേക്ക്‌ തളര്‍ന്നു കിടന്നു. ഇന്നുവരെ സീസ്സറിന്റെ ആഗ്രഹത്തിനനുസരിച്ചാണ്‌ ജീവിച്ചത്‌. കത്തനാര്‍ പറഞ്ഞതുകൊണ്ട്‌ അത്‌ അത്രപെട്ടെന്ന്‌ വലിച്ചെറിയാനാവില്ല. അവള്‍ കണ്ണടച്ച്‌ കുറെനേരം കിടന്നു. റോഡിലെ ഇളം ചൂടിലും തണുപ്പിലും വാഹനങ്ങള്‍ ഓടിക്കൊണ്ടിരുന്നു. ഒപ്പം കത്തനാരുടെ കാറും.

അവളുടെ മൊബൈല്‍ ശബ്‌ദിച്ചു. അവള്‍ മനസ്സില്‍ നിനച്ചു. സീസ്സറായിരിക്കും. ഇവിടെ വല്ലതും മറന്നുവച്ചിട്ടു പോയതാണോ? എഴുന്നേറ്റ്‌ ഫോണെടുത്തു. ``ഹലോ.'' മറുഭാഗത്തുനിന്നും ഒരപരിചിത ശബ്‌ദം.

``റോമര്‍ ആറാം അദ്ധ്യായം. പന്ത്രണ്ട്‌ മുതല്‍ ഒന്നു വായിക്കൂ. ഫോണിലെ ശബ്‌ദം പെട്ടെന്ന്‌ നിലച്ചു. കണ്ണുകള്‍ തെളിഞ്ഞു വന്നു. ആരായിരുന്നു.? കൈയിലിരുന്ന ഫോണ്‍ വിറച്ചു. അവള്‍ വിസ്‌മയത്തോടെ ഫോണിനെ നോക്കി. ദൈവത്തിന്റെ ദൂതന്മാര്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട്‌ പറയുന്നതായി അറിയാം. ഇപ്പോഴത്‌ ഫോണില്‍ക്കൂടി ആയോ? ഇവിടുന്ന്‌ പോയ അച്ചനാണോ വിളിച്ചത്‌? എങ്കില്‍ എന്തുകൊണ്ട്‌ പേര്‌ പറഞ്ഞില്ല. അവള്‍ ആ വാക്യത്തില്‍ എന്താണ്‌ അടങ്ങിയിരിക്കുന്നതെന്നറിയാന്‍ അടുത്ത മേശപ്പുറത്തിരുന്ന വേദപുസ്‌തകം തുറന്നു വായിച്ചു.

ആകയാല്‍ പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറ്‌ ഇനിയും വിടരുത്‌. നിങ്ങളുടെ ശരീര അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്‌ സമര്‍പ്പിക്കയും അരുത്‌. നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായി സമര്‍പ്പിക്കുക.

അവള്‍ പുസ്‌തകം മടക്കി വച്ചു.

യേശുക്രിസ്‌തുവിന്റെ ദാസനും അപ്പോസ്‌തലനുമായ പൌലോസിന്റെ വാക്കുകള്‍ അവളില്‍ തിരമാലകള്‍ പോലെ ആഞ്ഞടിച്ചു.

തലവേദന തിരയായി ശിരസ്സിലുണ്ടായി.
അവള്‍ വീണ്ടും മെത്തയിലേക്ക്‌ കിടന്ന്‌ കണ്ണുകളടച്ചു.
വീട്ടിലെത്തിയ സീസ്സര്‍ അവിടെ ആരെയും കണ്ടില്ല.
പിറകിലെ പാര്‍ക്കിലേക്കു നോക്കി.
അമ്മയും മക്കളും അവിടെയെന്ന്‌ മനസ്സിലാക്കി അങ്ങോട്ടു നടന്നു.
അവിടെ കുട്ടികള്‍ പന്ത്‌ കളിക്കുന്നു.
അതില്‍ ജോബുമുണ്ട്‌.

അവന്റെ അടുത്തേക്ക്‌ വന്ന പന്ത്‌ കയ്യിലെടുത്ത്‌ ഗോള്‍പോസ്റ്റിലേക്ക്‌ ഓടുന്നതുകണ്ട്‌ മറ്റുള്ളവര്‍ മിഴിച്ചുനോക്കി നിന്നു. അവന്‍ പന്ത്‌ ഗോള്‍പോസ്റ്റിലെറിഞ്ഞിട്ട്‌ ആര്‍ത്തുചിരിച്ചു പറഞ്ഞു.

``ഗോ...ഗോ...''

ഗോള്‍ എന്നുച്ചരിക്കാന്‍ അവന്റെ നാവ്‌ വഴങ്ങിയില്ല. ചിലര്‍ അതുകണ്ട്‌ ചിരിച്ചു. അവന്‍ ലിന്‍ഡയും സ്റ്റെല്ലയുമിരുന്ന ബഞ്ചിനടുത്തേക്ക്‌ ഓടിയണച്ച്‌ വന്നിട്ട്‌ പറഞ്ഞു. ``ഗോ....ഗോ....ഗോ.....''

സ്റ്റെല്ല അവനെ സന്തോഷത്തോടെ മാറോടണച്ചു. ലിന്‍ഡ പറഞ്ഞു.

``എടാ അതു ഗോളല്ല, കാലുകൊണ്ടാ ഗോളടിക്കേണ്ടത്‌. ബോള്‌ കൈകൊണ്ട്‌ തൊടരുത്‌. പോയി കാലുകൊണ്ടടിക്കെടാ.''
അവന്‍ അതുകേട്ട്‌ തിരിച്ചോടി. സീസ്സര്‍ അടുത്തുവന്നത്‌ അവരറിഞ്ഞില്ല.


(തുടരും.....)
കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍ (നോവല്‍-ഭാഗം 13: കാരൂര്‍ സോമന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക