Image

ചെറിയവനും അവാര്‍ഡ്‌ (കഥ: സുധീര്‍ പണിക്കവീട്ടില്‍)

Published on 14 May, 2014
ചെറിയവനും അവാര്‍ഡ്‌ (കഥ: സുധീര്‍ പണിക്കവീട്ടില്‍)
അന്നു വെള്ളിയായാഴ്‌ചയായിരുന്നത്‌ കൊണ്ട്‌്‌ രാവിലെ ജോലിക്ക്‌ പോകാന്‍ ഉത്സാഹമായിരുന്നു. വര്‍ഷങ്ങളായി ബാങ്കിലെ ജോലി. അക്ഷരങ്ങളെ സ്‌നേഹിച്ചിരുന്ന ഞാന്‍ അക്കങ്ങളുമായി ഒരു ദിവസം ഏഴുമണിക്കൂര്‍ മല്ലടിക്കുന്നത്‌ എനിക്ക്‌ തന്നെ അവിശ്വസനീയമായ കാര്യമാണ്‌. കണ്ണഞ്ചിക്കുന്ന കണക്കിന്റെ മായാജാലം.. പൂജ്യങ്ങളുടെ വില കണ്ട്‌ അത്ഭുതം കൂറുന്ന നിമിഷങ്ങള്‍.

മറ്റ്‌ രാജ്യങ്ങളിലെ പണവുമായി ഏറ്റുമുട്ടുന്ന ഡോളറിന്റെ പ്രഭാവം. അത്‌ കയ്യിലുണ്ടെങ്കില്‍ ആശിക്കുന്നതില്‍ അധികവും നേടിയെടുക്കാം. അങ്ങനെ ഒരു ചിന്ത ആ സുപ്രഭാതത്തില്‍ എന്തോമനസ്സില്‍ കടന്നുകൂടി. ചില കണക്കുകള്‍ വട്ടം കറക്കുമ്പോള്‍ സര്‍ഗ്ഗ സങ്കല്‍പ്പങ്ങളുടെ ഒരു ലോകം മുന്നില്‍ നിവരുക പതിവാണ്‌. എന്നാല്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വങ്ങള്‍ മൂലം അവയെക്ലാം മനമില്ലാമനസ്സോടെ അവധിക്ക്‌ വെക്കേണ്ടിവരുന്നു.. അതുകൊണ്ട്‌ ഓഫിസിലേക്ക്‌ പ്രവേശിക്കുമ്പോള്‍ മനോരാജ്യം അടച്ചിടുകയാണു പതിവ്‌.

നേരത്തെവീട്ടില്‍ പോകാമെന്നുള്ള സന്തോഷത്തോടെ കമ്പൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചിരിക്കുമ്പോള്‍ ഒരു ഫോണ്‍. `ഒരു സീനിയര്‍ സിറ്റിസ്സെണ്‍ കാണാന്‍ വന്നിരിക്കുന്നു'. തീവ്രവാദികളുടെ ആക്രമണത്തിനുശേഷം സുരക്ഷ കൂടുതലായത്‌കൊണ്ട്‌ അയാളെ കൂട്ടികൊണ്ട്‌ വരാന്‍ പോയി. സന്ദര്‍ശകര്‍ക്കുള്ള വലിയ കസേരയില്‍ ഒതുങ്ങിയിരിക്കുന്ന ഒരു പാവം വ്രുദ്ധന്‍. തലമുടിയും താടിയും കറുപ്പിച്ചതാണെന്നു മുഖത്തെ ചുളിവുകളും കണ്ണിലെപ്രായത്തിന്റെ ദയനീയതയും വിളിച്ചറിയിക്കുന്നു. ഞാന്‍ എന്റെ പേരുപറഞ്ഞപ്പോള്‍ വൃദ്ധന്റെ കണ്ണുകളില്‍തിളക്കം വന്നു. ചുണ്ടില്‍ ഒരു പുഞ്ചിരിവിരിഞ്ഞു. മുഖം നിറയെ കറുത്തതാടിയായിരുന്നത്‌ കൊണ്ട്‌ ചിരിക്ക്‌ നല്ലവെളുപ്പ്‌ തോന്നി. വെപ്പു പല്ലുകളായിരിക്കും. വൃദ്ധന്റെ പേരു കേട്ടപ്പോള്‍ മലയാളിയാണെന്ന്‌ മനസ്സിലായി. കോട്ടയംകാരുടെ മാത്രം ഒരു പ്രത്യേക പേര്‌. `എന്റെ കൂടെ വരൂ' എന്ന്‌പറഞ്ഞ്‌ വൃദ്ധനെ കൂട്ടി ക്യാബിനിലേക്ക്‌ നടന്നു ബിസ്സിനസ്സ്‌ സ്‌റ്റൈയിലില്‍ ഞാന്‍ ചോദിച്ചു. `ഞാന്‍ എന്താണുനിങ്ങള്‍ക്ക്‌ വേണ്ടിചെയ്യേണ്ടത്‌.'

കണ്ണാടി മുറിയായിരുന്നത്‌കൊണ്ട്‌ ചുറ്റും ഇരിക്കുന്നവരെ കാണാം. താന്‍ പറയുന്നത്‌ അവര്‍ കേള്‍ക്കുമെന്ന സംശയം പോലെ വൃദ്ധന്‍മേശക്കരികിലേക്ക്‌ നീങ്ങിയിരുന്നു.നെഞ്ച്‌ മേശയോട്‌്‌ചേര്‍ത്ത്‌ വെച്ച്‌ ഇടവും വലവും നോക്കി. അദ്ദേഹത്തിന്റെ മുഖത്ത്‌ പരിഭ്രമം പരന്നിരുന്നു. വൃദ്ധനു ആത്മവിശ്വാസം പകരാന്‍ മലയാളത്തില്‍ നാട്ടുവിശേഷങ്ങള്‍ ചോദിച്ചു. ലജ്ജ കലര്‍ന്ന അഭിമാനത്തോടെ വൃദ്ധന്‍ ഒരു അമേരിക്കന്‍ മലയാളി എഴുത്തുകാരനാണെന്നു അറിയിച്ചു. അമേരിക്കന്‍ മലയാളികള്‍ ഭാവനാസമ്പന്നരും എഴുത്തുകാരുമാണെന്ന്‌ ഒരു പരിഹാസത്തോടെയാണു അവിടത്തെ മലയാളീ സമൂഹം കാണുന്നതെന്നു വൃദ്ധനെ അറിയിച്ചപ്പോള്‍ യാതൊരു ഭാവഭേദവും കൂടാതെ പറഞ്ഞു. ഒക്കെ അറിയാം. എന്നാല്‍ ഞാന്‍ ആ വിഭാഗത്തില്‍ പെടുന്നില്ല.

അതെന്താ പെടാത്തത്‌, നിങ്ങള്‍ക്ക്‌ പ്രായകൂടുതല്‍ ഉള്ളത്‌കൊണ്ടാണോ?
ഒട്ടുമല്ല, ഞാന്‍ ഇവിടെ വരുന്നതിനുമുമ്പ്‌ എഴുത്ത്‌ തുടങ്ങിയ ആളാണ്‌. കുറച്ച്‌ പേരും പെരുമയുമുണ്ടായിരുന്നു. അമേരിക്കന്‍ മലയാളികളില്‍ രണ്ടുതരം എഴുത്തുകാര്‍ ഉണ്ട്‌.
ആരൊക്കെയാണവര്‍?

ഒന്നാമത്തെ കൂട്ടര്‍ - നാട്ടില്‍ നിന്നേ എഴുത്ത്‌ തുടങ്ങിയവര്‍, ജന്മസിദ്ധമായ സര്‍ഗ്ഗ ശക്‌തിയുള്ളവര്‍. രണ്ടാമത്തെ കൂട്ടര്‍ ഇവിടെ വന്നുമറ്റുള്ളവര്‍ എഴുതുന്നത്‌ കണ്ട്‌ എഴുതിതുടങ്ങിയവര്‍. രണ്ടാമത്തെ കൂട്ടരാണ്‌ എന്നെപോലുള്ളവരുടെ മാനം കളയുന്നത്‌.

അധികം സംസാരിച്ച്‌ കളയാന്‍ നേരം ഇല്ലാതിരുന്നത്‌കൊണ്ട്‌ ഞാന്‍ ചോദിച്ചു. `വന്ന കാര്യം പറയൂ'
ഞാനൊരു മുപ്പതിനായിരം ഡോളര്‍ നിക്ഷേപിക്കാന്‍ വന്നതാണ്‌്‌. ഞാന്‍ മരിച്ചു പോകുകയാണെങ്കില്‍ ഇത്‌ എന്റെ മകനു കിട്ടണം. അവന്റെ കാലശേഷം അവന്റെ മകള്‍ക്ക്‌ കിട്ടണം. ആരുടെ കാലത്താണോ വിചാരിക്കുന്ന കാര്യം സാധിക്കുന്നത്‌ അപ്പോള്‍ ഞങ്ങള്‍ക്ക്‌ ഈതുക ലഭ്യമാകണം.
എന്തൂട്ട്‌ കാര്യം? എന്റെ ഭാഷ കേട്ട്‌ വൃദ്ധന്‍ ചിരിച്ചു.

കാര്യം നിസ്സാരമല്ല.എനിക്ക്‌നാട്ടില്‍ നിന്നു ഒരു അവാര്‍ഡ്‌ സംഘടിപ്പിക്കണം. അതിനാണു ഈ തുക നിക്ഷേപിക്കുന്നത്‌.

ഇത്രയധികം തുക നല്‍കി ഒരു അവാര്‍ഡ്‌ എന്തിനു വാങ്ങണം. അതിനെന്തു വില?
ഈ വിവരം പുറത്തറിഞ്ഞാലെ വിലപോവ്വത്തുള്ളു. എനിക്ക്‌ നിങ്ങളോട്‌ ഈ വിവരം പറയാതിരിക്കാമായിരുന്നു. പക്ഷെ ഒരു താഴ്‌ന്ന ജാതിക്കാരനെ പണം കൊടുത്ത്‌ ഞാന്‍ അല്ലെങ്കില്‍ എനിക്ക്‌ശേഷം എന്റെ മത സമൂഹം ഞങ്ങളുടെല്‌പസ്വകാര്യ കാര്യങ്ങള്‍ക്ക്‌ വേണ്ടി എങ്ങനെ ഉപയോഗിക്കാന്‍ പോകുന്നുവെന്നതിന്റെ ആമുഖമായി പറഞ്ഞതാണ്‌.

ബിസ്സിനസ്സ്‌ രഹസ്യം എന്ന പേരില്‍ ഞാന്‍ ഇത്‌ പറയാതിരിക്കാം.അല്ലെങ്കിലും എനിക്ക ്‌മാലോകരുമായി അധികം ബന്ധമില്ല. പക്ഷെ കാശ്‌ കൊടുത്ത്‌ ഇത്‌വാങ്ങുന്ന കാലത്ത്‌ ആരെങ്കിലും അറിയുമല്ലോ? ഇത്രയും കാശ്‌കൊടുത്ത്‌ ഏത്‌ അവാര്‍ഡാണു ഉദ്ദേശിക്കുന്നത്‌?

അതൊരു അക്കാദമിയാണ്‌. അതിന്റെ പൂര്‍ണ്ണ അധികാരം മിക്കപ്പോഴും ഒരാളിലായിരിക്കും.
അയ്യോ എത്രയൊ മഹാന്മാര്‍ക്ക്‌ കിട്ടിയ ബഹുമതിയാണത്‌. അതൊക്കെ കാശ്‌കൊടുത്ത്‌ വാങ്ങാന്‍ പറ്റുമോ?

അതിനുവഴിയുണ്ട്‌. നേരത്തെ സൂചിപ്പിച്ചപോലെ ഏതെങ്കിലും താഴ്‌ന്ന ജാതിക്കാരന്‍ അധികാരത്തില്‍ വന്നാല്‍ അയാളുടെ മകനു അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ സൗകര്യം കിട്ടിയാല്‍ അയാള്‍ക്ക്‌ഡോളറിനു ആവശ്യം വരും.ല്‌പതാഴ്‌ന്ന ജാതിക്കാര്‍ ഇപ്പോഴും സാമ്പത്തികമായി പിന്നോക്കം തന്നെ. വൃദ്ധന്‍ ഒരു ബാലന്‍ കെ നായര്‍ ചിരി ചിരിച്ചു. താഴ്‌ന്ന ജാതി എന്ന്‌പറയുമ്പോള്‍ കണ്ണുകളില്‍ പുഛഭാവവും പരിഹാസ ചിരിയും പരന്നു. മാര്‍ക്കം കൂടിയവന്റെ മൂഢമായ ആഢ്യത്വം എന്ന്‌ ഞാനും മനസ്സില്‍ കരുതി. വൃദ്ധന്‍ അദ്ദേഹത്തിന്റെ നിലപാട്‌ വ്യക്‌തമാക്കും വിധം പറഞ്ഞു.മകന്റെ ഭാവിക്ക്‌ വേണ്ടി ഏത്‌ അഛനാണു ആദര്‍ശം കൈവെടിയാത്തത്‌. ചില്ലറ കാശൊന്നുമല്ലല്ലോ എണ്ണികൊടുക്കുന്നത്‌.അപ്പോള്‍ സംഗതി അയാള്‍ സാധിച്ചുതരും.

`ശരി, നിക്ഷേപമൊക്കെ ശരിയാക്കാം.വിവരങ്ങള്‍ പറയൂ'.

വൃദ്ധന്‍ വിവരങ്ങള്‍ പറയുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.ഏന്നാലും ഇങ്ങനെ ഒരു അവാര്‍ഡ്‌ വാങ്ങിയിട്ടു എന്തു മനഃസുഖം കിട്ടാനാണു. തന്നെയുമല്ല ആരെങ്കിലും ഇത്‌ കൊട്ടിഘോഷിക്കുകയും ചെയ്യും.
വൃദ്ധന്‍ ഗൗരവഭാവം പൂണ്ട്‌ ഒരു തത്വജ്‌ഞാനിയെപോലെ പറഞ്ഞു. നാണം കെട്ട്‌ പണം തേടികൊണ്ടു വാ നാണക്കേട്‌ ആ പണം തീര്‍ത്തുകൊള്ളും. അതെപോലെ ഈ വിവരം ഇപ്പോള്‍ കുറച്ചുപേര്‍ അറിയും എന്നല്‍ വരും തലമുറ അവാര്‍ഡ്‌ ജേതാക്കളുടെ പേരില്‍ എന്നെ എണ്ണൂം. കാശ്‌ കൊടുത്തിട്ടാണ്‌ ഇത്‌ വാങ്ങിയതെന്നു അവരൊന്നും അറിയാന്‍ പോകുന്നില്ല.

ഒരുസംശയം കൂടി. ഒരുപക്ഷെനിങ്ങളുടെ ജീവിത കാലത്ത്‌്‌ ഒരു താഴ്‌ന്ന ജാതിക്കാരന്‍ അധികാരത്തില്‍ വരാതിരുന്നാല്‍, അഥവാ വന്നാല്‍ അയാളുടെ മകനു അമേരിക്കയില്‍ പഠിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ നിങ്ങളുടെ ഈ ആഗ്രഹം നിങ്ങളുടെ മകന്റെ കാലത്തേക്കും അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മകളുടെ കാലത്തേക്കും നീളുമല്ലോ. ആ സമയം പഴക്കമേറി കഴിഞ്ഞിരിക്കുന്ന നിങ്ങളുടെ ക്രുതികള്‍ ആരെങ്കിലും പരിഗണിക്കുമോ? നിങ്ങള്‍ അപ്പോഴേക്കും മരിച്ച്‌ മണ്ണടിഞ്ഞ്‌ കാണും. ഒരു മരണാനന്തരബഹുമതി നിങ്ങള്‍ക്ക്‌ എന്തു ആനന്ദമാണ്‌ തരാന്‍പോകുന്നത്‌.

വൃദ്ധന്‍ എനിക്ക്‌ കാര്യങ്ങള്‍ വിവരിച്ചുതന്നു. ഇത്തരം അവാര്‍ഡിനു കൃതികളുടെ കാലപ്പഴക്കം പ്രശ്‌നമല്ല. കുറച്ച്‌ മുമ്പ്‌ അമ്പത്‌ വര്‍ഷം പഴക്കമുള്ള കൃതിക്ക്‌ അവര്‍ അവാര്‍ഡ്‌ നല്‍കുകയുണ്ടായി. ഇത്‌ കിട്ടിയാല്‍ മരിച്ച്‌ കഴിഞ്ഞാലും എന്റെ പെരുമ വര്‍ദ്ധിക്കും. എന്റെ കൃതികള്‍ സ്‌കൂള്‍/കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌്‌ പഠിക്കാന്‍വേണ്ടി തിരഞ്ഞെടുക്കപ്പെടും. വൃദ്ധന്‍ മനഃപായസം കുടിച്ച്‌ ചുണ്ടുകള്‍ നാവുകൊണ്ട്‌ നക്കികൊണ്ടിരുന്നു. എന്നിട്ട്‌ ഒരു വില്ലന്‍ ചിരിയോടെ എന്നോട്‌ പറഞ്ഞു.ഒരു താഴ്‌ന്ന ജാതിക്കാരന്റെ നിയമനം ഉടനെ ഉണ്ടാകുമെന്നു കേള്‍ക്കുന്നു. എങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഞാന്‍ അത്‌ വാങ്ങിയിരിക്കും.വലിയവനു മാത്രമല്ല ചെറിയവനും അവാര്‍ഡുകള്‍ ലഭിക്കണം.

അമേരിക്കയില്‍വരാന്‍ സാധിച്ചത്‌കൊണ്ട്‌ ഒരു ഗുണവുമുണ്ടായി. എന്തു കാര്യം നേടിയെടുക്കാനും പണമുണ്ട്‌. വൃദ്ധന്‍ പറഞ്ഞ്‌തീര്‍ന്നപ്പോള്‍ ഞാന്‍ വെറുതെചിന്തിച്ചു. ഡോളര്‍ കയ്യിലുണ്ടെങ്കില്‍ ചില ആശകളൊക്കെ സാധിപ്പിക്കാം. രാവിലെ അങ്ങനെയൊരു ചിന്തവന്നത്‌ ഒരു വൃദ്ധനുമായുള്ള കൂടിക്കാഴ്‌ച്ച അക്കാര്യം സ്‌ഥിരീകരിക്കുമെന്നതിന്റെ സൂചനയായിരിന്നിരിക്കണം. ഒപ്പം ഒരു ജാതി ചിന്തയും. സവര്‍ണ്ണന്‍, മാര്‍ക്കം കൂടിയവന്‍, അവര്‍ണ്ണന്‍ ഇങ്ങനെ മൂന്നാണു വര്‍ണ്ണങ്ങള്‍, നാലല്ല. ഭഗവാന്‍ ക്രുഷ്‌ണന്‍ ക്ഷമിക്കട്ടെ. താഴ്‌ന്ന ജാതികാരനെ ചൂഷണം ചെയ്യാമെന്ന ചിന്താഗതി ഇന്നും മനുഷ്യരില്‍ നിലനില്‍ക്കുന്നു എന്നത്‌ എനിക്ക്‌ അതിശയമായി തോന്നി.

ബാങ്കിന്റെ പുരോഗതിക്ക്‌ വേണ്ടി ജോലി ചെയ്യുന്ന ഞാന്‍ വെറുതെ മോഹിച്ചുപോയി., അമേരിക്കന്‍ മലയാളി എഴുത്തുകാരെല്ലം ദിനം പ്രതി ഇങ്ങനെയുള്ള നിക്ഷേപതുകയുമായി വന്നെങ്കില്‍ !

********************
ചെറിയവനും അവാര്‍ഡ്‌ (കഥ: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക