Image

അമ്മയും ഉണ്മയും കര്‍ത്താവിന്റെ അമ്മയും (ഫാ. ജോര്‍ജ്‌ കോശി)

Published on 11 May, 2014
അമ്മയും ഉണ്മയും കര്‍ത്താവിന്റെ അമ്മയും (ഫാ. ജോര്‍ജ്‌ കോശി)
ഏതു മനുഷ്യനും പിറവിക്കുശേഷം ആദ്യം ഉച്ഛരിക്കുക `മാ' എന്നായിരിക്കും. പിറവി, കാലങ്ങളുടേയും, കടലുകളുടേയും അകലങ്ങള്‍ക്കപ്പുറവും, ഇപ്പുറവുമാണെങ്കിലും `മാ' എന്നുള്ളതിനു മാറ്റമില്ല. വര്‍ഗ്ഗ, വര്‍ണ്ണ, വിഭാഗീയതകളും അതിനു ബാധകമല്ല. ആണായാലും പെണ്ണായാലും, എവിടെ ജനിച്ചാലും, എങ്ങനെ ജനിച്ചാലും, ആര്‍ക്കു ജനിച്ചാലും ഉരിയാടാനാരംഭിക്കുക `മാ' എന്ന അക്ഷരത്തിലാകാനാണ്‌ വഴി. വായില്‍ നിന്നു വാക്കുകള്‍ പൊഴിയുന്നതിനു മുമ്പ്‌ അക്ഷരമാണല്ലോ ആദ്യം ഉച്ഛരിക്കുക.

അക്ഷരങ്ങള്‍ വാക്കുകള്‍ക്കു വഴിമാറുമ്പോള്‍ `മാ' എന്നതിനു പകരം `മാം', `മോം', `അമ്മാ' എന്നെല്ലാമായിത്തീരുന്നു. അപ്പോഴും അക്ഷരങ്ങളുടെ വള്ളിപുള്ളി വിസര്‍ഗ്ഗങ്ങളും അവ്യക്തമായിരിക്കും. പക്ഷെ, പിള്ളയുടെ ഉള്ളിന്റെയുള്ളിലെ ആശയും, ആശയവും, ആവേശവും വ്യക്തമാണ്‌. മലയാളമുള്‍പ്പെട്ട ഭാരതീയ ഭാഷകളിലാവട്ടെ, ഏബ്രായ, അറാമൈക്‌, അറബിക്‌ ആദിയായ സെമറ്റിക്‌ ഭാഷകളിലാവട്ടെ, ഇംഗ്ലീഷ്‌ ഉള്‍പ്പെട്ട യൂറോപ്യന്‍ ഭാഷകളിലാവട്ടെ, അവയുടെ ഉച്ഛാരണത്തില്‍ വ്യത്യസ്‌തതയുണ്ടായിരിക്കും. നാടുമാറുമ്പോള്‍ നാവു വഴങ്ങുന്നതനുസരിച്ച്‌ സംസാരത്തിനു നിസ്സാര മാറ്റം വരുമെന്നു സാരം. വിളിക്കുന്ന കുഞ്ഞുങ്ങളുടെ വികാര വിചാരങ്ങള്‍ ഒന്നുതന്നെ. സ്‌നേഹ,സന്തോഷ, സംതൃപ്‌തഭാവങ്ങള്‍ സമമാണ്‌; സമാനമാണ്‌. മലയാളിയുടെ `വാഴപ്പഴവും' തമിഴന്റെ `വാളപ്പളവും' ഒന്നുതന്നെ. രണ്ടിനും ഒരേ രുചി, ഒരേ രൂപം, ഒരേ ഗുണം. പക്ഷെ, വാഴപ്പഴം തമിഴന്‍ മൊഴിയുമ്പോള്‍ വാളപ്പളമായി മാറുന്നു. മണ്ണിന്റെ മാറ്റം വാക്കിനും, നാക്കിനുമുണ്ടാകുന്നു. അമ്മ എന്ന അതിസുന്ദര പദത്തിനും ആ പരിണാമമുണ്ടായെന്നിരിക്കും.

ആദ്യം ആരും ഉച്ഛരിക്കുന്ന വാക്ക്‌ `അമ്മ' ആണെന്നതുപോലെ അതിവേദനകളുടെ വേളയിലും ഏവരും അറിഞ്ഞോ അറിയാതെയോ പറയുന്നതും അമ്മ എന്നുതന്നെ. അന്ത്യത്തില്‍ അവസാനമായി അവ്യക്തമായി ഉച്ഛരിക്കുന്നതും അമ്മ എന്നാവണം.

പിള്ള ആദ്യമറിയുന്നതു തള്ളയെയാണ്‌. ഉള്ളില്‍ ഉരുവാകുന്നതുമുതല്‍ ഉടലോടെ ഒട്ടിയും മുട്ടിയും തട്ടിയുമാണല്ലോ തള്ളയുടെ ഉള്ളില്‍ പിള്ള കഴിയുക. ഗര്‍ഭപാത്രമെന്ന അന്തപ്പുരത്തില്‍ വെയിലുകൊണ്ടു വാടിത്തളരാതെയും, കുളിരുകൊണ്ടു കോച്ചിവിറച്ചു തകരാതെയും സുഖശീതളാവസ്ഥയില്‍ `എ.സി. ക്ലൈമറ്റില്‍' കുഞ്ഞു വളരുന്നു. അകത്തു നിന്നു പുറത്തുവന്നാലും തൊട്ടിലില്‍ ഒഴികെ. കട്ടിലില്‍ ഉള്‍പ്പടെ അമ്മയോടു തൊട്ടൊട്ടിയാണ്‌ കുട്ടി കിടക്കുക.

സ്വര്‍ഗ്ഗസ്ഥ പിതാവിനേയും സമീപസ്ഥനായ പിതാവിനേയും അറിയുന്നതിനു മുമ്പ്‌ കുഞ്ഞ്‌ അമ്മയെ അറിയുന്നു; അമ്മയുമായി അലിഞ്ഞു ചേരുന്നു. അമ്മയിലൂടെ സ്വര്‍ഗ്ഗസ്ഥ പിതാവിന്റെ സ്‌നേഹവും സാമീപ്യവും കുഞ്ഞ്‌ സ്വന്തമാക്കുന്നു. അഥവാ അമ്മയുടെ സാന്നിധ്യത്തിന്റെ സന്തോഷത്തിലും സൗരഭ്യത്തിലുമാണ്‌ ശിശു സ്വര്‍ഗ്ഗസ്ഥ പിതാവിനേയും സൃഷ്‌ടികര്‍മ്മത്തില്‍ പങ്കാളിയായ സ്വന്തം പിതാവിനേയും അറിയുക. അമ്മയില്‍ നിന്നു ആവാഹിക്കുന്ന കരുതലും കരുണയും കാവലും സ്വര്‍ഗ്ഗീയ പിതാവിനെ അറിയുന്നതിലേക്കും അനുഭവിക്കുന്നതിലേക്കും നീളുന്നു. സദ്‌ഗുണങ്ങള്‍ അമ്മയില്‍ നിന്നു ഉള്‍ക്കൊള്ളുന്ന കുഞ്ഞ്‌ വളരുന്തോറും പരിസരങ്ങളിലേക്ക്‌, അന്യരിലേക്ക്‌ അതു പകരുന്നു. തള്ളയുടെ തലോടലിലൂടെയും താരാട്ടുപാട്ടിലൂടെയും ആവക സദ്‌ഗുണങ്ങള്‍ ആവാഹിക്കുവാനാവാത്ത കുഞ്ഞിനു അവ ഒരു പരിധിവരെ അന്യമായിത്തീരുകയും മറ്റുള്ളവരിലേക്കു പകരുന്നതില്‍ പരാജയപ്പെടുകയും ചെയ്യുമെന്നുള്ളതു പരീക്ഷണശാലകളില്‍ നിന്നു ലഭിക്കുന്ന അളന്നുകുറിച്ചും മുറിച്ചുമുള്ള അറിവല്ല, അനേകരുടേയും അനുഭവത്തിന്റെ വെളിച്ചത്തിലുള്ള സാക്ഷ്യമാണ്‌. ജന്മമേകിയ പിതാവിനോടുള്ള ഉള്ളുനിറഞ്ഞ സ്‌നേഹവും ആ സാമീപ്യത്തിലുള്ള അതിരില്ലാത്ത സന്തോഷവും അതിലേറെ ആദരവും പിള്ളയുടെയുള്ളില്‍ ഉരുവാകുന്നതും അമ്മയിലൂടെയാണ്‌.

കുഞ്ഞ്‌ ആദ്യമായി ഉച്ഛരിക്കുന്ന വാക്ക്‌ അമ്മയാണെന്നുള്ളതുപോലെ തന്നെ അതിപ്രധാനമാണ്‌ തള്ളയുടെ ഉള്ളിലാണ്‌ പിള്ള ഒമ്പതു മാസക്കാലം കഴിയുന്നുവെന്നുള്ളത്‌. അതില്‍ നിന്നുമാണ്‌ പുറത്തുവരാനുള്ള ഉയിരും ഉടലുമെല്ലാം കുഞ്ഞ്‌ നേടിയെടുക്കുന്നത്‌. ഉള്ളിലുള്ള കുഞ്ഞ്‌ ഭക്ഷിക്കുന്നത്‌ അമ്മയില്‍ നിന്നാണ്‌; അമ്മയെയാണെന്നുള്ളതാണ്‌ അതിലേറെ ശരി. അമ്മയുടെ ശരീര രക്തങ്ങളില്‍ നിന്ന്‌ കുഞ്ഞ്‌ മജ്ജയും മാംസവും ധരിക്കുന്നു. അമ്മയുടെ ഉള്ളിലെ വാസമവസാനിപ്പിച്ച്‌ പുറത്തുവന്നാലും ആരംഭ കാലങ്ങളില്‍ ആഹാരമാക്കുന്നതു അമ്മയെയാണ്‌; അമ്മിഞ്ഞപ്പാലിലാണ്‌. അരുമക്കുഞ്ഞിനത്‌ അമൃതാണ്‌. മുലപ്പാല്‍ മാറ്റ്‌ മറ്റെന്തെങ്കിലും കുഞ്ഞിനു കൊടുക്കുവാന്‍ ശ്രമിച്ചാല്‍ നടപ്പില്ല, അഥവാ, അത്ര എളുപ്പമല്ലത്‌. അതിനുള്ള മറുമരുന്നും അമ്മയ്‌ക്കറിയാം. അമ്മയെ അനുസ്‌മരിപ്പിക്കുന്ന `അം' എന്നു പറഞ്ഞ്‌ കുഞ്ഞിനെ പ്രസാദിപ്പക്കണം. `അം' എന്നു കേട്ടാല്‍ കിട്ടുന്നതു നുണയാന്‍, രുചി നോക്കാതെ അകത്താക്കാന്‍ കുഞ്ഞ്‌ ശ്രമിക്കാതിരിക്കില്ല. അപ്പോള്‍ അപ്പനെന്താ ബന്ധം എന്ന ചോദ്യമുണ്ടാവാം. അപ്പന്റെ രൂപലാവണ്യമുണ്ടാകാം. ഡി.എന്‍.എയും, ജീനും കൂട്ടുണ്ടായിരിക്കും. കരുതലും കാവലും കൂടെയുണ്ടായിരിക്കും. വളര്‍ന്നു വലുതാകാനുള്ളതെല്ലാം സജ്ജീകരിക്കും. കുഞ്ഞിന്‌ തൂണായി, താങ്ങായി തണലായി, ജീവനു കാരണക്കാരനായ അപ്പന്‍ അമ്മയോടൊപ്പമുണ്ടായിരിക്കും; കുഞ്ഞിനോടൊപ്പവും.

അമ്മയെ ഉമ്മയെന്നു വിളിക്കുന്നവരുണ്ട്‌. മുസ്‌ളീങ്ങള്‍ ഉമ്മയെന്നാണല്ലോ അമ്മയെ പൊതുവെ വിളിക്കുക. അമ്മ എന്നുള്ളതിനു പകരമുള്ള ഒരു വിളിപ്പേരാണ്‌ ഉമ്മ എങ്കിലും ഒത്തിരിയേറെ ഓമനത്തമുള്ള വാക്കാണത്‌. `ഉമ്മ' എന്ന വാക്കിനു ചുംബമെന്നാണല്ലോ അര്‍ത്ഥം. ഉമ്മയ്‌ക്ക്‌ മലയാളത്തില്‍ ചുംബനമെന്നപോലെ മറ്റു ഭാഷകളിലും പദങ്ങളുണ്ട്‌. അര്‍ത്ഥത്തിലല്ലാതെ ഉച്ഛാരണത്തില്‍ അവയ്‌ക്ക്‌ ഒരുമ ഒട്ടുമേയില്ല. പക്ഷെ, ഏതു ഭാഷയിലും ഉപയോഗിക്കുന്ന പദമാണ്‌ `ഉമ്മ' അഥവാ `ഉം...മ്മാ'. അതൊരു ആഗോള `ഭാഷ'യാണ്‌. അന്തര്‍ദേശീയ പ്രയോഗമാണ്‌. അത്യന്തം ആഹ്ലാദകരമായി ആശ്ശേഷത്തോടെ ഇരുവര്‍ തമ്മില്‍ മുഖത്തോടു മുഖം മുട്ടിക്കുന്നതിനു `ഉ-മ്മ' എന്നാണ്‌ എവിടേയും പറയുക. ആധുനിക കാലത്ത്‌ അതിശ്രേഷ്‌ഠമായ ആ പവിത്ര കര്‍മ്മവും അശ്ശീലത്തിന്റെ അതിര്‍വരമ്പിനുള്ളിലാക്കി വികലവും വിരൂപവുമാക്കിയിട്ടുണ്ട്‌. പടിഞ്ഞാറുനിന്നും അടിച്ച പ്യൂരിട്ടന്‍ കാറ്റാണ്‌ `ഉ-മ്മ' എന്നു ഉറക്കെപ്പറയുന്നതും ആ വാക്ക്‌ അക്ഷരത്തിലാക്കുന്നതും അശ്ശീലമാക്കി മാറ്റിയത്‌. ഒപ്പം, അരുതാത്തയിടത്തും അരുതാത്തവരും അനാവശ്യമായി മുഖവും ചുണ്ടുകളും കൂട്ടിമുട്ടിക്കുമ്പോള്‍ അത്‌ ശേലില്ലാത്ത ശീലം മാത്രമല്ല, അശ്ശീലമാണെന്നതും മറച്ചുവെയ്‌ക്കുന്നില്ല.

അമ്മ എന്നു പറഞ്ഞാല്‍ `ഉമ്മ' അല്ലാതെ മറ്റെന്താണ്‌. പിള്ളയ്‌ക്കു കിട്ടിയ ആദ്യ ഉമ്മ അമ്മയുടേതായിരിക്കുമല്ലോ? അമ്മിഞ്ഞപ്പാലിനൊപ്പം അമ്മയുടെ ചക്കരമുത്തത്തിന്റെ രുചിയും ചൂടും ചുണയും നുകര്‍ന്നാണല്ലോ കുഞ്ഞിന്റെ വളര്‍ച്ചയുടെ ചുവടുവെയ്‌പുകളെല്ലാം. ഉമ്മ പകരുന്ന ഊര്‍ജ്ജവും സൗന്ദര്യവും ശബളിമയും ആകാശത്തിന്റെ അനന്തതയോളം എത്തുന്നതാണ്‌. പിള്ളയുടെ ഉണ്മതന്നെ മാതാപിതാക്കളുടെ ഉര്‍വ്വരമായ ഉമ്മയില്‍ നിന്നു ഉരുത്തിരിഞ്ഞതാണ്‌. അപ്പനമ്മമാരുടെ ഉമ്മയിലൂടെയാണല്ലോ പുത്രീപുത്ര ജനനത്തിനു ഹരിശ്രീ കുറിക്കുക. മാത്രമല്ല, മക്കള്‍ക്ക്‌ അപ്പനും അമ്മയും നല്‍കുന്ന ഓരോ ഉമ്മയിലൂടെയും ഇരുവരുടേയും രൂപഛായകള്‍ മക്കളിലേക്ക്‌ പകരുകയാണ്‌. ഒപ്പം അവരില്‍ സ്‌നേഹവും സന്തോഷവും സംതൃപ്‌തിയും പകര്‍ത്തുന്നു.

നസ്രായഗുരുവിനെ സ്വശിഷ്യന്‍ ചുടുചുംബനത്തിലൂടെ ഒറ്റിക്കൊടുക്കുന്നതുവരെ സ്‌നേഹത്തിന്റെ ആഴവും പരപ്പും വെളിപ്പെടുത്തുന്നതായിരുന്നു ഉമ്മ. Judas-യുദാ -അതു കാപട്യത്തിന്റേയും കൊടുംവഞ്ചനയുടേയും കൊടി അടയാളമാക്കിമാറ്റിയെന്നുള്ളതു മറ്റൊരു സത്യം. ഇന്നും ഒത്തതും ഉത്തമവുമായ ഉമ്മയ്‌ക്കും ഒറ്റിക്കൊടുക്കുന്ന ഉമ്മയ്‌ക്കും കുറവുണ്ടാവില്ല. അമ്മയുടെ ഉമ്മ എന്നും അരുമയാര്‍ന്നതാണ്‌; ജീവന്‍ പകരുന്നതാണ്‌.

ഏദനില്‍ മനുഷ്യസൃഷ്‌ടിയുടെ ആരംഭംതന്നെ `ഉമ്മ'യിലായിരുന്നല്ലോ? മര്‍ത്ത്യരൂപത്തില്‍ മെനഞ്ഞ മണ്ണിനു യഹോവ ഉമ്മവെച്ചു ജീവന്‍ നല്‍കി. മനുഷ്യന്റെ ആദ്യ രൂപത്തിന്റെ `മുഖ'ത്തേയ്‌ക്ക്‌, `മൂക്കി'ലേയ്‌ക്ക്‌ ജീവശ്വാസമൂതാന്‍ ഉമ്മയല്ലാതെ മറ്റെന്താണ്‌ മാര്‍ഗ്ഗം? തീര്‍ച്ചയായും ഉടയതമ്പുരാന്‌ മാര്‍ഗ്ഗം ഉണ്ടാകും. എങ്കിലും സ്‌നേഹസ്വരൂപനായ ഈശ്വരന്‌ സൃഷ്‌ടിയുടെ മകുടമായി രൂപംകൊടുത്ത മനുഷ്യന്‌ ഉമ്മ നല്‍കാന്‍ പെരുത്തിഷ്‌ടമായിരിക്കണം. സ്വന്തം സ്വരൂപത്തിലും സാദൃശ്യത്തിലുമാണല്ലോ സൃഷ്‌ടി നടത്തിയത്‌. ഹവ്വാ ആദമില്‍ നിന്ന്‌ ഉരുവായപ്പോള്‍ ദൈവസ്വരൂപവും സാദൃശ്യവും ഇരുവര്‍ക്കും സമയമായി; സമാനമായി.

ആദാമിനോടും ഹവ്വയോടും യഹോവ അരുളിച്ചെയ്‌തു: അവര്‍ ഒന്നാകുവാന്‍. ഒന്നായിരുന്നവര്‍ വീണ്ടും ഒന്നാകുന്നതിലൂടെ പുതുസൃഷ്‌ടിക്ക്‌ ജീവന്‍ പകരുകയെന്നുള്ളതും യഹോവയുടെ അവരോടുള്ള ആഹ്വാനമായിരുന്നു. ശരീരത്തോടു ശരീരവും മുഖത്തോടു മുഖവും ചേര്‍ന്നാലെ ഒന്നാകുകയുള്ളൂ. ഏദനില്‍ യഹോവ ഉമ്മയിലൂടെ ഉണ്മ പകര്‍ന്നെങ്കില്‍ ഈശ്വര സ്വരൂപമുള്ള മനുഷ്യസൃഷ്‌ടി തുടരുന്നതിനും അതു ആവശ്യമായിത്തീര്‍ന്നു.

ആദാമിനും ഹവ്വായ്‌ക്കും ശേഷം, ദൈവപുത്രനായ മനുഷ്യപുത്രനൊഴികെ, മനുഷ്യനായി ജനിച്ച ഏതു ശിശുവിനും മാതാപിതാക്കളാണ്‌ ജന്മം നല്‍കുന്നത്‌. രണ്ടാമാദമായ യേശുക്രിസ്‌തുവിന്റെ ജനനത്തിനു ഒന്നാം ആദത്തെപ്പോലെ പുരുഷനു പങ്കില്ല, പക്ഷെ, സ്‌ത്രീക്കു പങ്കുണ്ട്‌. രണ്ടാം ഹവ്വയായ കന്യകമറിയവും ലോകരക്ഷകനു വഴിയൊരുക്കി. കന്യകയായിട്ടും മാതാവായ, മാതാവായിട്ടും കന്യകയായ മറിയമില്‍ നിന്നു ദൈവപുത്രന്‍ മര്‍ത്ത്യനായി പിറന്നു. മറിയം ദൈവമാതാവായിത്തീര്‍ന്നു. ആ അമ്മയുടെ മുലപ്പാല്‍ കുടിച്ചും മുത്തമേറ്റും അമരനായവന്‍ വളര്‍ന്നു. `ഉറക്കമില്ലാത്ത ഉണര്‍വ്വുള്ളവന്‍' താരാട്ടുപാട്ടുകേട്ടുറങ്ങി. ആ അമ്മയില്‍ നിന്നും സ്വീകരിച്ച ശരീരമല്ലാതെ മറ്റൊരു ശരീരം മകനില്ല. ഇന്നും കര്‍ത്തൃശരീരക്തങ്ങളായി വിശ്വാസികള്‍ക്കു നല്‍കപ്പെടുന്നതു രൂപാന്തരം പ്രാപിച്ച ആ ശരീര രക്തങ്ങള്‍ തന്നെ.

യേശുക്രിസ്‌തുവിന്റെ മാനുഷിക രൂപം ആരുടേതാണ്‌.? ആദം സൃഷ്‌ടിക്കപ്പെട്ടത്‌ മനുഷ്യപുത്രനാകാനിരിക്കുന്ന ദൈവപുത്രന്റെ സാദൃശ്യത്തിലാണെന്നു സാക്ഷിക്കുന്ന ആദിമ സഭാ പിതാക്കന്മാരുണ്ട്‌. മറിച്ച്‌, രണ്ടാം ആദം ഒന്നാം ആദാമിന്റെ രൂപലാവണ്യത്തിലായിരുന്നുവെന്നും കരുതാം. ഒപ്പം ആ രൂപം, `പുരുഷനെ അറിയാതെ, പുരുഷബന്ധം കൂടാതെ' ഗര്‍ഭം ധരിച്ച കന്യകാമറിയമിന്റേതല്ലേ? അപ്പന്‍ അരൂപിയായ സ്വര്‍ഗസ്ഥപിതാവായതിനാല്‍ യേശുക്രിസ്‌തുവിന്‌ നൂറു ശതമാനവും `അമ്മഛായ' ആയിരിക്കണം. അമ്മയെ ഒപ്പിയെടുത്തതാണ്‌ മകനെന്നു പറയാം.

ദൈവപുത്രനെപ്പോലെ അമ്മയെ അനുസരിച്ച, ആശ്ശേഷിച്ച, ആദരിച്ച ഒരു മകനും മകളുമില്ല. ഈ അമ്മയെപ്പോലെ ആകാന്‍ മറ്റൊരമ്മയ്‌ക്കും ആവില്ല. ദൈവയിഷ്‌ടത്തിനു സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച്‌ `അമ്മീന്‍' പറയുന്നതു ആരും തന്റെ അമ്മയും സഹോദരരുമാകുമെന്നു അവിടുന്നു ഉരചെയ്‌തിട്ടുണ്ടെങ്കിലും മറ്റൊള്‍ക്കും `നന്മ'നിറഞ്ഞ ഈ നല്ല അമ്മയെപ്പോലെ അതു സാധ്യമല്ല. അത്രയ്‌ക്ക്‌ അനുപമയാണ്‌, ആരാധ്യയാണ്‌ മാലാഖയുടെ ഭാഷയില്‍ `കൃപനിറഞ്ഞവളാണ്‌' പ. മാതാവ്‌. മറിച്ച്‌ കര്‍ത്താവു കടന്നുപോയ വെറും `വെട്ടി'യോ, `കൊട്ട'യോ `മുട്ടത്തോടോ' ആയി തട്ടിക്കളയേണ്ടവളല്ല സ്വര്‍ഗ്ഗസമാനയായ, സ്വര്‍ഗ്ഗമായ പ. കന്യകമറിയം.

`സമയ' മായിട്ടില്ലെങ്കിലും കാനാവാലിലെ കല്യാണവിരുന്നില്‍ പെറ്റതള്ളയ്‌ക്കുവേണ്ടി `സമയം' പിമ്പിലേക്ക്‌ മാറ്റി കപാലഗിരിയിലെ കുരിശിലേക്ക്‌ നടന്നു കയറുവാന്‍ തയാറായി അത്ഭുതം/അടയാളം പ്രവര്‍ത്തിച്ചവനാണ്‌ ഈ മകന്‍. പെറ്റതള്ളയെ മറക്കുന്നവരോട്‌ ഈ മകന്‍ പൊറുക്കുമോ? തന്റെ പെറ്റമ്മയെ അവഗണിക്കുന്നവര്‍ക്കുവേണ്ടി `അവനോട്‌ ക്ഷമിക്കണ'മെന്നുള്ള പ്രാര്‍ത്ഥന ദയാവത്സലനായ പുത്രന്‍ മനസുനൊന്ത്‌ തുടരുന്നുണ്ടായിരിക്കും!

കാല്‍വരിയിലെ കുരിശു മരണത്തിന്റെ കഠോര നിമിഷങ്ങള്‍, മരണവേദനയിലും മകനു പെറ്റമ്മയെക്കുറിച്ചുള്ള കരുതലാണ്‌ മനസ്സിലും ശിരസ്സിലും. അമ്മ അനാഥമാകുന്നതിലുള്ള തീവ്രദുഖത്തിന്റെ ഭാരമാണ്‌ ഏറെയും. ഉള്ളും ഉള്ളവും സ്‌നേഹപേമാരിയില്‍ പെരുകി നിറഞ്ഞ `പ്രിയ ശിഷ്യന്‌' അമ്മയെ ഭരമേല്‍പിച്ച്‌ സനാഥയ്‌ക്കുകയും ചെയ്‌തു. അങ്ങനെ ശിഷ്യനു അമ്മ സ്വന്തമായി. ഒപ്പം, സകല ശിഷ്യര്‍ക്കും അമ്മയായി ദൈവമാതാവ്‌. കാല്‍വരിയിലെ കുരിശിന്‍ `മൂട്‌' പുതിയൊരു പിറവിയ്‌ക്കുറവിടമായി പരിണമിച്ചു. അന്നു മുതല്‍, അമ്മ ഉള്ളവര്‍ക്കും, അമ്മയില്ലാത്തവര്‍ക്കും അമ്മ അല്ലാത്തവര്‍ക്കും കര്‍ത്താവിന്റെ പെറ്റമ്മ, പെറ്റമ്മയേക്കാള്‍ കരുതലും, കരുണയുമുള്ള പോറ്റമ്മയായിത്തീര്‍ന്നു. `മരണസമയത്തും' കൂടെ നില്‍ക്കാന്‍, കൂട്ടുനില്‍ക്കാന്‍ കര്‍ത്താവിന്റെ അമ്മ സ്വന്തമായിരിക്കുന്നു.

ഈ അമ്മ മക്കളോട്‌ പറയുന്നതു ഒന്നുമാത്രം. എല്ലാ അമ്മമാര്‍ക്കും മക്കളോട്‌ പറയാനുള്ളതും അതുതന്നെ. `പുത്രന്‍ പറയുന്നതു നിങ്ങള്‍ ചെയ്യുവീന്‍' (യോഹ. 2:5) കാനാവിലെ കല്യാണവിരുന്നിലുയര്‍ന്ന ആ മധുരമനോഹര മന്ദസ്‌മിതം വിശ്വാസികളുടെ കാതിലും കരളിലും മുട്ടിമുഴങ്ങിക്കൊണ്ടിരിക്കുന്നു.
അമ്മയും ഉണ്മയും കര്‍ത്താവിന്റെ അമ്മയും (ഫാ. ജോര്‍ജ്‌ കോശി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക