Image

ഫോമ: വാലിഫോര്‍ജിലേക്കുള്ള ദൂരം; ചരിത്രത്തിലേക്കുള്ള കുതിപ്പ്‌

Published on 12 May, 2014
ഫോമ: വാലിഫോര്‍ജിലേക്കുള്ള ദൂരം; ചരിത്രത്തിലേക്കുള്ള കുതിപ്പ്‌
ഫിലാഡല്‍ഫിയ: രണ്ടു നാള്‍ മുമ്പേ വാലിഫോര്‍ജിലേക്കു വരിക. ഫോമാ കണ്‍വെന്‍ഷന്‍ കഴിഞ്ഞ്‌ രണ്ടു നാള്‍ കൂടി തങ്ങാന്‍ പദ്ധതിയിടുക. റൂമൊക്കെ ഒരേ റേറ്റില്‍ കിട്ടും. കാണാനാണെങ്കില്‍ നിറയെ കാഴ്‌ചകള്‍. കണ്‍വെന്‍ഷനും കൂടാം, നല്ലൊരു വെക്കേഷനുമാകാം.

നിറയെ വിനോദ-വിജ്ഞാന പരിപാടികള്‍. പോരാത്തിന്‌ പൂരത്തിന്‌ വെടിക്കെട്ട്‌ എന്നപോലെ ചൂടുപിടിച്ച ഇലക്ഷനും. നല്ലൊരു ഇലക്ഷന്‍ ഉണ്ടായിട്ട്‌ നാളേറെ ആയല്ലോ!

അടുത്തമാസം (ജൂണ്‍) 26-ന്‌ ആഴ്‌ചകള്‍ മാത്രം. ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ടെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറ
ര്‍ര്‍ഗീസ്‌ ഫിലിപ്പ്, കണ്‍വെന്‍ഷന്‍ ചെയര്‍ അനിയന്‍ ജോര്‍ജ്‌ എന്നിവര്‍ ചൂണ്ടിക്കാട്ടി. മലയാളി സമൂഹം ഏറെയുള്ള ഈസ്റ്റ്‌കോസ്റ്റില്‍ എല്ലാവര്‍ക്കും എത്തിപ്പെടാന്‍ എളുപ്പമായ സ്ഥലമാണ്‌ വാലിഫോര്‍ജ്‌. ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, കണക്‌ടിക്കട്ട്‌, മേരിലാന്റ്‌, വിര്‍ജീനീയ, വാഷിംഗ്‌ടണ്‍ ഡി.സി, ആതിഥേയ സ്റ്റേറ്റായ പെന്‍സില്‍വേനിയ എന്നിവിടങ്ങളില്‍ നിന്നൊക്കെ ഡ്രൈവ്‌ ചെയ്‌ത്‌ എത്തിയാല്‍ മതി. വിമാനക്കൂലി വേണ്ട. രജിസ്‌ട്രേഷന്‍ പാക്കേജ്‌ എടുത്താല്‍ താമസവും അവിടെ തന്നെ ഭക്ഷണവും റെഡി.

ഈസ്റ്റ്‌ കോസ്റ്റിലുള്ളവര്‍ ഈ അവസരം പാഴാക്കരുത്‌. ജോര്‍ജ്‌ മാത്യു ആഗ്രഹിക്കുന്നതുപോലെ 5000 പേര്‍ എത്തി ചരിത്രം കുറിക്കണം.

കപ്പലിലെ കണ്‍വെന്‍ഷനിലും ലാസ്‌വേഗസിലെ കണ്‍വെന്‍ഷനിലും കസിനോ ഒരു ആകര്‍ഷണമായിരുന്നു. വാലിഫോര്‍ജിലും അതുണ്ട്‌. കാശുകളയാനുള്ളവര്‍ക്ക്‌ ഒരുവസരം!

ജൂണ്‍ 26-ന്‌ വൈകിട്ടാണ്‌ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം. പക്ഷെ രാവിലെ എത്തിയാല്‍ രണ്ടു ടൂറുകള്‍ പോകാം. ഒന്ന്‌ ലങ്കാസ്റ്ററില്‍.
അമിഷ്‌ കണ്‍ട്രിയിലേക്ക്‌. അവിടെ മനുഷ്യര്‍ പതിനെട്ടാം നൂറ്റാണ്ടിലെ സൗകര്യങ്ങളില്‍ ജീവിക്കുന്നവരാണ്‌. അധുനിക ലോകം അവിടെ എത്തിയിട്ടില്ല, കുതിരവണ്ടിയും ഗ്യാസ്‌ ലൈറ്റും, പഴയകാല വസ്‌ത്രധാരണ രീതിയുമൊക്കെ ജീവിതവ്രതമാക്കിയ മനുഷ്യരെ കാണാം.

മറ്റൊരു ടൂര്‍ സാഹോദര്യ നഗരമായ ഫിലാഡല്‍ഫിയയിലെ ചരിത്രമുറങ്ങുന്ന വഴികളെ പരിചയപ്പെടുത്തുന്നു. അമേരിക്കന്‍ ഭരണകൂടത്തിനു തുടക്കംതന്നെ ഇവിടെ നിന്നാണ്‌.

26-ന്‌ വ്യാഴാഴ്‌ച രാത്രി 7-ന്‌ ഉദ്‌ഘാടന സമ്മേളനവും, അമേരിക്കയിലെ കലാകാരന്മാര്‍ ഒരുക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ഷോയുമുണ്ട്‌. പാട്ടും ഡാന്‍സും സ്‌കിറ്റും മിമിക്രിയുമായി നല്ല തുടക്കം.
ജോസ്‌   ഏബ്രഹാം, ബിനു തുടങ്ങിയവരാണ്‌ കോര്‍ഡിനേറ്റര്‍മാര്‍.

27-ന്‌ വെളളിയാഴ്‌ച സമ്മേളനം സജീവമാകുന്നു. യുവജനങ്ങള്‍ക്കുവേണ്ടി പ്രത്യേക പരിപാടികള്‍. അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള എട്ടു ടീമുകള്‍ മാറ്റുരയ്‌ക്കുന്ന വോളിബോള്‍ മത്സരം പ്രധാനപ്പെട്ട ഒരിനം. ഒന്നാം സമ്മാനം 3000 ഡോളര്‍ (മണിഡാര്‍ട്ട്‌ വക), രണ്ടാം സമ്മാനം 1000 ഡോളര്‍. മാത്യു ചെരുവില്‍, സാബു സ്‌കറിയ, ജയിംസ്‌ ഇല്ലിക്കല്‍, ഷാജി ജോസഫ്‌, ഷെറീഫ്‌ എന്നിവര്‍ നയിക്കും.

യൂത്ത്‌ ഫെസ്റ്റിവലാണ്‌ മറ്റൊരിനം. ജോസി കുരിശിങ്കലും രാജേഷ്‌ നായരും
നയിക്കും. കലാമത്സരങ്ങള്‍കൊണ്ട്‌ അരങ്ങ്‌ നിറയും.

ഇതാദ്യമായി ഏകാങ്ക നാടകമത്സം. വിനോദ്‌ കൊണ്ടൂര്‍, ഷാജി എഡ്വേര്‍ഡ്‌ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാര്‍.

സെമിനാറുകളും രാവിലെ തന്നെ ആരംഭിക്കും. വൈകിട്ട്‌ 5 മണിക്ക്‌ നടക്കുന്ന ഘോഷയാത്ര ഇത്തവണ പൊടിപാറിക്കും. തൃശൂര്‍ പൂരത്തിന്റെ വര്‍ണ്ണപ്രഭ നല്‍കുന്ന ഘോഷയാത്രയില്‍ തെയ്യവും, കാവടിയും, ചെണ്ടമേളവും, മുത്തുക്കുടകളും അപൂര്‍വ്വ ചാരുതയേകും. നിര്‍മ്മല ഏബ്രഹാം, സണ്ണി ഏബ്രഹാം എന്നിവര്‍ നയിക്കുന്നു.

ഇതാദ്യമായി ഒരു ചെണ്ടമേള മത്സരവും നടത്തുന്നു. നാലു ടീമുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്‌തു.

ഘോഷയാത്ര സമാപിക്കുമ്പോള്‍ പൊതു സമ്മേളനം. പെന്‍സില്‍വേനിയ ഗവര്‍ണര്‍ ടോം കോര്‍ബറ്റ്‌, ഫിലാഡല്‍ഫിയ മേയര്‍, ബന്‍സലേം മേയര്‍ എന്നിവര്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന്‌ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ.പി. അനില്‍കുമാര്‍, കെ.സി. ജോസഫ്‌ എന്നിവര്‍. എം.എല്‍.എമാരായ തോമസ്‌ ചാണ്ടി, സണ്ണി ജോസഫ്‌, ജോസഫ്‌ വാഴയ്‌ക്കന്‍, രാജു ഏബ്രഹാം, മോന്‍സ്‌ ജോസഫ്‌ എന്നിവര്‍കൂടിയാകുമ്പോള്‍ രാഷ്‌ട്രീയ
പങ്കാളിത്തം ഉഷാര്‍.

ഫോമയുടെ എക്കാലത്തേയും സുഹൃത്തുക്കളായ ഡോ. ബാബു പോള്‍, അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍, മുന്‍ തിരുവനന്തപുരം പോലീസ്‌
കമ്മിഷണര്‍ പി. വിജയന്‍, അദ്ദേഹത്തിന്റെ പത്‌നിയും ഐ.എ.എസ്‌ ഓഫീസറുമായ ബീന വിജയന്‍ എന്നിവര്‍ അടക്കമുള്ള സാംസ്‌കാരിക നായകരും പങ്കെടുക്കും.

അന്നു രാത്രി സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തിലുള്ള ഫ്യൂഷന്‍ ഗാനമേളയാണ്‌ പ്രധാന കലാപരിപാടി. അതൊരു അപൂര്‍വ്വ അനുഭവമായിരിക്കും. പ്രധാന സ്റ്റേജുകള്‍ക്ക്‌ സമാന്തരമായി യൂത്തിന്‌ പരിപാടികള്‍. വൈകിട്ട്‌ സംഗീത പരിപാടി. വോളിബോള്‍ വിജയികള്‍ക്ക്‌ സമ്മാനദാനം.

മെഡിക്കല്‍ സെമിനാര്‍, ജോബ്‌ ഫെയര്‍ എന്നിവ ഇത്തവണത്തെ പ്രത്യേകത.

28-ന്‌ ശനിയാഴ്‌ച രാവിലെ ജനറല്‍ബോഡി. അവിടെവെച്ച്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. ബേബി ഊരാളില്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറും രാജു വര്‍ഗീസ്‌, തോമസ്‌ കോശി എന്നിവര്‍ കമ്മീഷണര്‍മാരുമായിരിക്കും.

ജനറല്‍ബോഡി നടക്കുമ്പോള്‍ തന്നെ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌. എട്ട്‌ ടീം രജിസ്റ്റര്‍ ചെയ്‌തു. 1000 ഡോളര്‍ സമ്മാനം.

പൊളിറ്റിക്കല്‍ സെമിനാര്‍, വിമന്‍സ്‌ ഫോറം മീറ്റിംഗ്‌ തുടങ്ങിയവ അന്നാണ്‌. അതിനു പുറമെ സാഹിത്യ സമ്മേളനം, ചിരിയരങ്ങ്‌ എന്നിവ.

രണ്ടു മണിക്ക്‌ ഏറ്റവും ജനപ്രീതിയുള്ള ഇനമായ മിസ്‌ ഫോമ മത്സരം. ഇതോടൊപ്പം മലയാളി മങ്ക (വിവാഹിതര്‍ക്ക്‌), ബസ്റ്റ്‌ കപ്പിള്‍, മിസ്റ്റര്‍ ഫോമ മത്സരവും നടക്കും. കുസുമം ടൈറ്റസ്‌, ലാലി കളപ്പുരയ്‌ക്കല്‍, ഡോ. നിവേദ രാജന്‍, റീനി മമ്പലം തുടങ്ങിയ വിമന്‍സ്‌ ഫോറം നേതാക്കളാണ്‌ ഇതിനു ചുക്കാന്‍ പിടിക്കുന്നത്‌.

രാത്രി ബാങ്ക്വറ്റ്‌. യുവാക്കള്‍ക്കായി പ്രത്യേക ബാങ്ക്വറ്റ്‌. അതിനുശേഷം വിജയ്‌ യേശുദാസ്‌. ശ്വേത മോഹന്‍, രമ്യ നമ്പീശന്‍ എന്നിവര്‍ നയിക്കുന്ന ഗാനമേള.

ഞായറാഴ്‌ച കലാശക്കൊട്ട്‌. `
ഓള്‍ഡ്‌   ഈസ്‌ ഗോള്‍ഡ്‌' എന്ന പരിപാടിയില്‍ അമേരിക്കയിലെ ഗായകര്‍ക്ക്‌ പാടി തകര്‍ക്കാം. നല്ല അനുഭവങ്ങളുമായി മടങ്ങാം. ഫ്‌ളോറിഡയില്‍ നടക്കുന്ന അടുത്ത കണ്‍വെന്‍ഷന്‍ വരെ. അതു ഓര്‍ലാന്റോയില്‍ ആണോ, മയാമിയില്‍ ആണോ എന്നാണറിയേണ്ടത്‌.

രണ്ടംഗ  കുടുംബത്തിന്‌ താമസം, ഭക്ഷണം, കലാപരിപാടികള്‍, രജിസ്‌ട്രേഷന്‍ എല്ലാംകൂടി 995 ഡോളര്‍.
ഈസ്റ്റ്‌കോസ്റ്റിലുള്ളവര്‍ക്ക്‌ വിമാനക്കൂലിയും വേണ്ട. നാലു ദിവസത്തേക്ക്‌ നാലുപേര്‍ക്ക്‌ ഇതൊരു ചെറിയ സംഖ്യ. ഒറ്റയ്‌ക്കുവരാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ പ്രത്യേക പാക്കേജുകളുണ്ട്‌.

വരും ദിനങ്ങളില്‍: `ഭാരവാഹികള്‍ കാണുന്ന സ്വപ്‌നങ്ങള്‍.....'
ഫോമ: വാലിഫോര്‍ജിലേക്കുള്ള ദൂരം; ചരിത്രത്തിലേക്കുള്ള കുതിപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക